2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായി സമാപനറാലി

യൂത്ത്മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന നവോത്ഥാനറാലി സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായി. തെയ്യവും തിറയും കാവടിയും ശിങ്കാരിമേളവുമെല്ലാം ഒത്തുചേര്‍ന്ന റാലി അനന്തപുരിക്ക് പുതിയ അനുഭവമായി. പാളയം ഏരിയയിലെ പ്രവര്‍ത്തകരാണ് കാവടിമേളം, തെയ്യം, തിറ എന്നിവ അവതരിപ്പിച്ചത്. ദഫ്മുട്ട്, കോല്‍ക്കളി എന്നിവയും വിവിധ ഏരിയകളില്‍ നിന്നുള്ളവര്‍ ഒരുക്കി. സൈക്കിള്‍ അഭ്യാസം, പിഞ്ചുകുട്ടികളുടെ റോളര്‍ സ്കേറ്റിങ് എന്നിവയും റാലിയില്‍ വേറിട്ടുനിന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മിക്ക ഏരിയകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. മുത്തുക്കുടയും നവോത്ഥാനായകരുടെ ഛായാചിത്രവും ഏന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. പൂവച്ചല്‍ ലോക്കലില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കേരളം ഇന്നലെകളിലൂടെ എന്ന പേരില്‍ ഡോക്യുമെന്ററിയുമായാണ് റാലിയില്‍ പങ്കെടുത്തത്. മാറനല്ലൂരിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യവും വേറിട്ടുനിന്നു. അയിത്തത്തിനെതിരെ കേരളവും നവോത്ഥാനായകരും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭവും ദൃശ്യത്തില്‍ അവതരിപ്പിച്ചു. നവോത്ഥാനസന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു കലാരൂപങ്ങള്‍. പൊതുസമ്മേളനത്തിനു മുമ്പ് നെയ്യാറ്റിന്‍കര സംഘശക്തി പ്രവര്‍ത്തകര്‍ വിപ്ലവഗാനമേള അവതരിപ്പിച്ചു. നെടുമങ്ങാട് ഗുരുകൃപ ചെണ്ടമേള സംഘത്തിലെ 10 സ്ത്രീകളടക്കം 18 പേരും പേരൂര്‍ക്കട മണ്ണാമ്മൂല പുലരി സംഘത്തിലെ എട്ടു സ്ത്രീകളടക്കം 21 പേരും അവതരിപ്പിച്ച ശിങ്കാരിമേളം സമാപനസമ്മേളനത്തിന് എത്തിയവരുടെ മനം കവര്‍ന്നു. ഗതാഗതതടസ്സമുണ്ടാക്കാത, ചിട്ടയോടെയായിരുന്നു പതിനായിരങ്ങള്‍ അണിനിരന്ന റാലി നടന്നത്. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് റാലി അടിവച്ചുനീങ്ങിയത്. തികഞ്ഞ അച്ചടക്കത്തോടെ നീങ്ങിയ റാലി പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രശംസയ്ക്ക് പാത്രമായി.

0 comments: