2013, ജനുവരി 22, ചൊവ്വാഴ്ച

ജാതിഭ്രാന്തിനെതിരെ ജാഗ്രതയേകി യുവജനപ്രവാഹം

സാമുദായിക സംഘടനകളും നേതാക്കളും സൃഷ്ടിക്കുന്ന ചേരിതിരിവിനും ജാതിസ്പര്‍ധക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പ്രയാണം തുടരുന്നു. നവോത്ഥാന, തൊഴിലാളിവര്‍ഗ പോരാട്ടങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ വര്‍ഗീയശക്തികള്‍ തകര്‍ത്തെറിയുന്നത് തുറന്നുകാട്ടുന്ന യുവജനപ്രയാണത്തിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യവുമായി നടത്തുന്ന മാര്‍ച്ച് ചരിത്രത്തില്‍ ഇടംനേടുന്നു. സാംസ്കാരിക ജില്ലയില്‍ മൂന്നാം ദിവസവും യൂത്ത് മാര്‍ച്ചിന് പ്രൗഢോജ്വല വരവേല്‍പ്പ് നല്‍കി. വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ ശത്രുവര്‍ഗം അരുംകൊല ചെയ്ത അഴീക്കോടനും കെ ആര്‍ തോമസും ഇ കെ ബാലനും ആര്‍ കെ കൊച്ചനിയനും രക്തസാക്ഷിത്വം കൊണ്ട് ചുവപ്പിച്ച തൃശൂരില്‍ നിന്നാണ് യുവജനസേനയുടെ തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിച്ച മാര്‍ച്ചിനെ ശുഭ്രപതാകകളുമേന്തി നൂറുകണകണക്കിനു യുവതീയുവാക്കള്‍ അനുഗമിച്ചു. ആനയും കുതിരയും മുത്തുക്കുടകളും വാദ്യങ്ങളും അകമ്പടിയായി. ഒല്ലൂരിലെ വൈലോപ്പിള്ളി നഗറിലെ സ്വീകരണത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നടക്കം വന്‍ ജനസഞ്ചയമാണ് പങ്കെടുത്തത്. കവി മുല്ലനേഴിയുടെ മകനും ചലച്ചിത്രപ്രവര്‍ത്തകനുമായ പ്രദീപ് മുല്ലനേഴി ജാഥയെ വരവേല്‍ക്കാനെത്തി. രക്തസാക്ഷി ഐനസ് ആന്റണിയുടെ നാടായ കല്ലൂരില്‍നിന്ന് ആയിരങ്ങള്‍ ജാഥയെ വരവേല്‍ക്കാനെത്തിയിരുന്നു. യുവജന പ്രസ്ഥാനത്തിനുവേണ്ടി ജയില്‍വാസമനുഭവിച്ചവര്‍ക്കും മിശ്രവിവാഹിതര്‍ക്കും ശത്രുവര്‍ഗത്തിന്റെ ആകമണങ്ങളെ അതിജീവിച്ചവര്‍ക്കും സ്വീകരണം നല്‍കിയത് വേറിട്ട അനുഭവമായി. വൈകിട്ട് തൊഴിലാളിപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പുതുക്കാട്ടേക്ക് മാര്‍ച്ച് പ്രവേശിച്ചു. സാമുദായിക അനാചരങ്ങള്‍ക്കെതിരെ പടനയിച്ച എം ആര്‍ ബിയുടെ പേരിലുള്ള നഗറിലായിരുന്നു സ്വീകരണം. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എയുടെ നേതൃത്വത്തില്‍ മാര്‍ച്ചിനെ വരവേറ്റു. രക്തസാക്ഷികളായ മണികണ്ഠന്‍, ഷിബു,സി എസ് ബിനോയി, ഭാസ്കരന്‍ എന്നിവരുടെയെല്ലാം നാടുകളില്‍നിന്ന്് ആയിരങ്ങളാണ് സ്വീകരണകേന്ദ്രങ്ങളിലേക്കെത്തിയത്. കൊടകരയിലെ കുട്ടംകുളം സ്മാരക നഗറിലായിരുന്നു സമാപനസമ്മേളനം. ചൊവ്വാഴ്ച വൈകിട്ട് ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിക്കും.

0 comments: