2013, ഫെബ്രുവരി 2, ശനിയാഴ്‌ച

അതുല്യം ഈ മുന്നേറ്റം

സമരതീക്ഷ്ണമായ കേരളത്തിന്റെ പുരോഗമനമുഖം തകര്‍ത്ത് വീണ്ടും സാമൂഹ്യജീവിതത്തില്‍ ജീര്‍ണതയുടെ മുഖാവരണം ചാര്‍ത്താനുള്ള ജാതി-മത വര്‍ഗീയശക്തികളുടെ ഗൂഢാലോചനയും രഹസ്യ അജന്‍ഡയും അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്തുമാര്‍ച്ച് യുവതയുടെ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ പോര്‍മുഖം തുറക്കുന്നതായി. ജാതിചിന്തയില്‍നിന്നും ജാത്യാധിഷ്ഠിത അനാചാരങ്ങളില്‍നിന്നും ഉയിര്‍ത്തെണീറ്റ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ഛിദ്രശക്തികളുടെ നീക്കം ജീവന്‍ നല്‍കിയും ചെറുക്കുമെന്നു പ്രഖ്യാപിച്ച് ജില്ലയില്‍ മൂന്നുദിവസമായി നടന്ന മാര്‍ച്ച് യുവജനപോരാട്ട ചരിത്രത്തില്‍ കാലത്തിന്റെ മറ്റൊരു ഈടുവയ്പായി. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 47ല്‍ 62 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച മാര്‍ച്ച് പതിനായിരങ്ങളുമായി സംവദിച്ചു. ക്യാപ്റ്റന്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് തുടങ്ങിയവരെയും മാര്‍ച്ചില്‍ പങ്കെടുക്കുന്ന മറ്റു നേതാക്കളെയും വിവിധ തുറകളില്‍പ്പെട്ടവര്‍ സ്നേഹവാത്സല്യങ്ങള്‍ കൊണ്ടുമൂടി. രക്തസാക്ഷി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പുരോഗമന ചിന്തയുടെ വഴിത്താരകളില്‍ വെളിച്ചം വിതറുന്ന വിപ്ലവകാരികളും കലാകാരന്മാരും എഴുത്തുകാരും- സ്വീകരണകേന്ദ്രങ്ങള്‍ സമൂഹത്തിന്റെ പരിച്ഛേദമായി മാറി. നക്ഷത്രാങ്കിത ശുഭ്രപതാകകളും വഹിച്ച് വെള്ളില്‍പ്പറവകളെപ്പോലെ ദേശീയപാതയോരം ചേര്‍ന്നു നീങ്ങിയ മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ നഗരവീഥികളില്‍ വെണ്‍പ്രഭ ചൊരിഞ്ഞു. മൂന്നാംദിവസമായ വെള്ളിയാഴ്ച കൊല്ലം നഗരത്തില്‍നിന്നു ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ പാരിപ്പള്ളിവരെ ഇതു തന്നെയായി അനുഭവം. നവോത്ഥാന നായകരുടെ പേരില്‍ പ്രത്യേകം സജ്ജമാക്കിയ നഗറുകള്‍ ഡിവൈഎഫ്ഐ മുന്നോട്ടുവയ്ക്കുന്ന ജാതിരഹിത കേരളം, മതനിരപേക്ഷ സമൂഹം എന്ന കാതല്‍ മുദ്രാവാക്യത്തിന്റെ പ്രസക്തിക്ക് അടിവരയിട്ടു. പഴയാറ്റിന്‍കുഴി, ഉമയനല്ലൂര്‍, ചാത്തന്നൂര്‍ ടൗണ്‍, പാരിപ്പള്ളി എന്നിവിടങ്ങളില്‍ നൂറുകണക്കിനുപേര്‍ മണിക്കൂറുകളോളം പൊരിവെയിലില്‍ കാത്തുനിന്നാണ് മാര്‍ച്ചിനെ വരവേറ്റത്. ഡിവൈഎഫ്ഐക്കു മാത്രം കഴിയുന്ന സംഘാടകമികവ് മാര്‍ച്ചിനെ ഇതര മുന്നേറ്റങ്ങളില്‍നിന്നു വേറിട്ടതാക്കി. വരുംകാല പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായി യൂത്തുമാര്‍ച്ചിന്റെ ജില്ലയിലെ മൂന്നുദിവസത്തെ പര്യടനം.

0 comments: