2013, ജനുവരി 22, ചൊവ്വാഴ്ച

സാമുദായികസംഘടനകള്‍ ജനാധിപത്യത്തിലെ ക്യാന്‍സര്‍

ജനാധിപത്യത്തിലെ ഗുരുതര ക്യാന്‍സറായി സാമുദായികസംഘടനകള്‍ മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളില്‍പോലും കാന്തപുരം ഉള്‍പ്പെടെയുള്ള സാമുദായികനേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ സ്ത്രീവിരുദ്ധമാണ്. കേരളത്തില്‍ അപകടകരമാംവിധം സാമുദായിക ധ്രുവീകരണം ശക്തിപ്പെടുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ സാമുദായിക, വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയാണ്. കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നത് കോര്‍പറേറ്റുകളാണെങ്കില്‍ കേരളത്തില്‍, യുഡിഎഫ് ഭരണത്തില്‍ മന്ത്രിമാരെ നിശ്ചയിക്കുന്നത് സാമുദായികനേതാക്കളാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിയാക്കിയത് തങ്ങളുടെ ഇടപെടലിലൂടെയാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ചേര്‍ന്ന് ഹിന്ദുലീഗ് ഉണ്ടാക്കുമെന്നും പറയുന്നു. നായര്‍ ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ ബ്രാഹ്മണരെ ഒഴിവാക്കി സ്വന്തം സമുദായക്കാരെ മാത്രമേ പൂജാരിമാരാക്കൂ എന്നു പറയുന്ന സുകുമാരന്‍ നായര്‍ നായര്‍ക്ഷേത്രങ്ങളില്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നോക്കക്കാരെ പൂജാരിമാരാക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം. വിദ്യാഭ്യാസമേഖലയില്‍ ലീഗ്വല്‍ക്കരണമാണ്. വൈസ്ചാന്‍ലസര്‍മാരെപ്പോലും സാമുദായിക അടിസ്ഥാനത്തില്‍ നിയമിക്കാനാണ് നീക്കം. യഥാര്‍ഥ മുസ്ലീങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ് കേരളത്തില്‍ മുസ്ലിംലീഗ്. എല്ലാ സാമൂഹ്യപ്രതിബദ്ധതകളും വെടിഞ്ഞ് തങ്ങള്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി വിലപേശല്‍ മാത്രം നടത്തുന്നവരായി സാമുദായികനേതാക്കള്‍ അധഃപതിച്ചു. ഡല്‍ഹിയില്‍ യുവതി കൊല്ലപ്പെട്ടപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും പ്രതികരിച്ചത്. സ്്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധമാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രതികരണവും പുറത്തുവന്നതോടെ പ്രതിലോമപരമായ കാഴ്ചപ്പാടാണ് ഇവരെല്ലാം വച്ചുപുലര്‍ത്തുന്നതെന്ന് വ്യക്തമായി-നേതാക്കള്‍ പറഞ്ഞു.

0 comments: