2013, ജനുവരി 28, തിങ്കളാഴ്‌ച

മതനിരപേക്ഷ മനസുകളുടെ ഐക്യപ്രഖ്യാപനം

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യം ഉയര്‍ത്തി പര്യടനം തുടരുന്ന ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്വല സ്വീകരണം. വൈകിട്ട് കോട്ടയത്ത് ഉജ്വലസ്വീകരണത്തോടെ സമാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് കോട്ടയത്തെ സമാപനയോഗം ഉദ്ഘാടനം ചെയ്തത്. നാഗമ്പടം മുതല്‍ സ്വീകരണവേദിയായ തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനി വരെ വര്‍ഗബഹുജനസംഘടനകള്‍ മാര്‍ച്ചിന് അഭിവാദ്യമേകി. ശനിയാഴ്ച രാവിലെ വൈക്കം സത്യഗ്രഹ നഗറില്‍ (ബോട്ട് ജെട്ടി മൈതാനം) തമിഴ്നാട്ടിലെ നവോത്ഥാന നായകനായ തന്തൈയ് പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് തലയോലപ്പറമ്പിലേക്ക് നീങ്ങിയത്. ക്യാപ്ടന്‍മാരായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയുടെയും പ്രസിഡന്റ് എം സ്വരാജിന്റെയും നേതൃത്വത്തിലായിരുന്നു പുഷ്പാര്‍ച്ചന. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി കെ ഗോപിനാഥന്‍, ഏരിയ സെക്രട്ടറി കെ കെ ഗണേശന്‍, നേതാക്കളായ പി പി പുഷ്ക്കരന്‍, പി ശശിധരന്‍, പി കെ രമേശന്‍, പി ഹരിദാസ്, മല്ലികാ വാസവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യൂത്ത്മാര്‍ച്ചിനെ യാത്രയാക്കി. വടയാറില്‍ രക്തസാക്ഷി വടയാര്‍ തങ്കപ്പന്റെ ഭാര്യ തങ്കമ്മ ജാഥാക്യാപ്ടന്‍മാരെ സ്വീകരിച്ചത് യൂത്ത്മാര്‍ച്ചിന് ആവേശമായി. ഇവിടെനിന്ന് വാദ്യമേളങ്ങളുടെയും തിറയാട്ടമുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെയും അകമ്പടിയോടെ തലയോലപ്പറമ്പിലേക്ക് ആനയിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഇ എം കുഞ്ഞുമുഹമ്മദ്, സക്കീര്‍ ഹുസൈന്‍, മറ്റ് നേതാക്കളും ചേര്‍ന്ന് ജാഥയെ വരവേറ്റു. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സുഭാഷ് പുഞ്ചക്കോട്ടിലും ഹാരാര്‍പ്പണം നടത്തി. വൈക്കം മുഹമ്മദ് ബഷീര്‍ നഗറില്‍ നടന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. സി എം കുസുമന്‍ അധ്യക്ഷനായി. തുടര്‍ന്ന് ആപ്പാഞ്ചിറയില്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അല്‍പനേരം. എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ഭാസ്ക്കരന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എന്‍ വാസവന്‍, ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എം തങ്കപ്പന്‍, എം എസ് സാനു, ഏരിയ സെക്രട്ടറി പി വി സുനില്‍ എന്നിവര്‍ അവിടെയെത്തി. വൈകിട്ടോടെ കടുത്തുരുത്തിയിലേക്ക് പുറപ്പെട്ട മാര്‍ച്ചിന് സീലോണ്‍ കവലയില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി പി വി സുനില്‍ ഹാരാര്‍പ്പണം നടത്തി. സംഘാടകസമിതി ചെയര്‍മാന്‍ കെ ജയകൃഷ്ണന്‍, പി എം തങ്കപ്പന്‍, വി കെ സുരേഷ്കുമാര്‍, ലില്ലി മാത്യു, അഡ്വ. സിറില്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ച ജാഥയ്ക്ക് വഴിയിലുടനീളം നൂറുകണക്കിനാളുകള്‍ അഭിവാദ്യം അര്‍പ്പിച്ചു. ഉമാദേവി അന്തര്‍ജനം നഗറില്‍ ചേര്‍ന്ന യോഗത്തില്‍ കെ ജയകൃഷ്ണന്‍ അധ്യക്ഷനായി. ലെനു മാത്യു സ്വാഗതവും എം ആര്‍ രാജീവ് നന്ദിയും പറഞ്ഞു. പി കെ ബിജു എംപിയുടെ നേതൃത്വത്തില്‍ കുറുപ്പന്തറയിലായിരുന്നു അടുത്ത സ്വീകരണം. ഇവിടെ ചേര്‍ന്ന യോഗത്തില്‍ കെ പി സന്തോഷ് അധ്യക്ഷനായി. അഡ്വ. സിറില്‍ തോമസ് സ്വാഗതം പറഞ്ഞു. രാത്രി കോതനല്ലൂരില്‍ മാര്‍ച്ച് എത്തിയപ്പോള്‍ നൂറുകണക്കിനാളുകള്‍ വരവേറ്റു. യോഗത്തില്‍ കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായി. കെ എന്‍ ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു. ഞായറാഴ്ച രാവിലെ കോതനല്ലൂരില്‍നിന്ന് പര്യടനം തുടര്‍ന്ന ജാഥ ഉച്ചയോടെ ഏറ്റുമാനൂരെത്തിയപ്പോള്‍ വന്‍ജനാവലി. അധഃസ്ഥിത വര്‍ഗത്തിന് വിദ്യാഭ്യാസത്തിന്റെ തിരിവെട്ടം തെളിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിലുള്ള സ്വീകരണകേന്ദ്രത്തില്‍ ആവേശം തുടിച്ച വരവേല്‍പ്പ്. സ്വാഗതസംഘം ചെയര്‍മാന്‍ കെ സുരേഷ്കുറുപ്പ് എംഎല്‍എ യുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇവിടെ ചേര്‍ന്ന യോഗത്തില്‍ എം എസ് ഷാജി അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ് എന്നിവര്‍ സംഘാടകസമിതിയുടെ ഉപഹാരം കൈമാറി. സ്വാഗതസംഘം സെക്രട്ടറി ബോബന്‍ ദേവസ്യ സ്വാഗതവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സ്മിത കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുമാരനല്ലൂരിലേക്കുള്ള യാത്ര. നൂറ്റൊന്നു കവലയിലും കാരിത്താസിലും സംക്രാന്തിയിലുമായിരുന്നു ചെറുസ്വീകരണങ്ങള്‍. സംക്രാന്തിയില്‍നിന്ന് മാര്‍ച്ചിനെ കുമാരനല്ലൂരിലേക്ക് സ്വീകരിച്ചാനയിച്ചു. കുമാരനല്ലൂര്‍ ജങ്ഷനിലെ കാരൂര്‍ നീലകണ്ഠപിള്ള നഗറില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ഏരിയാ സെക്രട്ടറി കെ എന്‍ വേണുഗോപാല്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ എന്‍ രവി, കെ അനില്‍കുമാര്‍, വി ജയപ്രകാശ്, റജി സഖറിയ, മുന്‍ ജില്ലാ കമ്മിറ്റിയംഗം ഇ പി ചെല്ലപ്പന്‍ എന്നിവര്‍ ജാഥാംഗങ്ങളെ വേദിയിലേക്ക് നയിച്ചു. കെ കെ ശ്രീമോന്‍ സ്വാഗതവും എസ് അനു നന്ദിയും പറഞ്ഞു. കോട്ടയം നഗരാതിര്‍ത്തിയായ നാഗമ്പടത്ത് ജാഥയെ സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി എം കെ പ്രഭാകരന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വര്‍ഗീസ്, കെ അനില്‍കുമാര്‍, ഡിവൈഎഫ്ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗം റജി സഖറിയ എന്നിവരുമുണ്ടായിരുന്നു. കോട്ടയം നഗരത്തില്‍ പ്രവേശിച്ചജാഥയെ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് വരവേറ്റു. ടി വി രാജേഷിനെ സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസും എം സ്വരാജിനെ ക്നാനായ സഭാ വൈദീകന്‍ ഫാ. റോയി മാത്യു കോര്‍ എപ്പിസ്കോപ്പയും ഹാരമണിയിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ്, എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി കെ ആനന്ദക്കുട്ടന്‍, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം കിഷോര്‍ കെ ഗോപാലന്‍ എന്നിവര്‍ സ്വീകരിച്ചു. എം കെ പ്രഭാകരന്‍ അധ്യക്ഷനായി. കെ ജെ തോമസ്, വി എന്‍ വാസവന്‍, കെ സുരേഷ്കുറുപ്പ്, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, പി ജെ വര്‍ഗീസ്, കെ അനില്‍ കുമാര്‍, റെജി സഖറിയ എന്നിവര്‍ സന്നിഹിതരായി. എ എസ് പ്രശാന്ത് സ്വാഗതവും സി ടി രാജേഷ് നന്ദിയും പറഞ്ഞു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ടി വി രാജേഷ്, എം സ്വരാജ്, യൂത്ത് മാര്‍ച്ച് മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ ടി വി നിതിന്‍, സി പി ദിവ്യ, റോഷന്‍ റോയി മാത്യു, നിതിന്‍ കണിച്ചേരി, കെ ജയദേവന്‍, അഡ്വ. ടി വി അനിത, ജിനോ മാത്യു എന്നിവര്‍ സംസാരിച്ചു.

0 comments: