2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് ഇന്ന് തലസ്ഥാനജില്ലയില്‍; സമാപനം തിങ്കളാഴ്ച

മതനിരപേക്ഷതയുടെ മഹാസന്ദേശമുയര്‍ത്തി കാസര്‍കോട്ട് നിന്നാരംഭിച്ച ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് ശനിയാഴ്ച തലസ്ഥാന ജില്ലയിലെത്തും. തിങ്കളാഴ്ച ഒരുലക്ഷം പേര്‍ അണിനിരക്കുന്ന മഹാറാലിയോടെ യൂത്ത്മാര്‍ച്ച് സമാപിക്കും. റാലിയെ തുടര്‍ന്ന് നടക്കുന്ന നവോത്ഥാനസദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന ജാഥ ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് വന്‍വരവേല്‍പ്പ് നല്‍കും. കൊല്ലം ജില്ലയില്‍ നിന്ന് എത്തുന്ന ജാഥയ്ക്ക് വരവേല്‍പ്പ് നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഘാടകസമിതിയുടെയും ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണപരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. 2000 വൈറ്റ് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ജാഥയെ കല്ലമ്പലത്ത് പ്രത്യേകം തയ്യാറാക്കിയ ശ്രീനാരായണഗുരുനഗറിലേക്ക് ആനയിക്കും. പകല്‍ 12ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക, സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ജാഥാംഗങ്ങള്‍ ശിവഗിരിയില്‍ നവോത്ഥാന മതേതരസന്ദേശമുയര്‍ത്തി വൃക്ഷത്തൈ നടും. പകല്‍ 3.30ന് ജാഥ പുനരാരംഭിക്കും. വൈകിട്ട് അഞ്ചിന് ആറ്റിങ്ങല്‍ മാമത്ത് വക്കം ഖാദര്‍നഗറില്‍ ജാഥ എത്തിച്ചേരും. ഇവിടെ പൊതുസമ്മേളനം പി രാജീവ് എംപി ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ജാഥയ്ക്ക് സ്വീകരണം നല്‍കും. കലാപരിപാടികള്‍, കവിയരങ്ങ് തുടങ്ങിയവയും നടക്കും. തിങ്കളാഴ്ച പകല്‍ മൂന്നിന് പട്ടം ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന യൂത്ത്മാര്‍ച്ചില്‍ ഒരുലക്ഷം യുവജനങ്ങള്‍ അണിനിരക്കും. ഫ്ളോട്ടുകള്‍, വാദ്യോപകരണങ്ങള്‍, കാലാരൂപങ്ങള്‍ തുടങ്ങിയവ മാര്‍ച്ചിന് മിഴിവേകും. തുടര്‍ന്ന് പുത്തരിക്കണ്ടം വിവേകാനന്ദ നഗറില്‍ ചേരുന്ന നവോത്ഥാനസദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

0 comments: