2013, ജനുവരി 20, ഞായറാഴ്‌ച

പുതിയകാലത്തിന്റെ നവോത്ഥാന സന്ദേശവുമായി യൂത്ത്മാര്‍ച്ച് തൃശൂരില്‍

നവോത്ഥാന-തൊഴിലാളിവര്‍ഗ പോരാട്ടങ്ങളുടെ തൃശൂര്‍ മണ്ണ് യുവചേതനയുടെ മഹാമുന്നേറ്റത്തെ ഹൃദയത്തോട് ചേര്‍ത്ത് സ്വീകരിച്ചു. "ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിനെ ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ജില്ലയിലേക്ക് ആനയിച്ചു. ഏറനാടിന്റെയും വള്ളുവനാടിന്റെയും പോരാട്ടചരിത്രത്തിലെ കനല്‍വഴികള്‍ താണ്ടി തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ച യൂത്ത് മാര്‍ച്ചിനെ സാംസ്കാരിക മണ്ണിന്റെ എല്ലാ പ്രൗഢപാരമ്പര്യത്തോടുംകൂടിയാണ് എതിരേറ്റത്. വിവിധ കലകളും വാദ്യഘോഷങ്ങളും സംഗമിച്ച് സാംസ്കാരിക വിരുന്നൊരുക്കിയായിരുന്നു വരവേല്‍പ്പ്. ഡിെവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് ഇ സി ബിജു, സെക്രട്ടറി സി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ ജാഥയെ അനുഗമിക്കാനെത്തി. വര്‍ഗബഹുജനസംഘടനാ ഭാരവാഹികളും ജാഥാക്യാപ്റ്റന്‍ ടി വി രാജേഷിനെ ഹരാര്‍പ്പണം ചെയ്തു. തുടര്‍ന്ന് ചെറുതുരുത്തിയിലെ വള്ളത്തോള്‍ സമാധിയില്‍ ജാഥാംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. ചേലക്കര, വടക്കാഞ്ചേരി ഏരിയകളിലെ മൂന്നു കേന്ദ്രങ്ങളിലാണ് സ്വീകരണം പ്രഖ്യാപിച്ചതെങ്കിലും പ്രയാണത്തിനിടെ ഗ്രാമകേന്ദ്രങ്ങളും നാല്‍ക്കവലകളും ചെറു സ്വീകരണകേന്ദ്രങ്ങളായി. ചെറുതുരുത്തിയിലെ വള്ളത്തോള്‍ നാരായണമേനോന്‍നഗറില്‍ നടന്ന ആദ്യസ്വീകരണത്തില്‍ രക്തസാക്ഷികളായ എളനാട് സി വി ദാമോദരന്റെയും വെണ്ണൂര്‍ സി ആര്‍ മോഹന്‍ദാസിന്റെയും നാട്ടില്‍ നിന്നുള്ളവരടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. രണ്ടാം സ്വീകരണകേന്ദ്രമായ മുള്ളൂര്‍ക്കരയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് നീങ്ങി. ഞായറാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വൈകിട്ട് തൃശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും.

0 comments: