2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

യൂത്ത് മാര്‍ച്ചിന് പ്രൗഢോജ്വല സമാപനം

തമസ്സിന്റെ ശക്തികളില്‍നിന്ന് രണ്ടാം നവോത്ഥാനത്തിലേക്ക് കേരളത്തെ ഉണര്‍ത്തി നവോത്ഥാനജ്വാല. നാടിനെ ജാതിമത ശക്തികള്‍ക്കുമുന്നില്‍ അടിയറ വയ്ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരമ്പിയാര്‍ത്ത യുവത നവോത്ഥാനപ്രതിജ്ഞയെടുത്തപ്പോള്‍ അത് കേരളം ഒരേ മനസ്സോടെ ഏറ്റുവാങ്ങി. "ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി നടത്തിയ യൂത്ത്മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പുത്തരിക്കണ്ടം മൈതാനിയിലെ വിവേകാനന്ദ നഗറില്‍ നവോത്ഥാനസദസ്സും പ്രതിജ്ഞയും ജ്വാല തെളിക്കലും.

നവോത്ഥാനകേരളത്തിന്റെ സാംസ്കാരികപൈതൃകം വീണ്ടെടുക്കാന്‍ യുവജനലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ അനന്തപുരി ശുഭ്രസാഗരമായി. ജാതിക്കോമരങ്ങളുടെയും ആള്‍ദൈവങ്ങളുടെയും തടവറയിലേക്ക് യുവാക്കളെ തളച്ചിടാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്ന് നവോത്ഥാനറാലിയില്‍ ഒഴുകിയെത്തിയവര്‍ പ്രഖ്യാപിച്ചു. ഭാഷാ സംസ്കാര സംഗമഭൂമിയായ കാസര്‍കോട്ടുനിന്ന് 32 നാള്‍ മുമ്പ് ആരംഭിച്ച് കേരളത്തിന്റെ സമസ്തമേഖലകള്‍ക്കും ഊര്‍ജം പകര്‍ന്ന യൂത്ത്മാര്‍ച്ച് അനന്തപുരിയില്‍ സമാപിച്ചപ്പോള്‍ അത് വരുംനാളുകളിലെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും കരുത്തും പകരുന്നതായി.

വലതുപക്ഷ മാധ്യമങ്ങളുടെ തമസ്കരണത്തിനിടയിലും കേരളത്തിന്റെ നഗര-ഗ്രാമമേഖലകളെയാകെ നന്മയിലേക്ക് നയിക്കുമെന്ന പ്രഖ്യാപനം കൂടിയായി യൂത്ത്മാര്‍ച്ച്. വര്‍ഗീയ- വിഭാഗീയശക്തികള്‍ക്കും ജാതി-മതഭ്രാന്തന്മാര്‍ക്കും മലയാളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചാണ് യുവലക്ഷങ്ങള്‍ പുത്തരിക്കണ്ടത്തേക്ക് ഒഴുകിയെത്തിയത്. കേരളത്തെ വീണ്ടും ഉച്ചനീചത്വങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ഗൂഢശക്തികളെ തല പൊക്കാന്‍ അനുവദിക്കില്ലെന്ന ആഹ്വാനവുമായാണ് വിപ്ലവത്തിന്റെ വഴിവിളക്കായി യുവജനങ്ങള്‍ പ്രതിജ്ഞയെടുത്തത്.

മൂന്നര മണിക്കൂര്‍ തിരുവനന്തപുരം നഗരവീഥികളെ വെള്ളക്കടലാക്കിയാണ് യൂത്ത്മാര്‍ച്ച് സമാപിച്ചത്. കലാരൂപങ്ങളുംഫ്ളോട്ടുകളും മാര്‍ച്ചില്‍ അണിനിരന്നു. വിവേകാനന്ദ നഗറില്‍ നടന്ന സമാപനസമ്മേളനം സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ നവോത്ഥാനജ്വാല തെളിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുരുകന്‍ കാട്ടാക്കട രക്തസാക്ഷി എന്ന കവിത ചൊല്ലി. ഡിവൈഎഫ്ഐ നേതാക്കളായ അഭോയ് മുഖര്‍ജി, ടി വി രാജേഷ് എംഎല്‍എ, പ്രഭാവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു.

0 comments: