2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

ജാതി സംഘടനകള്‍ നില തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം: സ. പിണറായി വിജയന്‍

എംഎല്‍എമാരെയും മന്ത്രിമാരെയും നിശ്ചയിക്കാന്‍ അധികാരമുള്ളവരായി ജാതിസംഘടനകള്‍ നടക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജാതി സംഘടനകള്‍ സ്വന്തം നില തിരിച്ചറിഞ്ഞ് അവരവരുടെ മേഖലകളില്‍ പ്രവര്‍ത്തിക്കണം. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ നവോത്ഥാനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

തങ്ങളുടെ നാവിന്മേലാണ് എല്ലാ കാര്യവും നിലനില്‍ക്കുന്നതെന്ന ധാരണ ജാതി സംഘടനകള്‍ക്ക് വേണ്ട. ഓരോ സംഘടനയ്ക്കും അതിന്റെ മേഖലയുണ്ട്. അതിന്റെ പരിധി വിടരുത്. സകല രാഷ്ട്രീയകാര്യങ്ങളും നിര്‍വഹിക്കാനുള്ള ഒരധികാരവും നിങ്ങള്‍ക്കില്ല. അങ്ങനെയായാല്‍ തന്നെ ആരും അത് അംഗീകരിക്കില്ലെന്നും മനസ്സിലാക്കണം. ജാതി സംഘടനകളുടെ തിട്ടൂരമനുസരിക്കാന്‍ സിപിഐ എമ്മിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ പ്രസിഡന്റിനെ സ്ഥാനാര്‍ഥിയാക്കിയത് തങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടാണെന്ന് ഒരു ജാതി സംഘടന പറയുന്ന പരിഹാസ്യമായ അവസ്ഥവരെയുണ്ടായി. കെപിസിസി പ്രസിഡന്റ് അതിനെ ചോദ്യംചെയ്യാന്‍ തയ്യാറായില്ല. യുഡിഎഫ് അധികാരത്തില്‍ വന്ന് ന്യൂനപക്ഷ സമുദായക്കാരന്‍ മുഖ്യമന്ത്രിയായാല്‍, താക്കോല്‍സ്ഥാനത്ത് ഭൂരിപക്ഷ സമുദായക്കാരനാകുമെന്ന് വ്യവസ്ഥയുണ്ടെന്നാണ് ജാതിസംഘടന പറയുന്നത്. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും എന്‍എസ്എസ് പറയുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ധര്‍മമൊന്നും നിര്‍വഹിക്കാനില്ലാത്ത ജാതി സംഘടനകള്‍ക്ക് മുന്നില്‍ വലതുപക്ഷം സാഷ്ടാംഗപ്രണാമം നടത്തുകയാണ്. ശ്രീനാരായണധര്‍മം പരിപാലിക്കേണ്ട&്യമരൗലേ;എസ്എന്‍ഡിപി യോഗത്തെ ഒരു ജാതിയുടെ സ്ഥാപനമാക്കി മാറ്റാനുള്ള നീക്കം ഗുരു തത്വങ്ങളോടു കാട്ടുന്ന അനീതിയാണ്. അനാചാരങ്ങള്‍ അവസാനിപ്പിക്കാനാണ് ഗുരുവിന്റെ കാലത്ത് സമ്മേളനങ്ങള്‍ നടത്തിയത്. എന്നാല്‍, ഉപേക്ഷിക്കപ്പെട്ട അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. നവോത്ഥാനായകര്‍ എന്തിനു വേണ്ടിയാണോ നിലകൊണ്ടത് അതില്‍ നിന്ന് സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകുന്നു. ജാതി മതശക്തികളെ പ്രീണിപ്പിക്കാനാണ് വലതുപക്ഷം എല്ലാക്കാലത്തും ശ്രമിച്ചത്. ബഹുജന പിന്തുണയിലെ കുറവുനികത്താന്‍ ജാതിമത ശക്തികളെ വ്യാപകമായി അവര്‍ ഉപയോഗിച്ചു. ഇതിന്റെ ഫലമായാണ് ജാതിമതശക്തികള്‍ ശക്തിപ്പെട്ടതെന്നും പിണറായി പറഞ്ഞു.

0 comments: