2013, ജനുവരി 9, ബുധനാഴ്‌ച

നവോത്ഥാന മുന്നേറ്റത്തില്‍ കണ്ണികളാവുക

‘നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്നത് കടമനിട്ടയുടെ വിഖ്യാതമായ വരികളാണ്. ഓര്‍മ്മകള്‍ ഉണ്ട്്ായിരുന്നാല്‍ പോരാ. ആ ഓര്‍മകള്‍ക്ക് സാര്‍ത്ഥകമായ തുടര്‍ച്ചകളും ഉണ്ടാകണം. ‘നവോത്ഥാന കേരള’മെന്ന പരികല്‍പ്പനതന്നെ അസ്ഥാനത്തായി പോകുന്ന ഇക്കാലത്ത് നാം താണ്ടിയ ഭൂതകാലപാതകളെ എങ്ങനെ തിരിച്ചുപിടിക്കാം, എങ്ങനെ പുതിയ ഒരു നവോത്ഥാനം തന്നെ സൃഷ്ടിക്കാം എന്നാണ് ഡി.വൈ.എഫ്.ഐ ചിന്തിക്കുന്നത്. അത് എത്ര ശ്രമകരമായാലും മാറ്റിവയ്ക്കാനാവാത്ത ആ പോരാട്ടയാത്രയെ ഏറ്റെടുക്കുകയാണ് കേരളത്തിന്റെ പ്രബുദ്ധയുവത. ‘ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം’ എന്ന മുദ്രാവാക്യം മുഴക്കി ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിലൂടെ കേരളം സഞ്ചരിച്ചു തീര്‍ക്കുമ്പോള്‍, അതൊരു ചരിത്ര ബാധ്യതയായി കേരളത്തിലെ മുഴുവന്‍ ജനസമൂഹവും ഏറ്റെടുക്കുമെന്നുതന്നെയാണ് പ്രതീക്ഷ. പ്രതീക്ഷയുടെ ആ ചുവന്ന നക്ഷത്രം കൊടിയിലേന്തിയാണ് പുതിയൊരു വര്‍ഷത്തിലൂടെ കേരളത്തിന്റെ യുവാക്കള്‍ ജനുവരി 4 തൊട്ട് ഫെബ്രുവരി 4 വരെ യൂത്ത് മാര്‍ച്ചിലേക്ക് മുഴുകാന്‍ പോകുന്നത്.

ഇന്ത്യയൊട്ടുക്കും 19-ാം നൂറ്റാണ്ട് മുതല്‍ സാമൂഹികവും-സാംസ്കാരികവുമായ ഉണര്‍വിന്റെ നവോത്ഥാനമുണ്ടായി. കേരളത്തില്‍ ശ്രീനാരായണ ഗുരുവിനെപോലെതന്നെ മഹാരാഷ്ട്രയില്‍ ജ്യോതി ബാഫുലെയുമുണ്ടായി. എന്നിട്ടെന്ത്, അത് അവിടെ തീര്‍ന്നു! കേരളം രാഷ്ട്രീയമായി നവോത്ഥാനത്തെ ഏറ്റെടുത്തതുകൊണ്ടാണ്, അതിന് ഭരണപരമായ അടിത്തറ നിര്‍മ്മിച്ചതിനാലാണ് പുകള്‍പെറ്റ നമ്മുടെ ഈ പുരോഗമനവും വികസനവുമെല്ലാം. തമിഴ്നാട്ടിലുണ്ടായ നവോത്ഥാനത്തിന് തുടര്‍ച്ചകളില്ലാത്തതിനാല്‍ സംഭവിച്ചത് നവോത്ഥാനപൂര്‍വ്വകാലത്തേക്കാള്‍ തീവ്രമായ ഉച്ചനീചത്വങ്ങളിലേക്കുള്ള പതനമാണ്. നാം എത്ര ജാതിവേലികള്‍ പൊളിച്ചാലും രാഷ്ട്രീയമായ മുന്നേറ്റത്തിലൂടെ ആ സമൂഹം ഉയര്‍ത്തെഴുന്നേറ്റാലല്ലാതെ പരിവര്‍ത്തനം സാധ്യമല്ല.

ലോകത്തെവിടെയുമെന്നപോലെ മതനവീകരണത്തിന്റെ പാതയിലൂടെയായിരുന്നു കേരളത്തിലെ നവോത്ഥാന വിപ്ളവം പടര്‍ന്ന് കയറിയത്. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്ത ഗുരു അധ:സ്ഥിതന് അവന്റെ ദൈവത്തെ നല്‍കി. നാരായണഗുരു മാത്രമല്ല ചട്ടമ്പിസ്വാമിയും, ബ്രഹ്മാനന്ദ ശിവയോഗിയും, വാഗ്ഭടാനന്ദനും, ഉള്‍പ്പെടെയുള്ളവര്‍ ഒരേ വിപ്ളവ ചിന്തയുടെ ഉള്‍ക്കരുത്തില്‍, വ്യത്യസ്ത പ്രയോഗത്തിലൂടെയാണെങ്കിലും നവോത്ഥാനത്തിന്റെ നായകരായി. പള്ളിക്കൂടങ്ങളില്‍ അടിയാളര്‍ക്ക് പ്രവേശനത്തിനായി അയ്യന്‍ങ്കാളിക്ക് 1906-ല്‍ വെങ്ങാന്നൂരില്‍ ഒരു തൊഴിലാളി പണിമുടക്ക് തന്നെ നടത്തേണ്ടിവന്നു. വിദ്യാഭ്യാസത്തിന്റെയും വിമോചനത്തിന്റെയും ഉയരങ്ങളിലേക്ക് ദളിതര്‍ കടന്ന് വന്ന വഴികളൊന്നും അത്ര സുഖകരമായ ചരിത്രമല്ല. പൊതു ഇടങ്ങളില്‍ അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകളഴിച്ച് എല്ലാവര്‍ക്കും ഒന്നിച്ചു നടക്കാനും, ഭക്ഷണം കഴിക്കാനും, പഠിക്കാനും കഴിഞ്ഞതും എളുപ്പത്തില്‍ സംഭവിച്ച മാറ്റങ്ങളല്ല. നവോത്ഥാനത്തിന്റെയും അതിന്റെ രാഷ്ട്രീയ-സാംസ്കാരിക പരിണാമങ്ങളിലൂടെയും സംഭവിച്ച പരിവര്‍ത്തനങ്ങളായിരുന്നു ഈ മാറ്റങ്ങളൊക്കെയും.

കേരളത്തിലെ സാംസ്കാരിക-സാമൂഹ്യ നവോത്ഥാനത്തിന്റെ കൈവഴികളെ ഊര്‍ജ്ജമുറ്റതാക്കിയത് പില്‍ക്കാലത്തെ കമ്യൂണിസ്റ്-കര്‍ഷകപോരാട്ടങ്ങളാണ്. ജാതിവിരുദ്ധ മുന്നേറ്റങ്ങളും ക്ഷേത്രസമരങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷകസമരത്തിന്റെയും കൊടിയുയര്‍ത്തി വലിയ സാമ്രാജ്യത്വ വിരുദ്ധ കലാപങ്ങള്‍ തന്നെയായി. ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങളിലെ എ.കെ.ജി, പി.കൃഷ്ണപിള്ള തുടങ്ങിയവരുടെ സാന്നിധ്യം ചരിത്രത്തിന്റെ ഒരു തുടക്കമായിരുന്നു. അവര്‍ണ്ണന്റെയും അധ:സ്ഥിതന്റെയും സ്വപ്നങ്ങള്‍ അസമത്വവും ദാരിദ്യ്രവും കൊണ്ട് പൊറുതിമുട്ടുന്ന മുഴുവന്‍ ജനതയുടെയും പോരാട്ടവീറിലേക്ക് മൊഴിമാറി. ജന്മിത്വത്തിന്റെ നെടുന്തൂണുകള്‍ ഉലഞ്ഞുവീണു. ജനങ്ങള്‍ പത്തായപ്പുരകള്‍ പിടിച്ചെടുത്തു. കയ്യൂരും കരിവെള്ളൂരും, കോറോത്തും, പാടിക്കുന്നും കാവുമ്പായിയും വെറും ഗ്രാമനാമങ്ങള്‍ മാത്രമല്ലാതായി. പുന്നപ്രയും വയലാറും വാരിക്കുന്തമെടുത്ത് സമരേതിഹാസങ്ങള്‍ തീര്‍ത്തതും, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ അവകാശബോധങ്ങള്‍ ഒന്നാകെ അണപൊട്ടിപ്രവഹിച്ചതുകൊണ്ടാണ്. നവോത്ഥാനത്തിന്റെ ഉജ്ജ്വലമായ വളര്‍ച്ചയാണത്. അതുവരെയുള്ള മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ചരിത്രം ഉരുക്കിയൊഴിച്ചാണ് പിന്നീട് 1957ലെ കമ്യൂണിസ്റ് സര്‍ക്കാര്‍ രൂപപ്പെട്ടത്. നവോത്ഥാനം ഏതെങ്കിലുമൊരു ചരിത്രഘട്ടത്തില്‍ തളംകെട്ടിനില്‍ക്കുന്നതല്ല, അതൊരു ഒഴുകുന്ന പ്രക്രിയയാണെന്നതിന് ചരിത്രം തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം.

കേരളം ഇന്ത്യയിലെ ഒരു സാധാരണ സംസ്ഥാനമല്ലെന്നും അതൊരു ലോകമാതൃകയാണെന്നും പറഞ്ഞത് നോബല്‍ ജേതാവായ അമര്‍ത്യസെന്നാണ്. ഭൂപരിഷ്കരണം, സാര്‍വ്വത്രിക-സൌജന്യ വിദ്യാഭ്യാസം, ജനകീയ ആരോഗ്യനയം, സമ്പൂര്‍ണ്ണ സാക്ഷരത, സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതികള്‍, ജനകീയാസൂത്രണം, സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങി സാമൂഹ്യനീതിയിലും പുരോഗമന സ്വഭാവത്തിലുമുള്ള ഈ ‘കേരള മോഡല്‍’ തന്നെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നവോത്ഥാന ചിന്തകള്‍ പടര്‍ന്ന് പന്തലിച്ചതിന്റെ ഫലമാണ്; തന്നെയുമല്ല, മാനവികതയുടെ വെളിച്ചമണഞ്ഞുപോകാതെ നോക്കുന്ന പുരോഗമന-കമ്യൂണിസ്റു പ്രസ്ഥാനങ്ങളുടെ ഉലച്ചില്‍ തട്ടാത്ത സാന്നിധ്യവും ഒന്നുകൊണ്ടാണ്. എന്നാല്‍ ആഗോളവത്കരണ കാലത്തെ നവലിബറല്‍ നയങ്ങള്‍ സ്വത്വബോധത്തിന്റെ പുതിയ തടവറകള്‍ നിര്‍മ്മിക്കുന്നതും, ജാതിയുടെയും മതത്തിന്റെയും കൂട്ടായ്മകള്‍ ഒരുക്കുന്നതും, മനുഷ്യദൈവങ്ങള്‍ക്ക് പരവതാനി വിരിക്കുന്നതും, പ്രത്യക്ഷത്തില്‍ തന്നെ നവോത്ഥാനത്തിന്റെ ഊര്‍ജ്ജപ്രവാഹങ്ങളിലോരോന്നിലുമുള്ള വിഷംകലര്‍ത്തലായി കാണണം. കാലം അശുഭകരമാകുമ്പോള്‍, കൈയ്യും കെട്ടി നോക്കിനില്‍ക്കാനാവാത്തതുകൊണ്ട്, ഡി.വൈ.എഫ്.ഐ ഉച്ചത്തില്‍ ഏറ്റെടുക്കുകയാണ് അതുകൊണ്ടുതന്നെ ആ മുദ്രാവാക്യം- ‘ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം’.

തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും കാണുന്നതുപോലെ അയിത്തവും അനാചാരങ്ങളും ജാതിവേലികളുമില്ലാത്തതുകൊണ്ട് ജാതിചിന്തകള്‍ ഇവിടെ അസ്തമിച്ചു എന്ന് ശുദ്ധഗതിക്കാര്‍ കരുതും. പഴയതുപോലെ ജാതിഘടനയില്ലാത്തതും ജാതിവിവേചനങ്ങള്‍ അപ്രത്യക്ഷമായതും അതിനുകാരണമായും അവര്‍ പറയും. എന്നാല്‍ ജാതി-മതങ്ങള്‍ ഇപ്പോള്‍ കടന്നുവരുന്നത് മുതലാളിത്തത്തിന്റെ നല്ല ചൂഷണോപാധികളായാണ്. പലവിധ സാമ്പത്തിക താല്‍പര്യങ്ങളാണ് ഇവിടെ ഇന്ന് ജാതിക്കൂട്ടായ്മകളെ ഉണ്ടാകുന്നത്. സാമൂഹ്യവിപ്ളവ സമരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ജാതിയും മതവും പറഞ്ഞ് ജനങ്ങളെ പലവിധ തുരുത്തുകളായി ചിതറിപ്പിച്ചാല്‍ മതിയെന്ന് മുതലാളിത്തം ഇന്ന് സമര്‍ത്ഥമായി തിരിച്ചറിഞ്ഞു കഴിഞ്ഞു. തിരിച്ചറിയാത്തത് അതില്‍പ്പെട്ടുപോകുന്ന പാവം മനുഷ്യരാണ്. മതമൌലികതയിലേക്കും മതതീവ്രവാദത്തിലേക്കും ഒരുതലമുറയെ കെട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയ ദുഷ്കൃത്യം എന്നാല്‍ ഇതിനേക്കാള്‍ ഭീകരമാണ്. കേരളത്തിലെ പണാധിപത്യ സമൂഹമാക്കികൊണ്ടുള്ള ‘മാഫിയാവത്കരണം’ വേറെ. ഒരു സമൂഹം ഒന്നടങ്കം മദ്യാസക്തിയില്‍ മുങ്ങിമരിക്കുന്ന ദുരന്തം മറ്റൊന്ന്. കടക്കെണിയില്‍പെട്ട് കഴുത്തുമുറുകി ചത്താലും വിവാഹധൂര്‍ത്തില്‍നിന്ന് വിടപറയാത്ത സാമൂഹ്യമനോനില, പിന്നെ മകളെന്നോ പെങ്ങളെന്നോ, അമ്മയെന്നോയുള്ള സാധാരണ ധാര്‍മ്മികചിന്തപോലും ഇല്ലാത്ത കാടന്‍ ലൈംഗികാക്രമണങ്ങള്‍, ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി പെരുകികൊണ്ടിരിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍, വിവിധ മാഫിയാഗ്രൂപ്പുകള്‍, മതതീവ്രവാദിങ്ങളുടെയും വര്‍ഗ്ഗീയ ഫാസിസ്റുകളുടെയും പുതിയ സദാചാരപോലീസ് വേഷം നവോത്ഥാന പൂര്‍വ്വകാലത്തെയും നാണിപ്പിക്കുന്ന ‘പരിഷ്കൃതമായ ഒരു പ്രാകൃതത്വത്തിലേക്കാണ്’ കേരളം  ഇന്ന് നടന്നടുക്കുന്നത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ അലംഭാവംകൂടിയാണ് ഇത്തരം ഛിദ്രശക്തികളെ ഇവിടെ പനപോലെ വളര്‍ത്തുന്നത്. വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ശാക്തീകരണത്തിന് ഉതകുംവിധമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പലനടപടികളും ഇവിടെ നടപ്പിലാക്കുന്നത്. ലീഗിന്റെ അഞ്ചാംമന്ത്രി വിവാദംതന്നെയെടുക്കുക, അതിന്റെ കാരണം ഒരു രാഷ്ട്രീയ കക്ഷിയുടെ സാമുദായിക ദുഷ്ടലാക്കാണെങ്കില്‍, ഫലം ഇവിടെ ഹിന്ദു ഏകീകരണത്തിന് കളമൊരുക്കി എന്നതാണ്. സാമുദായിക ചേരിതിരുവുകള്‍ ഏതൊരു മറയുമില്ലാതെ പൊതുനിരത്തിലേക്ക് ഇറങ്ങിവരുകയും ചെയ്തു. ഇതുകൊണ്ടെല്ലാം തടിച്ചുകൊഴുക്കുന്നത് മതതീവ്രവാദമല്ലാതെ മറ്റൊന്നുമല്ല. ഇവിടെ ‘ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം’ എന്നത് ഒറ്റ മുദ്രാവാക്യം മാത്രമല്ല കേരളം നെഞ്ചൂക്കോടെ ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന ഒരായിരം മുദ്രാവാക്യങ്ങളുടെ സമാഹാരമാണ്. നിലയ്ക്കാത്ത പോരാട്ടങ്ങളുടെ യാത്രയാണ് ഡി.വൈ.എഫ്.ഐക്ക് ഈ ദൌത്യം.  നന്മയും മാനവികതയും നഷ്ടമായിട്ടില്ലാത്ത ഒരു ജനസഞ്ചയത്തെ ഈ സമരവഴികളില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ വൃഥാവിലാവില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. 

ടി.വി രാജേഷ്

0 comments: