2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

യുവതയുടെ മഹാപ്രവാഹം

ജാതിമതശക്തികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി യുവതയുടെ മഹാപ്രവാഹം. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത്മാര്‍ച്ചിന്റെ സമാപനസമ്മേളനം അനന്തപുരിയുടെ പ്രക്ഷോഭചരിത്രത്തില്‍ പുത്തനേടായി. അണമുറിയാതെ യുവജനങ്ങള്‍ മുദ്രാവാക്യവും വിപ്ലവഗാനങ്ങളുമായി ഒഴുകിയെത്തി. നവോത്ഥാനത്തിന്റെ സന്ദേശമുയര്‍ത്തിയുള്ള ഫ്ളോട്ടുകളും കലാരൂപങ്ങളും റാലിക്ക് മിഴിവേകി. 32 നാള്‍ കേരളത്തിന്റെ ഗ്രാമ-നഗരമേഖലകളിലാകെ നവോത്ഥാനസന്ദേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചാണ് യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടത്തെ വിവേകാനന്ദനഗറില്‍ സമാപിച്ചത്. ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വരുംനാളുകളില്‍ നടക്കുന്ന പ്രക്ഷോഭത്തിന് കരുത്തും ഊര്‍ജവും പകരുമെന്ന് മാര്‍ച്ചില്‍ അണിനിരന്ന യുവജനങ്ങള്‍ പ്രഖ്യാപിച്ചു. കാസര്‍കോട്ടു നിന്ന് ജനുവരി നാലിന് ആരംഭിച്ച യൂത്ത്മാര്‍ച്ച് 750 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയാണ് അനന്തപുരിയില്‍ എത്തിയത്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യന്‍കാളി, വക്കം ഖാദര്‍, പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍, മദര്‍ തെരേസ എന്നിവരുടെ ഛായാചിത്രങ്ങളും ഏന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. ബാന്റ്, ചെണ്ടമേളം, സൈക്കിള്‍ അഭ്യാസം, റോളര്‍ സ്കേറ്റിങ്, കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, കാവടി, തെയ്യം എന്നിവ റാലിയില്‍ അണിനിരന്നു. പട്ടം ജങ്ഷനില്‍ നിന്നാണ് നവോത്ഥാനറാലി ആരംഭിച്ചത്. നഗരത്തിന്റെ വിവിധഭാഗങ്ങളിലൂടെ ഒഴുകിയെത്തിയ പ്രകടനം മൂന്നരമണിക്കൂറോളം നീണ്ടു. നവോത്ഥാനപ്രതിജ്ഞ ആരംഭിച്ചപ്പോഴും റാലിയുടെ പിന്‍നിര സമാപന സമ്മേളനഗരിയായ പുത്തരിക്കണ്ടം മൈതാനത്ത് എത്തിയിരുന്നില്ല. സമാപനസമ്മേളനത്തിനു മുന്നോടിയായി വിപ്ലവഗാനമേളയും ഉണ്ടായി. വിവേകാനന്ദനഗറില്‍ നടന്ന സമാപനസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ നവോത്ഥാനജ്വാല തെളിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുരുകന്‍ കാട്ടാക്കട രക്തസാക്ഷി എന്ന കവിത ചൊല്ലി. ഡിവൈഎഫ്ഐ നേതാക്കളായ അഭോയ് മുഖര്‍ജി, ടി വി രാജേഷ് എംഎല്‍എ, കവികളായ പ്രഭാവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍, കെ എന്‍ ബാലഗോപാല്‍ എംപി, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, എ പ്രദീപ്കുമാര്‍ എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്‍, എം വിജയകുമാര്‍, മേയര്‍ കെ ചന്ദ്രിക, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റാലിക്കും പൊതുസമ്മേളനത്തിനും ഡിവൈഎഫ്ഐ നേതാക്കളായ പി സന്തോഷ്, എ എന്‍ ഷംസീര്‍, പി പി ദിവ്യ, ടി വി അനിത, മുഹമ്മദ്റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 comments: