2013, ജനുവരി 26, ശനിയാഴ്‌ച

ആവേശജ്വാല പടര്‍ത്തി യൂത്ത് മാര്‍ച്ച്

പാതവക്കില്‍ ഇടമുറിയാതെ തൂവെള്ളത്തോരണങ്ങള്‍, നവോത്ഥാന നായകരുടെ വര്‍ണചിത്രങ്ങള്‍, പാറിപ്പറക്കുന്ന തൂവെള്ളക്കൊടി... ഈ ഉത്സവാന്തരീക്ഷത്തിലേക്ക് യൂത്ത് മാര്‍ച്ച് കടന്നുവന്നപ്പോള്‍ ആവേശത്തിന്റെ ജ്വാല കാത്തുനിന്നവരിലേക്കും പടര്‍ന്നു. മാര്‍ച്ചിന്റെ ആദ്യദിന പ്രയാണം തന്നെ ജില്ലയിലെ യുവമനസില്‍ നിറയുന്ന സാഹോദര്യത്തിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും നേര്‍കാഴ്ചയായി. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷും നയിക്കുന്ന മാര്‍ച്ച് എറണാകുളം-വൈക്കം റോഡിലെ പൂത്തോട്ട പാലംകടന്ന് വെള്ളിയാഴ്ച പകല്‍ മൂന്നോടെയാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. ഇതിന് മണിക്കൂറുകള്‍ മുന്നേതന്നെ വളണ്ടിയര്‍മാരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. പുരോഗമന പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളും വര്‍ഗ ബഹുജനസംഘടനകളുടെ ജില്ലാ ഭാരവാഹികളും എത്തിയിരുന്നു. മാര്‍ച്ചിന്റെ വരവ് അറിയിക്കുന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് തൊട്ടുപിന്നിലായി ബാന്‍ഡുവാദ്യ സംഘം നീങ്ങി. തുടര്‍ന്ന് അണിനിരന്നത് മാര്‍ച്ചിലെ അംഗങ്ങള്‍. മുത്തുക്കുടകളും ചുമന്ന ബലൂണുകളും കൂറ്റന്‍ തൂവെള്ളക്കൊടികളുമേന്തി രണ്ടുവരിയായി യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരും മാര്‍ച്ചിലുള്ള ജില്ലയിലെ സ്ഥിരാംഗങ്ങളായ വളണ്ടിയര്‍മാരും ഇതിന് പിന്നില്‍നിന്നു. പഞ്ചാരിമേളവും മയിലാട്ടവുമെല്ലാം ഉത്സവഛായ പകര്‍ന്നു. പൂത്തോട്ടയില്‍ ജില്ലയിലേക്കുള്ള വരവേല്‍പ്പിന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ആര്‍ ഭാസ്കരന്‍, പി കെ ബിജു എംപി, മറ്റ് നേതാക്കളായ വി എന്‍ വാസവന്‍, അഡ്വ. പി കെ ഹരികുമാര്‍, പ്രൊഫ. എം ടി ജോസഫ്, പി എന്‍ പ്രഭാകരന്‍, എ വി റസല്‍, കൃഷ്ണകുമാരി രാജശേഖരന്‍, പി എം തങ്കപ്പന്‍, അഡ്വ. കെ അനില്‍കുമാര്‍, അഡ്വ. റെജി സക്കറിയ, അഡ്വ. വി ജയപ്രകാശ്, എം എസ് സാനു, ഇ എം കുഞ്ഞുമുഹമ്മദ്, കെ കെ ഗണേശന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷ്, സെക്രട്ടറി കെ രാജേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍, സെക്രട്ടറി റിബിന്‍ ഷാ എന്നിവര്‍ നേതൃത്വം നല്‍കി. പാതയുടെ ഇടതുപക്ഷം ചേര്‍ന്ന് ചിട്ടയോടെ രണ്ടുവരിയായാണ് മാര്‍ച്ച് നീങ്ങിയത്. എന്നാലും ചില വാഹനങ്ങളിലുള്ളവര്‍ക്ക് അല്‍പം തടസ്സം നേരിട്ടു. ഇവര്‍ക്ക് "ഒരു നിമിഷം" എന്ന ക്ഷമാപണ കത്ത് നല്‍കി സംഘാടകര്‍ ശ്രദ്ധ പിടിച്ചുപറ്റി. ജാതീയതയ്ക്കും വര്‍ഗീയതക്കും എതിരായി ജാതിരഹിതവും മതനിരപേക്ഷവുമായ കേരള സൃഷ്ടിക്കായി ഡിവൈഎഫ്ഐ നടത്തുന്ന മാര്‍ച്ചിനിടെ യാത്രയ്ക്ക് ഉണ്ടായ തടസ്സത്തിന് ക്ഷമാപണം അഭ്യര്‍ഥിക്കുന്ന ചെറു നോട്ടീസുകളാണ് വാഹനങ്ങളില്‍ വിതരണം ചെയ്തത്. പൂത്തോട്ടയില്‍നിന്ന് രണ്ടരമണിക്കൂര്‍ സഞ്ചരിച്ച് ആറോടെയാണ് ആദ്യ സ്വീകരണ കേന്ദ്രമായ സ. പി കൃഷ്ണപിള്ള നഗറില്‍ മാര്‍ച്ച് എത്തിയത്. മുറിഞ്ഞപുഴയില്‍ ഹ്രസ്വമായ വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കുലശേഖരമംഗലത്ത് തിങ്ങിനിന്ന ആയിരങ്ങള്‍ മാര്‍ച്ചിനെ വരവേറ്റു. പഞ്ചാരിമേളം, ബാന്‍ഡ്വാദ്യം, മയിലാട്ടം എന്നിവ അകമ്പടിയായി. കരിമരുന്ന് പ്രയോഗവും ഉണ്ടായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ ശെല്‍വരാജ് സ്വീകരണ യോഗത്തില്‍ അധ്യക്ഷനായി. ചലച്ചിത്രതാരം ചെമ്പില്‍ അശോകനും സ്വീകരിക്കാനെത്തി. തുടര്‍ന്ന് വൈക്കം സത്യഗ്രഹ സ്മാരക നഗറിലേക്കായിരുന്നു മാര്‍ച്ചിന്റെ പ്രയാണം. ഉദയനാപുരം തെക്കേനടയില്‍ ജാഥാ അംഗങ്ങള്‍ക്ക് ചായയും ചെറുവിശ്രമവും. വൈക്കം വലിയ കവലയില്‍ വൈക്കത്തേക്കുള്ള വരവേല്‍പ്പ് നല്‍കി. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആര്‍ ബിജു, എസ് ബിജു, പി പ്രദീപ്, അഡ്വ. എ മനാഫ്, അഡ്വ. എം എസ് രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അഭിവാദ്യമുദ്രാവാക്യങ്ങള്‍ മുഴക്കി. ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും എഐവൈഎഫ് പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്ത് മാര്‍ച്ചിനെ വരവേറ്റു. വൈക്കം സത്യഗ്രഹ നഗറിലെ സമാപനസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, പി കെ ബിജു എം പി, ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി എ എന്‍ ഷംസീര്‍, അഡ്വ. പി കെ ഹരികുമാര്‍, ടി വി രാജേഷ്, എം സ്വരാജ്, ബ്ലോക്ക് സെക്രട്ടറി സി പി ജയരാജ്, പ്രസിഡന്റ് സി എസ് ശ്രീകുമാര്‍, ജില്ലാ കമ്മറ്റിയംഗം എം സുജിന്‍ എന്നിവര്‍ സംസാരിച്ചു. ജാഥാംഗങ്ങളായ കെ മണികണ്ഠന്‍, വി പി ദിവ്യ, ശ്രീലക്ഷ്മി തങ്കന്‍, പി ബി അനൂപ് എന്നിവര്‍ വെള്ളിയാഴ്ച വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

0 comments: