2013, ജനുവരി 22, ചൊവ്വാഴ്ച

ജനമനസ്സിന്റെ നേര്‍ച്ചിത്രംപോലെ സ്വീകരണകേന്ദ്രങ്ങള്‍

ഇന്ത്യയിലെ പൊരുതുന്ന യുവജനപ്രസ്ഥാനം ഉയര്‍ത്തിയ മുദ്രാവാക്യം എങ്ങനെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായി സ്വീകരണകേന്ദ്രങ്ങള്‍. ജാതിക്കോമരങ്ങള്‍ സാമൂഹ്യജീവിതത്തില്‍ പരിധിവിട്ടും ഇടപെടുന്നതിലും ഭരണത്തെപോലും നിയന്ത്രിക്കുന്ന ശക്തികളായി മാറുന്നതിലും കടുത്ത പ്രതിഷേധം ഉള്ളിലൊതുക്കുന്നവരാണ് ഭൂരിപക്ഷവും എന്നതിന്റെ തെളിവാണ് ജാഥാകേന്ദ്രത്തിലെത്തിയവര്‍. പലരും സജീവരാഷ്ട്രീയപ്രവര്‍ത്തകരോ പൊതുപ്രവര്‍ത്തകരോ അല്ല. ഡിവൈഎഫ്ഐയോടോ ഇടതുപക്ഷപ്രസ്ഥാനങ്ങളോടോ പൊതുവെ ചേര്‍ന്നു നില്‍ക്കാത്തവര്‍പോലും "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യത്തോട് ഐക്യപ്പെടുകയാണ്. അത്രമേല്‍ തീവ്രമായി ജാതീയതയും അതിന്റെ ഭാഗമായുള്ള അനാചാരങ്ങളും അന്ധവിശ്വാസവും കേരളത്തെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയെന്ന് അവര്‍ തിരിച്ചറിയുന്നു. രണ്ടാംദിവസത്തെ എല്ലാ സ്വീകരണകേന്ദ്രവും ഇത്തരക്കാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. രാവിലെ തൃശൂരില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ഒല്ലൂരിലെ വൈലോപ്പിള്ളി സ്മാരക നഗറിലാണ് ആദ്യസ്വീകരണം നല്‍കിയത്. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സ്വീകരണത്തിന് മേളവും ആനയും കുതിരയും കൊഴുപ്പേകി. വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷനായി. പ്രദീപ് മുല്ലനേഴി, കെ എം വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പി എസ് ഗിരീഷ് സ്വാഗതവും റിക്സന്‍ പ്രിന്‍സ് നന്ദിയും പറഞ്ഞു. പുതുക്കാട് എം ആര്‍ ബി നഗറില്‍ നടന്ന സ്വീകരണത്തില്‍ പി തങ്കം അധ്യക്ഷയായി. ടി എ രാമകൃഷ്ണന്‍, കെ കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം ആര്‍ രഞ്ജിത് സ്വാഗതവും പി സി സുമേഷ് നന്ദിയും പറഞ്ഞു. കൊടകര കുട്ടംകുളം സമരനഗറില്‍ നടന്ന സ്വീകരണത്തില്‍ ടി എ രാമകൃഷ്ണന്‍ അധ്യക്ഷനായി. സി രവീന്ദ്രനാഥ് എംഎല്‍എ സംസാരിച്ചു. സി എം ബബീഷ് സ്വാഗതവും എം സി കുമാര്‍ നന്ദിയും പറഞ്ഞു.

0 comments: