2013, ജനുവരി 28, തിങ്കളാഴ്‌ച

ജാതീയത ഉയര്‍ത്തി ജനങ്ങളെ തരംതിരിക്കുന്നു: വൈക്കം വിശ്വന്‍

ജാതീയത ഉയര്‍ത്തി ജനങ്ങളെ തരംതിരിക്കാനുള്ള നീക്കമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയത്ത് ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "വിശ്വരൂപം" പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള തീവ്രവാദ ശക്തികളുടെ കടന്നുകയറ്റമാണ്. മതവിശ്വാസികള്‍ക്ക് തന്റെ മതത്തില്‍ തന്നെ നില്‍ക്കാന്‍ കഴിയുന്ന മതസൗഹാര്‍ദ്ദചരിത്രമുള്ള കേരളത്തിലാണ് ചില പിന്തിരിപ്പന്‍ ശക്തികള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിനെ എതിര്‍ക്കുന്നത്. ആദ്യമായി സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കോട്ടയത്ത് യൂത്ത്മാര്‍ച്ചെത്തുമ്പോള്‍ അക്ഷരത്തെ തകര്‍ക്കാനും അക്ഷരത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ തച്ചുതകര്‍ക്കാനുമുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി മുന്നോട്ടുപോകേണ്ട സാഹചര്യമാണിപ്പോള്‍. സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറയുന്നവര്‍ കേരളത്തില്‍ വസ്ത്രം ധരിക്കാന്‍ നികുതി കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു എന്നതോര്‍ക്കണം. ജാതീയമായി എല്ലാത്തിനെയും തരംതിരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെപ്പോലും ജാതിനോക്കി നിയമിക്കുന്നത്. നാടിനെയും സാംസ്കാരിക ജീവിതത്തെയും പിച്ചിച്ചീന്തുന്നവര്‍ക്കുള്ള മറുപടിയാവാന്‍ യൂത്ത്മാര്‍ച്ചിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0 comments: