2013, ഫെബ്രുവരി 2, ശനിയാഴ്‌ച

യൂത്ത് മാര്‍ച്ചിന് കൊല്ലത്തിന്റെ സ്നേഹാദരം

യൂത്തുമാര്‍ച്ചിന്റെ കൊല്ലം നഗരത്തിലെ സ്വീകരണ സമ്മേളനം ഡിവൈഎഫ്ഐയുടെ സംഘശക്തിയുടെ പ്രകടനമായി. കൊല്ലം നഗരത്തെ പ്രകമ്പനംകൊള്ളിച്ച വരവേല്‍പ്പാണ് മാര്‍ച്ചിന് ചിന്നക്കടയില്‍ ലഭിച്ചത്. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന മാര്‍ച്ച് രണ്ടാം ദിവസമായ വ്യാഴാഴ്ച പകല്‍ 10.30ന് കരുനാഗപ്പള്ളിയില്‍നിന്ന് പര്യടനം ആരംഭിച്ചു. കുന്നത്തൂര്‍, ചവറ ഏരിയകളില്‍നിന്നുള്ള 2000 യുവതീയുവാക്കളും ജാഥയെ അനുഗമിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ ഇടപ്പള്ളിക്കോട്ടയിലെ ചട്ടമ്പിസ്വാമി നഗറിലെ ആവേശകരമായ സ്വീകരണത്തിനുശേഷം വേട്ടുതറ ജങ്ഷനിലെ വി സാംബശിവന്‍ നഗറിലേക്കുള്ള പ്രയാണത്തിനിടെ ദേശീയപാതയോരത്ത് നിരവധി കേന്ദ്രങ്ങളില്‍ ജനം വരവേല്‍പ്പു നല്‍കി. വേട്ടുതറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വിവിധ വര്‍ഗബഹുജന സംഘടനകളും മാര്‍ച്ചിനെ സ്വീകരിച്ചു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം പര്യടനം ആരംഭിച്ച മാര്‍ച്ചിനെ മുളങ്കാടകത്തുനിന്ന് കൊല്ലം നഗരത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ചിന്നക്കട ശ്രീനാരായണ ഗുരുദേവന്‍ നഗറില്‍ ചേര്‍ന്ന സ്വീകരണയോഗം അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ വരദരാജന്‍ അധ്യക്ഷനായി. ചിന്നക്കടയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പത്തിന് പര്യടനം ആരംഭിക്കുന്ന മാര്‍ച്ച് ദേശീയപാതയിലൂടെ പകല്‍ 11ന് പഴയാറ്റിന്‍കുഴിയിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറില്‍ എത്തും. കൊല്ലം ഈസ്റ്റ്, കുണ്ടറ ഏരിയകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. ഉമയനല്ലൂരിലെ സി കേശവന്‍ നഗറില്‍ 12.30ന് കൊട്ടിയം, പുനലൂര്‍ ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സ്വീകരിക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് ചാത്തന്നൂരില്‍ ജി ദേവരാജന്‍ നഗറിലാണ് സ്വീകരണം. അഞ്ചല്‍, ചടയമംഗലം ഏരിയകളിലെയും ചാത്തന്നൂര്‍ ഏരിയയിലെ പരവൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റിയിലെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് മാര്‍ച്ചിനെ വരവേല്‍ക്കും. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയിലെ അയ്യന്‍കാളി നഗറില്‍ വൈകിട്ട് ആറിന് എത്തുന്ന മാര്‍ച്ചിനെ ചാത്തന്നൂര്‍, കടയ്ക്കല്‍ ഏരിയകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. സമാപന സമ്മേളനം മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും.

0 comments: