2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

മാനവസ്നേഹസന്ദേശവുമായി യൂത്ത് മാര്‍ച്ച് ജില്ലയില്‍

മാനവസ്നേഹത്തിന്റെ സന്ദേശവും ജാതിമതചിന്തയിലൂടെ നാടിനെ ഇരുട്ടിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാട്ടത്തിന്റെ പുത്തനേട് തീര്‍ക്കണമെന്ന ആഹ്വാനവുമായി യൂത്ത്മാര്‍ച്ച് തിരുവനന്തപുരം ജില്ലയില്‍. "ജാതിരഹിതസമൂഹം, മതനിരപേക്ഷകേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ നയിക്കുന്ന ജാഥ ശനിയാഴ്ച പകലാണ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചത്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെയും ലോകോത്തര ചിത്രകാരന്‍ രാജാ രവിവര്‍മയുടെയും ജന്മഭൂമിയായ വര്‍ക്കലയിലും കിളിമാനൂരിലും ,നാരായണഗുരുദേവന്റെ പാദസ്പര്‍ശമേറ്റ ശിവഗിരിയിലും മണ്ണിനും നിലനില്‍പ്പിനുംവേണ്ടി അടിയാളരുടെ നിലയ്ക്കാത്ത പോരാട്ടം തീര്‍ത്ത ആറ്റിങ്ങല്‍കലാപത്തിന്റെ നാട്ടിലും യൂത്ത്മാര്‍ച്ചിന് അത്യാവേശകരമായ വരവേല്‍പ്പ് ലഭിച്ചു. ചുട്ടുപൊള്ളുന്ന വെയിലിനെപ്പോലും കൂസാതെ നാടും നഗരവും മാര്‍ച്ചിന് പിന്തുണയുമായി ഒഴുകിയെത്തി. യൂത്ത്മാര്‍ച്ചും സ്വീകരണങ്ങളും കാണാന്‍ റോഡിനിരുവശവും ആബാലവൃദ്ധം തടിച്ചുകൂയിടത്തും മാര്‍ച്ചിന് വരവേല്‍പ്പ്. ആദ്യസ്വീകരണകേന്ദ്രംമുതല്‍ സമാപനകേന്ദ്രംവരെ നൂറുകണക്കിന് ബൈക്കുകളും മാര്‍ച്ചിന് അകമ്പടി സേവിച്ചു. വെള്ളിയാഴ്ച കൊല്ലം ജില്ലയിലെ സ്വീകരണം പൂര്‍ത്തിയാക്കിയ യൂത്ത്മാര്‍ച്ചിനെ ശനിയാഴ്ച പകല്‍ പത്തോടെ അതിര്‍ത്തിയായ കടമ്പോട്ടുകോണത്തുവച്ച് ആയിരക്കണക്കിന് യുവജനങ്ങളും സംഘാടകസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലയിലേക്ക് എതിരേറ്റു. അഖിലേന്ത്യാ സെക്രട്ടറി അഭോയ് മുഖര്‍ജിയും മാര്‍ച്ചില്‍ ഇവിടെവച്ച് അണിചേര്‍ന്നു. പാരിപ്പള്ളിയില്‍നിന്ന് എത്തിയ യുവജനപോരാളികളെ ഹാരമണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും ഷാള്‍ പുതപ്പിച്ചുമാണ് വരവേറ്റത്. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, എ സമ്പത്ത് എംപി, എംഎല്‍എമാരായ വി ശിവന്‍കുട്ടി, ബി സത്യന്‍, സംഘാടകസമിതി നേതാക്കളായ വി കെ മധു, ജയന്‍ബാബു, കെ സി വിക്രമന്‍, ജി രാജു, ബി പി മുരളി, ചെറ്റച്ചല്‍ സഹദേവന്‍, ഡിവൈഎഫ്ഐ നേതാക്കളായ എസ് പി ദീപക്, ബി ബിജു, പി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലേക്ക് ആനയിച്ചത്. ഇവിടെനിന്ന് 2000 വൈറ്റ് വളന്റിയര്‍മാര്‍ ജാഥയെ അനുധാവനംചെയ്തു. കല്ലമ്പലത്ത് വര്‍ക്കല, കിളിമാനൂര്‍ ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സ്വീകരണത്തിനെത്തി. സ്വീകരണയോഗം ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറി അഭോയ് മുഖര്‍ജി ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ മടവൂര്‍ അനില്‍ അധ്യക്ഷനായി. അന്ധരുടെ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗം മനീഷിനെ ചടങ്ങില്‍ ആദരിച്ചു. അഭോയ് മുഖര്‍ജി ഉപഹാരം നല്‍കി. ആറ്റിങ്ങലില്‍ ആവേശം നിറഞ്ഞ അന്തരീക്ഷത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. സമാപനവേദിയായ മാമത്തെ സക്കീര്‍നഗറില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. അനശ്വര രക്തസാക്ഷി സക്കീറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് നേതാക്കള്‍ വേദിയിലെത്തിയത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാനും സിപിഐ എം ഏരിയ സെക്രട്ടറിയുമായ ആര്‍ രാമു അധ്യക്ഷനായി. ജാഥാംഗങ്ങളായ എം സ്വരാജ്, ടി വി രാജേഷ്, കെ എസ് സുനില്‍കുമാര്‍, ദീപ, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, എ സമ്പത്ത് എംപി, ബി സത്യന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ എസ് കുമാരി, ഡിവൈഎഫ്ഐ നേതാക്കളായ ബി ബിജു, എസ് പി ദീപക്, എസ് സുനില്‍കുമാര്‍, ആര്‍ എസ് അനൂപ്, എം നവാസ് എന്നിവര്‍ സംസാരിച്ചു.

0 comments: