2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ജാതിചിന്ത വളര്‍ത്തുന്നതില്‍ ഗൂഢാലോചന: എം ബി രാജേഷ്

പടിയിറക്കിവിട്ട ജാതിചിന്ത തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു. ഡിവൈഎഫ്ഐ യൂത്തുമാര്‍ച്ചിന്റെ സ്വീകരണ സമ്മേളനം ചിന്നക്കട ഗുരുദേവന്‍ നഗറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളുടെ ഫലമായുള്ള വിലക്കയറ്റവും പട്ടിണിയും സാധാരണ ജനവിഭാഗത്തിന്റെ ജീവിതം ഇത്ര ദുസ്സഹമാക്കിയ കാലം മുമ്പുണ്ടായിട്ടില്ല. അതിനെതിരായ പ്രതിഷേധം രാജ്യമാകെ ഉയര്‍ന്നുവരുന്നു. ഈ എതിര്‍പ്പിനെ ദുര്‍ബലപ്പെടുത്താന്‍ ചില സാമുദായിക നേതാക്കളുടെ പിന്തുണയോടെ സമൂഹത്തില്‍ ജാതിചിന്ത വളര്‍ത്താനാണ് ഭരണകൂടത്തിന്റെ ശ്രമം. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് സമുദായ പ്രമാണിമാര്‍ ഉറഞ്ഞുതുള്ളുകയാണ്. മതമേധാവികള്‍ക്കു മുന്നില്‍ ഭരണാധികാരികള്‍ ഓഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ്. പെരുന്നയിലിരുന്ന് ഒരു സമുദായ പ്രമാണി വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. ഇത് കേരളത്തിന്റെ ദുരവസ്ഥയാണ്. മന്ത്രി സ്ഥാനം ജാതിയുടെയും മതത്തിന്റെയും പേരില്‍ പങ്കിടുന്നു. അഞ്ചാം മന്ത്രി ആരെന്ന് മറ്റൊരു സമുദായ നേതാവ് പ്രഖ്യാപിക്കുന്നു. മന്ത്രിസ്ഥാനവും വകുപ്പും ജാതിയുടെയും മതത്തിന്റെയും പേരില്‍ വീതംവയ്ക്കുന്നു. ജാതിക്കും മതത്തിനും അതീതമായ സമൂഹത്തിനേരെയുള്ള ഭരണാധികാരികളുടെ യുദ്ധപ്രഖ്യാപനമാണിത്. ഇന്നത്തെ കേരളം കെട്ടിപ്പടുത്തത് ഏതെങ്കിലും മതമേധാവിയോ ആള്‍ദൈവങ്ങളോ അല്ല. നവോത്ഥാന നായകരും തൊഴിലാളികളും കൃഷിക്കാരുമൊക്കെ നടത്തിയ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ജാതിക്കും മതത്തിനും അതീതമായ സമൂഹ നിര്‍മിതിക്ക് സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നുള്ള മുന്നേറ്റം അനിവാര്യമാണെന്നും എം ബി രാജേഷ് പറഞ്ഞു.

0 comments: