ഡി. വൈ. എഫ്‌. ഐ യൂത്ത്‌ മാര്‍ച്ച്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 28, തിങ്കളാഴ്‌ച

മതനിരപേക്ഷ മനസുകളുടെ ഐക്യപ്രഖ്യാപനം

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യം ഉയര്‍ത്തി പര്യടനം തുടരുന്ന ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്വല സ്വീകരണം. വൈകിട്ട് കോട്ടയത്ത് ഉജ്വലസ്വീകരണത്തോടെ സമാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് കോട്ടയത്തെ സമാപനയോഗം ഉദ്ഘാടനം ചെയ്തത്. നാഗമ്പടം മുതല്‍ സ്വീകരണവേദിയായ തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനി വരെ വര്‍ഗബഹുജനസംഘടനകള്‍ മാര്‍ച്ചിന് അഭിവാദ്യമേകി. ശനിയാഴ്ച രാവിലെ വൈക്കം സത്യഗ്രഹ നഗറില്‍ (ബോട്ട് ജെട്ടി മൈതാനം) തമിഴ്നാട്ടിലെ നവോത്ഥാന നായകനായ തന്തൈയ് പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് തലയോലപ്പറമ്പിലേക്ക് നീങ്ങിയത്. ക്യാപ്ടന്‍മാരായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയുടെയും പ്രസിഡന്റ് എം സ്വരാജിന്റെയും നേതൃത്വത്തിലായിരുന്നു പുഷ്പാര്‍ച്ചന. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി കെ ഗോപിനാഥന്‍, ഏരിയ സെക്രട്ടറി കെ കെ ഗണേശന്‍, നേതാക്കളായ പി പി പുഷ്ക്കരന്‍, പി ശശിധരന്‍, പി കെ രമേശന്‍, പി ഹരിദാസ്, മല്ലികാ വാസവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യൂത്ത്മാര്‍ച്ചിനെ യാത്രയാക്കി. വടയാറില്‍ രക്തസാക്ഷി വടയാര്‍ തങ്കപ്പന്റെ ഭാര്യ തങ്കമ്മ ജാഥാക്യാപ്ടന്‍മാരെ സ്വീകരിച്ചത് യൂത്ത്മാര്‍ച്ചിന് ആവേശമായി. ഇവിടെനിന്ന് വാദ്യമേളങ്ങളുടെയും തിറയാട്ടമുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെയും അകമ്പടിയോടെ തലയോലപ്പറമ്പിലേക്ക് ആനയിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഇ എം കുഞ്ഞുമുഹമ്മദ്, സക്കീര്‍ ഹുസൈന്‍, മറ്റ് നേതാക്കളും ചേര്‍ന്ന് ജാഥയെ വരവേറ്റു. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സുഭാഷ് പുഞ്ചക്കോട്ടിലും ഹാരാര്‍പ്പണം നടത്തി. വൈക്കം മുഹമ്മദ് ബഷീര്‍ നഗറില്‍ നടന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. സി എം കുസുമന്‍ അധ്യക്ഷനായി. തുടര്‍ന്ന് ആപ്പാഞ്ചിറയില്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അല്‍പനേരം. എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ഭാസ്ക്കരന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എന്‍ വാസവന്‍, ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എം തങ്കപ്പന്‍, എം എസ് സാനു, ഏരിയ സെക്രട്ടറി പി വി സുനില്‍ എന്നിവര്‍ അവിടെയെത്തി. വൈകിട്ടോടെ കടുത്തുരുത്തിയിലേക്ക് പുറപ്പെട്ട മാര്‍ച്ചിന് സീലോണ്‍ കവലയില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി പി വി സുനില്‍ ഹാരാര്‍പ്പണം നടത്തി. സംഘാടകസമിതി ചെയര്‍മാന്‍ കെ ജയകൃഷ്ണന്‍, പി എം തങ്കപ്പന്‍, വി കെ സുരേഷ്കുമാര്‍, ലില്ലി മാത്യു, അഡ്വ. സിറില്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ച ജാഥയ്ക്ക് വഴിയിലുടനീളം നൂറുകണക്കിനാളുകള്‍ അഭിവാദ്യം അര്‍പ്പിച്ചു. ഉമാദേവി അന്തര്‍ജനം നഗറില്‍ ചേര്‍ന്ന യോഗത്തില്‍ കെ ജയകൃഷ്ണന്‍ അധ്യക്ഷനായി. ലെനു മാത്യു സ്വാഗതവും എം ആര്‍ രാജീവ് നന്ദിയും പറഞ്ഞു. പി കെ ബിജു എംപിയുടെ നേതൃത്വത്തില്‍ കുറുപ്പന്തറയിലായിരുന്നു അടുത്ത സ്വീകരണം. ഇവിടെ ചേര്‍ന്ന യോഗത്തില്‍ കെ പി സന്തോഷ് അധ്യക്ഷനായി. അഡ്വ. സിറില്‍ തോമസ് സ്വാഗതം പറഞ്ഞു. രാത്രി കോതനല്ലൂരില്‍ മാര്‍ച്ച് എത്തിയപ്പോള്‍ നൂറുകണക്കിനാളുകള്‍ വരവേറ്റു. യോഗത്തില്‍ കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായി. കെ എന്‍ ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു. ഞായറാഴ്ച രാവിലെ കോതനല്ലൂരില്‍നിന്ന് പര്യടനം തുടര്‍ന്ന ജാഥ ഉച്ചയോടെ ഏറ്റുമാനൂരെത്തിയപ്പോള്‍ വന്‍ജനാവലി. അധഃസ്ഥിത വര്‍ഗത്തിന് വിദ്യാഭ്യാസത്തിന്റെ തിരിവെട്ടം തെളിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിലുള്ള സ്വീകരണകേന്ദ്രത്തില്‍ ആവേശം തുടിച്ച വരവേല്‍പ്പ്. സ്വാഗതസംഘം ചെയര്‍മാന്‍ കെ സുരേഷ്കുറുപ്പ് എംഎല്‍എ യുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇവിടെ ചേര്‍ന്ന യോഗത്തില്‍ എം എസ് ഷാജി അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ് എന്നിവര്‍ സംഘാടകസമിതിയുടെ ഉപഹാരം കൈമാറി. സ്വാഗതസംഘം സെക്രട്ടറി ബോബന്‍ ദേവസ്യ സ്വാഗതവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സ്മിത കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുമാരനല്ലൂരിലേക്കുള്ള യാത്ര. നൂറ്റൊന്നു കവലയിലും കാരിത്താസിലും സംക്രാന്തിയിലുമായിരുന്നു ചെറുസ്വീകരണങ്ങള്‍. സംക്രാന്തിയില്‍നിന്ന് മാര്‍ച്ചിനെ കുമാരനല്ലൂരിലേക്ക് സ്വീകരിച്ചാനയിച്ചു. കുമാരനല്ലൂര്‍ ജങ്ഷനിലെ കാരൂര്‍ നീലകണ്ഠപിള്ള നഗറില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ഏരിയാ സെക്രട്ടറി കെ എന്‍ വേണുഗോപാല്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ എന്‍ രവി, കെ അനില്‍കുമാര്‍, വി ജയപ്രകാശ്, റജി സഖറിയ, മുന്‍ ജില്ലാ കമ്മിറ്റിയംഗം ഇ പി ചെല്ലപ്പന്‍ എന്നിവര്‍ ജാഥാംഗങ്ങളെ വേദിയിലേക്ക് നയിച്ചു. കെ കെ ശ്രീമോന്‍ സ്വാഗതവും എസ് അനു നന്ദിയും പറഞ്ഞു. കോട്ടയം നഗരാതിര്‍ത്തിയായ നാഗമ്പടത്ത് ജാഥയെ സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി എം കെ പ്രഭാകരന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വര്‍ഗീസ്, കെ അനില്‍കുമാര്‍, ഡിവൈഎഫ്ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗം റജി സഖറിയ എന്നിവരുമുണ്ടായിരുന്നു. കോട്ടയം നഗരത്തില്‍ പ്രവേശിച്ചജാഥയെ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് വരവേറ്റു. ടി വി രാജേഷിനെ സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസും എം സ്വരാജിനെ ക്നാനായ സഭാ വൈദീകന്‍ ഫാ. റോയി മാത്യു കോര്‍ എപ്പിസ്കോപ്പയും ഹാരമണിയിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ്, എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി കെ ആനന്ദക്കുട്ടന്‍, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം കിഷോര്‍ കെ ഗോപാലന്‍ എന്നിവര്‍ സ്വീകരിച്ചു. എം കെ പ്രഭാകരന്‍ അധ്യക്ഷനായി. കെ ജെ തോമസ്, വി എന്‍ വാസവന്‍, കെ സുരേഷ്കുറുപ്പ്, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, പി ജെ വര്‍ഗീസ്, കെ അനില്‍ കുമാര്‍, റെജി സഖറിയ എന്നിവര്‍ സന്നിഹിതരായി. എ എസ് പ്രശാന്ത് സ്വാഗതവും സി ടി രാജേഷ് നന്ദിയും പറഞ്ഞു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ടി വി രാജേഷ്, എം സ്വരാജ്, യൂത്ത് മാര്‍ച്ച് മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ ടി വി നിതിന്‍, സി പി ദിവ്യ, റോഷന്‍ റോയി മാത്യു, നിതിന്‍ കണിച്ചേരി, കെ ജയദേവന്‍, അഡ്വ. ടി വി അനിത, ജിനോ മാത്യു എന്നിവര്‍ സംസാരിച്ചു.
Read More

സമൂഹം മനുഷ്യപക്ഷത്ത് നിലയുറപ്പിക്കണം: ടി വി രാജേഷ്

സമുദായ-വര്‍ഗീയ ചിന്തകള്‍ ജനാധിപത്യശരീരത്തിലെ അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാന്‍ സമൂഹത്തിന് കഴിയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സന്നിഗ്ധഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സമുദായങ്ങളുടെ തടവറയിലാക്കി. ഭൂരിപക്ഷ സമുദായാംഗമോ ന്യൂനപക്ഷ സമുദായാംഗമോ തങ്ങളെ ഭരിക്കണമെന്നതല്ല ജനങ്ങള്‍ നേരിടുന്ന പ്രശ്നം. ഏതു സമുദായ നാമധാരിയാകട്ടെ, ജനങ്ങളുടെ ജീവല്‍പ്രശ്നം കണ്ടറിഞ്ഞ് പരിഹരിക്കാനാകണം. വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ജനങ്ങളെ സമുദായത്തിന്റെ പേരില്‍ ചേരിതിരിക്കാന്‍ ശ്രമിക്കുന്നത്. സമുദായനേതാക്കളാണ് സംസ്ഥാനത്ത് മന്ത്രിസ്ഥാനം തീരുമാനിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിയാക്കിയത് എന്‍എസ്എസാണെന്ന് പറയുമ്പോള്‍, കോണ്‍ഗ്രസാണ് തന്നെ മന്ത്രിയാക്കിയതെന്ന് പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കണം. എന്നാല്‍, അതിന് തയാറാകാതെ കേരളത്തിലെ മന്ത്രിമാര്‍ സാമുദായികശക്തികളുടെ മുന്നില്‍ മുട്ടിലിഴയുന്നത് അപമാനകരമായ അവസ്ഥയാണ്-ടി വി രാജേഷ് പറഞ്ഞു.
Read More

ജാതീയത ഉയര്‍ത്തി ജനങ്ങളെ തരംതിരിക്കുന്നു: വൈക്കം വിശ്വന്‍

ജാതീയത ഉയര്‍ത്തി ജനങ്ങളെ തരംതിരിക്കാനുള്ള നീക്കമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയത്ത് ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "വിശ്വരൂപം" പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള തീവ്രവാദ ശക്തികളുടെ കടന്നുകയറ്റമാണ്. മതവിശ്വാസികള്‍ക്ക് തന്റെ മതത്തില്‍ തന്നെ നില്‍ക്കാന്‍ കഴിയുന്ന മതസൗഹാര്‍ദ്ദചരിത്രമുള്ള കേരളത്തിലാണ് ചില പിന്തിരിപ്പന്‍ ശക്തികള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിനെ എതിര്‍ക്കുന്നത്. ആദ്യമായി സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കോട്ടയത്ത് യൂത്ത്മാര്‍ച്ചെത്തുമ്പോള്‍ അക്ഷരത്തെ തകര്‍ക്കാനും അക്ഷരത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ തച്ചുതകര്‍ക്കാനുമുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി മുന്നോട്ടുപോകേണ്ട സാഹചര്യമാണിപ്പോള്‍. സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറയുന്നവര്‍ കേരളത്തില്‍ വസ്ത്രം ധരിക്കാന്‍ നികുതി കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു എന്നതോര്‍ക്കണം. ജാതീയമായി എല്ലാത്തിനെയും തരംതിരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെപ്പോലും ജാതിനോക്കി നിയമിക്കുന്നത്. നാടിനെയും സാംസ്കാരിക ജീവിതത്തെയും പിച്ചിച്ചീന്തുന്നവര്‍ക്കുള്ള മറുപടിയാവാന്‍ യൂത്ത്മാര്‍ച്ചിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More

2013 ജനുവരി 26, ശനിയാഴ്‌ച

സമുദായ സംഘടനാ നേതാക്കള്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കുന്നു: ടി വി രാജേഷ്

സമുദായസംഘടനാ നേതാക്കള്‍ ഫാന്‍സ് അസോസിയേഷനുകളെ സൃഷ്ടിക്കുന്ന നിലയിലേക്ക് മാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. യൂത്ത് മാര്‍ച്ചിന് കുലശേഖരമംഗലത്തും വൈക്കത്തും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് വഹിച്ചതാണ് ഇവിടുത്തെ സമുദായ സംഘടനകളെല്ലാം. എന്നാല്‍ ഇന്ന് നിഷിപ്ത താല്‍പര്യങ്ങളുടെ സംരക്ഷകരായി ഇവര്‍ ചുരുങ്ങി. സമുദായ നേതാക്കളുടെ എന്‍ഒസി കിട്ടിയാല്‍ എത് ഉന്നത സ്ഥാനത്തും എത് അനര്‍ഹനും എത്താമെന്ന നിലയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്‍ കീഴിലുള്ളത്- രാജേഷ് പറഞ്ഞു.
Read More

സര്‍ക്കാര്‍ സമുദായ സംഘടനകളുടെ തടവറയില്‍: എം സ്വരാജ്

സമുദായ-മത സംഘനകളുടെ തടവറയിലാണ് യുഡിഎഫ് സര്‍ക്കാരെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് പറഞ്ഞു. യൂത്ത്മാര്‍ച്ചിന് ജില്ലയില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളിലൂടെ കേരള നവോത്ഥാന മുന്നേറ്റത്തിന് വലിയ സംഭാവന നല്‍കാന്‍ അക്കാലത്തെ സമുദായ സംഘടനകള്‍ക്കും നേതാക്കള്‍ക്കും കഴിഞ്ഞു. എന്നാല്‍ ഇന്നവര്‍ തങ്ങളുടെ സംഘടനകളുടെ ശക്തി ഉപയോഗിച്ച് ഭരണക്കാരെ തടവറയിലാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സമീപനത്തിനെതിരെ യുവജനങ്ങള്‍ സമരസജ്ജരായിരിക്കണമെന്നും സ്വരാജ് പറഞ്ഞു.
Read More

നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം: എം വി ഗോവിന്ദന്‍

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. യൂത്ത് മാര്‍ച്ചിന്റെ ആദ്യദിന പര്യടനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍, വൈക്കം സത്യഗ്രഹത്തിലൂടെയും എണ്ണമറ്റ മറ്റ് സമരങ്ങളിലൂടെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് കേരളത്തിലെ ഇന്നത്തെ പരിഷ്കൃത സമൂഹത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഈ നേട്ടങ്ങളെയെല്ലാം നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ പിന്നോട്ടുവലിക്കുന്ന സ്ഥിതിയാണുള്ളത്. സ്വന്തം സമുദായങ്ങളുടെ പേരിലും ശക്തിയിലും ഊറ്റം കൊള്ളുന്ന നിലയില്‍ സമുദായ നേതാക്കള്‍ അധ:പതിക്കുന്നു. ക്ഷേത്രങ്ങളുടെയും ആരാധനയുടെയും പേരില്‍ ഇക്കൂട്ടര്‍ സമൂഹത്തില്‍ അസ്വസ്ഥ പടര്‍ത്തുകയാണ്. ഇത്തരം വിപത്തുകളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ മുന്നോട്ടിറങ്ങണം. ജാതിയുടെ വേര്‍തിരിവ് ഇല്ലാതാക്കാന്‍ ജാതിരഹിത വിവാഹത്തിന് യുവാക്കള്‍ മാതൃക കാട്ടണം. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സമുദായ നേതാക്കളും തയ്യാറാകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Read More

ആവേശജ്വാല പടര്‍ത്തി യൂത്ത് മാര്‍ച്ച്

പാതവക്കില്‍ ഇടമുറിയാതെ തൂവെള്ളത്തോരണങ്ങള്‍, നവോത്ഥാന നായകരുടെ വര്‍ണചിത്രങ്ങള്‍, പാറിപ്പറക്കുന്ന തൂവെള്ളക്കൊടി... ഈ ഉത്സവാന്തരീക്ഷത്തിലേക്ക് യൂത്ത് മാര്‍ച്ച് കടന്നുവന്നപ്പോള്‍ ആവേശത്തിന്റെ ജ്വാല കാത്തുനിന്നവരിലേക്കും പടര്‍ന്നു. മാര്‍ച്ചിന്റെ ആദ്യദിന പ്രയാണം തന്നെ ജില്ലയിലെ യുവമനസില്‍ നിറയുന്ന സാഹോദര്യത്തിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും നേര്‍കാഴ്ചയായി. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷും നയിക്കുന്ന മാര്‍ച്ച് എറണാകുളം-വൈക്കം റോഡിലെ പൂത്തോട്ട പാലംകടന്ന് വെള്ളിയാഴ്ച പകല്‍ മൂന്നോടെയാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. ഇതിന് മണിക്കൂറുകള്‍ മുന്നേതന്നെ വളണ്ടിയര്‍മാരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. പുരോഗമന പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളും വര്‍ഗ ബഹുജനസംഘടനകളുടെ ജില്ലാ ഭാരവാഹികളും എത്തിയിരുന്നു. മാര്‍ച്ചിന്റെ വരവ് അറിയിക്കുന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് തൊട്ടുപിന്നിലായി ബാന്‍ഡുവാദ്യ സംഘം നീങ്ങി. തുടര്‍ന്ന് അണിനിരന്നത് മാര്‍ച്ചിലെ അംഗങ്ങള്‍. മുത്തുക്കുടകളും ചുമന്ന ബലൂണുകളും കൂറ്റന്‍ തൂവെള്ളക്കൊടികളുമേന്തി രണ്ടുവരിയായി യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരും മാര്‍ച്ചിലുള്ള ജില്ലയിലെ സ്ഥിരാംഗങ്ങളായ വളണ്ടിയര്‍മാരും ഇതിന് പിന്നില്‍നിന്നു. പഞ്ചാരിമേളവും മയിലാട്ടവുമെല്ലാം ഉത്സവഛായ പകര്‍ന്നു. പൂത്തോട്ടയില്‍ ജില്ലയിലേക്കുള്ള വരവേല്‍പ്പിന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ആര്‍ ഭാസ്കരന്‍, പി കെ ബിജു എംപി, മറ്റ് നേതാക്കളായ വി എന്‍ വാസവന്‍, അഡ്വ. പി കെ ഹരികുമാര്‍, പ്രൊഫ. എം ടി ജോസഫ്, പി എന്‍ പ്രഭാകരന്‍, എ വി റസല്‍, കൃഷ്ണകുമാരി രാജശേഖരന്‍, പി എം തങ്കപ്പന്‍, അഡ്വ. കെ അനില്‍കുമാര്‍, അഡ്വ. റെജി സക്കറിയ, അഡ്വ. വി ജയപ്രകാശ്, എം എസ് സാനു, ഇ എം കുഞ്ഞുമുഹമ്മദ്, കെ കെ ഗണേശന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷ്, സെക്രട്ടറി കെ രാജേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍, സെക്രട്ടറി റിബിന്‍ ഷാ എന്നിവര്‍ നേതൃത്വം നല്‍കി. പാതയുടെ ഇടതുപക്ഷം ചേര്‍ന്ന് ചിട്ടയോടെ രണ്ടുവരിയായാണ് മാര്‍ച്ച് നീങ്ങിയത്. എന്നാലും ചില വാഹനങ്ങളിലുള്ളവര്‍ക്ക് അല്‍പം തടസ്സം നേരിട്ടു. ഇവര്‍ക്ക് "ഒരു നിമിഷം" എന്ന ക്ഷമാപണ കത്ത് നല്‍കി സംഘാടകര്‍ ശ്രദ്ധ പിടിച്ചുപറ്റി. ജാതീയതയ്ക്കും വര്‍ഗീയതക്കും എതിരായി ജാതിരഹിതവും മതനിരപേക്ഷവുമായ കേരള സൃഷ്ടിക്കായി ഡിവൈഎഫ്ഐ നടത്തുന്ന മാര്‍ച്ചിനിടെ യാത്രയ്ക്ക് ഉണ്ടായ തടസ്സത്തിന് ക്ഷമാപണം അഭ്യര്‍ഥിക്കുന്ന ചെറു നോട്ടീസുകളാണ് വാഹനങ്ങളില്‍ വിതരണം ചെയ്തത്. പൂത്തോട്ടയില്‍നിന്ന് രണ്ടരമണിക്കൂര്‍ സഞ്ചരിച്ച് ആറോടെയാണ് ആദ്യ സ്വീകരണ കേന്ദ്രമായ സ. പി കൃഷ്ണപിള്ള നഗറില്‍ മാര്‍ച്ച് എത്തിയത്. മുറിഞ്ഞപുഴയില്‍ ഹ്രസ്വമായ വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കുലശേഖരമംഗലത്ത് തിങ്ങിനിന്ന ആയിരങ്ങള്‍ മാര്‍ച്ചിനെ വരവേറ്റു. പഞ്ചാരിമേളം, ബാന്‍ഡ്വാദ്യം, മയിലാട്ടം എന്നിവ അകമ്പടിയായി. കരിമരുന്ന് പ്രയോഗവും ഉണ്ടായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ ശെല്‍വരാജ് സ്വീകരണ യോഗത്തില്‍ അധ്യക്ഷനായി. ചലച്ചിത്രതാരം ചെമ്പില്‍ അശോകനും സ്വീകരിക്കാനെത്തി. തുടര്‍ന്ന് വൈക്കം സത്യഗ്രഹ സ്മാരക നഗറിലേക്കായിരുന്നു മാര്‍ച്ചിന്റെ പ്രയാണം. ഉദയനാപുരം തെക്കേനടയില്‍ ജാഥാ അംഗങ്ങള്‍ക്ക് ചായയും ചെറുവിശ്രമവും. വൈക്കം വലിയ കവലയില്‍ വൈക്കത്തേക്കുള്ള വരവേല്‍പ്പ് നല്‍കി. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആര്‍ ബിജു, എസ് ബിജു, പി പ്രദീപ്, അഡ്വ. എ മനാഫ്, അഡ്വ. എം എസ് രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അഭിവാദ്യമുദ്രാവാക്യങ്ങള്‍ മുഴക്കി. ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും എഐവൈഎഫ് പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്ത് മാര്‍ച്ചിനെ വരവേറ്റു. വൈക്കം സത്യഗ്രഹ നഗറിലെ സമാപനസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, പി കെ ബിജു എം പി, ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി എ എന്‍ ഷംസീര്‍, അഡ്വ. പി കെ ഹരികുമാര്‍, ടി വി രാജേഷ്, എം സ്വരാജ്, ബ്ലോക്ക് സെക്രട്ടറി സി പി ജയരാജ്, പ്രസിഡന്റ് സി എസ് ശ്രീകുമാര്‍, ജില്ലാ കമ്മറ്റിയംഗം എം സുജിന്‍ എന്നിവര്‍ സംസാരിച്ചു. ജാഥാംഗങ്ങളായ കെ മണികണ്ഠന്‍, വി പി ദിവ്യ, ശ്രീലക്ഷ്മി തങ്കന്‍, പി ബി അനൂപ് എന്നിവര്‍ വെള്ളിയാഴ്ച വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Read More

നവോത്ഥാന സ്മരണയുണര്‍ത്തി യൂത്ത് മാര്‍ച്ചിന് വരവേല്‍പ്പ്

സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമോതി പ്രയാണം നടത്തുന്ന യൂത്ത് മാര്‍ച്ചിന് സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മനാടായ കോട്ടയം ജില്ലയിലേക്ക് ഉജ്ജ്വല വരവേല്‍പ്പ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഉജ്ജ്വല പൈതൃകം പേറുന്ന വൈക്കം മേഖലയില്‍ സമാനസന്ദേശവുമായി എത്തിയ യുവതയ്ക്ക് നാടിളകി ഇരമ്പിവന്ന വരവേല്‍പ്പായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ യും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ച് എറണാകുളം ജില്ലയില്‍ നിന്നാണ് പൂത്തോട്ട പാലം കടന്ന് കോട്ടയം ജില്ലയിലേക്ക് എത്തിയത്. പൂത്തോട്ടയിലൂടെ എത്തിയ മാര്‍ച്ചിനെ സിപിഐ എം ജില്ലാ കമ്മിറ്റിക്ക്വേണ്ടി സംസ്ഥാനകമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എന്‍ വാസവന്‍, ടി ആര്‍ രഘുനാഥന്‍ എന്നിവര്‍ ഹാരമണിയിച്ചു വരവേറ്റു. ഇടതുപക്ഷത്തെ പ്രമുഖ യുവജന സംഘടനായ എഐവൈഎഫിന്റെ നേതൃത്വത്തില്‍ ചെമ്പ് ഉദയനാപുരം വൈക്കം വലിയകവല എന്നിവടങ്ങളില്‍ മാര്‍ച്ചിന് അഭിവാദ്യമേകി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകനേതാവ് പി കൃഷ്ണപിള്ളയുടെ സ്മരണ ജ്വലിക്കുന്ന വേദിയൊരുക്കിയാണ് ആദ്യ സ്വീകരണം മാര്‍ച്ചിന് നല്‍കിയത്. കുലശേഖരമംഗലത്ത് നടന്ന ഈ സ്വീകരണ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ ശെല്‍വരാജ് അധ്യക്ഷനായി. വൈക്കത്ത് ഒരുക്കിയ സത്യഗ്രഹ നഗറിലായിരുന്നു വെള്ളിയാഴ്ച്ചത്തെ സമാപനസമ്മേളനം. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ വിജയന്‍ സംസാരിച്ചു. ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ക്കെതിരെ പോരാടി ധീരരക്തസാക്ഷിത്വം വരിച്ച എം ആര്‍ വിദ്യാധരന്റെ സ്മരണകളുറങ്ങുന്ന ഉദയംപേരൂരിന്റെ മണ്ണില്‍ യൂത്ത് മാര്‍ച്ചിന് ആവേശകരമായ സ്വീകരണം നല്‍കി. രാവിലെ ഉദയംപേരൂരിന്റെ അതിര്‍ത്തിയായ പെരുംതൃക്കോവില്‍ ജങ്ഷനില്‍ ഡിവൈഎഫ്ഐ മുളന്തുരുത്തി ബ്ലോക്ക് ഭാരവാഹികളും സംഘാടകസമിതി ഭാരവാഹികളും ചേര്‍ന്നാണ് ജാഥയെ സ്വീകരിച്ചത്. തുടര്‍ന്ന് കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ശിങ്കാരിമേളം, കരിമരുന്നു പ്രയോഗം എന്നിവയുടെ അകമ്പടിയോടെ സ്വീകരണകേന്ദ്രമായ നടക്കാവിലെ രക്തസാക്ഷി എം ആര്‍ വിദ്യാധരന്‍നഗറിലേക്ക് ആനയിച്ചു. യോഗത്തില്‍ രക്തസാക്ഷി എം ആര്‍ വിദ്യാധരന്റെ ഭാര്യ ജിജോ സമരസഖാക്കളെ ആദ്യം സ്വീകരിച്ചു. സംസ്ഥാന ഫുട്ബോള്‍ ടീം അംഗം പി ആര്‍ ശ്രീകുമാര്‍, വൈകല്യങ്ങളെ തോല്‍പ്പിച്ച് കാലുകള്‍കൊണ്ട് ചിത്രംവരച്ച് ശ്രദ്ധേയനായ ആര്‍എല്‍വി വിദ്യാര്‍ഥി സജയ്കുമാര്‍ എന്നിവരും ജാഥയെ സ്വീകരിച്ചു. തുടര്‍ന്ന് വര്‍ഗ-ബഹുജന സംഘടനകള്‍ ജാഥാംഗങ്ങളെ സ്വീകരിച്ചു. യോഗത്തില്‍ പി കെ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. വി പി പ്രമോദ് സ്വാഗതംപറഞ്ഞു. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി ബി അനൂപ്, ജാഥാക്യാപ്റ്റന്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ സംസാരിച്ചു. വി ജി രതീഷ് നന്ദിപറഞ്ഞു. ശനിയാഴ്ച്ച രാവിലെ 9 ന് വൈക്കത്തുനിന്നും മാര്‍ച്ച് പര്യടനം തുടങ്ങും.
Read More

യൂത്ത് മാര്‍ച്ചില്‍ ആവേശം അലതല്ലി

ജാതിരഹിത സമൂഹത്തിന്റെയും മതനിരക്ഷേപ കേരളത്തിന്റെയും ജനത്തിനായി ഡിവൈഎഫ്ഐ നടത്തുന്ന യൂത്ത് മാര്‍ച്ച് മെട്രോ നഗരയിലെത്തിയപ്പോള്‍ ആവേശം അലതല്ലി. മെട്രോ നഗരത്തിന്റെ പ്രൗഡിയോടെ തികച്ചും വ്യത്യസ്തമായ സ്വീകരണമാണ് സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ജാഥയ്ക്കു നല്‍കിയത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയില്‍ ആയിരക്കണക്കിനു യുവജനങ്ങളാണ് അലകടലായി ജാഥയെ സ്വീകരിക്കാന്‍ ഒഴുകിയെത്തിയത്. രാവിലെ സൗത്ത് കളമശേരിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ഇടപ്പള്ളിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. തൂവെള്ള വസ്ത്രം ധരിച്ച് ശുഭ്രപതാകയും കൈയിലേന്തി കടന്നുവന്ന യുവജനമാര്‍ച്ചിന് പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റി സമ്മാനിച്ച "ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച്്" എന്നയെഴുത്തിയ വെള്ള കുട കൂടുതല്‍ മാറ്റുകൂട്ടി. ഇടപ്പള്ളിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ മണിശങ്കര്‍, വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍ സതീഷ്, എറണാകുളം ഏരിയ സെക്രട്ടറി അഡ്വ. എസ് കൃഷ്ണമൂര്‍ത്തി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സോണി കോമത്ത്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ റെനീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ ജി ഉദയകുമാര്‍ തുടങ്ങിയവര്‍ചേര്‍ന്ന് സ്വീകരിച്ചു. കരിമരുന്നുകലാപ്രകടനവും വാദ്യമേളങ്ങളും സ്വീകരണത്തിനു കൊഴുപ്പേകി. വൈറ്റിലയില്‍ നല്‍കിയ സ്വീകരണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ ജേക്കബ്, സി കെ മണിശങ്കര്‍, സി ബി ദേവദര്‍ശനന്‍, വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍ സതീഷ്, എറണാകുളം ഏരിയ സെക്രട്ടറി അഡ്വ. എസ് കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. എ ജി ഉദയകുമാര്‍ അധ്യക്ഷനായി. പി എസ് സതീഷ് സ്വാഗതവും ലാല്‍ മാത്യു നന്ദിയും പറഞ്ഞു. തെയ്യകോലങ്ങളും വാദ്യമേളങ്ങളും സ്വീകരണത്തിന് ആവേശംപകര്‍ന്നു. തൃപ്പൂണിത്തുറയിലും ജാഥയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പേട്ട ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും ചുവപ്പുസേനയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. സ്റ്റാച്യുവില്‍ (പി കേരളവര്‍മ നഗര്‍) നടന്ന സമ്മേളനത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷനേതാവ് സി എന്‍ സുന്ദരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍, കെ ടി സൈഗാള്‍, വി എസ് വിജു എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍, സംസ്ഥാനകമ്മിറ്റി അംഗം വി എ ശ്രീജിത് എന്നിവര്‍ ജില്ലയിലുടനീളം ജാഥയെ അനുഗമിച്ചു.
Read More

2013 ജനുവരി 24, വ്യാഴാഴ്‌ച

യൂത്ത് മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ആയിരങ്ങള്‍

ജാതി പിശാചുക്കളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള യുവജനമുന്നേറ്റയാത്രയ്ക്ക് വ്യവസായ തലസ്ഥാനമായ എറണാകുളംജില്ലയില്‍ വേറിട്ട വരവേല്‍പ്പ്. നവോത്ഥാന കേരളത്തിനായ് ആവേശപ്പോരാളികള്‍ സംഗമിക്കുന്ന ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പുത്തന്‍ പോരാട്ട ആഹ്വാനവുമായാണ് ബുധനാഴ്ച ജില്ലയില്‍ പര്യടനം തുടര്‍ന്നത്. "ജാതിരഹിതസമൂഹം, മതനിരപേക്ഷകേരളം" എന്ന മുദ്രാവാക്യവുമായി സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും നയിക്കുന്ന മാര്‍ച്ചില്‍ കണ്ണികളാകാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഓരോ സ്വീകരണകേന്ദ്രത്തിലും ഇരച്ചെത്തിയത്. ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം സൗത്ത് കളമശേരി ജങ്ഷനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സമാപിച്ചു. പാലിയം സത്യഗ്രഹനഗറില്‍ ചേര്‍ന്ന സമാപനസമ്മേളനം ടി വി രാജേഷ് ഉദ്ഘാടനംചെയ്തു. പ്രീമിയര്‍ ജങ്ഷനില്‍നിന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. മുതിര്‍ന്ന സിപിഐ എം നേതാവ് സരോജിനി ബാലാനന്ദനും സംഘടാകസമിതി രക്ഷാധികാരി സി കെ പരീതും മാര്‍ച്ചിനെ സ്വീകരിച്ചു. വാദ്യമേളങ്ങളും തെയ്യങ്ങളും റോളര്‍ സ്കേറ്റിങ് കുട്ടികളും മുത്തുക്കുടകളും ചുവപ്പുസേനയും റാലിയെ വരവേല്‍ക്കാന്‍ എത്തി. പാലിയം സമരസേനാനിയും മുതിര്‍ന്ന നേതാവുമായ പയ്യപ്പിള്ളി ബാലന്‍ സമാപനസമ്മേളനത്തില്‍ എത്തിയത് യുവജനങ്ങള്‍ക്ക് ആവേശമായി. ജാഥാംഗങ്ങള്‍ അദ്ദേഹത്തെ ആദരിച്ചു. സംഘടാകസമിതി ചെയര്‍മാന്‍ വി എ സക്കീര്‍ഹുസൈന്‍ അധ്യക്ഷനായി. സംഘാടകസമിതി സെക്രട്ടറി പി വി ഷാജി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറി എ എം റഷീദ് സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹെന്നി ബേബി എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ അങ്കമാലിയില്‍നിന്നാരംഭിച്ച മാര്‍ച്ചിനെ ഹോംസയന്‍സ് കോളേജിന്റെ മുന്‍വശത്ത്നിന്ന് അത്താണിയിലെ കുറ്റിപ്പുഴ കൃഷ്ണപിള്ള നഗറിലെ സ്വീകരണവേദിയിലേക്ക് ആനയിച്ചു. തെയ്യവും ഫുട്ബോള്‍ താരങ്ങളുമെല്ലാം ചേര്‍ന്ന് മാര്‍ച്ചിന് ഉജ്വല വരവേല്‍പ്പാണ് ഒരുക്കിയത്. നേതാക്കളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിലപേശല്‍ ഏജന്‍സികളായി സാമുദായിക സംഘടനകള്‍ അധഃപതിച്ചതായി സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഭരണത്തെപ്പോലും നിയന്ത്രിക്കുന്നരീതിയില്‍ വര്‍ഗീയ-സാമുദായികശക്തികള്‍ വളര്‍ന്നു. സര്‍ക്കാര്‍ വര്‍ഗീയവാദികളുടെ മുന്നില്‍ കീഴടങ്ങി. മന്ത്രിമാരെ തീരുമാനിക്കുന്നത് തങ്ങളാണെന്ന് സാമുദായിക നേതാക്കള്‍ ഹുങ്ക് പ്രകടിപ്പിക്കുന്നു. വിദ്യാഭ്യാസമേഖല വര്‍ഗീയവല്‍ക്കരിക്കാന്‍ ഉമ്മന്‍ചാണ്ടി ലീഗിന് അധികാരം നല്‍കിയിട്ടുണ്ടെന്നും ടി വി രാജേഷ് പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ വി എസ് ഷഡാനന്ദന്‍ അധ്യക്ഷനായി. സംഘാടകസമിതി സെക്രട്ടറി ടി വി പ്രദീഷ് സ്വാഗതം പറഞ്ഞു. ജാഥാ മാനേജര്‍ കെ എസ് സുനില്‍കുമാര്‍, പി പി ദിവ്യ എന്നിവര്‍ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പി പത്രോസ്, ജില്ലാ കമ്മിറ്റിയംഗം പി എസ് ഷൈല എന്നിവര്‍ ജാഥയെ വരവേല്‍ക്കാനെത്തി. ആലുവ പ്രിയദര്‍ശിനി ഹാളില്‍ സ്വീകരണസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ജോയ് ജോബ് കുളവേലി അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം എം ഗിരീഷ് സ്വാഗതം പറഞ്ഞു. വാദ്യമേളവും കുട്ടികളും സഹോദരന്‍ അയ്യപ്പന്‍ നഗറില്‍ നടന്ന സ്വീകരണത്തിന് ചാരുത പകര്‍ന്നു. ആലുവ ബ്ലോക്ക് കമ്മിറ്റി രൂപീകരിച്ച രക്തദാന വെബ്സൈറ്റ് ടി വി രാജേഷ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ എ റഹീം സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ബി സ്യമന്തഭദ്രന്‍, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, സ്വാഗതസംഘം സെക്രട്ടറി രാജു സക്കറിയ, സിപിഐ എം ജില്ലാകമ്മിറ്റിയംഗം വി എം ശശി, ആലുവ ഏരിയ സെക്രട്ടറി വി സലീം തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി.
Read More

ജില്ലയിലെ പര്യടനം സമാപിച്ചു യൂത്ത്മാര്‍ച്ചിന് ചാലക്കുടിയില്‍ ആവേശോജ്വല സ്വീകരണം

ജാതിരഹിത സമൂഹം, മതിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിന് ചാലക്കുടിയില്‍ മൂന്ന് കേന്ദ്രത്തില്‍ ആവേശകരമായ സ്വീകരണം. വാദ്യമേളങ്ങളും മുത്തുക്കുടകളുമായി അണിനിരന്ന് ആവേശം അലതല്ലിയ ജാഥയെ നഗരാതിര്‍ത്തിയായ നാടുകുന്നില്‍ സംഘാടക സമിതി ഭാരവാഹികളായ ബി ഡി ദേവസി എംഎല്‍എ, സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ. പി കെ ഗിരിജാ വല്ലഭന്‍, കൊടുങ്ങല്ലൂര്‍, മാള ഏരിയസെക്രട്ടറിമാരായ പി കെ ചന്ദ്രശേഖരന്‍, എം രാജേഷ,് ബ്ലോക്ക് ഭാരവാഹികളായ ഇ എ ജയതിലകന്‍, പി എസ് സന്തോഷ് എന്നിവര്‍ചേര്‍ന്ന്സ്വീകരിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ പോട്ടയില്‍ പൗലോസ്മാര്‍ പൗലോസ് നഗറില്‍ നടന്ന പൊതുയോഗത്തില്‍ നഗരസഭ പ്രതിപക്ഷനേതാവ് പി എം ശ്രീധരന്‍ അധ്യക്ഷനായി. രക്തസാക്ഷി മാഹിന്റെ പിതാവ് ഷാഹുല്‍ ഹമീദ്, ഭാര്യ ജിന്‍ഷ എന്നിവരും ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു. ചാലക്കുടി നഗരത്തില്‍ ആനമല ജങ്ഷനില്‍ നിന്നും ജാഥയെ വന്‍ സ്വീകരണത്തോടെ പരിയാരം കര്‍ഷക സമരനഗറിലേക്ക് ആനയിച്ചു. സൗത്ത് ജങ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ ഏരിയസെക്രട്ടറി അഡ്വ. പി കെ ഗിരിജാവല്ലഭന്‍ അധ്യക്ഷനായി. ബി ഡി ദേവസി എംഎല്‍എ, കൊടുങ്ങല്ലൂര്‍ ഏരിയസെക്രട്ടറി പി കെ ചന്ദ്രശേഖരന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ആര്‍ വിജയ, ഇ എ ജയതിലകന്‍, പി എസ്സന്തോഷ് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണംനടത്തി. രക്തസാക്ഷി കലണ്ടര്‍ ജില്ലാ സെക്രട്ടറി സി സുമേഷിന് നല്‍കി ജാഥാക്യാപ്റ്റന്‍ ടി വി രാജേഷ് പ്രകാശനം ചെയ്തു. യൂത്ത് മാര്‍ച്ച് സപ്ലിമെന്റ് ബി ഡി ദേവസി എംഎല്‍എക്ക് നല്‍കി ജാഥാ ക്യാപ്റ്റന്‍ പ്രകാശനം ചെയ്തു. കൊരട്ടിയില്‍ സംഘാടകസമിതി നേതൃത്വത്തില്‍ വന്‍വരവേല്‍പ്പ് നല്‍കി. കൊരട്ടി സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ നഗറില്‍ നടന്ന പൊതുയോഗത്തില്‍ ബി ഡി ദേവസി എംഎല്‍എ അധ്യക്ഷനായി. ടി വി രാജേഷ് ജിനുമാത്യു, സുനില്‍കുമാര്‍, എ എ ബിജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ചു.
Read More

2013 ജനുവരി 22, ചൊവ്വാഴ്ച

മിന്നല്‍പ്പിണര്‍പോല്‍ യുവചേതന

ജാതി-മതാന്ധതയുടെ ഇരുളിലേക്ക് മിന്നല്‍പ്പിണര്‍ പായിച്ച് ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന്റെ ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം. പിന്തള്ളിയ ദുരിതദിനങ്ങളിലേക്ക് നാടിനെ തിരികെ കൊണ്ടുപോകുന്ന ദുഷ്ടശക്തികള്‍ക്കെതിരെ യുവചേതന നെടുങ്കോട്ടകളുയര്‍ത്തുമെന്ന പ്രഖ്യാപനമുയര്‍ത്തിയാണ് മാര്‍ച്ച് സാംസ്കാരിക ജില്ലയില്‍ പര്യടനം തുടരുന്നത്. രണ്ടാം നവോത്ഥാനപ്രഖ്യാപനമാണ് മാര്‍ച്ച് ഉയര്‍ത്തുന്ന മുദ്രാവാക്യം. പിന്നിട്ട കാലത്ത് ജാതി-മത ധാര്‍ഷ്ട്യങ്ങളെ നേരിട്ട് തോല്‍പ്പിച്ചവരുടെ സ്വപ്നങ്ങള്‍ കാക്കുമെന്ന പ്രഖ്യാപനമാണ് മാര്‍ച്ച്. മനുഷ്യനെ മനുഷ്യനായി കാണാത്തവര്‍ക്കുള്ള താക്കീതുകൂടിയാണ് ഈ മുന്നേറ്റം. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന സമകാലീന കേരളീയജീവിതത്തിലൂടെ മാനവികതതന്നെയാണ് ഏറ്റവും ഉദാത്തമായ മതമെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ തേരോട്ടം. മാര്‍ച്ചുയര്‍ത്തിയ മുദ്രാവാക്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ വിവിധകേന്ദ്രങ്ങളിലെത്തിയ സാംസ്കാരികനായകരും സാമൂഹ്യപ്രവര്‍ത്തകരും ആദ്യകാല പോരാളികളും ചിന്തകരും രാഷ്ട്രീയഭേദമെന്യേ എത്തിയ വന്‍ ജനാവലിയുമെല്ലാം ഡിവൈഎഫ്ഐ ഉയര്‍ത്തുന്ന അലകളെ സ്വന്തം നെഞ്ചില്‍ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാവിലെ തൃശൂര്‍ നഗരത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ആദ്യസ്വീകരണം ഒല്ലൂരിലെ വൈലോപ്പിള്ളി നഗറില്‍. നെറ്റിപ്പട്ടം കെട്ടിയ ആനയും കുതിരയും ബാന്‍ഡ് വാദ്യവും ശിങ്കാരിമേളവുമായി നൂറുകണക്കിന് യുവാക്കളുടെ ഉജ്വലസ്വീകരണം. രക്തസാക്ഷികള്‍ കൊച്ചനിയന്റെയും ഐനസ് ആന്റണിയുടേയും സ്മരണകള്‍ ഇരമ്പിയാര്‍ത്ത സ്വീകരണവേദിയില്‍ ശത്രുവിന്റെ ആക്രമണത്തില്‍ മരണത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്ന് ജീവിതത്തിലേക്ക് തിരികെ വന്ന ധീരന്മാര്‍ക്കും സമൂഹത്തിന്റെ നെറികെട്ട വിശ്വാസങ്ങള്‍ക്കെതിരെ സ്വജീവിതംകൊണ്ടു മാതൃകകാട്ടിയ മിശ്രവിവാഹിതര്‍ക്കും ജാഥയുടെ ആദരം. സിനിമാപ്രവര്‍ത്തകന്‍ പ്രദീപ് മുല്ലനേഴി ജാഥയെ അഭിവാദ്യം ചെയ്യാന്‍ ഒല്ലൂരിലെത്തി. പുതുക്കാട്ടെ എം ആര്‍ ബി നഗറിലായിരുന്നു അടുത്ത കേന്ദ്രം. പതിവുപോലെ യുവാക്കളും സഹയാത്രികരും ഐക്യദാര്‍ഢ്യപ്രഖ്യാപനം നടത്താനെത്തിയവരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍. ആവേശം അലതല്ലിയ സ്വീകരണത്തിനുശേഷം കൊടകരയില്‍ സമാപനം. ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരസ്മരണയില്‍ ഉയര്‍ത്തിയ നഗറിലും ആവേശക്കൊടുങ്കാറ്റുയര്‍ത്തിയ സ്വീകരണം.വിവിധകേന്ദ്രങ്ങളില്‍ ടി വി രാജേഷ്, എം സ്വരാജ്, കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, റോഷന്‍ റോയ്മാത്യു, ടി എം സുരേഷ്, കെ ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. വഴിയരികില്‍ പതിവുപോലെ ഐക്യദാര്‍ഢ്യവും അഭിവാദ്യവുമായി കാത്തുനിന്ന ആയിരങ്ങള്‍. ഓരോ ആശിസ്സുകളും ഐക്യപ്രഖ്യാപനവും ഊര്‍ജമാക്കി മാറ്റി പതിനെട്ടു ദിവസമായുള്ള കാല്‍നടപ്രയാണം കൂടുതല്‍ ആവേശത്തോടെ മുന്നോട്ട്. തങ്ങളുയര്‍ത്തിയ മുദ്രാവാക്യത്തെ കേരളത്തിന്റെ ഇനിയും വറ്റിയിട്ടില്ലാത്ത മതേതരമനസ്സ് ആവേശത്തോടെ ഏറ്റെടുക്കുന്നുവെന്ന തിരിച്ചറിവ് ഏറ്റെടുക്കാനുള്ള വലിയ പോരാട്ടത്തിന് കരുത്താവുമെന്ന തിരിച്ചറിവോടെയായിരുന്നു സമാപനം.
Read More

ജനമനസ്സിന്റെ നേര്‍ച്ചിത്രംപോലെ സ്വീകരണകേന്ദ്രങ്ങള്‍

ഇന്ത്യയിലെ പൊരുതുന്ന യുവജനപ്രസ്ഥാനം ഉയര്‍ത്തിയ മുദ്രാവാക്യം എങ്ങനെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായി സ്വീകരണകേന്ദ്രങ്ങള്‍. ജാതിക്കോമരങ്ങള്‍ സാമൂഹ്യജീവിതത്തില്‍ പരിധിവിട്ടും ഇടപെടുന്നതിലും ഭരണത്തെപോലും നിയന്ത്രിക്കുന്ന ശക്തികളായി മാറുന്നതിലും കടുത്ത പ്രതിഷേധം ഉള്ളിലൊതുക്കുന്നവരാണ് ഭൂരിപക്ഷവും എന്നതിന്റെ തെളിവാണ് ജാഥാകേന്ദ്രത്തിലെത്തിയവര്‍. പലരും സജീവരാഷ്ട്രീയപ്രവര്‍ത്തകരോ പൊതുപ്രവര്‍ത്തകരോ അല്ല. ഡിവൈഎഫ്ഐയോടോ ഇടതുപക്ഷപ്രസ്ഥാനങ്ങളോടോ പൊതുവെ ചേര്‍ന്നു നില്‍ക്കാത്തവര്‍പോലും "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യത്തോട് ഐക്യപ്പെടുകയാണ്. അത്രമേല്‍ തീവ്രമായി ജാതീയതയും അതിന്റെ ഭാഗമായുള്ള അനാചാരങ്ങളും അന്ധവിശ്വാസവും കേരളത്തെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയെന്ന് അവര്‍ തിരിച്ചറിയുന്നു. രണ്ടാംദിവസത്തെ എല്ലാ സ്വീകരണകേന്ദ്രവും ഇത്തരക്കാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. രാവിലെ തൃശൂരില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ഒല്ലൂരിലെ വൈലോപ്പിള്ളി സ്മാരക നഗറിലാണ് ആദ്യസ്വീകരണം നല്‍കിയത്. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സ്വീകരണത്തിന് മേളവും ആനയും കുതിരയും കൊഴുപ്പേകി. വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷനായി. പ്രദീപ് മുല്ലനേഴി, കെ എം വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പി എസ് ഗിരീഷ് സ്വാഗതവും റിക്സന്‍ പ്രിന്‍സ് നന്ദിയും പറഞ്ഞു. പുതുക്കാട് എം ആര്‍ ബി നഗറില്‍ നടന്ന സ്വീകരണത്തില്‍ പി തങ്കം അധ്യക്ഷയായി. ടി എ രാമകൃഷ്ണന്‍, കെ കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം ആര്‍ രഞ്ജിത് സ്വാഗതവും പി സി സുമേഷ് നന്ദിയും പറഞ്ഞു. കൊടകര കുട്ടംകുളം സമരനഗറില്‍ നടന്ന സ്വീകരണത്തില്‍ ടി എ രാമകൃഷ്ണന്‍ അധ്യക്ഷനായി. സി രവീന്ദ്രനാഥ് എംഎല്‍എ സംസാരിച്ചു. സി എം ബബീഷ് സ്വാഗതവും എം സി കുമാര്‍ നന്ദിയും പറഞ്ഞു.
Read More

സാമുദായികസംഘടനകള്‍ ജനാധിപത്യത്തിലെ ക്യാന്‍സര്‍

ജനാധിപത്യത്തിലെ ഗുരുതര ക്യാന്‍സറായി സാമുദായികസംഘടനകള്‍ മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളില്‍പോലും കാന്തപുരം ഉള്‍പ്പെടെയുള്ള സാമുദായികനേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ സ്ത്രീവിരുദ്ധമാണ്. കേരളത്തില്‍ അപകടകരമാംവിധം സാമുദായിക ധ്രുവീകരണം ശക്തിപ്പെടുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ സാമുദായിക, വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയാണ്. കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നത് കോര്‍പറേറ്റുകളാണെങ്കില്‍ കേരളത്തില്‍, യുഡിഎഫ് ഭരണത്തില്‍ മന്ത്രിമാരെ നിശ്ചയിക്കുന്നത് സാമുദായികനേതാക്കളാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിയാക്കിയത് തങ്ങളുടെ ഇടപെടലിലൂടെയാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ചേര്‍ന്ന് ഹിന്ദുലീഗ് ഉണ്ടാക്കുമെന്നും പറയുന്നു. നായര്‍ ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ ബ്രാഹ്മണരെ ഒഴിവാക്കി സ്വന്തം സമുദായക്കാരെ മാത്രമേ പൂജാരിമാരാക്കൂ എന്നു പറയുന്ന സുകുമാരന്‍ നായര്‍ നായര്‍ക്ഷേത്രങ്ങളില്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നോക്കക്കാരെ പൂജാരിമാരാക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം. വിദ്യാഭ്യാസമേഖലയില്‍ ലീഗ്വല്‍ക്കരണമാണ്. വൈസ്ചാന്‍ലസര്‍മാരെപ്പോലും സാമുദായിക അടിസ്ഥാനത്തില്‍ നിയമിക്കാനാണ് നീക്കം. യഥാര്‍ഥ മുസ്ലീങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ് കേരളത്തില്‍ മുസ്ലിംലീഗ്. എല്ലാ സാമൂഹ്യപ്രതിബദ്ധതകളും വെടിഞ്ഞ് തങ്ങള്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി വിലപേശല്‍ മാത്രം നടത്തുന്നവരായി സാമുദായികനേതാക്കള്‍ അധഃപതിച്ചു. ഡല്‍ഹിയില്‍ യുവതി കൊല്ലപ്പെട്ടപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും പ്രതികരിച്ചത്. സ്്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധമാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രതികരണവും പുറത്തുവന്നതോടെ പ്രതിലോമപരമായ കാഴ്ചപ്പാടാണ് ഇവരെല്ലാം വച്ചുപുലര്‍ത്തുന്നതെന്ന് വ്യക്തമായി-നേതാക്കള്‍ പറഞ്ഞു.
Read More

ജാതിഭ്രാന്തിനെതിരെ ജാഗ്രതയേകി യുവജനപ്രവാഹം

സാമുദായിക സംഘടനകളും നേതാക്കളും സൃഷ്ടിക്കുന്ന ചേരിതിരിവിനും ജാതിസ്പര്‍ധക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പ്രയാണം തുടരുന്നു. നവോത്ഥാന, തൊഴിലാളിവര്‍ഗ പോരാട്ടങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ വര്‍ഗീയശക്തികള്‍ തകര്‍ത്തെറിയുന്നത് തുറന്നുകാട്ടുന്ന യുവജനപ്രയാണത്തിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യവുമായി നടത്തുന്ന മാര്‍ച്ച് ചരിത്രത്തില്‍ ഇടംനേടുന്നു. സാംസ്കാരിക ജില്ലയില്‍ മൂന്നാം ദിവസവും യൂത്ത് മാര്‍ച്ചിന് പ്രൗഢോജ്വല വരവേല്‍പ്പ് നല്‍കി. വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ ശത്രുവര്‍ഗം അരുംകൊല ചെയ്ത അഴീക്കോടനും കെ ആര്‍ തോമസും ഇ കെ ബാലനും ആര്‍ കെ കൊച്ചനിയനും രക്തസാക്ഷിത്വം കൊണ്ട് ചുവപ്പിച്ച തൃശൂരില്‍ നിന്നാണ് യുവജനസേനയുടെ തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിച്ച മാര്‍ച്ചിനെ ശുഭ്രപതാകകളുമേന്തി നൂറുകണകണക്കിനു യുവതീയുവാക്കള്‍ അനുഗമിച്ചു. ആനയും കുതിരയും മുത്തുക്കുടകളും വാദ്യങ്ങളും അകമ്പടിയായി. ഒല്ലൂരിലെ വൈലോപ്പിള്ളി നഗറിലെ സ്വീകരണത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നടക്കം വന്‍ ജനസഞ്ചയമാണ് പങ്കെടുത്തത്. കവി മുല്ലനേഴിയുടെ മകനും ചലച്ചിത്രപ്രവര്‍ത്തകനുമായ പ്രദീപ് മുല്ലനേഴി ജാഥയെ വരവേല്‍ക്കാനെത്തി. രക്തസാക്ഷി ഐനസ് ആന്റണിയുടെ നാടായ കല്ലൂരില്‍നിന്ന് ആയിരങ്ങള്‍ ജാഥയെ വരവേല്‍ക്കാനെത്തിയിരുന്നു. യുവജന പ്രസ്ഥാനത്തിനുവേണ്ടി ജയില്‍വാസമനുഭവിച്ചവര്‍ക്കും മിശ്രവിവാഹിതര്‍ക്കും ശത്രുവര്‍ഗത്തിന്റെ ആകമണങ്ങളെ അതിജീവിച്ചവര്‍ക്കും സ്വീകരണം നല്‍കിയത് വേറിട്ട അനുഭവമായി. വൈകിട്ട് തൊഴിലാളിപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പുതുക്കാട്ടേക്ക് മാര്‍ച്ച് പ്രവേശിച്ചു. സാമുദായിക അനാചരങ്ങള്‍ക്കെതിരെ പടനയിച്ച എം ആര്‍ ബിയുടെ പേരിലുള്ള നഗറിലായിരുന്നു സ്വീകരണം. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എയുടെ നേതൃത്വത്തില്‍ മാര്‍ച്ചിനെ വരവേറ്റു. രക്തസാക്ഷികളായ മണികണ്ഠന്‍, ഷിബു,സി എസ് ബിനോയി, ഭാസ്കരന്‍ എന്നിവരുടെയെല്ലാം നാടുകളില്‍നിന്ന്് ആയിരങ്ങളാണ് സ്വീകരണകേന്ദ്രങ്ങളിലേക്കെത്തിയത്. കൊടകരയിലെ കുട്ടംകുളം സ്മാരക നഗറിലായിരുന്നു സമാപനസമ്മേളനം. ചൊവ്വാഴ്ച വൈകിട്ട് ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിക്കും.
Read More

2013 ജനുവരി 21, തിങ്കളാഴ്‌ച

യുവജനമുന്നേറ്റം

മനുഷ്യരെ ജാതീയമായി ചേരിതിരിപ്പിച്ച് തമ്മിലടിപ്പിക്കുന്ന ശക്തികളേയും കൂട്ടുനില്‍ക്കുന്ന ഭരണവര്‍ഗ കുടിലതകളേയും തുറന്നുകാട്ടി യുവജനമുന്നേറ്റം തുടരുന്നു. "ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് സാംസ്കാരിക ജില്ലയില്‍ രണ്ടാം ദിവസവും അത്യുജ്വല സ്വീകരണം.

യുഗപ്രഭാവനായ ഇ എം എസും വി ടിയും എം ആര്‍ ബിയും പ്രേംജിയുമടങ്ങുന്ന രാഷ്ട്രീയ-നവോത്ഥാന നായകര്‍മുതല്‍ ആധുനിക കേരളത്തില്‍ സംസ്കാരത്തിന്റെ പുതുവെളിച്ചം പകര്‍ന്ന മുണ്ടശേരിയും വൈലോപ്പിള്ളിയും ബിഷപ് പൗലോസ് മാര്‍ പൗലോസും അഴീക്കോടുമെല്ലാം കര്‍മപഥങ്ങളില്‍ കാന്തിപകര്‍ന്ന തൃശൂരില്‍ രണ്ടാം നവോത്ഥാന കാഹളവുമായെത്തിയ യുവജനപോരാളികളെ അഭൂതപൂര്‍വമായ ജനസഞ്ചയമാണ് വരവേല്‍ക്കാനെത്തിയത്. അരനൂറ്റാണ്ടുമുമ്പ് കേരളം തകര്‍ത്തെറിഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്നത്, പിഞ്ചുകുട്ടികളുടെ പോലും മനസ്സില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകുന്നത്, നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ഭരണവര്‍ഗം കോര്‍പറേറ്റ് ശക്തികള്‍ക്കായി പാവങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിനുവേണ്ടി സാമുദായിക ശക്തികള്‍ക്ക് കീഴടങ്ങുന്നത് തുടങ്ങി സമകാലിക സമൂഹത്തിന്റെ ദുരവസ്ഥകളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയാണ് യൂത്ത്മാര്‍ച്ച്. മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കണമെന്ന ആഹ്വാനവും ജാതിഭ്രാന്തിനും വര്‍ഗീയതീവ്രവാദത്തിനുമെതിരായി മാനവികതയുടെ പുതിയപാത തുറക്കുമെന്ന പ്രതിജ്ഞയുമായാണ് മാര്‍ച്ച് സ്വീകരണകേന്ദ്രങ്ങള്‍ വിടുന്നത്.

ഞായറാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍നിന്നും മാര്‍ച്ച് പര്യടനം ആരംഭിച്ചു. അത്താണിയിലെ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സ്മാരകനഗറിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറിലേയും വിയ്യൂരില്‍ ഡോ. സുകുമാര്‍ അഴീക്കോട് നഗറിലേയും സ്വീകരണത്തിനുശേഷം അനശ്വര രക്താസാക്ഷി അഴീക്കോടന്റെ ഹൃദയരക്തംകൊണ്ടു ചുവന്ന തൃശൂര്‍ നഗരത്തില്‍ (ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹസമര സ്മാരക നഗര്‍) ജാഥ സമാപിച്ചു. സമാപനയോഗം പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. വി കെ ശ്രീരാമന്‍, വൈശാഖന്‍, രാവുണ്ണി, പി ടി കുഞ്ഞുമുഹമ്മദ്, എന്‍ ആര്‍ ഗ്രാമപ്രകാശ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരും ജാഥയെ വരവേല്‍ക്കാനെത്തി. തിങ്കളാഴ്ച രാവിലെ തൃശൂരില്‍നിന്നും പര്യടനം തുടരുന്ന ജാഥ കൊടകരയില്‍ സമാപിക്കും. ചൊവ്വാഴ്ച എറണാകുളം ജില്ലയിലേക്ക് കടക്കും.
Read More

2013 ജനുവരി 20, ഞായറാഴ്‌ച

യുവതയുടെ പ്രയാണം

വഴിനീളെ അഭിവാദ്യങ്ങള്‍. സ്വീകരണവേദികളില്‍ നിറഞ്ഞ ജനസഞ്ചയം. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് രണ്ടാം ദിനത്തില്‍ ജില്ലയുടെ സാംസ്കാരികമനസ്സിനെ വിളിച്ചുണര്‍ത്തി. ജാതിമതാന്ധതകളുടെ കോട്ടവാതിലുകള്‍ തട്ടിത്തകര്‍ത്തും ഇനിയും അടഞ്ഞിട്ടില്ലാത്ത നന്മയുടെ കവാടങ്ങളെ തുറന്നുവച്ചുമുള്ള മാര്‍ച്ചിനെ ജില്ല അതിരില്ലാത്ത ആഹ്ലാദത്തോടെയാണ് വരവേല്‍ക്കുന്നത്. ജാതിമതാന്ധതയുടെ കരിങ്കോട്ടയ്ക്ക് തീപിടിപ്പിക്കാനെത്തുന്ന യുവത്വത്തിന്റെ തീക്കനല്‍ത്തുണ്ടുകളോട് മനുഷ്യസ്നേഹത്തിന്റെ തിരികള്‍ കൊളുത്തിവയ്ക്കാന്‍ കൊതിക്കുന്ന എല്ലാവരും മനംതുറന്ന് ഐക്യപ്രഖ്യാപനം നടത്തി. ജാതീയതയ്ക്കും പ്രമാണിത്വത്തിനുമെതിരെ പെണ്‍പോരാട്ടചരിത്രത്തില്‍ നാഴികക്കല്ലായ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനഗറിലായിരുന്നു അത്താണിയിലെ സ്വീകരണം. ജാഥക്ക് അകമ്പടിയായി നൂറുകണക്കിന് യുവാക്കളാണ് അണിനിരന്നത്. നൂറുകണക്കിന് യുവതികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. തുടര്‍ന്ന് കേരള വിദ്യാഭ്യാസചരിത്രത്തിലും സാഹിത്യചരിത്രത്തിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ പേരിലുള്ള തിരൂരിലെ വേദിയിലും വാക്കുകളില്‍ കടലിന്റെ ഗര്‍ജനം നിറച്ച് മനുഷ്യജീവിതത്തില്‍ നിറയുന്ന എല്ലാ ഇരുട്ടിനുമെതിരെ നിരന്തരം കലഹിച്ച സുകുമാര്‍ അഴീക്കോട് നഗറില്‍ വിയ്യൂരിലും ജാഥയ്ക്ക് സ്വീകരണം നല്‍കി. ചരിത്രം ഇപ്പോഴും ഉണര്‍ന്നിരിക്കുന്ന നഗരത്തിലെ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍ സമാപനം. വിവിധകേന്ദ്രങ്ങളില്‍ ജാഥാനായകരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ കെ ജയദേവന്‍, ബി അബിന്‍ഷാ, സി വി അനിത എന്നിവര്‍ സംസാരിച്ചു. ഓരോ സ്വീകരണകേന്ദ്രവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജാതീയതയുടെ തീവ്രപീഡനങ്ങളിലൂടെ കടന്നുവന്ന ആദ്യകാല പോരാളികളും ജാതിമതഇടപെടലുകളിലൂടെ കലുഷമാകുന്ന സമകാലീന കേരളീയ സമൂഹത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നൂറുകണക്കിനാളുകളും പങ്കാളികളായി. മാര്‍ച്ചിന്റെ വഴിത്താരകളില്‍ അഭിവാദ്യത്തിന്റെ പൂക്കളുമായി കാത്തുനിന്നത് സ്ത്രീകളും കുട്ടികളുമടങ്ങിയ വന്‍ സംഘങ്ങളായിരുന്നു. കൂട്ടത്തില്‍ നിശ്ചലദൃശ്യങ്ങളും മേളവും താളവുമായി യുവാക്കളും. തിങ്കളാഴ്ച തൃശൂരില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് 11.45ന് ഒല്ലൂരിലെ വൈലോപ്പിള്ളി നഗറിലും 2.30ന് പുതുക്കാട് എം ആര്‍ ബി നഗറിലും സ്വീകരണം നല്‍കും. കൊടകരയില്‍ കുട്ടംകുളം സമര നഗറിലാണ് സമാപനം. ചൊവ്വാഴ്ച ജില്ലയിലെ പര്യടനം സമാപിക്കും.
Read More

ചരിത്രം ഓര്‍മിപ്പിച്ച് സ്വീകരണങ്ങള്‍

ഒരു നാടിന്റെ ചരിത്രം ഓര്‍മിപ്പിച്ചും നേരിടുന്ന ഭീഷണികളെ തുറന്നുകാട്ടിയും ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് പര്യടനം. ചരിത്രമെഴുതിയ മഹത്ജന്മങ്ങളെപ്പോലും പിടിച്ചടക്കുകയും ജാതീയതയുടെയും വര്‍ഗീയതയുടെയും വിലകുറഞ്ഞ അടയാളങ്ങളാക്കി മാറ്റുകയും ചെയ്യുന്നതിനെ തുറന്നു കാണിക്കുന്നവയാണ് സ്വീകരണയോഗങ്ങളിലെ പ്രസംഗങ്ങള്‍. ചരിത്രത്തിലെ തീക്ഷ്ണമായ നവോത്ഥാന സമരങ്ങളെ പ്രഭാഷകര്‍ ഓര്‍ത്തെടുക്കുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം പോലെ കേരളീയ നവോത്ഥാനത്തിന്റെ വഴികളില്‍ തീപടര്‍ത്തിയ വചനങ്ങള്‍ എപ്രകാരം പുതിയകാലത്ത് സങ്കുചിതത്വത്തിന്റെ അടയാളവാക്യങ്ങളാക്കുന്നുവെന്ന് അവര്‍ വെളിവാക്കുന്നു. സാംസ്കാരിക ജില്ലയുടെ വഴിത്താരകളില്‍ ആവേശോജ്വലമായ സ്വീകരണമാണ് ജാഥയുടെ രണ്ടാം ദിവസം മാര്‍ച്ചിന് നല്‍കിയത്. രാവിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. അത്താണിയിലെ ആദ്യ സ്വീകരണകേന്ദ്രത്തിലേക്ക് കുറ്റ്യേങ്കാവ് റോഡില്‍നിന്നും നൂറുകണക്കിന് യുവാക്കള്‍ ആഘോഷമായാണ് ജാഥയെ വരവേറ്റത്. കൈരളി മാമ്പഴം റിയാലിറ്റി ഷോ ജേതാവ് വര്‍ഷയുടെ കവിതയോടെയാണ് യോഗം ആരംഭിച്ചത്. എം ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. വി മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു. തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറില്‍ എ എസ് കുട്ടി അധ്യക്ഷനായി. ഐ ബി സന്തോഷ് സ്വാഗതം പറഞ്ഞു. വിയ്യൂരില്‍ സുകുമാര്‍ അഴീക്കോട് നഗറില്‍ എം പി പ്രദീപ് അധ്യക്ഷനായി. എന്‍ ആര്‍ ഗ്രാമപ്രകാശ് സംസാരിച്ചു. ടി ആര്‍ ഹിരണ്‍ സ്വാഗതവും പി എസ് സുമേഷ് നന്ദിയും പറഞ്ഞു. തൃശൂര്‍ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍ നടന്ന സ്വീകരണസമാപന യോഗം പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ ഷാജന്‍ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍ സംസാരിച്ചു. എഐവൈഎഫിന്റെ ഉപഹാരം ജാഥാ നേതാക്കളായ ടി വി രാജേഷിനും എം സ്വരാജിനും കൈമാറി. മാര്‍ച്ചിനോടനുബന്ധമായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലേയും ചിത്രരചനാ മത്സരത്തിലേയും വിജയികള്‍ക്ക് വി കെ ശ്രീരാമന്‍ സമ്മാനങ്ങള്‍ നല്‍കി. ജാഥാംഗങ്ങള്‍ക്ക് ജില്ലാകമ്മിറ്റിയുടെ ഉപഹാരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് സമ്മാനിച്ചു. രക്തസാക്ഷി കെ ആര്‍ തോമസിന്റെ സഹോദരന്‍ കെ ആര്‍ ആന്റോ സ്വീകരണയോഗത്തില്‍ പങ്കെടുക്കാനെത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ് സ്വാഗതവും അനൂപ് ഡേവിസ് കാട നന്ദിയും പറഞ്ഞു.
Read More

സ്വീകരണത്തിന് ജനസഹസ്രം

പൊള്ളുന്ന വേനല്‍ച്ചൂടിനെ ആവേശ കുളിര്‍മഴയാക്കിമാറ്റി കാസര്‍കോട് നിന്നും കാല്‍നടയായെത്തിയ ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന് ചേലക്കരയിലും, വടക്കാഞ്ചേരിയിലും അത്യുജ്വല വരവേല്‍പ്പ്. ഭജാതിരഹിത സമൂഹംമതനിരപേക്ഷ കേരളം&ൃെൂൗീ; എന്നമുദ്രാവാക്യവുമായി മറ്റൊരു നവോത്ഥാന മുന്നേറ്റത്തിന്റെ സന്ദേശവുമായി പാലക്കാടുനിന്ന് ഭാരതപ്പുഴ കടന്ന് കൊച്ചിന്‍ പാലത്തിലൂടെ പ്രവേശിച്ച യൂത്ത് മാര്‍ച്ചിനെ കഥകളിവേഷവും, ശിങ്കാരിമേളവും, ബാന്‍ഡ് വാദ്യവും പൂക്കാവടികളുമെല്ലാമായി ആയിരങ്ങളാണ് സാംസ്കാരിക നഗരിയിലേക്ക്് അനുധാവനം ചെയ്ത് ആനയിച്ചത്. വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു സാംസ്കാരിക ജില്ലയില്‍ യൂത്ത് മാര്‍ച്ച് പ്രയാണമാരംഭിച്ചത്.ഭ ജാതീയതയും വര്‍ഗീയതയും വളര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന പ്രതിജ്ഞയുമായാണ് വള്ളത്തോള്‍ സമാധിയില്‍ നിന്ന് ജാഥാംഗങ്ങള്‍ പടിയിറങ്ങിയത്. സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെടുത്താതെവാഹനങ്ങള്‍ വഴിതിരിച്ച് വിടാതെ ആയിരങ്ങള്‍ ചിട്ടയോടെ നീങ്ങിയ യൂത്ത് മാര്‍ച്ചിന് ചെറുതുരുത്തി ചുങ്കം സെന്ററിലായിരുന്നു ആദ്യ സ്വീകരണം. കലാമണ്ഡലത്തിന് മുന്നില്‍ കലാമണ്ഡലം വിദ്യാര്‍ഥികള്‍ എസ്എഫ്ഐ നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി. മുള്ളൂര്‍ക്കരയിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് വടക്കാഞ്ചേരിയില്‍ സമാപിച്ചു. ജാഥാനായകരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, പി പി ദിവ്യ, പി എം ബിനു, എ എം റഷീദ്, സി വി അനിത എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ചെറുതുരുത്തിയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം സുലൈമാന്‍ അധ്യക്ഷനായി. ഡിവൈ എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ദിലീപ് സ്വാഗതം പറഞ്ഞു. മുള്ളൂര്‍ക്കരയില്‍ സ്വാഗതസംഗം ചെയര്‍മാന്‍ കെ പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പത്മകുമാര്‍ സ്വാഗതം പറഞ്ഞു. വടക്കാഞ്ചേരി: ചേലക്കര ഏരിയയിലെ രണ്ട് സ്വീകരണകേന്ദ്രങ്ങള്‍ പിന്നിട്ട് അകമല കടന്നെത്തിയ യൂത്ത്മാര്‍ച്ചിനെ ഉത്രാളിപ്പൂരത്തിന്റെ നാട്ടില്‍ ഉത്സവപ്രതീതിയോടെയായിരുന്നു വരവേറ്റത്. വാദ്യ മേളങ്ങളും മുത്തുക്കുടകളും വര്‍ണലയം തീര്‍ത്ത് ആയിരങ്ങള്‍ പങ്കെടുത്ത സ്വീകരണമായിരുന്നു വടക്കാഞ്ചേരിയില്‍. വടക്കാഞ്ചേരി ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രേംജി നഗറില്‍ നടന്ന സമാപന പൊതുയോഗം സി പി നാരായണന്‍ എം പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ബസന്ത്ലാല്‍ സ്വാഗതം പറഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കാവുമ്പായി ബാലകൃഷ്ണന്‍,ജയരാജ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
Read More

സാംസ്കാരികവിരുന്നോടെ വരവേല്‍പ്പ്

മനുഷ്യര്‍ ഒന്നാണെന്ന ഐക്യസന്ദേശവുമായി ദേശാഭിമാനപ്രചോദിതരായ യുവചൈതന്യത്തെ സാംസ്കാരിക ജില്ല ആവേശം അലതല്ലിയ ജനസഹസ്രത്തെ സാക്ഷിയാക്കി നെഞ്ചോടുചേര്‍ത്തു. വര്‍ഗീയ കാലുഷ്യത്തിന്റെയും ജാതി വിദ്വേഷത്തിന്റെയും നാരായവേരറുക്കുമെന്ന പ്രഖ്യാപനവുമായെത്തിയ യുവപോരാളികള്‍ക്ക് വീരോജ്വല വരവേല്‍പ്പേകി. ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി സാംസ്കാരിക വിരുന്നൊരുക്കിയായിരുന്നു വരവേല്‍പ്പ്. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ സിപിഐ എം നേതാക്കളും വര്‍ഗബഹുജന സംഘടനാഭാരവാഹികളും ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം ചെയ്തു. കെ രാധാകൃഷ്ണന്‍ എംഎല്‍എ, എന്‍ ആര്‍ ബാലന്‍, എ പത്മനാഭന്‍, യു പി ജോസഫ്, മുരളി പെരുനെല്ലി, ബാബു എം പാലിശേരി എംഎല്‍ എ, കെ കെ രാമചന്ദ്രന്‍, കെ എഫ് ഡേവിസ്, കെ പി രാധാകൃഷ്ണന്‍, ടി കെ വാസു, മേരി തോമസ്, ഏരിയ സെക്രട്ടറിമാരായ പി എ ബാബു, സേവ്യര്‍ ചിറ്റിലപ്പിള്ളി, എം ബാലാജി, വര്‍ഗീസ് കണ്ടംകുളത്തി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖന്‍, വള്ളത്തോള്‍നഗര്‍ പഞ്ചായത്തു പ്രസിഡന്റ് എം സുലൈമാന്‍ തുടങ്ങിയവരും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളായ സി സുമേഷ്, ഇ സി ബിജു, കെ വി സജു, കെ എസ് ദീലീപ്, കെ ബി ഷിബു, എം പത്മകുമാര്‍ എന്നിവരും ജാഥയെ വരവേല്‍ക്കാനെത്തി. കവി രാവുണ്ണി, കലാമണ്ഡലം ഗീതാനന്ദന്‍, ജയരാജ് വര്യര്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവരടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനെത്തി. രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി, ശുഭ്രവസ്ത്രധാരികളായ യുവജനസേനയുടെ പ്രയാണം മുന്നോട്ടു നീങ്ങിയപ്പോള്‍ വഴിയോരങ്ങളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. നീളാതീരവും കേരളീയ കലകളുടെ പെരുംകോവിലായ കേരളകലാമണ്ഡലവും പിന്നിട്ട യുവജനജാഥ തൊഴിലവകാശപ്പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഏടായ വാഴാനി കനാല്‍ സമരത്തിന്റെയും മാറുമറയ്ക്കാനുള്ള അവകാശത്തിന് സ്ത്രീകള്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും സ്മരണകളിരമ്പുന്ന മണിമലര്‍ക്കാവിന്റെയും പാരമ്പര്യം പേറുന്ന വടക്കാഞ്ചേരിയിലാണ് ആദ്യനാള്‍ പര്യടനം പൂര്‍ത്തിയാക്കിയത്. സ്വീകരണയോഗങ്ങളില്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് യൂത്ത്മാര്‍ച്ച് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും. ഞായറാഴ്ച വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് രാവിലെ പത്തിന് അത്താണി മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമര സ്മാരകനഗറില്‍ സ്വീകരണം നല്‍കും. 11.30ന് തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറിലും ഉച്ചതിരിഞ്ഞ് 3.30ന് വിയ്യൂരിലെ ഡോ. സുകുമാര്‍ അഴീക്കോട് നഗറിലും സ്വീകരണം നല്‍കും. വൈകിട്ട് തൃശൂര്‍ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരകനഗറില്‍ രണ്ടാംദിവസത്തെ പര്യടനം പൂര്‍ത്തിയാക്കും.
Read More