2013, ജനുവരി 30, ബുധനാഴ്‌ച

യുവതയുടെ മുന്നേറ്റം

നവോത്ഥാന കേരളത്തിന്റെ മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ വെണ്‍മയേറ്റിയ യൂത്ത് മാര്‍ച്ച് ജില്ലയില്‍ യുവജനമുന്നേറ്റത്തിനു സമാനതകളില്ലാത്ത അധ്യായമായി. ഒരിക്കല്‍ക്കൂടി ഭ്രാന്തലയമാക്കാന്‍ കേരളത്തെ വിട്ടുനല്‍കില്ലെന്ന് ഈ മുന്നേറ്റം വിളിച്ചോതി. ശുഭ്രവസ്ത്രധാരികളായ രണ്ടായിരത്തോളം യുവജനങ്ങള്‍ അണിനിരന്ന മാര്‍ച്ച് അച്ചടക്കത്തിലും മാതൃകയായി. ജാതിമത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് ജില്ലയില്‍ ഉജ്വലവരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ പന്നായികടവില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സെക്രട്ടറിയറ്റംഗം സജി ചെറിയാന്‍, ഏരിയ സെക്രട്ടറി എം ശശികുമാര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി സോജകുമാര്‍, സഞ്ജുഖാന്‍, കെ പി പ്രദീപ് എന്നിവര്‍ യൂത്ത് മാര്‍ച്ചിനെ സ്വീകരിച്ചു. വാദ്യമേളങ്ങള്‍, ബാന്‍ഡുമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ സ്റ്റോര്‍ ജങ്ഷന് സമീപമുള്ള ശ്രീനാരായണഗുരുനഗറിലേക്ക് ജാഥയെ എതിരേറ്റു. വഴിനീളെ യൂത്ത് മാര്‍ച്ചിനെ വ്യാപാര സ്ഥാപന തൊഴിലാളികള്‍, ഡ്രൈവേഴ്സ് യൂണിയന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അഭിവാദ്യമേകി. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ നിരവധി യുവതിയുവാക്കള്‍ മാര്‍ച്ചില്‍ പങ്കാളികളായി. തുടര്‍ന്ന് മാര്‍ച്ചിനെ മാവേലിക്കര ഏരിയ അതിര്‍ത്തിയായ പ്രായിക്കര പാലത്തിന് സമീപത്തുനിന്ന് ചെണ്ടമേളം, ബാന്‍ഡ്മേളം, തെയ്യം, കോല്‍കളി, വടികറക്ക് എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് മാവേലിക്കര പട്ടണത്തിന്റെ ഹൃദയഭാഗത്തേക്ക് കടന്നു. കെഎസ്ആര്‍ടിസി ജങ്ഷന് സമീപത്തുള്ള മഹാത്മാ അയ്യന്‍കാളി നഗറില്‍ നടന്ന യോഗത്തില്‍ സാംസ്കാരിക നായകന്‍ ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, സിനിമാ സംവിധായകനും നിര്‍മാതാവുമായ നികേഷ് ശക്തി എന്നിവരും സംസാരിച്ചു.

0 comments: