2013, ജനുവരി 30, ബുധനാഴ്‌ച

യൂത്ത് മാര്‍ച്ചിന് ആലപ്പുഴയില്‍ വരവേല്‍പ്പ്

നവോത്ഥാന കേരളത്തിന്റെ വെണ്‍പതാകയുമായി ചരിത്രഭൂമിയും ജനപഥങ്ങളും താണ്ടിയെത്തിയ യൂത്ത് മാര്‍ച്ചിന് തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ കൊണ്ട് കേരള ചരിത്രം മാറ്റിക്കുറിച്ച ആലപ്പുഴയുടെ മണ്ണില്‍ ആയിരങ്ങളുടെ ഹൃദ്യമായ സ്വീകരണം. മലയോരങ്ങളുടെ സ്നേഹാഭിാദ്യങ്ങളേറ്റുവാങ്ങി പത്തനംതിട്ടയില്‍ നിന്ന് എത്തിയ ജാഥയെ ജില്ലയുടെ അതിര്‍ത്തിയായ പന്നായിക്കടവില്‍ നൂറുകണക്കിന് യുവജനങ്ങള്‍ എതിരേറ്റു. നാടിനെ വീണ്ടും ജാതി സംഘര്‍ഷത്തിന്റെ അരങ്ങാക്കാനുള്ള നീക്കങ്ങള്‍ക്ക് താക്കീതുമായെത്തിയ യുവജന മുന്നേറ്റത്തെ കണ്ണാടി പ്രതിഷ്ഠയുടെയും കരുമാടിക്കുട്ടന്റെയും പിന്‍തലമുറക്കാര്‍ ഏറ്റെടുത്തു. വരവേല്‍ക്കാന്‍ പുന്നപ്ര സമര സേനാനിയും സ്വാതന്ത്ര്യസമര ഭടനുമായ പി കെ ചന്ദ്രാനന്ദനെത്തിയത് യുവജന പോരാളികളെ ആവേശഭരിതമാക്കി. ""ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം"" എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ നയിക്കുന്ന ജാഥ ഉച്ചയോടെയാണ് ജില്ലയില്‍ എത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം സജിചെറിയാന്‍, മാന്നാര്‍ ഏരിയ സെക്രട്ടറി എം ശശികുമാര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി സോജകുമാര്‍, സംസ്ഥാനകമ്മിറ്റി അംഗം പി എം പ്രമോദ്, ജെ അജയന്‍ എന്നിവര്‍ ചേര്‍ന്ന് ജാഥയെ വരവേറ്റു. കലാരൂപങ്ങളും വാദ്യമേളങ്ങളും മാര്‍ച്ചിനെ അനുധാവനം ചെയ്തു. തുടര്‍ന്ന് സ്റ്റോര്‍മുക്കിലെ ശ്രീനാരായണഗുരു നഗറില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ ജാഥയ്ക്ക് നൂറുകണക്കിനുപേര്‍ സ്വീകരണം നല്‍കി. ജാഥാക്യാപ്റ്റന്‍ ടി വി രാജേഷ്, എ റഹീം, കെ പി പ്രദീപ്, ജാഥാ മാനേജര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം ശശികുമാര്‍ അധ്യക്ഷനായി. വെണ്‍മണിയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട സക്കീറിനുള്ള സഹായഫണ്ട് ചടങ്ങില്‍ സി ബി ചന്ദ്രബാബു സക്കീറിന്റെ വാപ്പ മജീദിന് കൈമാറി. മാവേലിക്കരയില്‍ നടന്ന സമാപന സ്വീകരണസമ്മേളനത്തില്‍ കെ മധുസൂദനന്‍ അധ്യക്ഷനായി. രാജേഷ് ആര്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ടി വി രാജേഷ്, എം സ്വരാജ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ബുധനാഴ്ച രാവിലെ ഒമ്പതിന് മാവേലിക്കരയില്‍ നിന്ന് പര്യടനം തുടങ്ങും. ചെട്ടികുളങ്ങരയിലെ ടി കെ മാധവന്‍ നഗറില്‍ ആദ്യ സ്വീകരണം. ഉച്ചയ്ക്ക് കായംകുളത്തെ വക്കം മൗലവി നഗറില്‍ ജില്ലയിലെ സമാപന സമ്മേളനം ചേരും. തുടര്‍ന്ന് ഓച്ചിറ വഴി കൊല്ലം ജില്ലയിലേക്ക്.

0 comments: