2013, ജനുവരി 20, ഞായറാഴ്‌ച

സാംസ്കാരികവിരുന്നോടെ വരവേല്‍പ്പ്

മനുഷ്യര്‍ ഒന്നാണെന്ന ഐക്യസന്ദേശവുമായി ദേശാഭിമാനപ്രചോദിതരായ യുവചൈതന്യത്തെ സാംസ്കാരിക ജില്ല ആവേശം അലതല്ലിയ ജനസഹസ്രത്തെ സാക്ഷിയാക്കി നെഞ്ചോടുചേര്‍ത്തു. വര്‍ഗീയ കാലുഷ്യത്തിന്റെയും ജാതി വിദ്വേഷത്തിന്റെയും നാരായവേരറുക്കുമെന്ന പ്രഖ്യാപനവുമായെത്തിയ യുവപോരാളികള്‍ക്ക് വീരോജ്വല വരവേല്‍പ്പേകി. ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി സാംസ്കാരിക വിരുന്നൊരുക്കിയായിരുന്നു വരവേല്‍പ്പ്. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ സിപിഐ എം നേതാക്കളും വര്‍ഗബഹുജന സംഘടനാഭാരവാഹികളും ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം ചെയ്തു. കെ രാധാകൃഷ്ണന്‍ എംഎല്‍എ, എന്‍ ആര്‍ ബാലന്‍, എ പത്മനാഭന്‍, യു പി ജോസഫ്, മുരളി പെരുനെല്ലി, ബാബു എം പാലിശേരി എംഎല്‍ എ, കെ കെ രാമചന്ദ്രന്‍, കെ എഫ് ഡേവിസ്, കെ പി രാധാകൃഷ്ണന്‍, ടി കെ വാസു, മേരി തോമസ്, ഏരിയ സെക്രട്ടറിമാരായ പി എ ബാബു, സേവ്യര്‍ ചിറ്റിലപ്പിള്ളി, എം ബാലാജി, വര്‍ഗീസ് കണ്ടംകുളത്തി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖന്‍, വള്ളത്തോള്‍നഗര്‍ പഞ്ചായത്തു പ്രസിഡന്റ് എം സുലൈമാന്‍ തുടങ്ങിയവരും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളായ സി സുമേഷ്, ഇ സി ബിജു, കെ വി സജു, കെ എസ് ദീലീപ്, കെ ബി ഷിബു, എം പത്മകുമാര്‍ എന്നിവരും ജാഥയെ വരവേല്‍ക്കാനെത്തി. കവി രാവുണ്ണി, കലാമണ്ഡലം ഗീതാനന്ദന്‍, ജയരാജ് വര്യര്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവരടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനെത്തി. രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി, ശുഭ്രവസ്ത്രധാരികളായ യുവജനസേനയുടെ പ്രയാണം മുന്നോട്ടു നീങ്ങിയപ്പോള്‍ വഴിയോരങ്ങളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. നീളാതീരവും കേരളീയ കലകളുടെ പെരുംകോവിലായ കേരളകലാമണ്ഡലവും പിന്നിട്ട യുവജനജാഥ തൊഴിലവകാശപ്പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഏടായ വാഴാനി കനാല്‍ സമരത്തിന്റെയും മാറുമറയ്ക്കാനുള്ള അവകാശത്തിന് സ്ത്രീകള്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും സ്മരണകളിരമ്പുന്ന മണിമലര്‍ക്കാവിന്റെയും പാരമ്പര്യം പേറുന്ന വടക്കാഞ്ചേരിയിലാണ് ആദ്യനാള്‍ പര്യടനം പൂര്‍ത്തിയാക്കിയത്. സ്വീകരണയോഗങ്ങളില്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് യൂത്ത്മാര്‍ച്ച് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും. ഞായറാഴ്ച വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് രാവിലെ പത്തിന് അത്താണി മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമര സ്മാരകനഗറില്‍ സ്വീകരണം നല്‍കും. 11.30ന് തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറിലും ഉച്ചതിരിഞ്ഞ് 3.30ന് വിയ്യൂരിലെ ഡോ. സുകുമാര്‍ അഴീക്കോട് നഗറിലും സ്വീകരണം നല്‍കും. വൈകിട്ട് തൃശൂര്‍ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരകനഗറില്‍ രണ്ടാംദിവസത്തെ പര്യടനം പൂര്‍ത്തിയാക്കും.

0 comments: