2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

നാടുണര്‍ത്തി പ്രയാണം

ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ച് ആലപ്പുഴ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി കൊല്ലം ജില്ലയിലേക്ക് കടന്നു. ബുധനാഴ്ച ചെട്ടികുളങ്ങര, കായംകുളം എന്നിവിടങ്ങളിലായിരുന്നു ജാഥ പ്രയാണം. ഭരണിക്കാവ് ഏരിയ അതിര്‍ത്തിയായ പനച്ചിമൂട് ജങ്ഷനില്‍നിന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എ മഹേന്ദ്രന്‍, കണ്‍വീനര്‍ ശ്രീപ്രകാശ്, സിപിഐ എം ഏരിയ സെക്രട്ടറി കെ എച്ച് ബാബുജാന്‍, ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി വി സുകു, പ്രസിഡന്റ് അനീഷ് കെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. ചെണ്ടമേളം, ബാന്‍ഡുമേളം, കോല്‍കളി തുടങ്ങിയവ സ്വീകരണഘോഷയാത്രയ്ക്ക് കൊഴുപ്പേകി. ദേശാഭിമാനി ടി കെ മാധവന്‍ നഗറില്‍ (ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന്‍) നടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ മഹേന്ദ്രന്‍ അധ്യക്ഷനായി. സി കെ സദാശിവന്‍ എംഎല്‍എ, ആര്‍ രാജേഷ് എംഎല്‍എ, ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, ശിവരാമന്‍ ചെറിയനാട്, ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ ചേര്‍ന്ന് നവോത്ഥാനദീപം തെളിച്ചു. ഡിവൈഎഫ്ഐയുടെ വിവിധ ഘടകങ്ങള്‍, സ്വാഗതസംഘം, വിവിധ വര്‍ഗബഹുജന സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ടി വി രാജേഷ് എംഎല്‍എ, കെ പി സുനില്‍ എന്നിവര്‍ സംസാരിച്ചു. ശ്രീപ്രകാശ് സ്വാഗതവും ജി അജിത് നന്ദിയും പറഞ്ഞു. സ്വീകരണ സമ്മേളനത്തിനുശേഷം ജാഥാക്യാപ്റ്റന്‍ ടി വി രാജേഷും സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ ടി കെ മാധവന്റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. കായംകുളത്തും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വാഗതസംഘം ഭാരവാഹികളും ഡിവൈഎഫ്ഐ നേതാക്കളും ജാഥയെ സ്വീകരിച്ചത്. യുവതികളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥയെ അനുദാവനം ചെയ്തു. പാര്‍ക്ക് മൈതാനിയിലെ വക്കം മൗലവി നഗറില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ഗാനകുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ ബിപിന്‍ സി ബാബു സ്വാഗതം പറഞ്ഞു. ജാഥാക്യാപ്റ്റന്‍ ടി വി രാജേഷ് എംഎല്‍എ, വൈസ് ക്യാപ്റ്റന്‍ എം സ്വരാജ്, എ എം റഷീദ്, സി കെ സദാശിവന്‍ എംഎല്‍എ, ആര്‍ രാജേഷ് എംഎല്‍എ, എം എ അലിയാര്‍, പി അരവിന്ദാക്ഷന്‍, എം ആര്‍ രാജശേഖരന്‍, എന്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐയുടെ ഉപഹാരങ്ങള്‍ ബിപിന്‍ സി ബാബുവും എച്ച് കൊച്ചുമോനും ജാഥാംഗങ്ങള്‍ക്ക് നല്‍കി. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി സോജകുമാര്‍ ജാഥയിലെത്തി അംഗങ്ങള്‍ക്ക് നല്‍കി. ഷട്ടില്‍ ബാഡ്മിന്റണില്‍ മികവ് തെളിയിച്ച ബിഠോബാ സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി കിരണിന് ടി വി രാജേഷ് എംഎല്‍എ ഉപഹാരം നല്‍കി. ജില്ലാ അതിര്‍ത്തിയായ ഓച്ചിറയില്‍നിന്നും കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കള്‍ മാര്‍ച്ചിനെ സ്വീകരിച്ചാനയിച്ചു.

0 comments: