2013, ജനുവരി 21, തിങ്കളാഴ്‌ച

യുവജനമുന്നേറ്റം

മനുഷ്യരെ ജാതീയമായി ചേരിതിരിപ്പിച്ച് തമ്മിലടിപ്പിക്കുന്ന ശക്തികളേയും കൂട്ടുനില്‍ക്കുന്ന ഭരണവര്‍ഗ കുടിലതകളേയും തുറന്നുകാട്ടി യുവജനമുന്നേറ്റം തുടരുന്നു. "ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് സാംസ്കാരിക ജില്ലയില്‍ രണ്ടാം ദിവസവും അത്യുജ്വല സ്വീകരണം.

യുഗപ്രഭാവനായ ഇ എം എസും വി ടിയും എം ആര്‍ ബിയും പ്രേംജിയുമടങ്ങുന്ന രാഷ്ട്രീയ-നവോത്ഥാന നായകര്‍മുതല്‍ ആധുനിക കേരളത്തില്‍ സംസ്കാരത്തിന്റെ പുതുവെളിച്ചം പകര്‍ന്ന മുണ്ടശേരിയും വൈലോപ്പിള്ളിയും ബിഷപ് പൗലോസ് മാര്‍ പൗലോസും അഴീക്കോടുമെല്ലാം കര്‍മപഥങ്ങളില്‍ കാന്തിപകര്‍ന്ന തൃശൂരില്‍ രണ്ടാം നവോത്ഥാന കാഹളവുമായെത്തിയ യുവജനപോരാളികളെ അഭൂതപൂര്‍വമായ ജനസഞ്ചയമാണ് വരവേല്‍ക്കാനെത്തിയത്. അരനൂറ്റാണ്ടുമുമ്പ് കേരളം തകര്‍ത്തെറിഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്നത്, പിഞ്ചുകുട്ടികളുടെ പോലും മനസ്സില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകുന്നത്, നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ഭരണവര്‍ഗം കോര്‍പറേറ്റ് ശക്തികള്‍ക്കായി പാവങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിനുവേണ്ടി സാമുദായിക ശക്തികള്‍ക്ക് കീഴടങ്ങുന്നത് തുടങ്ങി സമകാലിക സമൂഹത്തിന്റെ ദുരവസ്ഥകളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയാണ് യൂത്ത്മാര്‍ച്ച്. മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കണമെന്ന ആഹ്വാനവും ജാതിഭ്രാന്തിനും വര്‍ഗീയതീവ്രവാദത്തിനുമെതിരായി മാനവികതയുടെ പുതിയപാത തുറക്കുമെന്ന പ്രതിജ്ഞയുമായാണ് മാര്‍ച്ച് സ്വീകരണകേന്ദ്രങ്ങള്‍ വിടുന്നത്.

ഞായറാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍നിന്നും മാര്‍ച്ച് പര്യടനം ആരംഭിച്ചു. അത്താണിയിലെ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സ്മാരകനഗറിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറിലേയും വിയ്യൂരില്‍ ഡോ. സുകുമാര്‍ അഴീക്കോട് നഗറിലേയും സ്വീകരണത്തിനുശേഷം അനശ്വര രക്താസാക്ഷി അഴീക്കോടന്റെ ഹൃദയരക്തംകൊണ്ടു ചുവന്ന തൃശൂര്‍ നഗരത്തില്‍ (ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹസമര സ്മാരക നഗര്‍) ജാഥ സമാപിച്ചു. സമാപനയോഗം പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. വി കെ ശ്രീരാമന്‍, വൈശാഖന്‍, രാവുണ്ണി, പി ടി കുഞ്ഞുമുഹമ്മദ്, എന്‍ ആര്‍ ഗ്രാമപ്രകാശ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരും ജാഥയെ വരവേല്‍ക്കാനെത്തി. തിങ്കളാഴ്ച രാവിലെ തൃശൂരില്‍നിന്നും പര്യടനം തുടരുന്ന ജാഥ കൊടകരയില്‍ സമാപിക്കും. ചൊവ്വാഴ്ച എറണാകുളം ജില്ലയിലേക്ക് കടക്കും.

0 comments: