2013, ജനുവരി 26, ശനിയാഴ്‌ച

നവോത്ഥാന സ്മരണയുണര്‍ത്തി യൂത്ത് മാര്‍ച്ചിന് വരവേല്‍പ്പ്

സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമോതി പ്രയാണം നടത്തുന്ന യൂത്ത് മാര്‍ച്ചിന് സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മനാടായ കോട്ടയം ജില്ലയിലേക്ക് ഉജ്ജ്വല വരവേല്‍പ്പ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഉജ്ജ്വല പൈതൃകം പേറുന്ന വൈക്കം മേഖലയില്‍ സമാനസന്ദേശവുമായി എത്തിയ യുവതയ്ക്ക് നാടിളകി ഇരമ്പിവന്ന വരവേല്‍പ്പായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ യും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ച് എറണാകുളം ജില്ലയില്‍ നിന്നാണ് പൂത്തോട്ട പാലം കടന്ന് കോട്ടയം ജില്ലയിലേക്ക് എത്തിയത്. പൂത്തോട്ടയിലൂടെ എത്തിയ മാര്‍ച്ചിനെ സിപിഐ എം ജില്ലാ കമ്മിറ്റിക്ക്വേണ്ടി സംസ്ഥാനകമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എന്‍ വാസവന്‍, ടി ആര്‍ രഘുനാഥന്‍ എന്നിവര്‍ ഹാരമണിയിച്ചു വരവേറ്റു. ഇടതുപക്ഷത്തെ പ്രമുഖ യുവജന സംഘടനായ എഐവൈഎഫിന്റെ നേതൃത്വത്തില്‍ ചെമ്പ് ഉദയനാപുരം വൈക്കം വലിയകവല എന്നിവടങ്ങളില്‍ മാര്‍ച്ചിന് അഭിവാദ്യമേകി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകനേതാവ് പി കൃഷ്ണപിള്ളയുടെ സ്മരണ ജ്വലിക്കുന്ന വേദിയൊരുക്കിയാണ് ആദ്യ സ്വീകരണം മാര്‍ച്ചിന് നല്‍കിയത്. കുലശേഖരമംഗലത്ത് നടന്ന ഈ സ്വീകരണ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ ശെല്‍വരാജ് അധ്യക്ഷനായി. വൈക്കത്ത് ഒരുക്കിയ സത്യഗ്രഹ നഗറിലായിരുന്നു വെള്ളിയാഴ്ച്ചത്തെ സമാപനസമ്മേളനം. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ വിജയന്‍ സംസാരിച്ചു. ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ക്കെതിരെ പോരാടി ധീരരക്തസാക്ഷിത്വം വരിച്ച എം ആര്‍ വിദ്യാധരന്റെ സ്മരണകളുറങ്ങുന്ന ഉദയംപേരൂരിന്റെ മണ്ണില്‍ യൂത്ത് മാര്‍ച്ചിന് ആവേശകരമായ സ്വീകരണം നല്‍കി. രാവിലെ ഉദയംപേരൂരിന്റെ അതിര്‍ത്തിയായ പെരുംതൃക്കോവില്‍ ജങ്ഷനില്‍ ഡിവൈഎഫ്ഐ മുളന്തുരുത്തി ബ്ലോക്ക് ഭാരവാഹികളും സംഘാടകസമിതി ഭാരവാഹികളും ചേര്‍ന്നാണ് ജാഥയെ സ്വീകരിച്ചത്. തുടര്‍ന്ന് കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ശിങ്കാരിമേളം, കരിമരുന്നു പ്രയോഗം എന്നിവയുടെ അകമ്പടിയോടെ സ്വീകരണകേന്ദ്രമായ നടക്കാവിലെ രക്തസാക്ഷി എം ആര്‍ വിദ്യാധരന്‍നഗറിലേക്ക് ആനയിച്ചു. യോഗത്തില്‍ രക്തസാക്ഷി എം ആര്‍ വിദ്യാധരന്റെ ഭാര്യ ജിജോ സമരസഖാക്കളെ ആദ്യം സ്വീകരിച്ചു. സംസ്ഥാന ഫുട്ബോള്‍ ടീം അംഗം പി ആര്‍ ശ്രീകുമാര്‍, വൈകല്യങ്ങളെ തോല്‍പ്പിച്ച് കാലുകള്‍കൊണ്ട് ചിത്രംവരച്ച് ശ്രദ്ധേയനായ ആര്‍എല്‍വി വിദ്യാര്‍ഥി സജയ്കുമാര്‍ എന്നിവരും ജാഥയെ സ്വീകരിച്ചു. തുടര്‍ന്ന് വര്‍ഗ-ബഹുജന സംഘടനകള്‍ ജാഥാംഗങ്ങളെ സ്വീകരിച്ചു. യോഗത്തില്‍ പി കെ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. വി പി പ്രമോദ് സ്വാഗതംപറഞ്ഞു. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി ബി അനൂപ്, ജാഥാക്യാപ്റ്റന്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ സംസാരിച്ചു. വി ജി രതീഷ് നന്ദിപറഞ്ഞു. ശനിയാഴ്ച്ച രാവിലെ 9 ന് വൈക്കത്തുനിന്നും മാര്‍ച്ച് പര്യടനം തുടങ്ങും.

0 comments: