2013, ജനുവരി 22, ചൊവ്വാഴ്ച

മിന്നല്‍പ്പിണര്‍പോല്‍ യുവചേതന

ജാതി-മതാന്ധതയുടെ ഇരുളിലേക്ക് മിന്നല്‍പ്പിണര്‍ പായിച്ച് ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന്റെ ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം. പിന്തള്ളിയ ദുരിതദിനങ്ങളിലേക്ക് നാടിനെ തിരികെ കൊണ്ടുപോകുന്ന ദുഷ്ടശക്തികള്‍ക്കെതിരെ യുവചേതന നെടുങ്കോട്ടകളുയര്‍ത്തുമെന്ന പ്രഖ്യാപനമുയര്‍ത്തിയാണ് മാര്‍ച്ച് സാംസ്കാരിക ജില്ലയില്‍ പര്യടനം തുടരുന്നത്. രണ്ടാം നവോത്ഥാനപ്രഖ്യാപനമാണ് മാര്‍ച്ച് ഉയര്‍ത്തുന്ന മുദ്രാവാക്യം. പിന്നിട്ട കാലത്ത് ജാതി-മത ധാര്‍ഷ്ട്യങ്ങളെ നേരിട്ട് തോല്‍പ്പിച്ചവരുടെ സ്വപ്നങ്ങള്‍ കാക്കുമെന്ന പ്രഖ്യാപനമാണ് മാര്‍ച്ച്. മനുഷ്യനെ മനുഷ്യനായി കാണാത്തവര്‍ക്കുള്ള താക്കീതുകൂടിയാണ് ഈ മുന്നേറ്റം. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന സമകാലീന കേരളീയജീവിതത്തിലൂടെ മാനവികതതന്നെയാണ് ഏറ്റവും ഉദാത്തമായ മതമെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ തേരോട്ടം. മാര്‍ച്ചുയര്‍ത്തിയ മുദ്രാവാക്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ വിവിധകേന്ദ്രങ്ങളിലെത്തിയ സാംസ്കാരികനായകരും സാമൂഹ്യപ്രവര്‍ത്തകരും ആദ്യകാല പോരാളികളും ചിന്തകരും രാഷ്ട്രീയഭേദമെന്യേ എത്തിയ വന്‍ ജനാവലിയുമെല്ലാം ഡിവൈഎഫ്ഐ ഉയര്‍ത്തുന്ന അലകളെ സ്വന്തം നെഞ്ചില്‍ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാവിലെ തൃശൂര്‍ നഗരത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ആദ്യസ്വീകരണം ഒല്ലൂരിലെ വൈലോപ്പിള്ളി നഗറില്‍. നെറ്റിപ്പട്ടം കെട്ടിയ ആനയും കുതിരയും ബാന്‍ഡ് വാദ്യവും ശിങ്കാരിമേളവുമായി നൂറുകണക്കിന് യുവാക്കളുടെ ഉജ്വലസ്വീകരണം. രക്തസാക്ഷികള്‍ കൊച്ചനിയന്റെയും ഐനസ് ആന്റണിയുടേയും സ്മരണകള്‍ ഇരമ്പിയാര്‍ത്ത സ്വീകരണവേദിയില്‍ ശത്രുവിന്റെ ആക്രമണത്തില്‍ മരണത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്ന് ജീവിതത്തിലേക്ക് തിരികെ വന്ന ധീരന്മാര്‍ക്കും സമൂഹത്തിന്റെ നെറികെട്ട വിശ്വാസങ്ങള്‍ക്കെതിരെ സ്വജീവിതംകൊണ്ടു മാതൃകകാട്ടിയ മിശ്രവിവാഹിതര്‍ക്കും ജാഥയുടെ ആദരം. സിനിമാപ്രവര്‍ത്തകന്‍ പ്രദീപ് മുല്ലനേഴി ജാഥയെ അഭിവാദ്യം ചെയ്യാന്‍ ഒല്ലൂരിലെത്തി. പുതുക്കാട്ടെ എം ആര്‍ ബി നഗറിലായിരുന്നു അടുത്ത കേന്ദ്രം. പതിവുപോലെ യുവാക്കളും സഹയാത്രികരും ഐക്യദാര്‍ഢ്യപ്രഖ്യാപനം നടത്താനെത്തിയവരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍. ആവേശം അലതല്ലിയ സ്വീകരണത്തിനുശേഷം കൊടകരയില്‍ സമാപനം. ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരസ്മരണയില്‍ ഉയര്‍ത്തിയ നഗറിലും ആവേശക്കൊടുങ്കാറ്റുയര്‍ത്തിയ സ്വീകരണം.വിവിധകേന്ദ്രങ്ങളില്‍ ടി വി രാജേഷ്, എം സ്വരാജ്, കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, റോഷന്‍ റോയ്മാത്യു, ടി എം സുരേഷ്, കെ ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. വഴിയരികില്‍ പതിവുപോലെ ഐക്യദാര്‍ഢ്യവും അഭിവാദ്യവുമായി കാത്തുനിന്ന ആയിരങ്ങള്‍. ഓരോ ആശിസ്സുകളും ഐക്യപ്രഖ്യാപനവും ഊര്‍ജമാക്കി മാറ്റി പതിനെട്ടു ദിവസമായുള്ള കാല്‍നടപ്രയാണം കൂടുതല്‍ ആവേശത്തോടെ മുന്നോട്ട്. തങ്ങളുയര്‍ത്തിയ മുദ്രാവാക്യത്തെ കേരളത്തിന്റെ ഇനിയും വറ്റിയിട്ടില്ലാത്ത മതേതരമനസ്സ് ആവേശത്തോടെ ഏറ്റെടുക്കുന്നുവെന്ന തിരിച്ചറിവ് ഏറ്റെടുക്കാനുള്ള വലിയ പോരാട്ടത്തിന് കരുത്താവുമെന്ന തിരിച്ചറിവോടെയായിരുന്നു സമാപനം.

0 comments: