2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

ജാതി സംഘടനകള്‍ നില തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം: സ. പിണറായി വിജയന്‍

എംഎല്‍എമാരെയും മന്ത്രിമാരെയും നിശ്ചയിക്കാന്‍ അധികാരമുള്ളവരായി ജാതിസംഘടനകള്‍ നടക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജാതി സംഘടനകള്‍ സ്വന്തം നില തിരിച്ചറിഞ്ഞ് അവരവരുടെ മേഖലകളില്‍ പ്രവര്‍ത്തിക്കണം. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ നവോത്ഥാനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

തങ്ങളുടെ നാവിന്മേലാണ് എല്ലാ കാര്യവും നിലനില്‍ക്കുന്നതെന്ന ധാരണ ജാതി സംഘടനകള്‍ക്ക് വേണ്ട. ഓരോ സംഘടനയ്ക്കും അതിന്റെ മേഖലയുണ്ട്. അതിന്റെ പരിധി വിടരുത്. സകല രാഷ്ട്രീയകാര്യങ്ങളും നിര്‍വഹിക്കാനുള്ള ഒരധികാരവും നിങ്ങള്‍ക്കില്ല. അങ്ങനെയായാല്‍ തന്നെ ആരും അത് അംഗീകരിക്കില്ലെന്നും മനസ്സിലാക്കണം. ജാതി സംഘടനകളുടെ തിട്ടൂരമനുസരിക്കാന്‍ സിപിഐ എമ്മിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ പ്രസിഡന്റിനെ സ്ഥാനാര്‍ഥിയാക്കിയത് തങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടാണെന്ന് ഒരു ജാതി സംഘടന പറയുന്ന പരിഹാസ്യമായ അവസ്ഥവരെയുണ്ടായി. കെപിസിസി പ്രസിഡന്റ് അതിനെ ചോദ്യംചെയ്യാന്‍ തയ്യാറായില്ല. യുഡിഎഫ് അധികാരത്തില്‍ വന്ന് ന്യൂനപക്ഷ സമുദായക്കാരന്‍ മുഖ്യമന്ത്രിയായാല്‍, താക്കോല്‍സ്ഥാനത്ത് ഭൂരിപക്ഷ സമുദായക്കാരനാകുമെന്ന് വ്യവസ്ഥയുണ്ടെന്നാണ് ജാതിസംഘടന പറയുന്നത്. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും എന്‍എസ്എസ് പറയുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ധര്‍മമൊന്നും നിര്‍വഹിക്കാനില്ലാത്ത ജാതി സംഘടനകള്‍ക്ക് മുന്നില്‍ വലതുപക്ഷം സാഷ്ടാംഗപ്രണാമം നടത്തുകയാണ്. ശ്രീനാരായണധര്‍മം പരിപാലിക്കേണ്ട&്യമരൗലേ;എസ്എന്‍ഡിപി യോഗത്തെ ഒരു ജാതിയുടെ സ്ഥാപനമാക്കി മാറ്റാനുള്ള നീക്കം ഗുരു തത്വങ്ങളോടു കാട്ടുന്ന അനീതിയാണ്. അനാചാരങ്ങള്‍ അവസാനിപ്പിക്കാനാണ് ഗുരുവിന്റെ കാലത്ത് സമ്മേളനങ്ങള്‍ നടത്തിയത്. എന്നാല്‍, ഉപേക്ഷിക്കപ്പെട്ട അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. നവോത്ഥാനായകര്‍ എന്തിനു വേണ്ടിയാണോ നിലകൊണ്ടത് അതില്‍ നിന്ന് സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകുന്നു. ജാതി മതശക്തികളെ പ്രീണിപ്പിക്കാനാണ് വലതുപക്ഷം എല്ലാക്കാലത്തും ശ്രമിച്ചത്. ബഹുജന പിന്തുണയിലെ കുറവുനികത്താന്‍ ജാതിമത ശക്തികളെ വ്യാപകമായി അവര്‍ ഉപയോഗിച്ചു. ഇതിന്റെ ഫലമായാണ് ജാതിമതശക്തികള്‍ ശക്തിപ്പെട്ടതെന്നും പിണറായി പറഞ്ഞു.
Read More

സ്ത്രീകള്‍ക്കെതിരായ ആക്രമമണങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുക: ഏഴാച്ചേരി രാമചന്ദ്രന്‍

ജാതിരഹിത സമൂഹത്തിനും മതനിരപേക്ഷ കേരളത്തിനുമായി വീറുറ്റ പോരാട്ടത്തിനിറങ്ങിയ ഡിവൈഎഫ്ഐ ഇനി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണമെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇക്കാലത്ത് അതിനെതിരായി ശക്തമായി രംഗത്തിറങ്ങാന്‍ ഡിവൈഎഫ്ഐ പോലുള്ള കരുത്തുറ്റ യുവജന പ്രസ്ഥാനത്തിനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
Read More

സാമുദായിക സംഘടനകള്‍ ജനാധിപത്യത്തിന് ഭീഷണി: അഭോയ് മുഖര്‍ജി

നവോത്ഥാന നായകര്‍ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും ഭരണാധികാരികളെയും നിശ്ചയിക്കുംവിധം സാമുദായിക സംഘടനകള്‍ വളരുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി അഭോയ് മുഖര്‍ജി പറഞ്ഞു. കേവലം വോട്ടിനുവേണ്ടി സമുദായ സംഘടനകളെ പ്രീണിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സാമുദായിക സംഘടനകളുടെ ശിഥില തന്ത്രങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന ഡിവൈഎഫ്ഐ സംസ്ഥാന ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read More

സാമുദായികശക്തികള്‍ക്ക് താക്കീത്: പ്രഭാവര്‍മ

നവോത്ഥാന മൂല്യങ്ങളെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ജാതീയ, സാമുദായിക സംഘടനകള്‍ക്കുള്ള ശക്തമായ മറുപടിയാണ് ഡിവൈഎഫ്ഐയുടെ യൂത്ത് മാര്‍ച്ചെന്ന് കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ പറഞ്ഞു. യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴി നടക്കാനും മാറു മറയ്ക്കാനും അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍ ആരാധന നടത്താനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയില്‍നിന്ന് കേരളത്തെ മാറ്റിയെടുത്തത് നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. ഇപ്പോള്‍ നവോത്ഥാന, ഇടതുപക്ഷ മൂല്യങ്ങളെ ശിഥിലമാക്കാനുള്ള സംഘടിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ജാതീയവും സാമുദായികവുമായ ഇത്തരം വേര്‍തിരിവുകള്‍ക്കെതിരായ സന്ദേശമാണ് ഡിവൈഎഫ്ഐ ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Read More

യൂത്ത് മാര്‍ച്ചിന് പ്രൗഢോജ്വല സമാപനം

തമസ്സിന്റെ ശക്തികളില്‍നിന്ന് രണ്ടാം നവോത്ഥാനത്തിലേക്ക് കേരളത്തെ ഉണര്‍ത്തി നവോത്ഥാനജ്വാല. നാടിനെ ജാതിമത ശക്തികള്‍ക്കുമുന്നില്‍ അടിയറ വയ്ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരമ്പിയാര്‍ത്ത യുവത നവോത്ഥാനപ്രതിജ്ഞയെടുത്തപ്പോള്‍ അത് കേരളം ഒരേ മനസ്സോടെ ഏറ്റുവാങ്ങി. "ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി നടത്തിയ യൂത്ത്മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പുത്തരിക്കണ്ടം മൈതാനിയിലെ വിവേകാനന്ദ നഗറില്‍ നവോത്ഥാനസദസ്സും പ്രതിജ്ഞയും ജ്വാല തെളിക്കലും.

നവോത്ഥാനകേരളത്തിന്റെ സാംസ്കാരികപൈതൃകം വീണ്ടെടുക്കാന്‍ യുവജനലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ അനന്തപുരി ശുഭ്രസാഗരമായി. ജാതിക്കോമരങ്ങളുടെയും ആള്‍ദൈവങ്ങളുടെയും തടവറയിലേക്ക് യുവാക്കളെ തളച്ചിടാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്ന് നവോത്ഥാനറാലിയില്‍ ഒഴുകിയെത്തിയവര്‍ പ്രഖ്യാപിച്ചു. ഭാഷാ സംസ്കാര സംഗമഭൂമിയായ കാസര്‍കോട്ടുനിന്ന് 32 നാള്‍ മുമ്പ് ആരംഭിച്ച് കേരളത്തിന്റെ സമസ്തമേഖലകള്‍ക്കും ഊര്‍ജം പകര്‍ന്ന യൂത്ത്മാര്‍ച്ച് അനന്തപുരിയില്‍ സമാപിച്ചപ്പോള്‍ അത് വരുംനാളുകളിലെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും കരുത്തും പകരുന്നതായി.

വലതുപക്ഷ മാധ്യമങ്ങളുടെ തമസ്കരണത്തിനിടയിലും കേരളത്തിന്റെ നഗര-ഗ്രാമമേഖലകളെയാകെ നന്മയിലേക്ക് നയിക്കുമെന്ന പ്രഖ്യാപനം കൂടിയായി യൂത്ത്മാര്‍ച്ച്. വര്‍ഗീയ- വിഭാഗീയശക്തികള്‍ക്കും ജാതി-മതഭ്രാന്തന്മാര്‍ക്കും മലയാളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചാണ് യുവലക്ഷങ്ങള്‍ പുത്തരിക്കണ്ടത്തേക്ക് ഒഴുകിയെത്തിയത്. കേരളത്തെ വീണ്ടും ഉച്ചനീചത്വങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ഗൂഢശക്തികളെ തല പൊക്കാന്‍ അനുവദിക്കില്ലെന്ന ആഹ്വാനവുമായാണ് വിപ്ലവത്തിന്റെ വഴിവിളക്കായി യുവജനങ്ങള്‍ പ്രതിജ്ഞയെടുത്തത്.

മൂന്നര മണിക്കൂര്‍ തിരുവനന്തപുരം നഗരവീഥികളെ വെള്ളക്കടലാക്കിയാണ് യൂത്ത്മാര്‍ച്ച് സമാപിച്ചത്. കലാരൂപങ്ങളുംഫ്ളോട്ടുകളും മാര്‍ച്ചില്‍ അണിനിരന്നു. വിവേകാനന്ദ നഗറില്‍ നടന്ന സമാപനസമ്മേളനം സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ നവോത്ഥാനജ്വാല തെളിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുരുകന്‍ കാട്ടാക്കട രക്തസാക്ഷി എന്ന കവിത ചൊല്ലി. ഡിവൈഎഫ്ഐ നേതാക്കളായ അഭോയ് മുഖര്‍ജി, ടി വി രാജേഷ് എംഎല്‍എ, പ്രഭാവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു.
Read More

സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായി സമാപനറാലി

യൂത്ത്മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന നവോത്ഥാനറാലി സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായി. തെയ്യവും തിറയും കാവടിയും ശിങ്കാരിമേളവുമെല്ലാം ഒത്തുചേര്‍ന്ന റാലി അനന്തപുരിക്ക് പുതിയ അനുഭവമായി. പാളയം ഏരിയയിലെ പ്രവര്‍ത്തകരാണ് കാവടിമേളം, തെയ്യം, തിറ എന്നിവ അവതരിപ്പിച്ചത്. ദഫ്മുട്ട്, കോല്‍ക്കളി എന്നിവയും വിവിധ ഏരിയകളില്‍ നിന്നുള്ളവര്‍ ഒരുക്കി. സൈക്കിള്‍ അഭ്യാസം, പിഞ്ചുകുട്ടികളുടെ റോളര്‍ സ്കേറ്റിങ് എന്നിവയും റാലിയില്‍ വേറിട്ടുനിന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മിക്ക ഏരിയകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. മുത്തുക്കുടയും നവോത്ഥാനായകരുടെ ഛായാചിത്രവും ഏന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. പൂവച്ചല്‍ ലോക്കലില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കേരളം ഇന്നലെകളിലൂടെ എന്ന പേരില്‍ ഡോക്യുമെന്ററിയുമായാണ് റാലിയില്‍ പങ്കെടുത്തത്. മാറനല്ലൂരിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യവും വേറിട്ടുനിന്നു. അയിത്തത്തിനെതിരെ കേരളവും നവോത്ഥാനായകരും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭവും ദൃശ്യത്തില്‍ അവതരിപ്പിച്ചു. നവോത്ഥാനസന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു കലാരൂപങ്ങള്‍. പൊതുസമ്മേളനത്തിനു മുമ്പ് നെയ്യാറ്റിന്‍കര സംഘശക്തി പ്രവര്‍ത്തകര്‍ വിപ്ലവഗാനമേള അവതരിപ്പിച്ചു. നെടുമങ്ങാട് ഗുരുകൃപ ചെണ്ടമേള സംഘത്തിലെ 10 സ്ത്രീകളടക്കം 18 പേരും പേരൂര്‍ക്കട മണ്ണാമ്മൂല പുലരി സംഘത്തിലെ എട്ടു സ്ത്രീകളടക്കം 21 പേരും അവതരിപ്പിച്ച ശിങ്കാരിമേളം സമാപനസമ്മേളനത്തിന് എത്തിയവരുടെ മനം കവര്‍ന്നു. ഗതാഗതതടസ്സമുണ്ടാക്കാത, ചിട്ടയോടെയായിരുന്നു പതിനായിരങ്ങള്‍ അണിനിരന്ന റാലി നടന്നത്. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് റാലി അടിവച്ചുനീങ്ങിയത്. തികഞ്ഞ അച്ചടക്കത്തോടെ നീങ്ങിയ റാലി പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രശംസയ്ക്ക് പാത്രമായി.
Read More

യുവതയുടെ മഹാപ്രവാഹം

ജാതിമതശക്തികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി യുവതയുടെ മഹാപ്രവാഹം. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത്മാര്‍ച്ചിന്റെ സമാപനസമ്മേളനം അനന്തപുരിയുടെ പ്രക്ഷോഭചരിത്രത്തില്‍ പുത്തനേടായി. അണമുറിയാതെ യുവജനങ്ങള്‍ മുദ്രാവാക്യവും വിപ്ലവഗാനങ്ങളുമായി ഒഴുകിയെത്തി. നവോത്ഥാനത്തിന്റെ സന്ദേശമുയര്‍ത്തിയുള്ള ഫ്ളോട്ടുകളും കലാരൂപങ്ങളും റാലിക്ക് മിഴിവേകി. 32 നാള്‍ കേരളത്തിന്റെ ഗ്രാമ-നഗരമേഖലകളിലാകെ നവോത്ഥാനസന്ദേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചാണ് യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടത്തെ വിവേകാനന്ദനഗറില്‍ സമാപിച്ചത്. ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വരുംനാളുകളില്‍ നടക്കുന്ന പ്രക്ഷോഭത്തിന് കരുത്തും ഊര്‍ജവും പകരുമെന്ന് മാര്‍ച്ചില്‍ അണിനിരന്ന യുവജനങ്ങള്‍ പ്രഖ്യാപിച്ചു. കാസര്‍കോട്ടു നിന്ന് ജനുവരി നാലിന് ആരംഭിച്ച യൂത്ത്മാര്‍ച്ച് 750 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയാണ് അനന്തപുരിയില്‍ എത്തിയത്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യന്‍കാളി, വക്കം ഖാദര്‍, പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍, മദര്‍ തെരേസ എന്നിവരുടെ ഛായാചിത്രങ്ങളും ഏന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. ബാന്റ്, ചെണ്ടമേളം, സൈക്കിള്‍ അഭ്യാസം, റോളര്‍ സ്കേറ്റിങ്, കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, കാവടി, തെയ്യം എന്നിവ റാലിയില്‍ അണിനിരന്നു. പട്ടം ജങ്ഷനില്‍ നിന്നാണ് നവോത്ഥാനറാലി ആരംഭിച്ചത്. നഗരത്തിന്റെ വിവിധഭാഗങ്ങളിലൂടെ ഒഴുകിയെത്തിയ പ്രകടനം മൂന്നരമണിക്കൂറോളം നീണ്ടു. നവോത്ഥാനപ്രതിജ്ഞ ആരംഭിച്ചപ്പോഴും റാലിയുടെ പിന്‍നിര സമാപന സമ്മേളനഗരിയായ പുത്തരിക്കണ്ടം മൈതാനത്ത് എത്തിയിരുന്നില്ല. സമാപനസമ്മേളനത്തിനു മുന്നോടിയായി വിപ്ലവഗാനമേളയും ഉണ്ടായി. വിവേകാനന്ദനഗറില്‍ നടന്ന സമാപനസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ നവോത്ഥാനജ്വാല തെളിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുരുകന്‍ കാട്ടാക്കട രക്തസാക്ഷി എന്ന കവിത ചൊല്ലി. ഡിവൈഎഫ്ഐ നേതാക്കളായ അഭോയ് മുഖര്‍ജി, ടി വി രാജേഷ് എംഎല്‍എ, കവികളായ പ്രഭാവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍, കെ എന്‍ ബാലഗോപാല്‍ എംപി, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, എ പ്രദീപ്കുമാര്‍ എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്‍, എം വിജയകുമാര്‍, മേയര്‍ കെ ചന്ദ്രിക, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റാലിക്കും പൊതുസമ്മേളനത്തിനും ഡിവൈഎഫ്ഐ നേതാക്കളായ പി സന്തോഷ്, എ എന്‍ ഷംസീര്‍, പി പി ദിവ്യ, ടി വി അനിത, മുഹമ്മദ്റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Read More

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

നഗരത്തില്‍ ഗതാഗത ക്രമീകരണം

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിനോടനുബന്ധിച്ച് നഗരത്തില്‍ തിങ്കളാഴ്ച പകല്‍ രണ്ടുമുതല്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പേരൂര്‍ക്കട ഭാഗത്തുനിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-കവടിയാര്‍-വെള്ളയമ്പലം-വഴുതക്കാട്-മേട്ടുക്കട-തമ്പാനൂര്‍ ഫ്ളൈഓവര്‍-പൊന്നറ പാര്‍ക്ക് വഴിയും പേരൂര്‍ക്കട ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-കവടിയാര്‍-വെള്ളയമ്പലം-വഴുതക്കാട്-സാനഡു-തൈക്കാട്-തമ്പാനൂര്‍ ഫ്ളൈഓവര്‍-കിള്ളിപ്പാലം-അട്ടക്കുളങ്ങര വഴിയും പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര-കിള്ളിപ്പാലം-തമ്പാനൂര്‍ ഫ്ളൈ ഓവര്‍-തൈക്കാട്-സാനഡു-വഴുതക്കാട്-വെള്ളയമ്പലം വഴിയും തമ്പാനൂര്‍ ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍-അരിസ്റ്റോ ജങ്ഷന്‍-മോഡല്‍ സ്കൂള്‍ ജങ്ഷന്‍-ബേക്കറി ജങ്ഷന്‍-വഴുതക്കാട്-വെള്ളയമ്പലം വഴിയും പോകണം. തമ്പാനൂര്‍ ഭാഗത്തുനിന്ന് എംസി റോഡിലേക്കും എന്‍എച്ച് റോഡിലേക്കും പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍-അരിസ്റ്റോ ജങ്ഷന്‍-മോഡല്‍ സ്കൂള്‍-പനവിള-ഫ്ളൈഓവര്‍-അണ്ടര്‍പാസേജ്-ആശാന്‍സ്ക്വയര്‍-ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍-പാറ്റൂര്‍-പേട്ട-ചാക്ക-ബൈപാസ്-കഴക്കൂട്ടം വഴിയോ പേട്ട-കണ്ണമ്മൂല-മെഡിക്കല്‍ കോളേജ്-ഉള്ളൂര്‍ വഴിയോ ബേക്കറി-വഴുതക്കാട്-വെള്ളയമ്പലം-കവടിയാര്‍-കുറവന്‍കോണം-പട്ടം വഴിയോ പോകണം. എംസി റോഡില്‍നിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണ്ണന്തല-കുടപ്പനക്കുന്ന്-പേരൂര്‍ക്കട-വെള്ളയമ്പലം-വഴുതക്കാട്-സാനഡു-പനവിള-മോഡല്‍സ്കൂള്‍-അരിസ്റ്റോ ജങ്ഷന്‍ വഴിയും പോകണം. എന്‍എച്ച് റോഡില്‍നിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കേശവദാസപുരം-പട്ടം-കവടിയാര്‍-വെള്ളയമ്പലം-സാനഡു-പനവിള-മോഡല്‍ സ്കൂള്‍-അരിസ്റ്റോ ജങ്ഷന്‍ വഴിയും എന്‍എച്ച് റോഡില്‍ കഴക്കൂട്ടം ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടം-മുക്കോല-ചാക്ക-ഈഞ്ചയ്ക്കല്‍-പടിഞ്ഞാറേകോട്ട വഴിയും പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് പാപ്പനംകോട്, നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര-കിള്ളിപ്പാലം-കരമന വഴിയും തമ്പാനൂര്‍ ഭാഗത്തുനിന്ന് പാപ്പനംകോട്, നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൊന്നറപാര്‍ക്ക്-തമ്പാനൂര്‍ ഫ്ളൈഓവര്‍-കിള്ളിപ്പാലം-കരമന വഴിയും പോകേണ്ടതാണ്.സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്ന വാഹനങ്ങള്‍ ആളെ ഇറക്കിയശേഷം പേട്ട വഴി ചാക്ക ബൈപാസില്‍ പാര്‍ക്കു ചെയ്യണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
Read More

നവോത്ഥാന സദസ്സില്‍ ലക്ഷം പേര്‍ അണിനിരക്കും

"ജാതിരഹിത കേരളം, മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ഒരു ലക്ഷത്തോളം യുവജനങ്ങള്‍ അണിനിരക്കുന്ന മഹാപ്രകടനത്തോടെയാണ് സമാപനസമ്മേളനം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമാപനത്തോടനുബന്ധിച്ച് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിലെ വിവേകാനന്ദ നഗറില്‍ നടക്കുന്ന നവോത്ഥാന സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, യുവജനങ്ങളും ബഹുജനങ്ങളും നവോത്ഥാനപ്രതിജ്ഞയെടുക്കും. സമാപനസമ്മേളനത്തിന് മുന്നോടിയായി പട്ടം ജങ്ഷനില്‍നിന്ന് നവോത്ഥാനറാലി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ 18 ഏരിയകളില്‍നിന്ന് ഒരുലക്ഷത്തോളം പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. നവോത്ഥാനസന്ദേശമുയര്‍ത്തിയുള്ള ഫ്ളോട്ടുകള്‍, വാദ്യോപകരണങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയും റാലിയില്‍ ഉണ്ടാകും.

സമാപനസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി, സെക്രട്ടറി അഭോയ് മുഖര്‍ജി, ചലച്ചിത്രനടന്‍ സുരേഷ്ഗോപി, ചലച്ചിത്രസംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ടി കെ രാജീവ്കുമാര്‍, എഴുത്തുകാരായ ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ, ജാഥാലീഡര്‍മാരായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് തുടങ്ങിയവര്‍ സംബന്ധിക്കും. മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ജനുവരി നാലിന് കാസര്‍കോട്ടുനിന്നാണ് ടി വി രാജേഷും എം സ്വരാജും നയിച്ച യൂത്ത്മാര്‍ച്ചിന് തുടക്കമായത്. 12 ജില്ലകളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച സമാപിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, വൈസ് പ്രസിഡന്റ് എസ് പി ദീപക്, ജില്ലാപ്രസിഡന്റ് ബി ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Read More

മാനവസ്നേഹസന്ദേശവുമായി യൂത്ത് മാര്‍ച്ച് ജില്ലയില്‍

മാനവസ്നേഹത്തിന്റെ സന്ദേശവും ജാതിമതചിന്തയിലൂടെ നാടിനെ ഇരുട്ടിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാട്ടത്തിന്റെ പുത്തനേട് തീര്‍ക്കണമെന്ന ആഹ്വാനവുമായി യൂത്ത്മാര്‍ച്ച് തിരുവനന്തപുരം ജില്ലയില്‍. "ജാതിരഹിതസമൂഹം, മതനിരപേക്ഷകേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ നയിക്കുന്ന ജാഥ ശനിയാഴ്ച പകലാണ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചത്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെയും ലോകോത്തര ചിത്രകാരന്‍ രാജാ രവിവര്‍മയുടെയും ജന്മഭൂമിയായ വര്‍ക്കലയിലും കിളിമാനൂരിലും ,നാരായണഗുരുദേവന്റെ പാദസ്പര്‍ശമേറ്റ ശിവഗിരിയിലും മണ്ണിനും നിലനില്‍പ്പിനുംവേണ്ടി അടിയാളരുടെ നിലയ്ക്കാത്ത പോരാട്ടം തീര്‍ത്ത ആറ്റിങ്ങല്‍കലാപത്തിന്റെ നാട്ടിലും യൂത്ത്മാര്‍ച്ചിന് അത്യാവേശകരമായ വരവേല്‍പ്പ് ലഭിച്ചു. ചുട്ടുപൊള്ളുന്ന വെയിലിനെപ്പോലും കൂസാതെ നാടും നഗരവും മാര്‍ച്ചിന് പിന്തുണയുമായി ഒഴുകിയെത്തി. യൂത്ത്മാര്‍ച്ചും സ്വീകരണങ്ങളും കാണാന്‍ റോഡിനിരുവശവും ആബാലവൃദ്ധം തടിച്ചുകൂയിടത്തും മാര്‍ച്ചിന് വരവേല്‍പ്പ്. ആദ്യസ്വീകരണകേന്ദ്രംമുതല്‍ സമാപനകേന്ദ്രംവരെ നൂറുകണക്കിന് ബൈക്കുകളും മാര്‍ച്ചിന് അകമ്പടി സേവിച്ചു. വെള്ളിയാഴ്ച കൊല്ലം ജില്ലയിലെ സ്വീകരണം പൂര്‍ത്തിയാക്കിയ യൂത്ത്മാര്‍ച്ചിനെ ശനിയാഴ്ച പകല്‍ പത്തോടെ അതിര്‍ത്തിയായ കടമ്പോട്ടുകോണത്തുവച്ച് ആയിരക്കണക്കിന് യുവജനങ്ങളും സംഘാടകസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലയിലേക്ക് എതിരേറ്റു. അഖിലേന്ത്യാ സെക്രട്ടറി അഭോയ് മുഖര്‍ജിയും മാര്‍ച്ചില്‍ ഇവിടെവച്ച് അണിചേര്‍ന്നു. പാരിപ്പള്ളിയില്‍നിന്ന് എത്തിയ യുവജനപോരാളികളെ ഹാരമണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും ഷാള്‍ പുതപ്പിച്ചുമാണ് വരവേറ്റത്. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, എ സമ്പത്ത് എംപി, എംഎല്‍എമാരായ വി ശിവന്‍കുട്ടി, ബി സത്യന്‍, സംഘാടകസമിതി നേതാക്കളായ വി കെ മധു, ജയന്‍ബാബു, കെ സി വിക്രമന്‍, ജി രാജു, ബി പി മുരളി, ചെറ്റച്ചല്‍ സഹദേവന്‍, ഡിവൈഎഫ്ഐ നേതാക്കളായ എസ് പി ദീപക്, ബി ബിജു, പി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലേക്ക് ആനയിച്ചത്. ഇവിടെനിന്ന് 2000 വൈറ്റ് വളന്റിയര്‍മാര്‍ ജാഥയെ അനുധാവനംചെയ്തു. കല്ലമ്പലത്ത് വര്‍ക്കല, കിളിമാനൂര്‍ ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സ്വീകരണത്തിനെത്തി. സ്വീകരണയോഗം ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറി അഭോയ് മുഖര്‍ജി ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ മടവൂര്‍ അനില്‍ അധ്യക്ഷനായി. അന്ധരുടെ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗം മനീഷിനെ ചടങ്ങില്‍ ആദരിച്ചു. അഭോയ് മുഖര്‍ജി ഉപഹാരം നല്‍കി. ആറ്റിങ്ങലില്‍ ആവേശം നിറഞ്ഞ അന്തരീക്ഷത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. സമാപനവേദിയായ മാമത്തെ സക്കീര്‍നഗറില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. അനശ്വര രക്തസാക്ഷി സക്കീറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് നേതാക്കള്‍ വേദിയിലെത്തിയത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാനും സിപിഐ എം ഏരിയ സെക്രട്ടറിയുമായ ആര്‍ രാമു അധ്യക്ഷനായി. ജാഥാംഗങ്ങളായ എം സ്വരാജ്, ടി വി രാജേഷ്, കെ എസ് സുനില്‍കുമാര്‍, ദീപ, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, എ സമ്പത്ത് എംപി, ബി സത്യന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ എസ് കുമാരി, ഡിവൈഎഫ്ഐ നേതാക്കളായ ബി ബിജു, എസ് പി ദീപക്, എസ് സുനില്‍കുമാര്‍, ആര്‍ എസ് അനൂപ്, എം നവാസ് എന്നിവര്‍ സംസാരിച്ചു.
Read More