2013, ജനുവരി 20, ഞായറാഴ്‌ച

യുവതയുടെ പ്രയാണം

വഴിനീളെ അഭിവാദ്യങ്ങള്‍. സ്വീകരണവേദികളില്‍ നിറഞ്ഞ ജനസഞ്ചയം. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് രണ്ടാം ദിനത്തില്‍ ജില്ലയുടെ സാംസ്കാരികമനസ്സിനെ വിളിച്ചുണര്‍ത്തി. ജാതിമതാന്ധതകളുടെ കോട്ടവാതിലുകള്‍ തട്ടിത്തകര്‍ത്തും ഇനിയും അടഞ്ഞിട്ടില്ലാത്ത നന്മയുടെ കവാടങ്ങളെ തുറന്നുവച്ചുമുള്ള മാര്‍ച്ചിനെ ജില്ല അതിരില്ലാത്ത ആഹ്ലാദത്തോടെയാണ് വരവേല്‍ക്കുന്നത്. ജാതിമതാന്ധതയുടെ കരിങ്കോട്ടയ്ക്ക് തീപിടിപ്പിക്കാനെത്തുന്ന യുവത്വത്തിന്റെ തീക്കനല്‍ത്തുണ്ടുകളോട് മനുഷ്യസ്നേഹത്തിന്റെ തിരികള്‍ കൊളുത്തിവയ്ക്കാന്‍ കൊതിക്കുന്ന എല്ലാവരും മനംതുറന്ന് ഐക്യപ്രഖ്യാപനം നടത്തി. ജാതീയതയ്ക്കും പ്രമാണിത്വത്തിനുമെതിരെ പെണ്‍പോരാട്ടചരിത്രത്തില്‍ നാഴികക്കല്ലായ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനഗറിലായിരുന്നു അത്താണിയിലെ സ്വീകരണം. ജാഥക്ക് അകമ്പടിയായി നൂറുകണക്കിന് യുവാക്കളാണ് അണിനിരന്നത്. നൂറുകണക്കിന് യുവതികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. തുടര്‍ന്ന് കേരള വിദ്യാഭ്യാസചരിത്രത്തിലും സാഹിത്യചരിത്രത്തിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ പേരിലുള്ള തിരൂരിലെ വേദിയിലും വാക്കുകളില്‍ കടലിന്റെ ഗര്‍ജനം നിറച്ച് മനുഷ്യജീവിതത്തില്‍ നിറയുന്ന എല്ലാ ഇരുട്ടിനുമെതിരെ നിരന്തരം കലഹിച്ച സുകുമാര്‍ അഴീക്കോട് നഗറില്‍ വിയ്യൂരിലും ജാഥയ്ക്ക് സ്വീകരണം നല്‍കി. ചരിത്രം ഇപ്പോഴും ഉണര്‍ന്നിരിക്കുന്ന നഗരത്തിലെ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍ സമാപനം. വിവിധകേന്ദ്രങ്ങളില്‍ ജാഥാനായകരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ കെ ജയദേവന്‍, ബി അബിന്‍ഷാ, സി വി അനിത എന്നിവര്‍ സംസാരിച്ചു. ഓരോ സ്വീകരണകേന്ദ്രവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജാതീയതയുടെ തീവ്രപീഡനങ്ങളിലൂടെ കടന്നുവന്ന ആദ്യകാല പോരാളികളും ജാതിമതഇടപെടലുകളിലൂടെ കലുഷമാകുന്ന സമകാലീന കേരളീയ സമൂഹത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നൂറുകണക്കിനാളുകളും പങ്കാളികളായി. മാര്‍ച്ചിന്റെ വഴിത്താരകളില്‍ അഭിവാദ്യത്തിന്റെ പൂക്കളുമായി കാത്തുനിന്നത് സ്ത്രീകളും കുട്ടികളുമടങ്ങിയ വന്‍ സംഘങ്ങളായിരുന്നു. കൂട്ടത്തില്‍ നിശ്ചലദൃശ്യങ്ങളും മേളവും താളവുമായി യുവാക്കളും. തിങ്കളാഴ്ച തൃശൂരില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് 11.45ന് ഒല്ലൂരിലെ വൈലോപ്പിള്ളി നഗറിലും 2.30ന് പുതുക്കാട് എം ആര്‍ ബി നഗറിലും സ്വീകരണം നല്‍കും. കൊടകരയില്‍ കുട്ടംകുളം സമര നഗറിലാണ് സമാപനം. ചൊവ്വാഴ്ച ജില്ലയിലെ പര്യടനം സമാപിക്കും.

0 comments: