Thrissur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 19, ശനിയാഴ്‌ച

യൂത്ത് മാര്‍ച്ച് തൃശൂരില്‍

മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കുക എന്ന മഹാദൗത്യത്തിന്റെ സന്ദേശവുമായി ഡിവൈഎഫ്ഐ നയിക്കുന്ന യൂത്ത്മാര്‍ച്ച് ശനിയാഴ്ച തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ജാഥയെ വരവേറ്റു. ചെറുതുരുത്തിയിലെ വള്ളത്തോള്‍ നാരായണമേനോന്‍നഗറില്‍ ആദ്യ സ്വീകരണ പൊതുയോഗം ചേര്‍ന്നു.ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം&ൃറൂൗീ; എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നേതൃത്വം നല്‍കുന്ന സംസ്ഥാന യൂത്ത് മാര്‍ച്ച് 19, 20, 21, 22 തീയതികളിലാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്.

 പകല്‍ 12ന്് മുള്ളൂര്‍ക്കരയില്‍ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സാഹിബ് നഗറിലാണ് രണ്ടാം സ്വീകരണം. വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിലെ പ്രേംജി നഗറിലെ സ്വീകരണത്തോടെ ആദ്യദിവസത്തെ പര്യടനം സമാപിക്കും. 20ന് വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അത്താണി, തിരൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് തെക്കേഗോപുരനടയില്‍ സമാപിക്കും. 21ന് രാവിലെ തൃശൂരില്‍നിന്നും ആരംഭിച്ച് ഒല്ലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കൊടകരയില്‍ സമാപിക്കും. 22ന് രാവിലെ കൊടകരയില്‍നിന്ന് ആരംഭിച്ച് ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം എറണാകുളം ജില്ലയില്‍ പ്രവേശിക്കും.
Read More

യൂത്ത്മാര്‍ച്ച് ഇന്ന് തൃശൂര്‍ ജില്ലയില്‍

മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കുക എന്ന മഹാദൗത്യത്തിന്റെ സന്ദേശവുമായി ഡിവൈഎഫ്ഐ നയിക്കുന്ന യൂത്ത്മാര്‍ച്ച് ശനിയാഴ്ച ജില്ലയില്‍ പ്രവേശിക്കും. യുവപോരാളികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കാന്‍ സാംസ്കാരികജില്ല ഒരുങ്ങി. "ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നേതൃത്വം നല്‍കുന്ന സംസ്ഥാന യൂത്ത് മാര്‍ച്ച് 19, 20, 21, 22 തീയതികളിലാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കാല്‍നടയായാണ് ജാതിഭ്രാന്തിനും മതവിദ്വേഷത്തിനുമെതിരെയുള്ള ഐതിഹാസിക മാര്‍ച്ച്. ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ജാഥയെ വരവേല്‍ക്കും. ചെറുതുരുത്തിയിലെ വള്ളത്തോള്‍ നാരായണമേനോന്‍നഗറില്‍ ആദ്യ സ്വീകരണ പൊതുയോഗം ചേരും. പകല്‍ 12ന്് മുള്ളൂര്‍ക്കരയില്‍ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സാഹിബ് നഗറിലാണ് രണ്ടാം സ്വീകരണം. വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിലെ പ്രേംജി നഗറിലെ സ്വീകരണത്തോടെ ആദ്യദിവസത്തെ പര്യടനം സമാപിക്കും. 20ന് വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അത്താണി, തിരൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് തെക്കേഗോപുരനടയില്‍ സമാപിക്കും. 21ന് രാവിലെ തൃശൂരില്‍നിന്നും ആരംഭിച്ച് ഒല്ലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കൊടകരയില്‍ സമാപിക്കും. 22ന് രാവിലെ കൊടകരയില്‍നിന്ന് ആരംഭിച്ച് ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം എറണാകുളം ജില്ലയില്‍ പ്രവേശിക്കും. ജില്ലയില്‍ യൂത്ത് മാര്‍ച്ചിന്റെ സ്വീകരണം അവിസ്മരണീയമാക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഇ സി ബിജുവും സെക്രട്ടറി സി സുമേഷും അഭ്യര്‍ഥിച്ചു.
Read More

2013 ജനുവരി 18, വെള്ളിയാഴ്‌ച

സാമുദായികവും മതപരവുമായി വേര്‍തിരിവുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു

സാമൂഹ്യവിപ്ലവം നടന്ന കേരളത്തില്‍ സാമുദായികവും മതപരവുമായ വേര്‍തിരിവുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. മറ്റ് മതസ്ഥരുമായി സംസാരിക്കുന്നതുപോലും വിലക്കുന്നതിലേക്കാണ് കാര്യം എത്തിനില്‍ക്കുന്നത്. കൊലക്കത്തിയുമായി സദാചാരപ്പൊലീസുകാര്‍ ഇറങ്ങുന്നതിലേക്ക് നാട് അധഃപതിച്ചു. യുഡിഎഫ് ഭരണത്തിന്റെ പിന്തുണയോടെയാണ് ഇത്തരം ശക്തികള്‍ വളരുന്നത്. മുഖ്യമന്ത്രി വര്‍ഗീയവാദികളുടെ തടവറയിലാണ്. സാമുദായികശക്തികളുടെ കോണ്‍ഫെഡറേഷനായി യുഡിഎഫ് അധഃപതിച്ചു. ഇന്ത്യയില്‍ കോര്‍പറേറുകളാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതെങ്കില്‍ കേരളത്തില്‍ സാമുദായികശക്തികളാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തെ പരിഹസിച്ചവര്‍ യഥേഷ്ടം സാമുദായിക സംഘടനകള്‍ക്ക് ഭൂമി നല്‍കുന്നു. കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിപോലും ലീഗ്നേതാക്കള്‍ തട്ടിക്കൂട്ടിയ ട്രസ്റ്റിന് കൈമാറുന്നു. മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും കേരളത്തെ പിന്നോട്ടുനയിക്കുന്ന ശക്തികള്‍ക്കെതിരെ മുന്നോട്ടുവരണം രാജേഷ് ആവശ്യപ്പെട്ടു.
Read More

വള്ളുവനാടിന്റെ ഹൃദയഭൂമിയില്‍ അലകടലായി യുവജനയാത്ര

സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഉഴുതുമറിച്ച മണ്ണിലൂടെ ആവേശത്തിന്റെ അലകടലായി യുവജനങ്ങളുടെ ജൈത്രയാത്ര പാലക്കാടന്‍ മണ്ണില്‍ പൂര്‍ത്തിയാക്കി. ശനിയാഴ്ച സംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ പ്രവേശിക്കും. ജാതി-മതശക്തികളുടെ നീരാളിപ്പിടിത്തത്തിലേക്ക് പ്രബുദ്ധകേരളത്തെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് മാര്‍ച്ച് പള്ളം, ആര്യ പള്ളം, വി ടി, ഐ സി പി, ഇ എം എസ് തുടങ്ങിയവര്‍ മാറ്റിമറിച്ച വള്ളുവനാട്ടിലൂടെയായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനം. നാടിന്റെ മാറ്റത്തിനുവേണ്ടി ജീവനര്‍പ്പിച്ച ധീരരക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളാല്‍ ആവേശം അലയടിച്ച വരവേല്‍പ്പാണ് ജാഥ കടന്നുപോയ വഴികളിലൊക്കെ മാര്‍ച്ചിന് ലഭിച്ചത്.

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയുടെയും പ്രസിഡന്റ് എം സ്വരാജിന്റെയും നേതൃത്വത്തില്‍ ജനുവരി നാലിന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച യൂത്ത് മാര്‍ച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് പാലക്കാട് ജില്ലയില്‍ പ്രവേശിച്ചത്. വെള്ളിയാഴ്ച രാവിലെ കൊപ്പത്തുനിന്ന് പ്രയാണം ആരംഭിച്ച മാര്‍ച്ചിന് പട്ടാമ്പി, ഓങ്ങല്ലൂര്‍, കുളപ്പുള്ളി എന്നിവിടങ്ങളിലാണ് സ്വീകരണം തീരുമാനിച്ചതെങ്കിലും വഴിനീളെ ആളുകള്‍ കാത്തുനിന്നിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി, പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ വരവേറ്റു.

രണധീരരുടെ സ്മൃതിമണ്ഡപങ്ങളില്‍ പൂക്കളര്‍പ്പിച്ച് യുവജനങ്ങള്‍ കടന്നുപോയപ്പോള്‍ ഓരോ പ്രദേശത്തിന്റെയും ഹൃദയം സ്പന്ദിച്ചു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ 1979ല്‍ കെഎസ്യുക്കാരുടെ കഠാരയില്‍ പിടഞ്ഞുവീണ പി കെ രാജന്റെ അമ്മ തേങ്ങലൊതുങ്ങാത്ത ഹൃദയത്തോടെയാണ് ജാഥാക്യാപ്റ്റന്മാരെ സ്വീകരിച്ചത്. സഹനസമരത്തിന്റെ ജ്വലിക്കുന്ന പ്രതീകമായ സൈമണ്‍ ബ്രിട്ടോ പട്ടാമ്പിയിലെ സ്വീകരണവേദിയെ ആവേശത്തിലാഴ്ത്തി. ഓങ്ങല്ലൂരില്‍ കലാമണ്ഡലം വിജയനാശാന്‍ യുവജനങ്ങളെ ആശീര്‍വദിക്കാനെത്തി. പൂക്കാവടിയും വര്‍ണക്കുടകളും കരിമരുന്നുപ്രയോഗവും നാടന്‍കലകളും സ്വീകരണത്തെ വര്‍ണാഭമാക്കി. ജാഥാ മാനേജര്‍ കെ എസ് സുനില്‍കുമാര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി പി ദിവ്യ, പി വി അനിത, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജയദേവന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Read More

യൂത്ത്‌ മാര്‍ച്ച്‌ - അഭിപ്രായങ്ങളും ആശംസകളും

"മനുഷ്യരുടെ മതവും വേഷവും വ്യത്യസ്ത്മാണെങ്കിലും മനുഷ്യര്‍ ഒരുജാതിയായത്കൊണ്ട്‌ പരസ്പരം വിവാഹവും പന്തിഭോജനവും ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്ന്‌ എത്രയോ കാലം മുമ്പ്‌ ശ്രീനാരായണഗുരു പറഞ്ഞതാണ്‌. പക്ഷേ ജീര്‍ണിച്ച വിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിച്ച രീതിയില്‍ തിരിച്ചുവന്നിരിക്കുന്നു. ജാതിരഹിതവും മതേതരവുമായ ഒരു സമൂഹത്തില്‍ മാത്രമേ ജനാധിപത്യത്തിന്‌ അതിണ്റ്റെ യഥാര്‍ഥ അര്‍ഥത്തില്‍ വളര്‍ന്നു വികസിക്കാനാവു . ഡി വൈ എഫ്‌ ഐ ഈ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി നടത്തുന്ന യൂത്ത്‌ മാര്‍ച്ച്‌ കേരളത്തിണ്റ്റെ ചരിത്രപരമായ ആവശ്യമാണ്‌."

വൈശാഖന്‍



"'ജാതി രഹിത സമൂഹം, മതനിരപേക്ഷ കേരളം' എന്ന ആശയമുയര്‍ത്തി ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിന്‌ അഭിവാദ്യങ്ങള്‍. മതത്തിനും ജാതിക്കും അതീതമായി മാനവസൌഹാര്‍ദ്ദം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ച്‌ വിജയിച്ച ഒരു പൂര്‍വ്വകാലം നമുക്കുണ്ട്‌. നവോത്ഥാന ഘട്ടത്തിണ്റ്റെ പരിണതിയായ ആ മൈത്രീ ഭാവത്തിന്‌ ഇന്നു മങ്ങലേല്‍ക്കുന്നുണ്ടോ എന്നു സംശയിക്കണം. ജൈവസംഋദ്ധി കൊണ്ടും സുഹൃദ്മനസ്സുകൊണ്ടും സമ്പന്നമായ കേരളമാണ്‌ ലോകത്തിനു മുന്നില്‍ മാതൃകാസ്ഥാനമായത്‌. കേരളത്തിണ്റ്റെ ആവാസവ്യവസ്ഥ എല്ലാ ജീവജാലങ്ങള്‍ക്കും സമ്പന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്‌. പുതുതലമുറയ്ക്കായി ഞങ്ങള്‍ കാത്തു സംരക്ഷിച്ച്‌ നല്‍കേണ്ടതുമാണത്‌. അത്‌ നഷ്ട്ടപ്പെടുമ്പോള്‍ തടയാനും പുനര്‍ നിര്‍മ്മിക്കാനും യുവാക്കള്‍ മുന്നോട്ട്‌ വരുന്നത്‌ കാണുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. ഡി വൈ എഫ്‌ ഐ യുടെ ഇത്തരം ക്രീയാത്മകവും സര്‍ഗ്ഗപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍വ്വ പിന്തുണയും ഭാവുകങ്ങളും നേരുന്നു."

ദേവകി നിലയങ്ങോട്‌
തൃശൂറ്‍



"കേരളത്തിലെ യുവാക്കള്‍ അതീവ ജാഗ്രതയോടെ ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ട സന്ദര്‍ഭമാണിത്‌. നവോത്ഥാനത്തിണ്റ്റെ ഭാഗമായി നമ്മുടെ സമൂഹം ഒരു പരിധിവരെയെങ്കിലും ഉപേക്ഷിച്ച ജാതി ചിന്തകളും അന്ധവിശ്വാസങ്ങളും കൂടുതല്‍ ശക്തിയോടെ തിരിച്ച്‌ വരുന്ന കാലമാണിത്‌. സമൂഹത്തില്‍ സാഹിത്യത്തിനും മറ്റു കലകള്‍ക്കുമുള്ള പ്രസക്തിയും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അരാഷ്ട്രീയവത്കരണത്തിണ്റ്റെ അപകടകരമായ ദു:സൂചനകള്‍ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ ശ്ക്തിയായി മുന്നോട്ട്‌ വരുന്നുണ്ട്‌. കേരളീയ നവോത്ഥാനത്തിനും ഇടതുപക്ഷചിന്തയുടെ ഫലമായുണ്ടായ സാമൂഹിക രാഷ്ട്രീയ അവബോധത്തിനും കാര്യമായ പോറലുകള്‍ ഏല്‍പിക്കാന്‍ കച്ചവടമുതലാളിത്തതിണ്റ്റെ ആഘോഷങ്ങള്‍ക്ക്‌ കഴിയുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിച്ചുകൂടാ. ഈ അവസരത്തില്‍ കേരളത്തിലെ യുവാക്കള്‍ കൂടുതല്‍ ജാഗരൂകരായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡടലങ്ങളില്‍ ഇടപെടേണ്ടതുണ്ട്‌. അതുകൊണ്ട്‌ തന്നെ ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിനെ ഏറെ പ്രതീക്ഷയോടെയാണ്‌ നോക്കി കാണുന്നത്‌. യൂത്ത്‌ മാര്‍ച്ചിന്‌ എല്ലാ ആശംസകളും നേരുന്നു"

ടി ഡി രാമകൃഷ്ണന്‍



" യുവത്വമേ യുവത്വമേ യുവത്വമേ
മനുഷ്യശക്തിതന്‍ പ്രഭാതവായുവാണു നീ
അഴുക്കിലാണ്ട ഭൂമിയില്‍
സുഗന്ധവാഹിയാക നീ
വിയര്‍ത്ത ജീവിതങ്ങളില്‍
തണുത്ത തൂവലാക നീ
തിരുത്തലാണു യൌവനം
വിടര്‍ത്തലാണു യൌവനം
എതിര്‍പ്പുമാണുയര്‍പ്പുമാണു-
ണര്‍ച്ചയാണു യൌവനം
യുവത്വമേ യുവത്വമേ യുവത്വമേ
പ്രപഞ്ച ശക്തിതന്‍ യഥാറ്‍ത്ഥ ജീവവേഗമേ
ഇരുട്ടിലാണ്ട നന്‍മയില്‍ വെളിച്ചമായ്‌ പതിക്കുക
സഹോദരത്വമെന്ന സത്യ ഗീതകം മുഴക്കുക
സമത്വമെന്ന സ്വപ്നമുള്ളില്‍ അമ്പുപോല്‍ തൊടുക്കുക
മര്‍ദ്ദിതര്‍ക്കു ഉയര്‍ത്തെണീക്കുവാന്‍ കരം കൊടുക്കുക
യുവത്വമേ യുവത്വമേ യുവത്വമേ
ഭൂമിയെ പുതയ്ക്കുവാന്‍ നയിക്കുവാന്‍ വിയര്‍ക്കുക "

റഫീക്ക്‌ അഹമ്മദ്‌



"ഡി വൈ എഫ്‌ ഐ യുടെ സമരജാഥ എല്ലാ പുതിയകാല കറുത്ത രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ ക്കുമെതിരെയാകുന്നു. എക്കാലത്തും മനുഷ്യപക്ഷത്തിണ്റ്റെ സമരമുഖങ്ങള്‍ക്ക്‌ മുന്നില്‍ നിന്നിട്ടുള്ള സി. പി. എം. അതിണ്റ്റെ യുവജനസംഘടനയും ഏറെ പ്രതീക്ഷയാണ്‌ ഇന്നത്തെ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ഈ സമരജാഥയും ഏറെ പ്രതീക്ഷയും പ്രത്യാശയും കേരളത്തിലെ സാംസ്കാരിക ലോകത്തിനും ജനങ്ങള്‍ക്കും നല്‍കുന്നു. മണ്‍മറഞ്ഞ നമ്മുടെ മഹാത്യാഗികളായ മഹാന്‍മാര്‍ ചെയ്ത സമരമാര്‍ഗ്ഗങ്ങള്‍ ഡി വൈ എഫ്‌ ഐ യുടെ ഈ സമരജാഥയെ അനുസ്മരിപ്പിക്കുന്നു"
എല്ലാവിധ ആശംസകളും
സെബാസ്റ്റ്യന്‍
(കവി)



"നവോത്ഥാന കേരളം വീണ്ടും ഭ്രാന്താലയമാവുകയാണ്‌. ഇരുട്ടിണ്റ്റെ കോട്ടവാതിലുകള്‍ ജീവിതസമരം കൊണ്ട്‌ മുട്ടിതുറന്ന്‌ വെളിച്ചത്തിണ്റ്റെ ഒറ്റയടിപ്പാതകള്‍ തീര്‍ക്കാന്‍ കേരളത്തിലെ പൊരുതുന്ന യുവജനപ്രസ്ത്ഥാനം ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിന്‌ അഭിവാദ്യങ്ങള്‍. മാര്‍ച്ചിണ്റ്റെ സന്ദേശങ്ങള്‍ കേരള സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കട്ടെ."

ഏങ്ങണ്ടിയൂറ്‍ ചന്ദ്രശേഖരന്‍
(കവി)



Read More

ഒരുമയുടെ സന്ദേശവുമായി യൂത്ത്മാര്‍ച്ച്

"ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നടത്തുന്ന യൂത്ത് മാര്‍ച്ചിന് പാലക്കാട് ജില്ലയിലേക്ക് ഹൃദ്യമായ വരവേല്‍പ്പ്. കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങള്‍ തകര്‍ത്ത് ജനങ്ങളെ ജാതീയവും മതപരവുമായി ഭിന്നിപ്പിക്കുന്ന പ്രതിലോമശക്തികള്‍ക്കെതിരെ മതേതരസന്ദേശമുയര്‍ത്തി പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്യുന്ന മാര്‍ച്ചിനെ ജില്ലാ അതിര്‍ത്തിയായ വിളയൂരില്‍ വ്യാഴാഴ്ച വൈകിട്ട് യുവജനങ്ങളും വര്‍ഗബഹുജനസംഘടനകളും സാംസ്കാരികപ്രവര്‍ത്തകരുമടക്കം ആയിരങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയെയും പ്രസിഡന്റ് എം സ്വരാജിനെയും സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുഭാഷ്ചന്ദ്രബോസും ഹാരമണിയിച്ച് പാലക്കാടന്‍ മണ്ണിലേക്ക് വരവേറ്റു. നാലിന് കാസര്‍കോട്ടുനിന്ന് പ്രയാണം ആരംഭിച്ച മാര്‍ച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയശേഷമാണ് നവോത്ഥാനായകരുടെ കര്‍മഭൂമിയായ വള്ളുവനാട്ടിലേക്ക് പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായ പുലാമന്തോള്‍പാലം വ്യാഴാഴ്ച വൈകിട്ടോടെ വാദ്യഘോഷങ്ങളുടെയും നാടന്‍കലകളുടെയും സംഗമഭൂമിയായി മാറി. ശുഭ്രപാതകയുമായി നൂറുകണക്കിന് യുവജനങ്ങള്‍ നാടിന്റെ നന്മകള്‍ കാക്കാന്‍ ബാധ്യസ്ഥരെന്ന് പ്രഖ്യാപിച്ച്, വാദ്യസംഗീതവും വെടിമരുന്നും പ്രകമ്പനംസൃഷ്ടിച്ച വഴികളിലൂടെ മുന്നേറി. വിളയൂരിന്റെ അനശ്വരരക്തസാക്ഷി സെയ്താലിക്കുട്ടിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രയാണംതുടര്‍ന്നത്. കൊപ്പം ആര്യ പള്ളം നഗറിലായിരുന്നു ജാഥയ്ക്ക് ആദ്യസ്വീകരണം. പി കെ ബിജു എംപി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ കൊപ്പത്തുനിന്ന് പര്യടനമാരംഭിക്കുന്ന മാര്‍ച്ചിന് പകല്‍ 11ന് പട്ടാമ്പിയിലും 12.30ന് ഓങ്ങല്ലൂരിലും സ്വീകരണം നല്‍കും. വൈകിട്ട് അഞ്ചിന് കുളപ്പുള്ളിയിലാണ് ജില്ലയിലെ സമാപനയോഗം. ശനിയാഴ്ച തൃശൂര്‍ ജില്ലയിലേക്കു പ്രവേശിക്കും.
Read More

2013 ജനുവരി 17, വ്യാഴാഴ്‌ച

യൂത്ത് മാര്‍ച്ചിനൊപ്പം നാടൊന്നാകെ

ജാതിചിന്തക്കും മതാന്ധതക്കുമെതിരായ രണ്ടാം നവോത്ഥാന പോരാട്ടത്തിന് ഏറനാടിന്റെ അകമഴിഞ്ഞ പിന്തുണ. നക്ഷത്രാങ്കിത ശുഭ്രപതാകയേന്തി തിരമാല കണക്കെ ആര്‍ത്തിരമ്പിയെത്തിയത് പതിനായിരങ്ങള്‍. കടന്നുപോയ വഴികളില്‍ ഐക്യദാര്‍ഢ്യവുമായി അഭിവാദ്യമര്‍പ്പിക്കാനെത്തിയത് പ്രായഭേദമെന്യെയുള്ള ജനസഞ്ചയം. കേരളം കാത്തിരുന്ന ചരിത്ര മുന്നേറ്റത്തിന് യുഗപ്രഭാവനായ ഇ എം എസിന്റെ ജന്മനാട്ടില്‍ യൂത്ത്മാര്‍ച്ചിന് ആവേശോജ്വല സ്വീകരണമാണ് മൂന്നുദിവസങ്ങളിലായി നല്‍കിയത്.

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിനെ വരവേല്‍ക്കാന്‍ സ്വീകരണകേന്ദ്രങ്ങളില്‍ വന്‍ ജനാവലി ഒഴുകിയെത്തി. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം സുനിദേവയുടെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനമേള സ്വീകരണകേന്ദ്രങ്ങളെ സംഗീതസാന്ദ്രമാക്കി. വിവിധ കേന്ദ്രങ്ങളില്‍ മുത്തുക്കുടയും വെടിക്കെട്ടും പഞ്ചാരിമേളവുമായി ഉത്സവാന്തരീക്ഷത്തിലാണ് ജാഥയെ വരവേറ്റത്. ബുധനാഴ്ച രാവിലെ മഞ്ചേരിയില്‍നിന്ന് പ്രയാണം ആരംഭിച്ച മാര്‍ച്ചിന് ആനക്കയം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി നഗറിലായിരുന്നു ആദ്യ സ്വീകരണം.

മങ്കടയിലും തിരൂര്‍ക്കാടും സ്വീകരണമേറ്റുവാങ്ങിയശേഷം പെരിന്തല്‍മണ്ണയില്‍ മൂന്നാംദിനത്തിലെ പര്യടനം സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, ജാഥാ മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ പി ജി സുബിദാസ്, പി പി ദിവ്യ, എ എം റഷീദ്, പി കെ അബ്ദുള്ള നവാസ് എന്നിവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണയിലെ സമാപന പൊതുയോഗം സാംസ്കാരിക പ്രവര്‍ത്തകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് രാവിലെ 10.30ന് ചെറുകര ചെറുകാട് നഗറിലും പകല്‍ ഒന്നിന് കട്ടുപ്പാറയിലും സ്വീകരണംനല്‍കും. വൈകിട്ട് നാലിന് പുലാമന്തോളിലെ സ്വീകരണത്തോടെ മാര്‍ച്ച് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും. വൈകിട്ട് കൊപ്പത്താണ് ആദ്യ സ്വീകരണം.
Read More

2013 ജനുവരി 15, ചൊവ്വാഴ്ച

പുതിയ ചരിത്രമായി യൂത്ത് മാര്‍ച്ച് മുന്നേറുന്നു

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും നവോത്ഥാന വിവേകവും കാത്തുസൂക്ഷിക്കണമെന്ന് വിളിച്ച് പറഞ്ഞ് മുന്നേറുന്ന യൂത്ത് മാര്‍ച്ചിന് മലപ്പുറം ജില്ലയില്‍ ഉജ്വല സ്വീകരണം. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ചിനെ വരവേല്‍ക്കാന്‍ യുവജനതയ്ക്കൊപ്പം ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും പഴയതലമുറയും ഒഴുകിയെത്തി. ആവേശോജ്വല സ്വീകരണങ്ങളേറ്റുവാങ്ങിയാണ് യൂത്ത് മാര്‍ച്ച് ഓരോ സ്വീകരണ കേന്ദ്രങ്ങളും പിന്നിടുന്നത്. യുത്ത് മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് രണ്ടാം ദിനമായ ചൊവ്വാഴ്ചയും പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. കത്തുന്ന സൂര്യന്റെ പൊള്ളുന്ന ചൂട് കൂസാതെയാണ് യുവജന മാര്‍ച്ചില്‍ പങ്കാളികളാവാനും അഭിവാദ്യമര്‍പ്പിക്കാനും ആയിരങ്ങള്‍ വഴിയോരങ്ങളിലേക്കൊഴുകിയത്. ചൊവ്വാഴ്ച രാവിലെ പുളിക്കലില്‍നിന്ന് പ്രയാണമാരംഭിച്ച മാര്‍ച്ചിന് ആദ്യ സ്വീകരണമൊരുക്കിയത് കൊണ്ടോട്ടിയിലായിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മക്തിതങ്ങളുടെ നാമധേയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്കാണ് മാര്‍ച്ചിനെ സ്വീകരിച്ചാനയിച്ചത്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം സുനിദേവയുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ ഗാനമേളയും ഡിവൈഎഫ്ഐ കുഴിമണ്ണ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലസംഘം കൂട്ടുകാരുടെ ഒപ്പനയും സ്വീകരണ കേന്ദ്രത്തില്‍ ഉത്സവാന്തരീക്ഷം തീര്‍ത്തു. മുത്തുക്കുടയും ചെണ്ടമേളവും വെടിക്കെട്ടും സ്വീകരണത്തിന് മിഴിവേകി. കൊണ്ടോട്ടിയിലെ സ്വീകരണത്തില്‍ പാറപ്പുറം അബ്ദുറഹിമാന്‍ അധ്യക്ഷനായി. ചാര്‍ളി കബീര്‍ദാസ് സ്വാഗതവും കെ ടി റഫീഖലി തങ്ങള്‍ നന്ദിയും പറഞ്ഞു.യുവജനങ്ങള്‍ അണിനിരന്ന പ്രകടനത്തോടെയാണ് സമാപന കേന്ദ്രമായ മഞ്ചേരിയിലേക്ക് ജാഥ പ്രവേശിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതിന് മഞ്ചേരിയില്‍നിന്ന് പ്രയാണം തുടങ്ങി വൈകിട്ട് ആറിന് പെരിന്തല്‍മണ്ണ ഇ എം എസ് നഗറില്‍ സമാപിക്കും.
Read More

2013 ജനുവരി 14, തിങ്കളാഴ്‌ച

ജനപ്രവാഹമായി യൂത്ത്‌ മാര്‍ച്ച്‌

ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ച് ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ചിന് വൈകിട്ട് നാലിന് ഐക്കരപ്പടിയിലാണ് ആദ്യ സ്വീകരണം. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കുന്ന മാര്‍ച്ച് ആദ്യദിനം വൈകിട്ട് ആറിന് മോയിന്‍കുട്ടി വൈദ്യര്‍ നഗരിയില്‍ (പുളിക്കല്‍) സമാപിക്കും. സമാപനയോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, കെ ടി ജലീല്‍ എംഎല്‍എ, ആര്‍ കെ മലയത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
Read More

2013 ജനുവരി 13, ഞായറാഴ്‌ച

യൂത്ത്മാര്‍ച്ച് ഇന്ന് മലപ്പുറം ജില്ലയില്‍

മാനവമോചനത്തിനായുള്ള പുതിയപോരാട്ടങ്ങളില്‍ വര്‍ഗഐക്യത്തിന്റെ കൊടിക്കൂറയേന്തി മുന്നേറാനുള്ള ആഹ്വാനവുമായി യൂത്ത്മാര്‍ച്ച് കോഴിക്കോട് നഗരത്തിലെത്തി. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും വര്‍ഗീയവിരുദ്ധസമരങ്ങളുടെയും ഉജ്വലഭൂമികയായ മലബാറിന്റെ ആസ്ഥാനഗരി യുവസമരനായകരെ ആവേശപൂര്‍വം അഭിവാദ്യംചെയ്തു. ജാതിയും മതവും വേര്‍തിരിക്കാത്ത പുതിയൊരു സമുദായ രൂപീകരണത്തിനായി മുന്നേറുന്നവര്‍ക്ക് ഹൃദയാഭിവാദനവുമായി കോഴിക്കോടിന്റെ തെരുവോരങ്ങളില്‍ യുവസാഗരം ഇരമ്പിയാര്‍ത്തു. "ജാതി രഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് കോഴിക്കോട് ജില്ലയിലെ ആവേശോജ്വലമായ പര്യടനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകിട്ട് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയുടെ ദേശീയപാതയോരങ്ങളിലൂടെ പുതുവെളിച്ചം വിതറിയാണ് യൂത്ത് മാര്‍ച്ച് കടന്നുപോയത്. ഞായറാഴ്ച രാവിലെ കൊയിലാണ്ടിയില്‍നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. വൈകിട്ട് കോഴിക്കോട്ട് സമാപിച്ചു. സ്ത്രീകളും പ്രായമായവരുമടക്കം ആയിരങ്ങള്‍ മാര്‍ച്ചിനെ സ്വീകരിക്കാനെത്തി. ഞായറാഴ്ച അവധിദിനമായതിനാല്‍ കുടുംബ സമേതമാണ് ബഹുജനങ്ങള്‍ മാര്‍ച്ച് കാണാനും അഭിവാദ്യമര്‍പ്പിക്കാനുമായി പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. സേലം രക്തസാക്ഷി ഗോപാലന്‍കുട്ടിയുടെ നാടായ പൊയില്‍കാവിലായിരുന്നു ആദ്യസ്വീകരണം. ഇവിടെ ഉത്സവഛായ പകര്‍ന്ന അന്തരീക്ഷത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. കോല്‍ക്കളി, ചെണ്ടമേളം, വെടിക്കെട്ട് തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ജാഥാക്യാപ്റ്റന്മാരായ ടി വി രാജേഷിനെയും എം സ്വരാജിനെയും സ്വീകരിച്ചത്. പൂക്കാട് വഴി തിരുവങ്ങൂരിലെ വി ടി ഭട്ടതിരിപ്പാട് നഗറില്‍ എത്തുമ്പോള്‍ മുത്തുക്കുടകളും ചെണ്ടമേളവും ബാന്‍ഡ് വാദ്യവും പതാകയുമേന്തി നൂറുകണക്കിന് പേര്‍ മാര്‍ച്ചിന് ഉജ്വലമായ അഭിവാദ്യമര്‍പ്പിച്ചു. പരിപാടി പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര ഉദ്ഘാടനംചെയ്തു. നവോത്ഥാന നേതാക്കളുടെ ഛായാചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും പ്രവര്‍ത്തകര്‍ കൈകളിലേന്തി ചരിത്രം മാറ്റിയെഴുതിയ ധീരദേശാഭിമാനികള്‍ക്ക് പ്രണാമമര്‍പ്പിച്ചു. മലബാറിന്റെ സാംസ്കാരിക പൈതൃകവും കലാ പാരമ്പര്യവും വിളിച്ചോതുന്ന നിരവധി ചരിത്രസ്മാരകങ്ങള്‍ നിലനില്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണിലേക്ക് മാര്‍ച്ചിനെ നൂറുകണക്കിനാളുകള്‍ സ്വാഗതംചെയ്തു. തുടര്‍ന്ന് ഇംഗ്ലീഷ് പള്ളിക്ക് സമീപം മാര്‍ച്ചിനെ നഗരഹൃദയത്തിലേക്ക് കൈപിടിച്ചാനയിച്ചു. പിന്നീട് കോഴിക്കോട് മുതലക്കുളത്ത് ഞായറാഴ്ചത്തെ പര്യടനം പൂര്‍ത്തിയാക്കി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, കെ ജയദേവന്‍, ഒ രതി, എന്‍ അനൂപ്, പി കെ അബ്ദുള്‍ നവാസ്, പ്രകാശന്‍, ജയിംസ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് സമാപനയാഗം അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു.
Read More

നാടുണര്‍ത്തി യൂത്ത്മാര്‍ച്ച് മുന്നോട്ട്

ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത്മാര്‍ച്ച് ജനപദങ്ങളെ ഇളക്കിമറിച്ച് മുന്നോട്ട്. സംസ്ഥാന സെക്രട്ടറി ടി വി രാജേഷും സംസ്ഥാന പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ചിന് കോഴിക്കോട് ജില്ലയില്‍ രണ്ടാംനാള്‍ ലഭിച്ച സ്വീകരണവും ജനമുന്നേറ്റം വിളംബരം ചെയ്യുന്നതായി. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ പോരാടി വീരമൃത്യുവരിച്ച കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍, ദേശീയ സ്വാതന്ത്ര്യസമരത്തിനും നവോത്ഥാനത്തിനുമായി പോരാടിയ കെ കേളപ്പന്‍, സി കെ ഗോവിന്ദന്‍നായര്‍, സാഹിത്യകാരന്‍ തിക്കോടിയന്‍, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ അമരക്കാരനായ എം കുട്ടികൃഷ്ണന്‍ എന്നിവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെയായിരുന്നു രണ്ടാം ദിവസത്തെ പര്യടനം. ശനിയാഴ്ച രാവിലെ വടകരയില്‍നിന്നാണ് മാര്‍ച്ച് പ്രയാണം ആരംഭിച്ചത്. ആദ്യസ്വീകരണ കേന്ദ്രം മൂരാടായിരുന്നു. പയ്യോളി, തിക്കോടി, മൂടാടി, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൊയിലാണ്ടിയില്‍ സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, കെ ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ജില്ലയില്‍ പര്യടനം നടത്തുന്ന മാര്‍ച്ച് തിങ്കളാഴ്ച വൈകിട്ട് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.
Read More

2013 ജനുവരി 12, ശനിയാഴ്‌ച

കടത്തനാടിനെ ഇളക്കിമറിച്ച് യൂത്ത് മാര്‍ച്ച്

യൗവനമുന്നേറ്റത്തില്‍ യൂത്ത് മാര്‍ച്ച് കടത്തനാടിനെ ഇളക്കിമറിച്ചു. തൂവെള്ള വസ്ത്രം ധരിച്ച് ശുഭ്രപതാകയേന്തി അച്ചടക്കത്തോടെ മുന്നേറിയപ്പോള്‍ മാര്‍ച്ച് സമാനതകളില്ലാത്ത ചരിത്രമുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. നിരവധി പേരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം ദാസന് ജന്മമേകിയ ചോറോടിലൂടെയും ഒഞ്ചിയം രകതസാക്ഷികളുടെ സമരപൈതൃകം അലയടിക്കുന്ന മണ്ണിലൂടെയും ആര്‍എസ്എസ് നരാധമന്മാര്‍ അരും കൊലചെയ്ത പി കെ രമേശന്റെയും കുടികിടപ്പ് സമരത്തിന് പങ്കെടുത്തതിന് മുസ്ലീംപ്രമാണിമാര്‍ കശാപ്പ്ചെയ്ത വള്ളിക്കാട് വാസുവിന്റെയും ജന്മനാട്ടിലൂടെയായിരുന്നു ജില്ലയിലെ ആദ്യനാളത്തെ യാത്ര. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ത്ത് ഫ്യൂഡലിസത്തിന്റെ കരാളമായ ആചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പേരാടി, ഐശ്വര്യപൂര്‍ണമായ കേരളത്തിന്റെ പതാകവാഹകരാകുമെന്ന് യൂത്ത് മാര്‍ച്ചില്‍ പങ്കെടുത്ത ആയിരങ്ങള്‍ പ്രഖ്യാപിച്ചു. 

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയ മാര്‍ച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെയും നവോത്ഥാനത്തിന്റെയും വിളഭൂമിയിലെത്തിയത്. ചുട്ടുപൊള്ളുന്ന വെയിലിനെ കൂസാതെ മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ഓരോ സ്വീകരണകേന്ദ്രങ്ങളിലും ആയിരങ്ങളാണ് കാല്‍നടയായി ഒഴുകിയെത്തിയത്. രക്തസാക്ഷി കുടുംബാംഗങ്ങളുടെയും ത്യാഗധനരരായ പഴയകാല പ്രവര്‍ത്തകകരുടെയും സാന്നിധ്യം മാര്‍ച്ചിനെ വികാര നിര്‍ഭരമാക്കി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും, പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിന് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ ആവേശോജ്വല സ്വീകരണമാണ് നല്‍കിയത്. ബാന്റ് വാദ്യങ്ങളുടെയും വനിതകളുടെ ശിങ്കാരിമേളത്തോടെയും ചെണ്ടമേളത്തോടെയുമാണ് വരവേറ്റത്. മുത്തുകുടകളേന്തിയും പടക്കംപൊട്ടിച്ചും ബാലസംഘം കൂട്ടുകാര്‍ പൂക്കള്‍ വിതറിയും മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചു. ഡിവൈഎഫ്ഐയുടെ ആദ്യയൂത്ത്മാര്‍ച്ചിലെ അംഗങ്ങളായിരുന്ന പി വിശ്വന്റെയും കെ കെ ലതികയുടെയും സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. തുടര്‍ന്ന് നാദാപുരം റോഡിലായിരുന്നു ആദ്യസ്വീകരണം. സിപിഐ എം ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദന്‍, എ സനൂജ്, കെ പി പ്രീജിത് കുമാര്‍, കെ കെ കുമാരന്‍, കെ കെ കൃഷ്ണന്‍, പി ശ്രീധരന്‍, പുന്നേരി ചന്ദ്രന്‍, കെ എസ് പ്രേമകുമാരി, എ കെ ഷിനില്‍, എന്‍ നിധിന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ വരവേറ്റു. വാഗ്ഭടാനന്ദന്‍ നഗറില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ ആര്‍ ഗോപാലന്‍ അധ്യക്ഷനായി. വി ജിനീഷ് സ്വാഗതം പറഞ്ഞു. സ്വീകരണത്തിനുശേഷം ജാഥാംഗങ്ങള്‍ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കൈനാട്ടിയിലെ എം ദാസന്‍ നഗറിലായിരുന്നു സ്വീകരണം. സ്വാഗതസംഘം ചെയര്‍മാന്‍ പി പി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. എന്‍ ടി ഷാജി സ്വാഗതം പറഞ്ഞു. രാത്രി എട്ടോടെയാണ് മാര്‍ച്ച് വടകര കോട്ടപറമ്പില്‍ സജ്ജമാക്കിയ കേളുഏട്ടന്‍ നഗറിലെത്തിയത്. മാര്‍ച്ച് എത്തുന്നതിന് മണികൂറുകള്‍ക്കുമുമ്പേ കോട്ടപറമ്പ് നിറഞ്ഞുകവിഞ്ഞു. സമീപകാലത്തൊന്നും കാണാത്തജനസഞ്ചയത്തിനാണ് സാക്ഷ്യം വഹിച്ചത്. 

സിപിഐ എമ്മിന്റെ തലമുതിര്‍ന്ന നേതാവ് എം കേളപ്പന്‍, ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മത് കുട്ടി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പി പി രഞ്ജിനി, കടത്തനാട്ട് നാരായണന്‍, ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളായ സി എച്ച് നാണു, ടി കെ ബാലന്‍ നായര്‍, ആര്‍ ബി കുറുപ്പ്, ടി കെ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വരവേറ്റു. സ്വാഗതസംഘം ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. പി ടി കെ രാജീവന്‍ സ്വാഗതവും സി എം ഷാജി നന്ദിയും പറഞ്ഞു. ജാഥ ശനിയാഴ്ച രാവിലെ ഒമ്പതിന് വടകരയില്‍ നിന്നും പ്രയാണമാരംഭിക്കും. 10.30ന് മൂരാട്, 11.30 പയ്യോളി, 12.30 തിക്കോടി, 4 മണി മൂടാടി, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഉജ്വലറാലിയോടെ കൊയിലാണ്ടിയില്‍ സമാപിക്കും. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, കെ ജയദേവന്‍, ഷനോജ് എന്നിവര്‍ സംസാരിച്ചു. സി അശ്വിനീദേവിന്റെ നേതൃത്വത്തിലുള്ള ഗായകസംഘവും മാര്‍ച്ചിനൊപ്പമുണ്ടായി.
Read More

ആവേശജ്വാലയായി യൂത്ത്മാര്‍ച്ച് പ്രയാണം

പോരാടുന്ന സര്‍ഗയൗവനത്തിന് സമരാഗ്നി നിറച്ച് യൂത്ത് മാര്‍ച്ച് കോഴിക്കോടിന്റെ ഹൃദയഭൂമിയില്‍. കേരളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനുള്ള യുവതയുടെ പ്രതിരോധത്തിന് ചരിത്രമുറങ്ങുന്ന ഒഞ്ചിയത്തും കടത്തനാട്ടിലും ഹൃദ്യമായ വരവേല്‍പ്പ്. നവോത്ഥാനത്തിന് വിത്തുപാകിയ വാഗ്ഭടാനന്ദനും മണ്ടോടി കണ്ണനുള്‍പ്പടെയുള്ള ഒഞ്ചിയം രക്തസാക്ഷികളും ജനനേതാക്കളും ഉഴുതുമറിച്ച മണ്ണിലൂടെയായിരുന്നു ആദ്യദിവസത്തെ പര്യടനം. കര്‍ഷക-കമ്യൂണിസ്റ്റ്-യുവജന പ്രസ്ഥാനത്തിന്റെ പ്രിയ നേതാക്കളായ കേളുഏട്ടന്‍, യു കുഞ്ഞിരാമന്‍, എം ദാസന്‍ തുടങ്ങിയവരുടെ ജന്മദേശങ്ങളിലൂടെയായിരുന്നു മാര്‍ച്ച്.

സംസ്ഥാന പാതയിലൂടെ കടന്നുവന്ന മാര്‍ച്ചിന് ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും സംസ്ഥാന പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സംസ്ഥാനകമ്മിറ്റി അംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ഭാസ്കരന്‍, പി വിശ്വന്‍, സി ഭാസ്കരന്‍, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി എം ഗിരീഷ്, ജില്ലാ പ്രസിഡന്റ് കെ കെ ഹനീഫ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് തുടങ്ങി വിവിധ വര്‍ഗ-ബഹുജന സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വരവേറ്റു.

രക്തസാക്ഷി കുടുംബാംഗങ്ങളുടെയും ത്യാഗധനരായ പഴയകാല പ്രവര്‍ത്തകരുടെയും സാന്നിധ്യം മാര്‍ച്ചിനെ വികാര നിര്‍ഭരമാക്കി. ജാഥ തിങ്കളാഴ്ച വൈകീട്ട് മലപ്പുറം ജില്ലയിലെത്തും. കൊടും വെയിലിനെ അവഗണിച്ച് ആയിരങ്ങളാണ് മാര്‍ച്ചിനൊപ്പം അണിനിരന്നത്. നാദാപുരം റോഡിലായിരുന്നു ആദ്യസ്വീകരണം. തുടര്‍ന്ന് ജാഥാംഗങ്ങള്‍ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. കൈനാട്ടിയിലെ സ്വീകരണത്തിനുശേഷം വന്‍ റാലിയോടെ വടകരയില്‍ സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, എ എ റഹീം, പി ജി സുബിദാസ്, കെ ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.
Read More

2013 ജനുവരി 9, ബുധനാഴ്‌ച

വാര്‍ത്താസമ്മേളനം

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷും, പ്രസിഡന്റ് എം.സ്വരാജും നടത്തുന്ന വാര്‍ത്താസമ്മേളനം

'ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജനുവരി 4 ന് കാസര്‍കോട് നിന്നും ഉദ്ഘാടനം ചെയ്യപ്പെടുന്ന മാര്‍ച്ച് ഫെബ്രുവരി 4 ന് തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. സമാപനത്തോടനുബന്ധിച്ച്  ഒരു ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന റാലി നടക്കും. യൂത്ത് മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എയും പ്രസിഡന്റ് എം.സ്വരാജും നേതൃത്വം നല്‍കും. ജനുവരി 4 ന് വൈകിട്ട് 4 മണിക്ക് കാസര്‍ഗോഡ് വെച്ച് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി യൂത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി.രാജേഷ് പങ്കെടുക്കും. 32 ദിവസം നീണ്ടുനില്‍ക്കുന്ന യൂത്ത് മാര്‍ച്ചില്‍ ഒരേ സമയം 2000 യുവജനങ്ങള്‍ അണിനിരക്കും. 12 ജില്ലകളിലൂടെ യൂത്ത് മാര്‍ച്ച് കടന്നുപോകും. ഇടുക്കി, വയനാട് ജില്ലകളില്‍ അനുബന്ധയൂത്ത് മാര്‍ച്ചുകളാണ് പര്യടനം നടത്തുക.

നവോത്ഥാനം ഉഴുതുമറിച്ച കേരളത്തില്‍ സമീപകാലത്തായി ജാതീയതയും മതവര്‍ഗ്ഗീയതയും തലപൊക്കുകയാണ്. അപകടകരമാംവിധം ജാതി-വര്‍ഗ്ഗീയ ചിന്തകള്‍ സമൂഹത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. ജാതി-മത സാമുദായിക സംഘടനകള്‍ സംസ്ഥാനഭരണത്തില്‍ പരസ്യമായി ഇടപെടുകയും വിലപേശുകയും ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്നു.  അഞ്ചാം മന്ത്രി വിവാദവും, പച്ചക്കോട്ടും പര്‍ദ്ദയും നിര്‍ബന്ധമാക്കുന്ന താലിബാന്‍ നീക്കങ്ങളും, സര്‍വകലാശാല ഭൂമി ലീഗ് നേതൃത്വം വീതംവെച്ചെടുക്കാന്‍ നടത്തിയ കള്ളക്കളികളും, കേരളീയ സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനാണ് സഹായിച്ചത്. മുസ്ളീംലീഗിന്റെ ഇത്തരം നടപടികള്‍  സമൂഹത്തില്‍ മതാടിസ്ഥാനത്തിലുള്ള ചേരിതിരിവ് സൃഷ്ടിക്കാനിടയാക്കി. തുടര്‍ന്ന് അഭ്യന്തരം, റവന്യൂ തുടങ്ങിയ പ്രധാന വകുപ്പുകളുടെ മന്ത്രിമാരായി ജാതിമാത്രം നോക്കി ആളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. മുസ്ളീം ലീഗിന് ബദലായി ഹിന്ദുലീഗ് രൂപീകരിക്കാനുള്ള നീക്കവും, തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനവുമെല്ലാം കേരളത്തെ അപകടകരമായ സ്ഥിതിയിലേക്കാണ് നയിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളുടെയും, മതഭ്രാന്തിന്റെയും നാടായി കേരളത്തെ മാറ്റാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല. ജാതിമത സാമുദായിക ശക്തികളുടെ നിയന്ത്രണത്തിന്‍ കീഴില്‍ മതേതര കേരളത്തിന് നിലനില്‍ക്കാനാവില്ല. നൈമിഷികമായ അധികാരം നിലനിര്‍ത്തുന്നതിനായി വര്‍ഗീയതയെയും, ജാതിമതസാമുദായിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യു.ഡി.എഫിന്റെ വര്‍ഗ്ഗീയ പ്രീണനനയത്തിന്റെ ഫലമായാണ് മുമ്പ് പൂന്തുറയിലും, വിഴിഞ്ഞത്തും, മാറാടുമൊക്കെ വര്‍ഗ്ഗീയ കലാപങ്ങളുണ്ടായത്. അധികാരത്തിലെത്താനും, നിലനിര്‍ത്താനും വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ ദുരന്തത്തിലേക്കാണ് തള്ളിവിടുന്നത്.

സാമുദായിക സംഘടനകള്‍ക്ക് പൊതു സമൂഹത്തിലും, മതത്തിന് രാഷ്ട്രീയത്തിലും ഒരു കടമയും നിര്‍വഹിക്കാനില്ല. മറിച്ചുള്ള എല്ലാ നീക്കങ്ങളും നാടിന്റെ ഭാവിയെക്കരുതി എതിര്‍ക്കപ്പെടേണ്ടതാണ്. ജാതി-മത വര്‍ഗ്ഗീയ ശക്തികളെയും ഇത്തരം ശക്തികളുമായി കൈകോര്‍ക്കുന്ന സംസ്ഥാന ഭരണത്തെയും തുറന്നുകാണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാന്‍ അത്യാവശ്യമാണ്. ജാതിസംഘടനകളുടെ വിലപേശലുകള്‍ക്കും വര്‍ഗീയവാദികളുടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കും, വര്‍ഗീയത വളര്‍ത്തുന്ന യു.ഡി.എഫ് സര്‍ക്കാരിനുമെതിരായ താക്കീതായിരിക്കും യൂത്ത് മാര്‍ച്ച്.

വാര്‍ത്താസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കെ.എസ്.സുനില്‍കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.എന്‍.ഷംസീര്‍ എന്നിവരും പങ്കെടുത്തു.
Read More

മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത

ഒന്ന്
'കുളിക്കാന്‍ കുളം, ഉണ്ണാന്‍ ഊട്ടുപുര, ചേക്കേറാന്‍ മണിയറ- ഇത്രയുമായാല്‍ നമ്പൂതിരി പരമസംതൃപ്തനായി. ചതുരംഗം, ശീട്ടുകളി, സമസ്യാപുരാണം, അക്ഷരശ്ളോകമത്സരം, ഓത്തൂട്ട്. എട്ടുവാരം, കൂത്ത്. കൂടിയാട്ടം, ആട്ടക്കഥപത്മനാഭസ്വാമീക്ഷേത്രത്തില്‍ ഒരു മുറജപവും - അതാണ് പൂര്‍ണബ്രാഹ്മണ്യം.' ("വിടി ധര്‍മ്മനീതിയുടെ ശംഖധ്വനി: സി. ആര്‍. കേശവന്‍വൈദ്യര്‍,'' "വിടി ഒരു ഇതിഹാസം സമ്പാദകന്‍ പാലക്കീഴ്നാരായണന്‍'') മേല്‍ ചൊന്ന 'പൂര്‍ണ്ണബ്രാഹ്മണ്യ'ത്തെ പൊളിക്കുന്നതിനാണ് 'നമ്പൂതിരിയുവജന സംഖ്യം നേതൃത്വം നല്‍കിയത്.'

ആഢ്യത്വമെന്നാല്‍ അധ:പതനമാണെന്ന്, അതിന്റെ സവര്‍വസൌകര്യങ്ങളും അനുഭവിക്കുന്ന ജനാധിപത്യവാദികള്‍ക്ക്, സ്വന്തം ജീവിതത്തെ പ്രകാശവത്താകുംവിധം, അരനൂറ്റാണ്ടിനുമുമ്പ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. എന്നാലിന്നും ആഢ്യത്വത്തെ അപകടപ്പെടുത്തുന്ന പ്രാഥമിക ആശയങ്ങളെപ്പോലും വെച്ചുപൊറുപ്പിക്കാത്ത 'നവയാഥാസ്ഥിതികത്വ'മാണ് മാധ്യമങ്ങളില്‍ മേല്‍ക്കൈ സ്ഥാപിക്കുന്നത്......................

പാറശ്ശാലാഹോസ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കു ചിലപ്പോള്‍ സ്വാമിയുടെ വകയായി ഒരു സദ്യകൊടുക്കാറുണ്ട്. വിവിധ ജാതിമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. ഒരു തവണ സദ്യയ്ക്ക് എന്നെയും ആശ്രമാധികാരികള്‍ ക്ഷണിച്ചു. അക്കാലത്തെ സ്ഥിതിക്ക്, ഞാന്‍ ക്ഷണം സ്വീകരിക്കുമോ എന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. അന്നു മിശ്രഭോജനം അക്ഷന്തവ്യമായ ആചാരലംഘനമായിട്ടാണ് സവര്‍ണഹിന്ദുക്കള്‍ കരുതിയിരുന്നത്. ഒരു യാഥാസ്ഥിതിക കുടുംബബത്തില്‍ ജനിച്ചുവളര്‍ന്ന് അതുവരെ ലോകം കാണാത്തമട്ടില്‍ കഴിഞ്ഞുകൂടിയ എനിക്കും അല്പം ശങ്കതോന്നാതിരുന്നില്ല. എങ്കിലും ഒട്ടും മടിക്കാതെ ഞാന്‍ ഉണ്ണാന്‍ ചെന്നു. പറയന്‍, പുലയന്‍, നായര്‍, ഈഴവന്‍, ക്രിസ്ത്യാനി ഇങ്ങനെ ബ്രാഹ്മണരൊഴിച്ചെല്ലാവരും നിരന്നിരുന്ന പന്തിയില്‍ സ്വാമി അഗ്രാസനസ്ഥനായി. തൊട്ടടുത്തുതന്നെ എനിക്കും ഇലയിട്ടിരുന്നു. വിളമ്പുതുടങ്ങിയപ്പോള്‍ അദ്ദേഹം എന്നെനോക്കി തികഞ്ഞ ഗൌരവത്തോടെ 'പോയോ' എന്നുമാത്രം ചോദിച്ചു. എനിക്കൊരു പിടിയും കിട്ടിയില്ല. ഒന്നും മിണ്ടാതെ ഞാന്‍ അല്പമൊന്നമ്പരന്നു മിഴിച്ചിരുന്നുപോയി. അതുകണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ അദ്ദേഹം 'എല്ലാം പോയോ' എന്നു വീണ്ടും ചോദിച്ചു. അപ്പോഴേക്കും എന്നിലെങ്ങനെയോ ചോദ്യത്തിന്റെ പൊരുള്‍ തെളിഞ്ഞു. 'എല്ലാം പോയി സ്വാമി' എന്നു പതിഞ്ഞ സ്വരത്തില്‍ ഞാന്‍ വിനീതനായി അറിയിച്ചു. ജാതിസംബന്ധമായ ശങ്കയും വൈമനസ്യവുമെല്ലാം പോയോ എന്നായിരുന്നു ചോദ്യത്തിലെ ധ്വനി. പാരമ്പര്യത്തില്‍ കട്ടപിടിച്ചുകിടക്കുന്ന ജാതിക്കറ തീരെ മാഞ്ഞുപോകുക അന്ന് എളുപ്പമല്ലല്ലോ. എന്റെ ആദ്യത്തെ മിശ്രഭോജനമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ മഹനീയ സന്നിധാനത്തില്‍ അന്നു ഞാന്‍ ആദ്യമായി മനുഷ്യജാതിയെ കണ്ടെത്തി. (സ്മരണമഞ്ജരി: കുറ്റിപ്പുഴ കൃഷ്ണപ്പിള്ള)

മോര് വാങ്ങാന്‍ വരുന്നവര്‍ പാത്രവും കാശും പ്ളാവിന്‍ചോട്ടില്‍ വെച്ച് മാറിനില്‍ക്കും. മോരും കിണ്ടിയില്‍ വെള്ളവുമായി വരും. കാശിന്റെ മേല്‍ വെള്ളമൊഴിച്ച് കാശ് ശുദ്ധമാക്കും! ഒരു ദിവസം കേശവന്‍ കാശ് കയ്യില്‍ വാങ്ങി. 'അയ്യോ ചേച്ചീ, ഇത് കണ്ടോ', കണ്ടവരെല്ലാം അയ്യോ എന്ന് നിലവിളിച്ചു. 'മോര് കൊടുത്തേച്ച്, മോന്‍ കൊളത്തിച്ചെന്ന് ഒന്ന് മുങ്ങിപ്പോരണേ'(കാര്‍ത്ത്യായനിയമ്മ). 'ചെറുക്കന്‍ ഇനി വല്ലേരേം കൊന്നേച്ചുവന്നാ, ഈ അമ്മ ചിരിക്ക്യേള്ളൂ'. 'അവന്‍ കൊച്ചല്ലേ, അവന്‍ ആ കലം ഒന്നിങ്ങോട്ടെടുത്തോണ്ട് വന്നേന്, ആകാശം പൊട്ടിവീഴ്വൊറ്റെ ചെയ്യോ?' കുഞ്ഞിക്കുട്ടിയമ്മ ദൃഢസ്വരത്തില്‍ പറഞ്ഞു: 'പൊട്ടിവീഴും, അയിത്തോം ജാതീം ഇല്ലാണ്ടായാപ്പിന്നെ, ആകാശം പൊട്ടിവീഴാണ്ടിരിക്യോ.' 'വീഴാണെങ്കി, ഞാന്‍ താങ്ങി നിര്‍ത്തിക്കോളാം.' കാര്‍ത്ത്യായനിയമ്മ കൂസലില്ലാതെ പറഞ്ഞു.(എതിര്‍പ്പ്: പി കേശവദേവ്).

മേല്‍ സൂചിപ്പിച്ച രണ്ട് ചരിത്ര സംഭവങ്ങളും സവര്‍ണാധികാരം സ്വന്തം അന്തസ്സ് ദൃഢപ്പെടുത്താന്‍ സൃഷ്ടിച്ച "ജാതിസന്ദര്‍ഭങ്ങള്‍'' ആക്രമണ വിധേയമാകുന്നതിന്റെ വ്യത്യസ്താനുഭവങ്ങളാണ് യഥാക്രമം പങ്കുവെക്കുന്നത്. ഒന്നാമത്തേതില്‍ ജാതി പതുക്കെ മരിക്കുമ്പോള്‍ രണ്ടാമത്തേതില്‍ അതിന് പഴയതുപോലെ പ്രതാപത്തോടെ ജീവിക്കാനാവാതെവരും വിധം സന്ദര്‍ഭങ്ങള്‍ മാറുന്നതാണ് ആവിഷ്കൃതമാകുന്നത്.

ദയാനന്ദസരസ്വതി 'സത്യാര്‍ത്ഥ'പ്രകാശത്തില്‍ ഒരു യജമാനനെയും ഭൃത്യനെയും പരിചയപ്പെടുത്തുന്നുണ്ട്. 'ഹേ ഭൃത്യാ ത്വം സൈന്ധവമാനയ' എന്ന് യജമാനന്‍ ഭൃത്യനോടു പറയുന്നു. 'സൈന്ധവം' കൊണ്ടുവരാനാണ് ഭൃത്യനോട് യജമാനന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 'സൈന്ധവ'ത്തിന് 'ഉപ്പ്' എന്നും കുതിര എന്നും അര്‍ത്ഥമുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്താണെങ്കില്‍ ഉപ്പും, യാത്രയുടെ നേരത്താണെങ്കില്‍ കുതിരയെയുമാണ് കൊണ്ടുവരുന്നതെങ്കില്‍ ഭൃത്യന് സന്ദര്‍ഭജ്ഞാനമുണ്ടെന്നും, അതിന് വിരുദ്ധമായി, ഭക്ഷണസമയത്ത് കുതിരയേയും യാത്രയുടെ നേരത്ത് ഉപ്പും കൊണ്ട് വന്നാല്‍ അവന്‍ വെറും മൂഢനാണെന്നും അദ്ദേഹം വിവരിക്കുന്നു. പ്രത്യക്ഷത്തില്‍ ആര്‍ക്കും സമ്മതമാവും വിധമുള്ള ഒരു നിരുപദ്രവകരമായ വിവരണം തന്നെയാണിത്. എന്നാല്‍ യജമാന-ഭൃത്യ ബന്ധം കീഴ്മേല്‍ മറിയുന്നൊരു കാലത്ത്, ഈയൊരു വിവരണം വിണ്ടുകീറും. നിരന്തരം പീഡനമേല്‍ക്കുന്ന ഭൃത്യന്‍ സ്വന്തം വിമോചനം സ്വപ്നം കാണാന്‍ തുടങ്ങുമ്പോള്‍, യജമാനന്റെ സൌകര്യം ദൃഢുപ്പെടുത്തുന്ന ഒരു സന്ദര്‍ഭത്തോട്, ഭൃത്യനെപ്പോഴും 'സഹകരിച്ചുകൊള്ളണമെന്നില്ല'. അവന്‍ ഭക്ഷണസമയത്ത് കുതിരയെകൊണ്ടുവന്ന് സ്വന്തം പ്രതിഷേധം രേഖപ്പെടുത്തും. അതോടെ യജമാനന്‍ മൂഢനാകും! കീഴാളര്‍ എല്ലാകാലത്തും, അധികാരത്താല്‍ നല്‍കപ്പെട്ട സന്ദര്‍ഭങ്ങള്‍ക്കൊത്തവിധം, അധികാരം നിര്‍ദ്ദേശിക്കുംവിധം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരൊക്കെയും അതോടെ അസ്വസ്ഥരാകും.

1852-ല്‍ തന്നെ മമ്പുറം തങ്ങള്‍ ആചാരഭാഷയെ വെല്ലുവിളിക്കുന്നുണ്ട്. 'തിരുമേനി' എന്നു വിളിക്കരുതെന്നും ആരുടെയും ഉച്ചിഷ്ടം ഭക്ഷിക്കരുതെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന്നടിസ്ഥാനം 'ഇസ്ളാംമതം' ഉയര്‍ത്തിപ്പിടിക്കുന്ന 'തൌഹീദീല്‍' (ഏകദൈവവിശ്വാസത്തില്‍) കണ്ടെത്താന്‍ കഴിയും. 'പടച്ചതമ്പുരാനല്ലാതെ' വേറൊരു 'തമ്പുരാനുമില്ല' എന്ന് മതതത്വം തന്നെയാണ്, ഒരു സവിശേഷ സാമൂഹ്യ സന്ദര്‍ഭത്തില്‍ മമ്പുറം തങ്ങള്‍ അമര്‍ത്തി പറഞ്ഞത്. എന്നാല്‍, ഇതേകാര്യം, 1929ല്‍. നമ്പൂതിരി യുവജനസംഖ്യം പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും മതതത്വങ്ങളുടെ അടിസ്ഥാനത്തിലല്ല മറിച്ച് ആധുനിക ജനാധിപത്യ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. 1938 ല്‍  കര്‍ഷകസംഖ്യം 'ആചാര'ഭാഷയെന്ന 'അടിമഭാഷ'ക്കെതിരെ പ്രതികരിക്കാനാഹ്വാനം ചെയ്തത്, 'വര്‍ഗ്ഗകാഴ്ചപ്പാടിന്റെ' അടിസ്ഥാനത്തിലാണ്. അടിമത്തത്തിന്റെ അവശിഷ്ടങ്ങളെ 'ത്യജിക്കുന്നതില്‍' പരസ്പരം ഐക്യപ്പെടുമ്പോഴും അവര്‍ പ്രചോദനം കൊള്ളുന്നത് വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ നിന്നാണ്. കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവുമെന്ന' ഈ പുസ്തകത്തില്‍, പ്രധാനമായും 'സവവര്‍ണ്ണനവോത്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുതപഠനം ആവശ്യമാക്കുംവിധം, 'അവര്‍ണനവോത്ഥാനത്തെ' പരാമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. ആദിവാസി- മുസ്ളീം- ക്രിസ്ത്യന്‍ നവോത്ഥാനത്തെക്കുറിച്ച് അതുകൊണ്ട് തന്നെ ഇതില്‍ കാര്യമായ വിവരണങ്ങളൊന്നും നല്‍കിയിട്ടില്ല. അവര്‍ണ നവോത്ഥാന നായകരില്‍ത്തന്നെ മുഴുവന്‍ പേരേയും പരാമര്‍ശിച്ചിട്ടില്ല. വൈകുണ്ഡം സ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, ശ്രീകുമാരഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, ഡോ. വി.വി വേലുക്കുട്ടി അരയന്‍ എന്നിവരെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. (ഒരു കൊള്ളിയാന്‍പോലെ കേരളീയ കേരളീയ നവോത്ഥാനത്തിന്റെ മേഘാവൃതമായ ആകാശത്തെ പ്രകാശവത്താക്കിയ ആറാട്ടുപുഴ വേലായുധപണിക്കര്‍ (1825-1874) നവോത്ഥാന പ്രവര്‍ത്തനം കാരണമായി വധിക്കപ്പെട്ട കേരളത്തിന്റെ ഒരേയൊരു നവോത്ഥാന നായകനാണ്. ശ്രീനാരായണഗുരുവിന് മുമ്പ് തന്നെ അദ്ദേഹം അധഃസ്ഥിതര്‍ക്കുവേണ്ടി, 'ശിവക്ഷേത്രം' പണിതു. ആഢ്യകലയായ 'കഥകളി'യെ കീഴാള സമൂഹത്തിലേക്ക് കൊണ്ടുവന്നു. ഈഴവ സ്ത്രീകള്‍ക്ക് മൂക്കുത്തി അമിയാനുള്ള അവകാശം സ്ഥാപിക്കാനുള്ള സമരത്തിന് നേതൃത്വം നല്‍കി. ആറാട്ടുപുഴ വേലായുധപണിക്കരെക്കുറിച്ച് നാമമാത്ര പരാമര്‍ശങ്ങളെങ്കിലും ലഭ്യമാണ്. എന്നാല്‍, അച്ചടിമഷി പുരളാതെ പോയ നിരവധി 'തിരസ്കൃത പ്രതിഭ'കള്‍ ഇപ്പോഴും തിരിച്ചറിയപ്പെടാതെ ഇരിക്കുന്നുണ്ടാവും.

'തിരുവിതാംകൂര്‍ പൌരസമത്വവാദ പ്രസ്ഥാനത്തിന്റെ പിതാവ്' എന്ന വിശേഷിപ്പിക്കപ്പെട്ട 'വൈകുണ്ഠം സ്വാമി'(1809-1851), 1836ല്‍ 'സമതാസമാജം' സ്ഥാപിച്ചു. ഇക്കാലത്തു തന്നെയാണ് കമ്യൂണിസ്റ് ലീഗിന്റെ മുന്‍ഗാമിയായി കണക്കാക്കപ്പെടുന്ന 'സമന്മാരുടെ ലീഗും' രൂപീകരിക്കപ്പെടുന്നതെന്നുള്ളത് യാദൃഛികമാവാം. പക്ഷേ രണ്ടും സമത്വത്തേയും സാഹോദര്യത്തെയുമാണ് ഉയര്‍ത്തിപ്പിടിച്ചത്. 'തലയില്‍ കെട്ടിന്' ആത്മാഭിമാനമുയര്‍ത്തുന്ന ഒരനുഷ്ഠാനപദവി നല്‍കിയത് വൈകുണ്ഠം സ്വാമിയാണ്. 1822-മുതല്‍ ആരംഭിച്ച കേരളീയ സ്ത്രീമുന്നേറ്റ ചരിത്രത്തിന്റെ ഒരാദ്യഗംഭീര ചുവടുവെപ്പെന്ന് തിരിച്ചറിഞ്ഞ 'ചാന്നാര്‍ സ്ത്രീകളുടെ' സമരത്തിന് പ്രചോദനമായത്, വൈകുണ്ഠം സ്വാമികളുടെ പ്രവര്‍ത്തനങ്ങളാണ്. വൃക്ഷക്കരം, തലക്കരം തുടങ്ങിയ ജനവിരുദ്ധ നികുതികള്‍ക്കെതിരെ സമരം ചെയ്ത് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചു. 1837 ല്‍ ശുചീന്ദ്രക്ഷേത്ര നിയമം ലംഘിച്ച അദ്ദേഹം, 1851ല്‍ സ്വാമിത്തോപ്പ് ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠിച്ചു.

ശ്രീ കുമാരഗുരുദേവന്‍(1878-1938) കേരളീയ നവോത്ഥാന ചരിത്രത്തിലെ ഒരു ധീരവിസ്മയ സാന്നിധ്യമാണ്. അത്രമേല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു പീഡിത സമൂഹത്തിന്റെ 'ഭൌതിക-ആത്മീയ' വിമോചകന്‍ എന്ന അര്‍ത്ഥത്തില്‍, കേരളീയ നവോത്ഥാനചരിത്രത്തില്‍ അദ്വിതീയമായൊരു സ്ഥാനം എന്നും അദ്ദേഹത്തിനുണ്ടായിരിക്കും. ബൈബിള്‍ കത്തിക്കുകയും, സ്വയം ദൈവമെന്ന് പ്രഖ്യാപിക്കുകയും ചെയ്തൊരു കീഴാള നവോത്ഥാനപ്രസ്ഥാനത്തെ, ക്രിസ്തുമതത്തിന്റെയോ ഹിന്ദുമതത്തിന്റെയോ ഭാഗമായി ചുരുക്കാനാവില്ല. 'ഹിന്ദുമതത്തിന്‍ പുറവഴിയെ നമ്മള്‍/ അനാഥരെന്നപോല്‍ സഞ്ചരിച്ചു/ ക്രിസ്തുമതത്തിന്‍ പുറവഴിയെ നമ്മള്‍/ അനാഥരെന്നപോല്‍ സഞ്ചരിച്ചു/ ഹിന്ദുമതത്തിലും ചേര്‍ത്തില്ലല്ലോ നമ്മെ/ ക്രിസ്തുമതത്തിലും ചേര്‍ത്തില്ലല്ലോ നമ്മെ. (കുമാരഗുരുദേവന്‍)'. ഇത്തരമൊരവസ്ഥയില്‍, അടിമജനതയുടെ ഭൌതികവും ആത്മീയവുമായ ഒരു സ്വതന്ത്രപ്രസ്ഥാനം എന്ന നിലയിലാണ്, പരോക്ഷ'മോക്ഷ'ത്തെ തള്ളി അരക്ഷിതത്വമനുഭവിക്കുന്ന ഒരു ജനതയുടെ 'പ്രത്യക്ഷരക്ഷ' പ്രഖ്യാപിച്ചുകൊണ്ട് പി ആര്‍ ഡി എസ് പിറക്കുന്നത്.

ഒരു സ്വതന്ത്ര കീഴാളപ്രക്ഷോഭ ആത്മീയപ്രസ്ഥാനം എന്ന നിലയിലാണ്, പി ആര്‍ ഡി എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'പ്രത്യക്ഷരക്ഷാദൈവസഭ' തുടക്കംമുതല്‍തന്നെ പ്രസക്തമാകുന്നത്. ക്രിസ്തുമതവുമായി ചേര്‍ന്നുനിന്ന 'പൊയ്കയില്‍ യോഹന്നാന്‍' അപ്പനില്ലാത്തവരുടെ 'അപ്പനും', കുമാരഗുരുദേവനുമായി മാറിയത്, കേരളചരിത്രത്തിലെ അഭൂതപൂര്‍വ്വമായ ഒരാത്മീയ ഗറില്ലാസമരത്തിന് ശേഷമാണ്. 1910ല്‍ ഒരു കോടതിവിചാരണക്കിടയില്‍ യാദൃഛികമായി പരസ്യമാക്കപ്പെട്ട 'പ്രത്യക്ഷരക്ഷാസഭ' എന്ന പേര് സത്യത്തില്‍ 1905 മുതല്‍ പൊയ്കയിലപ്പച്ചന്‍ ആരംഭിച്ച 'സഞ്ചാരപ്രസംഗത്തില്‍' അവതരിപ്പിച്ച ആശയങ്ങളുടെ, അനിവാര്യമായ പൂര്‍ത്തീകരണം എന്ന നിലയില്‍ ഇന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും. പാട്ടുകൊണ്ട്, പ്രായോഗികാര്‍ത്ഥത്തില്‍ കേരളത്തില്‍ ചൂട്ട് കെട്ടിയ ഒരാദ്യപ്രക്ഷോഭ പ്രതിഭയാണ് കുമാരഗുരു. മറ്റൊരുനവോത്ഥാന നായകനുമില്ലാത്തവിധം, നിരവധി പ്രത്യേകതകള്‍ കുമാരഗുരുദേവന്റെ ചരിത്രത്തില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കൊമരന്‍, കുമാരന്‍, യോഹന്നാന്‍, പൊയ്കയില്‍ ഉപദേശി അപ്പച്ചന്‍ തുടങ്ങി, പന്ത്രണ്ടോളം പേരുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു!

രണ്ട്
'ആദാമിന്റെ പാപത്തില്‍നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവം രണ്ടായിരംകൊല്ലങ്ങള്‍ക്കുമുമ്പ് ക്രിസ്തുവായി അവതരിച്ചത്. അടിമത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ ദൈവം യോഹന്നാനായി. സ്വര്‍ഗം ഇപ്പോള്‍ കന്നുകാലികളെ ഇറക്കിവിട്ട ശൂന്യമായ തൊഴുത്തുപോലെയാണ്. ഇനി എല്ലാം യോഹന്നാനോട് അപേക്ഷിച്ചാല്‍ മതിയാകും'. ഒരര്‍ത്ഥത്തിലിത്, ക്രിസ്തുമതത്തോട് ചേര്‍ന്നുനിന്ന് യോഹന്നാന്‍ എന്ന കുമാരഗുരു നിര്‍വഹിച്ച പ്രഛന്ന ആദ്ധ്യാത്മിക പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം അവസാനിപ്പിച്ച്, ഒരു സ്വതന്ത്ര രണ്ടാംഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി കാണാവുന്നതാണ്. ഇതിന് ഇന്നത്തെ 'ആള്‍ദൈവ'ങ്ങളുമായി ഒരു ബന്ധവുമില്ല. ആദ്ധ്യാത്മിക തത്വചിന്ത പ്രപഞ്ചപൊരുള്‍ ആയി തിരിച്ചറിയുന്ന ദൈവസങ്കല്പവുമായി ഈയൊരു പ്രഖ്യാപനം താദാത്മ്യപ്പെടുന്നതായും തോന്നുന്നില്ല. സവര്‍ണാധികാരത്തിന്നെതിരെ നിര്‍വഹിക്കപ്പെട്ട, ബദല്‍ കീഴാള ആത്മീയപ്രയോഗം എന്ന അര്‍ത്ഥത്തിലാണ് 'കീഴാളദൈവപ്രഖ്യാപനങ്ങള്‍' പ്രസക്തമാവുന്നത്. സങ്കടപ്പെടാനും അപേക്ഷിക്കാനും മാത്രം ആജീവനാന്തം വിധിക്കപ്പെട്ട ഒരു അധ:സ്ഥിത പശ്ചാത്തലത്തില്‍നിന്ന് നോക്കുമ്പോഴാണ്, ".....ഇനിയെല്ലാം യോഹന്നാനോട് അപേക്ഷിച്ചാല്‍ മതിയാകും'' എന്ന കുമാരഗുരുവിന്റെ ദൈവപ്രഖ്യാപനത്തിലെ സാമൂഹ്യവിപ്ളവമൂല്യം സ്വയം വ്യക്തമാകുന്നത്.

പാവങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നവനാണ് ദൈവം എന്ന മൌലികാശയമാണ്, കുമാരഗുരുദേവന്റെ കാഴ്ചപ്പാടിന്റെ കേന്ദ്രമായിരിക്കുന്നത്. മനുഷ്യദൈന്യതകള്‍ കാണുമ്പോള്‍, സ്വര്‍ഗത്തിലിരുന്ന് കരയുന്ന ഒരു ദൈവത്തെയാണ് കുമാരഗുരു ഒരു പാട്ടില്‍ പരിചയപ്പെടുത്തുന്നത്. 'സ്വര്‍ഗമാം തന്നിലിരുന്നുകൊണ്ട്/ എന്റെ കണ്ണുനീര്‍കണ്ട് കരഞ്ഞവനെ' എന്ന ദൈവവിവരണം ആവിഷ്കരിക്കുന്നത് അടിമത്താനുഭവത്തിന്റെ തീവ്രതയാണ്. 'എന്തുകൊണ്ടോ ശൌരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു' എന്ന തരത്തിലുള്ള യാതൊരു സന്ദേഹവുമില്ലാതെ തന്നെ കരയുന്നൊരു ദൈവത്തെയാണ് അടിമജീവിതം നേരിടുന്ന ക്രൂരാനുഭവങ്ങള്‍ക്കിടയില്‍നിന്നും കുമാരഗുരുദേവന്‍ കണ്ടെടുത്തിരിക്കുന്നത്. ദശാവതാരകഥകളിലൊന്നും കാണാത്തവിധം, ഒരു പക്ഷേ ദൈവം പീഡിതനും അസ്വതന്ത്രനുമായ 'അടിമയായി' പ്രത്യക്ഷപ്പെടുന്നതും, കുമാരഗുരുദേവന്റെ ഇതേ പാട്ടിലാണ്. 'ഞാന്‍ അന്യനായ് വലയുന്നതിനെ കണ്ട്/ സ്വര്‍ഗത്തില്‍ നിന്നിറങ്ങി, എന്‍/ അടിമശരീരമൊരുടപ്പായി ധരിച്ചുകൊണ്ട്/ ഇറങ്ങി ഭൂവിടത്തില്‍.....' എന്നുള്ളത് അസാധാരണമായൊരു ദൈവസാക്ഷ്യമാണ് പങ്കുവെക്കുന്നത്. സര്‍വമതങ്ങളും, മതരഹിതമാനുഷികത തത്വചിന്തകളും അതിന്റെ അഗാധതയിലും, ഔന്നത്യത്തിലും പങ്കുവെക്കുന്ന പീഡിതപക്ഷാഭിമുഖ്യമാണ് കുമാരഗുരുദേവന്‍ പങ്കുവെക്കുന്നത്. എന്നാല്‍ മറ്റാരും നേര്‍ക്കുനേര്‍ അനുഭവിച്ചിട്ടില്ലാത്ത പ്രത്യക്ഷാനുഭവത്തിന്റെ മുറിവുകളാണ്, ഈയൊരു അടിമദൈവാവിഷ്കാരത്തെ വ്യത്യസ്തമാക്കുന്നത്. മനുഷ്യരുടെ ക്രൂരതയും, മൃഗങ്ങളും പക്ഷികളും മരങ്ങളുമടങ്ങുന്ന മനുഷ്യേതര പ്രകൃതിയുടെ കാരുണ്യവും, കേരളീയ നവോത്ഥാന ചരിത്രത്തില്‍, കുമാരഗുരുദേവന്റെ ഉള്ള് പൊള്ളിയ പാട്ടുകളില്‍ മാത്രമാണ് അതിന്റെ തീവ്ര പിടച്ചിലോടെ നമുക്ക് കാണാന്‍ കഴിയുന്നത്. കാളയെ കൊന്ന്തിന്നരുതെന്ന കുമാരഗുരുവിന്റെ കാഴ്ചപ്പാടിന് അസാധാരണമായൊരു മാനം ലഭിക്കുന്നത്, അടിമാനുഭവത്തിന്റെ വേറിട്ട പശ്ചാത്തലത്തിലാണ്. ഉടമകള്‍ ക്രൂരമായി അടിമകളെ പീഡിപ്പിച്ചപ്പോള്‍, അവരുടെ നിലവിളി അനാഥമാകുമ്പോള്‍, നിസ്സഹായമായ നോട്ടംകൊണ്ട് സാന്ത്വനം നല്‍കാന്‍ അടിമകള്‍ക്കൊപ്പം അന്നുണ്ടായിരുന്നത് കാളകളും പോത്തുകളുമായിരുന്നു. മനുഷ്യര്‍ ഉപേക്ഷിച്ചവരെ, മരങ്ങളും, മൃഗങ്ങളും, പക്ഷികളും സഹായിക്കുന്നതിന്റെ ഹൃദ്യമായാവിഷ്കാരങ്ങള്‍ക്കു പിറകിലുള്ളത് അടിമാനുഭവത്തിന്റെ വിവരണവിധേയമല്ലാത്ത പീഡനങ്ങളാണ്. അപ്പനില്‍നിന്നും അമ്മയില്‍നിന്നും, സ്വന്തം മണ്ണില്‍നിന്നും, ദൈവത്തില്‍നിന്നും, പേരില്‍നിന്നും വേര്‍പിരിക്കപ്പെട്ടവരുടെ ജീവിതവേദനകളറിയണമെങ്കില്‍ നമ്മളിനിയും കുമാരഗുരുദേവന്റെ പാട്ടുകല്‍ വീണ്ടും തുറക്കണം. ജനകീയ സാഹിത്യത്തിന്റെ സമരോത്സുകപ്രയോഗമായി മാറിയ മലയാളസാഹിത്യത്തിലെ ആദ്യപാട്ടുകള്‍ ആവിഷ്കരിച്ചത്, കുമാരഗുരുവാണ്.

മൂന്ന്
ശ്രീ നാരായണഗുരു പിന്‍തുടര്‍ന്നുപോന്ന സംവാദമനസ് ജനാധിപത്യത്തിന് സംസ്ക്കാരത്തിനുള്ള വലിയ സംഭാവനകളില്‍ ഒന്നാണ്. വിദ്യാഭ്യാസ-തൊഴില്‍ മണ്ഡലങ്ങളില്‍ നിലനിന്ന അവഗണനക്കെതിരെ നിരന്തരം പൊരുതിയ ഡോ: പല്‍പ്പുവും 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന അദ്ധ്യാത്മിക കാഴ്ചപ്പാട് മുന്നോട്ടുവെച്ച ശ്രീനാരായണഗുരുവും 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട' എന്ന ഭൌതിക സമീപനം ഉയര്‍ത്തിപ്പിടിച്ച സഹോദരനയ്യപ്പനും, സവര്‍ണപീഡനത്തല്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം മതപരിവര്‍ത്തനമാണ് എന്ന് വാദിച്ച സി. വി. കുഞ്ഞുരാമനും, ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം മതപരിവര്‍ത്തനം ഒരു മോചനമാര്‍ഗ്ഗമാകുന്നില്ലെന്ന് വാദിച്ച കുമാരനാശാനും, മതം മാറുകയല്ല, മറിച്ച് ഈഴവര്‍ ഒരു 'സ്വതന്ത്രസമുദായ'മായിതീരുകയുമാണ് വേണ്ടതെന്ന് വാദിച്ച ഇ. മാധവനും, ദേശീയ പ്രസ്ഥാനത്തിലുറച്ചുനിന്ന്  സവര്‍ണവിരുദ്ധ പ്രക്ഷോപണങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ച ടി. കെ. മാധവനും, 'നശിച്ച കേരളം പുഴുത്ത ഭാരതം' എന്ന് ഹൃദയവേദനയോടെ പാടിയ പള്ളത്ത് രാമനും, കാറല്‍മാര്‍ക്സിനെ 'ഭഗവാന്‍ മാര്‍ക്സ്' എന്ന് വിശേഷിപ്പിച്ച സി. കേശവനുള്‍പ്പടെ സാമൂഹ്യപരിവര്‍ത്തനത്തെ സംബന്ധിച്ച വിശദാംശങ്ങളില്‍ മാത്രമല്ല, മൌലികനിലപാടുകളില്‍പോലും ഭിന്നിപ്പുള്ളവരെ, അധഃസ്ഥിത വിമോചനം എന്ന മഹത്തായ മുദ്രാവാക്യത്തിന്റെ കീഴില്‍ ഐക്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ശ്രീനാരായണപ്രസ്ഥാനത്തിന്റെ ഗംഭീരമായ ചരിത്രവിജയം.

നാല്
'നവോത്ഥാനം' മനുഷ്യവിമോചനത്തിന്റെ ഒരു വലിയ ചുവടുവെപ്പായിരുന്നു. മുതലാളിത്തത്തെ സാധ്യമാക്കുംവിധമുള്ള ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒരു സമാന്തരലോകമാണത് പൊതുവില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അടിമ-നാടുവാഴി വ്യവസ്ഥക്കകത്തെ ജീര്‍ണ്ണതകള്‍ക്കെതിരെ നിരന്തര സമരങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍തന്നെ 'മുതലാളിത്തത്തെ' മുറിച്ച് മുന്നോട്ട് പോകുന്ന സ്വപ്നങ്ങള്‍ കാണാന്‍ കഴിഞ്ഞതാണ് കേരളീയ കീഴാള നവോത്ഥാനത്തെ ഒരര്‍ത്ഥത്തില്‍ വ്യത്യസ്തമാക്കുന്നത്. കീഴാളനവോത്ഥാനവും, മേലാളനവോത്ഥാനവും അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നുവെന്ന വസ്തുത, സാംസ്കാരികവിശകലനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. എന്നാല്‍ പലപ്പോഴും നവോത്ഥാനമെന്ന അമൂര്‍ത്തമായ 'പൊതുപ്രയോഗം' അതിന്റെ സങ്കീര്‍ണ്ണമായ സവിശേഷതകളെ പൂഴ്ത്തിവെക്കാനുള്ള, ഒരൊളിപ്പുരയായാണ് പ്രവര്‍ത്തിച്ചുപോരുന്നത്.

സവര്‍ണ്ണപ്രത്യയശാസ്ത്രത്തെ ഹിന്ദുമതത്തിന്റെ ഭാഗമെന്ന നിലയിലല്ല, ഒരു 'ബൃഹദ് രാഷ്ട്രീയ പദ്ധതി' എന്ന നിലയിലാണ് ഇവിടെ പരിഗണിക്കുന്നത്. ഭൌതികവാദത്തിന്റെ കാഴ്ചപ്പാടില്‍ സാങ്കല്‍പ്പികതലത്തിലെങ്കിലും 'സമത്വം' സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന മതകാഴ്ചപ്പാടിന്റെ സമ്പൂര്‍ണ്ണ നിരാസമാണ് നമ്മളിവിടെ കാണുന്നത്. അസമത്വത്തെ ആഴത്തില്‍ ദിവ്യപ്പെടുത്തുന്ന നഗ്നമായ മേല്‍ക്കോയ്മയുടെ സിദ്ധാന്തവും പ്രയോഗവുമായാണ് സവര്‍ണ്ണപ്രത്യയശാസ്ത്രം നിലനില്‍ക്കുന്നത്. മതത്തെ സ്വന്തം താല്പര്യം സംരക്ഷിക്കുംവിധം അത് എന്നെന്നേക്കുമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. കേരളീയ നവോത്ഥാനത്തെ കേവലനവോത്ഥാനമെന്ന നിലയില്‍ കാണുന്നതിന്നു പകരം സവര്‍ണ്ണ അവര്‍ണ്ണ മുസ്ളിം ക്രിസ്ത്യന്‍  വിഭാഗങ്ങളില്‍ നടന്ന നവോത്ഥാനങ്ങള്‍ എന്ന നിലയിലാണ് അപഗ്രഥിക്കേണ്ടത്.

'ജാതിരഹിത' സമൂഹമെന്ന നവോത്ഥാനവീക്ഷണത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ സര്‍വ്വജാതികളുടെയും ഒരേസമയത്തുള്ള അപ്രത്യക്ഷമാവല്‍ എന്ന കാല്പനികാര്‍ത്ഥത്തിലല്ല തിരിച്ചറിയേണ്ടത്. മേല്‍ജാതി പ്രത്യയശാസ്ത്രങ്ങളാണ്, കീഴ്ജാതി ഉണ്ടാക്കിയത്. ഇനിയും തകര്‍ന്നിട്ടില്ലാത്ത സാമൂഹ്യവിഭജനത്തിന്റെ മതിലുകള്‍ മനുഷ്യര്‍ക്ക് ഇടയില്‍ സൃഷ്ടിച്ചത്, കീഴ്ജാതി ആചാരങ്ങളല്ല, മറിച്ച് മേല്‍ജാതി ആധിപത്യമാണ്. മേല്‍ജാതിക്കാര്‍ക്ക് 'ജാതി' ഒരൊഴിഞ്ഞ ടൂത്ത്പേസ്റ് ട്യൂബാണെന്നും, കീഴ്ജാതിക്കാര്‍ക്കത് നിറഞ്ഞ ടൂത്ത്പേസ്റ് ട്യൂബാണെന്നുമുള്ള നിരീക്ഷണം ശരിയാണ്. എന്നാല്‍ അതിലേറെ പ്രസക്തമായ വേറൊരു ശരിയുണ്ട്. ഇന്നും ആ ഒഴിഞ്ഞ ടൂത്ത്പേസ്റ്ട്യൂബിനാണ്, നിറഞ്ഞ ടൂത്ത്പേസ്റ് ട്യൂബിനേക്കാള്‍ സാംസ്കാരിക മൂല്യമുമുള്ളത് എന്നുള്ളതാണത്! എത്ര വലിച്ചെറിഞ്ഞാല്‍പോലും, വിട്ടുപോകാത്ത ഒരു സാംസ്കാരിക ശക്തിയായാണ് 'ജാതി' നിലനില്‍ക്കുന്നത്. കീഴാള ജാതികളും, പ്രത്യക്ഷത്തില്‍, ജാതിയായിരിക്കെതന്നെ അതിലുള്ളത് രാഷ്ട്രീയമായും സാംസ്കാരികമായും സ്വയം കീഴടക്കപ്പെട്ടതിന്റെ മുദ്രയാണ്. മര്‍ദ്ദിത ജാതികളെയും മര്‍ദ്ദക ജാതികളെയും ഒരേ മാനദണ്ഡം വെച്ച് വിശകലനം ചെയ്യുന്നത്, കാര്യങ്ങളെ തലകീഴായി കാണലാണ്! അതുകൊണ്ട്തന്നെ സവര്‍ണ്ണപ്രത്യയശാസ്ത്രത്തിന്റെ സമ്പൂര്‍ണ്ണതിരസ്കാരമാണ്, ജാതിരഹിതസമരത്തിന്റെ ആദ്യഅജണ്ടയായി പ്രഖ്യാപിക്കപ്പെടേണ്ടത്. എന്നാല്‍ ഇന്നും സവര്‍ണ്ണപ്രത്യയശാസ്ത്രത്തില്‍ ഒന്ന് സ്പര്‍ശിക്കപ്പെടുമ്പോള്‍ നമ്മുടെ 'സാംസ്കാരികലോകം' ഇളകിമറിയുന്നതാണ് നാം കാണുന്നത്. സവര്‍ണ്ണപ്രത്യയശാസ്ത്രത്തോട് സൈദ്ധാന്തികമായി വിയോജിക്കുന്ന ക്രൈസ്തവ-ഇസ്ളാം മതങ്ങളും കീഴാള കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന മതരഹിതരും, പ്രായോഗികതലത്തില്‍ സവര്‍ണ്ണപ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന്നില്‍ക്കുന്നതിലാണ് ആഹ്ളാദവും അഭിമാനവും അനുഭവിക്കുന്നത്. സവര്‍ണ്ണനിലപാടില്‍ തുടങ്ങി അവര്‍ണ്ണനിലപാടിലേക്ക് വളര്‍ന്ന, 'ആഭിജാത്യവും' അതിനെ ദൃഢപ്പെടുത്തുന്ന 'തറവാട്ട്' മഹിമയും ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. ജാതിക്കും സങ്കുചിത മതകാഴ്ചപ്പാടിനുമപ്പുറം നമ്മളൊക്കെയും മനുഷ്യത്വത്തിന്റെ പച്ചപ്പാണെന്ന മാനവികതയുടെ മഹത്തായ തത്വമാണ് 'പ്രയോഗവേദികളില്‍' വെച്ച് നിരന്തരം പരിക്കേല്പിക്കപ്പെടുന്നത്.

ഓരോ കാലത്തെ മനുഷ്യരും, അതത് കാലത്തോട് അനുകൂല/എതിര്‍ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ടാണ് ജീവിക്കുന്നത്. വ്യത്യസ്ത ബന്ധങ്ങള്‍ക്ക് പുറത്ത് ആര്‍ക്കും ജീവിക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍, ജീവിതംതന്നെ ബന്ധങ്ങളുടെ ആകെത്തുകയാണ്. ജൈവതലത്തിലുള്ള പ്രാഥമിക ബന്ധങ്ങള്‍, മനുഷ്യരിലാണ് സങ്കീര്‍ണ്ണ മാനമാര്‍ജ്ജിക്കുന്നത്. സംസ്കാരസമ്പന്നരാകുക എന്നാല്‍ അഗാധമായ ആദര്‍ശാത്മക ബന്ധങ്ങളുടെ ലോകത്തിലേക്ക് പ്രവേശിക്കലാണ്. എന്ത് ചെയ്യുമ്പോഴും, നമ്മളൊക്കെയും ആദ്യമായും അവസാനമായും 'മനുഷ്യരാണെന്ന്' മറക്കാതിരിക്കലാണ്. 'പ്രത്യയശാസ്ത്രപ്രയോഗം' എന്നത്കൊണ്ട് പൊതുവില്‍ വിവക്ഷിക്കുന്നത് നിലവിലുള്ള ബന്ധങ്ങളെ അതിനേക്കാളും വികസിച്ച പുതിയ ബന്ധങ്ങള്‍കൊണ്ട് പകരംവെക്കുന്ന ബദല്‍ പ്രവര്‍ത്തനങ്ങളെയാണ്. ജാതിവ്യവസ്ഥക്കകത്ത്, തങ്ങള്‍ ഉയര്‍ന്നവരല്ലെന്ന് സവര്‍ണ്ണര്‍ക്കും, തങ്ങള്‍ താഴ്ന്നവരല്ലെന്ന് അവര്‍ണ്ണര്‍ക്കും അഗാധബോധ്യം വരുന്നത്, പരിവര്‍ത്തനത്തിന്റെ ആദ്യചുവടുവെപ്പാണ്. എന്നാല്‍ അതൊരു ശരിക്കുള്ള പരിവര്‍ത്തനമായിത്തീരണമെങ്കില്‍, വെറുമൊരാശയം എന്ന അവസ്ഥയില്‍നിന്നും അതൊരു പ്രയോഗമായി വികസിക്കണം. പഴയ ജാതിവ്യവസ്ഥക്ക് പകരം, മറ്റൊരു ബന്ധമാതൃകയുടെ പുതിയ ബദല്‍ ഉണ്ടായിവരണം. പറഞ്ഞുവരുന്നത്, സാംസ്കാരിക സംവാദങ്ങള്‍, ബദല്‍ സാംസ്കാരിക നിര്‍മ്മാണമായി മാറേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ്. 'പഴയ നവോത്ഥാന'കാലത്ത് പരിമിതികളോടെ, പ്രയോഗമാതൃകകള്‍ വികസിപ്പിക്കപ്പെട്ടതുകൊണ്ടാണ്, അക്കാലത്തെക്കുറിച്ചോര്‍ത്ത് ഇന്നും നമുക്ക് കോരിത്തരിക്കാന്‍ കഴിയുന്നത്.

'ഹാ സഖീ നീയെന്നോട് ചേര്‍ന്ന് നില്‍ക്കുക വീതോല്ലാസമായ്/ മങ്ങിടുന്നു ജീവിതം/ മുമ്പ് നാം ജീവന്‍പോലെ സ്നേഹിച്ചവര്‍/ അകന്നോ മൃതിപെട്ടോ വന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നു.'(യുഗപരിവര്‍ത്തനം: വൈലേപ്പിള്ളി)

വൈലോപ്പിള്ളിയുടെ യുഗപരിവര്‍ത്തനം പിറന്നത് നാടുവാഴിത്തത്തില്‍നിന്നും മുതലാളിത്തത്തിലേക്കുള്ള തീവ്രപരിവര്‍ത്തനത്തിന്റെ പരിഭ്രമവും പുളകവും ഒരുപോലെ പങ്കുവെച്ചാണ്. ഭൂതകാലത്തില്‍നിന്നത് വര്‍ത്തമാനത്തിലേക്ക് കാലെടുത്ത് വെച്ചപ്പോഴും, അതിന്റെ മനസ്സ് ഭൂതകാലത്തിന്റെ പച്ചപ്പുകള്‍ക്കിടയില്‍ കിടന്ന് കണ്ണീര്‍ വാര്‍ത്തിരിക്കണം. ഓര്‍ക്കാനേറെയുണ്ടായതിനാലാവണം പുതിയ കാലത്തോടത് പൊരുത്തപ്പെട്ടത് കരള്‍പിളര്‍ക്കുന്ന ഒരു നിലവിളിയോടെയായത്. പരിവര്‍ത്തനത്തിന്റെ ഒഴുക്കില്‍, ഒലിച്ചുപോയ ജീവിതത്തിന്റെ ആര്‍ദ്രമായ എത്രയോ ഓര്‍മകളെ ആശ്ളേഷിക്കാനാവാതെ, അനാഥത്വത്തിന്റെ ആഘാതം തീവ്രമാക്കിയ ഏതോ ദുരിതനേരമാണ് യുഗപരിവര്‍ത്തനം എന്ന കവിതയിലെ 'ഹാ സഖി നീയെന്നോട് ചേര്‍ന്ന് നില്‍ക്കുക, വീതോല്ലാസമായ്...' എന്നൊരറ്റ വരിയില്‍കിടന്ന് വിങ്ങുന്നത്. 'നാട് വേരുകള്‍പൊട്ടി ത്വരിതം' ചലിച്ചപ്പോള്‍ ചുവട് തെറ്റിയവര്‍, തുണക്കും താങ്ങിനുംവേണ്ടി, ഇടനെഞ്ച്പൊട്ടി, കൂട്ടത്തോടെ വിളിച്ച സ്നേഹസാന്ദ്രതയുടെ സംഗ്രഹമെന്ന അര്‍ത്ഥത്തിലാണ്, കവിതയിലെ 'ഹാ സഖി'യെന്ന സംബോധന അര്‍ത്ഥപൂര്‍ണമാകുന്നത്.

'മുമ്പ് നാം ജീവന്‍പോലെ സ്നേഹിച്ചവര്‍, അകന്നോ മൃതിപ്പെട്ടോ, വന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നു' എന്നത്, ഒരു വ്യക്തിയുടെ സ്വകാര്യസങ്കടമെന്നതിനേക്കാള്‍, സന്ധിബന്ധങ്ങളൊക്കെയും ശിഥിലമാകുന്ന ഏതൊരു പരിവര്‍ത്തന കാലത്തിന്റെയും സ്മൃതികളുരുകി കനക്കുന്ന സംഘക്കരച്ചിലാണ്. മരണത്തെ അനുസ്മരണംകൊണ്ടും, അകല്‍ച്ചയെ സംവാദംകൊണ്ടും ചേരിമാറിപ്പോകലിനെ പ്രത്യയശാസ്ത്ര നിശിതത്വംകൊണ്ടുമാണ് പൊതുവില്‍ മനുഷ്യര്‍ അതിജീവിക്കുന്നത്. കലപ്പയും യക്ഷിയും കെട്ടുപിണഞ്ഞ നാടുവാഴിത്തത്തെ, ട്രാക്ടറും വിദ്യുഛക്തിതൂണുകളുംകൊണ്ട് നേരിടുന്ന സമരോത്സുക മുതലാളിത്തത്തിന്ന് വൈലോപ്പിള്ളി സ്വാഗതം ആശംസിക്കുന്നത്, പോയകാലത്തിന്റെ നന്മകളെക്കുറിച്ചോര്‍ത്ത് വിതുമ്പിക്കൊണ്ടാണ്. ചിതറിപ്പോകുന്ന 'മനുഷ്യത്വത്തെ' തിരിച്ചു പിടിക്കാനാണ്, സഖിയോട്, കവിതയോട്, സ്വന്തം സഹജാതരോട്, ചേര്‍ന്ന് നില്‍ക്കാനത്, ഉല്‍ക്കണ്ഠകളോടെ അപേക്ഷിക്കുന്നത്. വീഴ്ചകള്‍ക്കിടയില്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ തനിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്ന് കവി പ്രതീക്ഷിക്കുന്ന 'സഖി' സാമൂഹ്യാര്‍ത്ഥത്തില്‍ മനുഷ്യരെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന സര്‍ഗാത്മക കൂട്ടായ്മയാണ്. അവള്‍ സ്വന്തം പ്രിയപ്പെട്ടവള്‍ ആയിരിക്കെത്തന്നെ, അപരിമിതമായ സംഘശക്തിയുടെ പ്രതീകവുമാണ്. ബുദ്ധം ശരണത്തിനും ധര്‍മം ശരണത്തിനുമൊപ്പം സംഘം ശരണം എന്ന ബുദ്ധകാഴ്ചപ്പാടിന്റെ തുടര്‍ച്ചയില്‍വെച്ച് 'വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും' ആഹ്വാനംചെയ്ത ശ്രീനാരായണഗുരുവിനൊപ്പമാണ് വൈലോപ്പിള്ളിയുടെ, 'ചേര്‍ന്ന് നില്‍ക്കാനുള്ള' നിലവിളിയും വന്നുനില്‍ക്കുന്നത്. നവോത്ഥാനം തന്നെയാണ്, യുഗപരിവര്‍ത്തനമെന്ന കവിതയില്‍ നിനവും നോവുമായി നിറഞ്ഞു നില്‍ക്കുന്നത്.

(കടപ്പാട്: ലീഡ് ബുക്സ് പ്രസിദ്ധീകരിച്ച നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്തകത്തില്‍ നിന്ന്)
Read More

നവോത്ഥാന മുന്നേറ്റത്തില്‍ കണ്ണികളാവുക

‘നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്നത് കടമനിട്ടയുടെ വിഖ്യാതമായ വരികളാണ്. ഓര്‍മ്മകള്‍ ഉണ്ട്്ായിരുന്നാല്‍ പോരാ. ആ ഓര്‍മകള്‍ക്ക് സാര്‍ത്ഥകമായ തുടര്‍ച്ചകളും ഉണ്ടാകണം. ‘നവോത്ഥാന കേരള’മെന്ന പരികല്‍പ്പനതന്നെ അസ്ഥാനത്തായി പോകുന്ന ഇക്കാലത്ത് നാം താണ്ടിയ ഭൂതകാലപാതകളെ എങ്ങനെ തിരിച്ചുപിടിക്കാം, എങ്ങനെ പുതിയ ഒരു നവോത്ഥാനം തന്നെ സൃഷ്ടിക്കാം എന്നാണ് ഡി.വൈ.എഫ്.ഐ ചിന്തിക്കുന്നത്. അത് എത്ര ശ്രമകരമായാലും മാറ്റിവയ്ക്കാനാവാത്ത ആ പോരാട്ടയാത്രയെ ഏറ്റെടുക്കുകയാണ് കേരളത്തിന്റെ പ്രബുദ്ധയുവത. ‘ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം’ എന്ന മുദ്രാവാക്യം മുഴക്കി ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിലൂടെ കേരളം സഞ്ചരിച്ചു തീര്‍ക്കുമ്പോള്‍, അതൊരു ചരിത്ര ബാധ്യതയായി കേരളത്തിലെ മുഴുവന്‍ ജനസമൂഹവും ഏറ്റെടുക്കുമെന്നുതന്നെയാണ് പ്രതീക്ഷ. പ്രതീക്ഷയുടെ ആ ചുവന്ന നക്ഷത്രം കൊടിയിലേന്തിയാണ് പുതിയൊരു വര്‍ഷത്തിലൂടെ കേരളത്തിന്റെ യുവാക്കള്‍ ജനുവരി 4 തൊട്ട് ഫെബ്രുവരി 4 വരെ യൂത്ത് മാര്‍ച്ചിലേക്ക് മുഴുകാന്‍ പോകുന്നത്.

ഇന്ത്യയൊട്ടുക്കും 19-ാം നൂറ്റാണ്ട് മുതല്‍ സാമൂഹികവും-സാംസ്കാരികവുമായ ഉണര്‍വിന്റെ നവോത്ഥാനമുണ്ടായി. കേരളത്തില്‍ ശ്രീനാരായണ ഗുരുവിനെപോലെതന്നെ മഹാരാഷ്ട്രയില്‍ ജ്യോതി ബാഫുലെയുമുണ്ടായി. എന്നിട്ടെന്ത്, അത് അവിടെ തീര്‍ന്നു! കേരളം രാഷ്ട്രീയമായി നവോത്ഥാനത്തെ ഏറ്റെടുത്തതുകൊണ്ടാണ്, അതിന് ഭരണപരമായ അടിത്തറ നിര്‍മ്മിച്ചതിനാലാണ് പുകള്‍പെറ്റ നമ്മുടെ ഈ പുരോഗമനവും വികസനവുമെല്ലാം. തമിഴ്നാട്ടിലുണ്ടായ നവോത്ഥാനത്തിന് തുടര്‍ച്ചകളില്ലാത്തതിനാല്‍ സംഭവിച്ചത് നവോത്ഥാനപൂര്‍വ്വകാലത്തേക്കാള്‍ തീവ്രമായ ഉച്ചനീചത്വങ്ങളിലേക്കുള്ള പതനമാണ്. നാം എത്ര ജാതിവേലികള്‍ പൊളിച്ചാലും രാഷ്ട്രീയമായ മുന്നേറ്റത്തിലൂടെ ആ സമൂഹം ഉയര്‍ത്തെഴുന്നേറ്റാലല്ലാതെ പരിവര്‍ത്തനം സാധ്യമല്ല.

ലോകത്തെവിടെയുമെന്നപോലെ മതനവീകരണത്തിന്റെ പാതയിലൂടെയായിരുന്നു കേരളത്തിലെ നവോത്ഥാന വിപ്ളവം പടര്‍ന്ന് കയറിയത്. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്ത ഗുരു അധ:സ്ഥിതന് അവന്റെ ദൈവത്തെ നല്‍കി. നാരായണഗുരു മാത്രമല്ല ചട്ടമ്പിസ്വാമിയും, ബ്രഹ്മാനന്ദ ശിവയോഗിയും, വാഗ്ഭടാനന്ദനും, ഉള്‍പ്പെടെയുള്ളവര്‍ ഒരേ വിപ്ളവ ചിന്തയുടെ ഉള്‍ക്കരുത്തില്‍, വ്യത്യസ്ത പ്രയോഗത്തിലൂടെയാണെങ്കിലും നവോത്ഥാനത്തിന്റെ നായകരായി. പള്ളിക്കൂടങ്ങളില്‍ അടിയാളര്‍ക്ക് പ്രവേശനത്തിനായി അയ്യന്‍ങ്കാളിക്ക് 1906-ല്‍ വെങ്ങാന്നൂരില്‍ ഒരു തൊഴിലാളി പണിമുടക്ക് തന്നെ നടത്തേണ്ടിവന്നു. വിദ്യാഭ്യാസത്തിന്റെയും വിമോചനത്തിന്റെയും ഉയരങ്ങളിലേക്ക് ദളിതര്‍ കടന്ന് വന്ന വഴികളൊന്നും അത്ര സുഖകരമായ ചരിത്രമല്ല. പൊതു ഇടങ്ങളില്‍ അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകളഴിച്ച് എല്ലാവര്‍ക്കും ഒന്നിച്ചു നടക്കാനും, ഭക്ഷണം കഴിക്കാനും, പഠിക്കാനും കഴിഞ്ഞതും എളുപ്പത്തില്‍ സംഭവിച്ച മാറ്റങ്ങളല്ല. നവോത്ഥാനത്തിന്റെയും അതിന്റെ രാഷ്ട്രീയ-സാംസ്കാരിക പരിണാമങ്ങളിലൂടെയും സംഭവിച്ച പരിവര്‍ത്തനങ്ങളായിരുന്നു ഈ മാറ്റങ്ങളൊക്കെയും.

കേരളത്തിലെ സാംസ്കാരിക-സാമൂഹ്യ നവോത്ഥാനത്തിന്റെ കൈവഴികളെ ഊര്‍ജ്ജമുറ്റതാക്കിയത് പില്‍ക്കാലത്തെ കമ്യൂണിസ്റ്-കര്‍ഷകപോരാട്ടങ്ങളാണ്. ജാതിവിരുദ്ധ മുന്നേറ്റങ്ങളും ക്ഷേത്രസമരങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷകസമരത്തിന്റെയും കൊടിയുയര്‍ത്തി വലിയ സാമ്രാജ്യത്വ വിരുദ്ധ കലാപങ്ങള്‍ തന്നെയായി. ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങളിലെ എ.കെ.ജി, പി.കൃഷ്ണപിള്ള തുടങ്ങിയവരുടെ സാന്നിധ്യം ചരിത്രത്തിന്റെ ഒരു തുടക്കമായിരുന്നു. അവര്‍ണ്ണന്റെയും അധ:സ്ഥിതന്റെയും സ്വപ്നങ്ങള്‍ അസമത്വവും ദാരിദ്യ്രവും കൊണ്ട് പൊറുതിമുട്ടുന്ന മുഴുവന്‍ ജനതയുടെയും പോരാട്ടവീറിലേക്ക് മൊഴിമാറി. ജന്മിത്വത്തിന്റെ നെടുന്തൂണുകള്‍ ഉലഞ്ഞുവീണു. ജനങ്ങള്‍ പത്തായപ്പുരകള്‍ പിടിച്ചെടുത്തു. കയ്യൂരും കരിവെള്ളൂരും, കോറോത്തും, പാടിക്കുന്നും കാവുമ്പായിയും വെറും ഗ്രാമനാമങ്ങള്‍ മാത്രമല്ലാതായി. പുന്നപ്രയും വയലാറും വാരിക്കുന്തമെടുത്ത് സമരേതിഹാസങ്ങള്‍ തീര്‍ത്തതും, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ അവകാശബോധങ്ങള്‍ ഒന്നാകെ അണപൊട്ടിപ്രവഹിച്ചതുകൊണ്ടാണ്. നവോത്ഥാനത്തിന്റെ ഉജ്ജ്വലമായ വളര്‍ച്ചയാണത്. അതുവരെയുള്ള മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ചരിത്രം ഉരുക്കിയൊഴിച്ചാണ് പിന്നീട് 1957ലെ കമ്യൂണിസ്റ് സര്‍ക്കാര്‍ രൂപപ്പെട്ടത്. നവോത്ഥാനം ഏതെങ്കിലുമൊരു ചരിത്രഘട്ടത്തില്‍ തളംകെട്ടിനില്‍ക്കുന്നതല്ല, അതൊരു ഒഴുകുന്ന പ്രക്രിയയാണെന്നതിന് ചരിത്രം തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം.

കേരളം ഇന്ത്യയിലെ ഒരു സാധാരണ സംസ്ഥാനമല്ലെന്നും അതൊരു ലോകമാതൃകയാണെന്നും പറഞ്ഞത് നോബല്‍ ജേതാവായ അമര്‍ത്യസെന്നാണ്. ഭൂപരിഷ്കരണം, സാര്‍വ്വത്രിക-സൌജന്യ വിദ്യാഭ്യാസം, ജനകീയ ആരോഗ്യനയം, സമ്പൂര്‍ണ്ണ സാക്ഷരത, സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതികള്‍, ജനകീയാസൂത്രണം, സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങി സാമൂഹ്യനീതിയിലും പുരോഗമന സ്വഭാവത്തിലുമുള്ള ഈ ‘കേരള മോഡല്‍’ തന്നെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നവോത്ഥാന ചിന്തകള്‍ പടര്‍ന്ന് പന്തലിച്ചതിന്റെ ഫലമാണ്; തന്നെയുമല്ല, മാനവികതയുടെ വെളിച്ചമണഞ്ഞുപോകാതെ നോക്കുന്ന പുരോഗമന-കമ്യൂണിസ്റു പ്രസ്ഥാനങ്ങളുടെ ഉലച്ചില്‍ തട്ടാത്ത സാന്നിധ്യവും ഒന്നുകൊണ്ടാണ്. എന്നാല്‍ ആഗോളവത്കരണ കാലത്തെ നവലിബറല്‍ നയങ്ങള്‍ സ്വത്വബോധത്തിന്റെ പുതിയ തടവറകള്‍ നിര്‍മ്മിക്കുന്നതും, ജാതിയുടെയും മതത്തിന്റെയും കൂട്ടായ്മകള്‍ ഒരുക്കുന്നതും, മനുഷ്യദൈവങ്ങള്‍ക്ക് പരവതാനി വിരിക്കുന്നതും, പ്രത്യക്ഷത്തില്‍ തന്നെ നവോത്ഥാനത്തിന്റെ ഊര്‍ജ്ജപ്രവാഹങ്ങളിലോരോന്നിലുമുള്ള വിഷംകലര്‍ത്തലായി കാണണം. കാലം അശുഭകരമാകുമ്പോള്‍, കൈയ്യും കെട്ടി നോക്കിനില്‍ക്കാനാവാത്തതുകൊണ്ട്, ഡി.വൈ.എഫ്.ഐ ഉച്ചത്തില്‍ ഏറ്റെടുക്കുകയാണ് അതുകൊണ്ടുതന്നെ ആ മുദ്രാവാക്യം- ‘ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം’.

തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും കാണുന്നതുപോലെ അയിത്തവും അനാചാരങ്ങളും ജാതിവേലികളുമില്ലാത്തതുകൊണ്ട് ജാതിചിന്തകള്‍ ഇവിടെ അസ്തമിച്ചു എന്ന് ശുദ്ധഗതിക്കാര്‍ കരുതും. പഴയതുപോലെ ജാതിഘടനയില്ലാത്തതും ജാതിവിവേചനങ്ങള്‍ അപ്രത്യക്ഷമായതും അതിനുകാരണമായും അവര്‍ പറയും. എന്നാല്‍ ജാതി-മതങ്ങള്‍ ഇപ്പോള്‍ കടന്നുവരുന്നത് മുതലാളിത്തത്തിന്റെ നല്ല ചൂഷണോപാധികളായാണ്. പലവിധ സാമ്പത്തിക താല്‍പര്യങ്ങളാണ് ഇവിടെ ഇന്ന് ജാതിക്കൂട്ടായ്മകളെ ഉണ്ടാകുന്നത്. സാമൂഹ്യവിപ്ളവ സമരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ജാതിയും മതവും പറഞ്ഞ് ജനങ്ങളെ പലവിധ തുരുത്തുകളായി ചിതറിപ്പിച്ചാല്‍ മതിയെന്ന് മുതലാളിത്തം ഇന്ന് സമര്‍ത്ഥമായി തിരിച്ചറിഞ്ഞു കഴിഞ്ഞു. തിരിച്ചറിയാത്തത് അതില്‍പ്പെട്ടുപോകുന്ന പാവം മനുഷ്യരാണ്. മതമൌലികതയിലേക്കും മതതീവ്രവാദത്തിലേക്കും ഒരുതലമുറയെ കെട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയ ദുഷ്കൃത്യം എന്നാല്‍ ഇതിനേക്കാള്‍ ഭീകരമാണ്. കേരളത്തിലെ പണാധിപത്യ സമൂഹമാക്കികൊണ്ടുള്ള ‘മാഫിയാവത്കരണം’ വേറെ. ഒരു സമൂഹം ഒന്നടങ്കം മദ്യാസക്തിയില്‍ മുങ്ങിമരിക്കുന്ന ദുരന്തം മറ്റൊന്ന്. കടക്കെണിയില്‍പെട്ട് കഴുത്തുമുറുകി ചത്താലും വിവാഹധൂര്‍ത്തില്‍നിന്ന് വിടപറയാത്ത സാമൂഹ്യമനോനില, പിന്നെ മകളെന്നോ പെങ്ങളെന്നോ, അമ്മയെന്നോയുള്ള സാധാരണ ധാര്‍മ്മികചിന്തപോലും ഇല്ലാത്ത കാടന്‍ ലൈംഗികാക്രമണങ്ങള്‍, ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി പെരുകികൊണ്ടിരിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍, വിവിധ മാഫിയാഗ്രൂപ്പുകള്‍, മതതീവ്രവാദിങ്ങളുടെയും വര്‍ഗ്ഗീയ ഫാസിസ്റുകളുടെയും പുതിയ സദാചാരപോലീസ് വേഷം നവോത്ഥാന പൂര്‍വ്വകാലത്തെയും നാണിപ്പിക്കുന്ന ‘പരിഷ്കൃതമായ ഒരു പ്രാകൃതത്വത്തിലേക്കാണ്’ കേരളം  ഇന്ന് നടന്നടുക്കുന്നത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ അലംഭാവംകൂടിയാണ് ഇത്തരം ഛിദ്രശക്തികളെ ഇവിടെ പനപോലെ വളര്‍ത്തുന്നത്. വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ശാക്തീകരണത്തിന് ഉതകുംവിധമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പലനടപടികളും ഇവിടെ നടപ്പിലാക്കുന്നത്. ലീഗിന്റെ അഞ്ചാംമന്ത്രി വിവാദംതന്നെയെടുക്കുക, അതിന്റെ കാരണം ഒരു രാഷ്ട്രീയ കക്ഷിയുടെ സാമുദായിക ദുഷ്ടലാക്കാണെങ്കില്‍, ഫലം ഇവിടെ ഹിന്ദു ഏകീകരണത്തിന് കളമൊരുക്കി എന്നതാണ്. സാമുദായിക ചേരിതിരുവുകള്‍ ഏതൊരു മറയുമില്ലാതെ പൊതുനിരത്തിലേക്ക് ഇറങ്ങിവരുകയും ചെയ്തു. ഇതുകൊണ്ടെല്ലാം തടിച്ചുകൊഴുക്കുന്നത് മതതീവ്രവാദമല്ലാതെ മറ്റൊന്നുമല്ല. ഇവിടെ ‘ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം’ എന്നത് ഒറ്റ മുദ്രാവാക്യം മാത്രമല്ല കേരളം നെഞ്ചൂക്കോടെ ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന ഒരായിരം മുദ്രാവാക്യങ്ങളുടെ സമാഹാരമാണ്. നിലയ്ക്കാത്ത പോരാട്ടങ്ങളുടെ യാത്രയാണ് ഡി.വൈ.എഫ്.ഐക്ക് ഈ ദൌത്യം.  നന്മയും മാനവികതയും നഷ്ടമായിട്ടില്ലാത്ത ഒരു ജനസഞ്ചയത്തെ ഈ സമരവഴികളില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ വൃഥാവിലാവില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. 

ടി.വി രാജേഷ്
Read More

നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി

നവോത്ഥാന നായകരും സാമൂഹ്യപരിഷക്കര്‍ത്താക്കളും ആരംഭിച്ച പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലേക്ക് ഇന്ന് കയറിപ്പറ്റിയവര്‍ സ്ഥാപകോദ്ദേശ്യങ്ങളെ തിരസ്കരിക്കുന്നതായി തോന്നുന്നു. ഈ വിപര്യയത്തിനു കാരണമെന്താണ്. എങ്ങനെയാണ് നേരിടേണ്ടത്?

നവോത്ഥാനം, സാമൂഹ്യപരിഷ്കാരം, സാമൂഹ്യവിപ്ളവം മുതലായ പ്രതിഭാസങ്ങള്‍ സമൂഹത്തിന്റെ ചരിത്രത്തില്‍ ഇടയ്ക്കിടെ അനിവാര്യമായും പ്രയോജനപ്രദമായും സംഭവിക്കുന്ന പ്രതിഭാസങ്ങളാണ്. എന്നാല്‍ അതുപോലെ തന്നെ അനിവാര്യമയി സംഭവിക്കുന്നുവെന്ന് തോന്നാവുന്നവയാണ് അവയുടെ പില്‍ക്കാലത്തെ അപചയവും. നമ്മുടെ ലോകചരിത്രത്തില്‍ ഗൌതമബുദ്ധന്‍, സൌരാഷ്ട്രര്‍, യേശുക്രിസ്തു, മുഹമ്മദ്നബി മുതലായവരെ വെറും പുതുമതസ്ഥാപകര്‍ മാത്രമായി കരുതുന്നത് ചരിത്രദൃഷ്ട്യാ തെറ്റാണ്. ഇവരില്‍ പലരും നിലനില്‍ക്കുന്ന സാമൂഹ്യവ്യസ്ഥയിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പോരാടിയവരാണ് എന്ന് അവരുടെ ചരിത്രം നിഷ്പക്ഷമായി വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ബുദ്ധനും ക്രിസ്തുവും മറ്റും ഒരു മതവും സ്ഥാപിച്ചിരുന്നില്ല. അവരുടെ പിന്‍ഗാമികളാണ് അവരുടെ ആശയങ്ങളെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ആക്കിയത്. ബുദ്ധനാകട്ടെ ഈശ്വരസങ്കല്പം പോലും അംഗീകരിച്ചിരുന്നില്ല.

റോമസാമ്രാജ്യത്തിന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു കൊണ്ടിരുന്ന യഹൂദന്‍മാരെയും യഹുദപ്രമാണിമാരുടെ വിവേചനത്തിന് വിധേയരായി അകറ്റിനിറുത്തപ്പെട്ടവരെയും പണക്കാരുടെ ചൂഷണത്തിനുവിധേയരായ ദരിദ്രരേയും പ്രത്യാശയും തന്റേടവും നല്കി സ്വതന്ത്രരും ശക്തരുമാക്കാനാണ് യേശുക്രിസ്തു ശ്രമിച്ചത്. അങ്ങനെ ക്രിസ്തുമതം പീഡിതരുടെ അത്താണിയായിരുന്നു. എന്നാല്‍ ക്രിസ്തുവിനുശേഷം നാലാം നൂറ്റാണ്ടില്‍ റോമാചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റന്റയിന്‍ ക്രിസ്തുമതത്തെ സാമ്രാജ്യത്വമര്‍ദ്ദനങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും സാമ്രാജ്യത്തിന്റ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ പീഡിതരുടെ മതം പീഢകരുടെ മതമായി മാറുകയാണുണ്ടായത്.

മതങ്ങളുടെ അപചയം

ബുദ്ധന്‍ അന്നുനിലവിലിരുന്ന ജാതി മേധാവിത്വത്തിനും, ചെലവേറിയ വൈദികയാഗങ്ങള്‍ക്കും എതിരെ കീഴ്ജാതിക്കാരെയും, ശൂദ്രരും വൈശ്യരുമുള്‍പ്പെടെയുള്ളവരെയും മോചിപ്പിക്കുന്നതിനുള്ള സന്ദേശം നല്കുകയും സംഘടനകള്‍ കെട്ടിപ്പടുക്കുകയുമാണ് ചെയ്തത്. പക്ഷേ അധികകാലം വേണ്ടിവന്നില്ല. ബുദ്ധമതം ഹീനയാനവും മഹായാനവുമായി വേര്‍പിരിയാന്‍. ഇതിലെ മഹായാന ബുദ്ധന്റെ സന്ദേശങ്ങള്‍ക്കെതിരെ പ്രാമാണികരുടെ മതമായി വളരുകയാണ് ചെയ്തത്. ഈശ്വരനില്‍ വിശ്വസിക്കാത്ത ബുദ്ധനെ ത്തന്നെ അവര്‍ ഈശ്വരനാക്കി വിഗ്രഹങ്ങള്‍ സൃഷ്ടിച്ച് പൂജിക്കാന്‍ തുടങ്ങി. മിക്കവാറും മറ്റെല്ലാ മതങ്ങളെക്കുറിച്ചും ചൂണ്ടിക്കാണിക്കാവുന്ന അപചയമാണിത്.

മഹാപ്രസ്ഥാനങ്ങള്‍ ജാതീയതയുടെ ഉപകരണം

ഈ മഹാപ്രസ്ഥാനങ്ങളുടെ വഴിക്കുതന്നെയാണ് നമ്മുടെ കൊച്ചുകേരളത്തിലെ നവോത്ഥാനപ്രക്രിയയും ആദ്യം മുന്നോട്ടും പിന്നെ പിന്നോട്ടും പോയത്. തനിക്ക് ജാതിയോ മതമോ ഇല്ലെന്നും ധര്‍മ്മാധിഷ്ഠിതവും സമത്വാദര്‍ശനിഷ്ഠയുള്ളതും ആയ ഒരു നവീന സമൂഹസൃഷ്ടിയിലാണ് വിശ്വസിക്കുന്നത് എന്നും ശ്രീനാരായണഗുരു പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിദ്യാലയങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനാനുവാദമില്ലായ്മയും നിലനിന്നിരുന്ന കാലത്ത് അവരെ സംഘടിപ്പിച്ച് ശക്തരാക്കി വിമോചനത്തിലേക്ക്് നയിക്കാനാണ് 1903 ല്‍ ശ്രീനാരായണധര്‍മ്മപരിപാലനയോഗം. ഡോ. പല്‍പ്പു, കുമാരനാശാന്‍ തുടങ്ങിയവരുടെ കര്‍മ്മകുശലത ഉപയോഗപ്പെടുത്തി അദ്ദേഹം സംഘടിപ്പിച്ചത്. എന്നാല്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും അപചയം അദ്ദേഹത്തെ അലട്ടിത്തുടങ്ങി. ജാതി ചോദിക്കരുത്  പറയരുത് എന്നും മദ്യം വിഷമാണെന്നും, അതുണ്ടാക്കരുത്, കൊടുക്കരുത്,   എന്നും പഠിപ്പിച്ച  ഗുരുവിന്റെ സംഘടനതന്നെ അതുതുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ 'ജാത്യാഭിമാനം' വര്‍ദ്ധിച്ചതിനാല്‍ അദ്ദേഹം അസ്വസ്ഥനായി. സംഘടനയില്‍നിന്ന് 1916 ല്‍ രാജിവെച്ച് ഒഴിയുകയും ചെയ്തു. ഡോ. പല്‍പ്പുവും നാലഞ്ചുവര്‍ഷത്തിനുശേഷം  എസ് എന്‍ ഡി പിയില്‍ നിന്ന് പിരിഞ്ഞു. എസ് എന്‍ ഡി പിയുടെ സ്ഥാപകജനറല്‍ സെക്രട്ടറി യായിരുന്ന മഹാകവി കുമാരനാശാന്‍ പതിനെട്ടു വര്‍ഷത്തെ ഉജ്ജ്വലമായ സേവനത്തിനുശേഷം സ്വയം പിരിഞ്ഞുപോയി. എസ് എന്‍ ഡി പി യിലെ ചില പ്രമാണിമാര്‍ കുമാരനാശാന്റെ ഗാനത്തിനെതിരെ നടത്തിയ അപവാദപ്രചരണത്തില്‍ മനംനൊന്ത് ആശാന്‍ കവിതകള്‍ പോലും രചിക്കുകയുണ്ടായി.

ഇതുപോലെ ആദ്യകാലത്ത് സാമൂഹ്യപരിഷ്ക്കരണത്തിനും ദുരാചാരനിര്‍മ്മാര്‍ജ്ജനത്തിനുംവേണ്ടി പരിശ്രമിച്ച പലസംഘടനകളും പില്‍ക്കാലത്ത് അനാചാരങ്ങളുടെയും ജാതീയതയുടെയും ഉദാഹരണമായി അധ:പതിച്ച സംഭവങ്ങള്‍  ഇവിടെ വിസ്തരിച്ച് എടുത്തുപറയേണ്ടതില്ല. ഇങ്ങനെ അപചയം സംഭവിക്കുമ്പോള്‍ ഈ പ്രസ്ഥാനങ്ങളുടെ സ്ഥാപകനായകര്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളെ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുകയും അതിനുവഴിയില്ലെങ്കില്‍ വേറെ സംഘടനകള്‍ സ്ഥാപിക്കുകയുമാണ് പുരോഗമനേച്ഛുക്കളുടെ കര്‍ത്തവ്യം.

ഈ പറഞ്ഞതിന്റെ അര്‍ത്ഥം പഴയ ആദര്‍ശങ്ങള്‍ പുലര്‍ത്താന്‍ പുതിയ ജാതി  സംഘടനകള്‍ സ്ഥാപിക്കണം എന്നാണോ?

കേരളത്തിലെ നവോത്ഥാനത്തിനും മതനിരപേക്ഷമായ ജനാധിപത്യപ്രസ്ഥാനത്തിനും ചില പ്രത്യേകതകളുണ്ട്. ഈ നവോത്ഥാനപ്രസ്ഥാനങ്ങളില്‍ മിക്കവയും സ്ഥാപിക്കപ്പെട്ടത് ജാതിയുടെ അടിസ്ഥാനത്തിലാണ്. ശ്രീനാരായണഗുരു എസ് എന്‍ ഡി പി യോഗം സ്ഥാപിച്ചത് എല്ലാ ജാതി വിഭാഗങ്ങളുടെയും അവശതകള്‍ ഈഴവരുടേതിനുമൊപ്പം പരിഹരിക്കാനാണെങ്കിലും പില്‍ക്കാലത്ത് (ഇപ്പോഴും) അത് ഈഴവരുടെ ജാതി സംഘടനയായി മാറി. യോഗത്തിന്റെ അപചയം ആരംഭിച്ചതോടെ ഈഴവരില്‍തന്നെ പ്രമാണിമാരുടെ സംഘടനയായി എസ് എന്‍ ഡി പിയോഗം അധ:പതിച്ചു. സ്വദേശാഭിമാനി ടി കെ മാധവനെപ്പോലെ അധ:സ്ഥിതരുടെ മോചനത്തിനായാലും ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായാലും എല്ലാവിഭാഗം ജനങ്ങളെയും ഒത്തൊരുമിപ്പിക്കണം എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇന്ന് എസ് എന്‍ ഡി പിയുടെ നേതൃനിരയില്‍ കാണാനില്ല. അതുപോലെതന്നെ എസ് എന്‍ ഡി പിയുടെ മാതൃകയില്‍ സ്ഥാപിക്കപ്പെട്ട എന്‍ എസ് എസിന്റെ കാര്യവും വ്യത്യസ്തമല്ല. നായന്മാര്‍, നമ്പൂതിരിമാരെയും ക്ഷത്രിയന്മാരെയുംകാള്‍ ജാതി ശ്രേണിയില്‍ താഴ്ന്നവരാണെങ്കിലും അവരില്‍ ഒരു വിഭാഗം ഭരണരംഗത്തും ഭൂഉടമയിലും മേലാളന്മാരായിരുന്നു. എന്നുമാത്രമല്ല അവരും പണ്ട് ശൂദ്രരായി കരുതപ്പെട്ടിരുന്നെങ്കിലും പിന്നീട് പൂണൂല്‍വര്‍ഗ്ഗക്കാരുമായുള്ള വേഴ്ചമൂലം സവര്‍ണ്ണരായിത്തീര്‍ന്നു. എന്നാല്‍ കൂട്ടുകുടുംബവ്യവസ്ഥ കെട്ടുകല്യാണം നമ്പൂതിരിസംബന്ധം അമ്മാവന്മാരുടെ കാരണവ ആധിപത്യം തുടങ്ങിയ പലമേഖലകളിലും അവശരായവരെ കൂടി ഉള്‍ക്കൊണ്ടിരുന്നു. ഇവയ്ക്കെല്ലാമെതിരായ പോരാടുകയും 1924 ലെ വൈക്കം സത്യാഗ്രഹക്കാലത്ത് അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മന്നത്തുപദ്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ്ണജാഥ നടത്തുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ഈ പ്രവര്‍ത്തനകാലം എന്‍ എസ് എസിന്റെ നവോത്ഥാനദൌത്യകാലമായിരുന്നു. പിന്നീടവര്‍ പിന്നോക്കജാതിക്കാരുടെ അവശതകള്‍ പരിഹരിക്കാനുള്ള സംയുക്തരാഷ്ട്രീയസഭയെയും നിവര്‍ത്തനപ്രക്ഷോഭണത്തെയും അതിലെല്ലാമുപരി സി പി രാമസ്വാമി അയ്യരുടെ കിങ്കരന്‍മാരായി സ്റേറ്റ് കോണ്‍ഗ്രസിനെ തന്നെയും എതിര്‍ത്തപ്പോള്‍ അവരില്‍ അവശേഷിച്ചിരുന്ന പുരോഗമനആശയങ്ങള്‍ പൂര്‍ണ്ണമായി വാര്‍ന്നുപോയി.

മന്നത്തുപദ്മനാഭന്റെയും, എന്‍ എസ് എസ്സിന്റെയും അധ:പതനത്തിന്റെ നെല്ലിപ്പടിയായിരുന്നു 1959 ല്‍ കമ്യൂണിസ്റുസര്‍ക്കാരിനെതിരെ നടത്തിയ കുപ്രസിദ്ധവിമോചനസമരത്തിലെ അവരുടെ പങ്കാളിത്തം.

നവോത്ഥാനത്തിന് സംഭാവനനല്‍കിയ നമ്പൂതിരി യോഗക്ഷേമസഭയുടെ കാര്യത്തിലും ഈ വിധത്തിലുള്ള മാറ്റം മറിച്ചിലുകള്‍ കാണാം. മഹാനായ അയ്യങ്കാളിയുടെ സാധുജനപരിപാലനയോഗത്തില്‍ നിന്ന് പില്‍ക്കാലത്ത് പിരിഞ്ഞുപോയി ജാതിസംഘടനകള്‍ ഉണ്ടാക്കിയവരും ജാതിവാദികളും ഉണ്ടായിരുന്നു. അയ്യങ്കാളി ഏറ്റവും അധ: സ്ഥിതരായ ദളിതര്‍ക്കുവേണ്ടിയാണ് പോരാടിയത്. അവരെ ചേരമരെന്നും, പുലയരെന്നും സാംബവരെന്നും അദ്ദേഹം വേര്‍തിരിച്ചിരുന്നില്ല. പക്ഷേ പിന്നീട് സാംബവര്‍ മഹാജനസഭയും ചേരമര്‍ സഭയും പുലയര്‍മഹാസഭയും മറ്റും രൂപംകൊണ്ടതോടെ അവ ഇടക്കാലത്ത് ഉയര്‍ന്നുവന്ന ദളിത് ഉദ്യോഗസ്ഥ പ്രമാണിമാരുടെ ചട്ടുകമായി തീര്‍ന്നു.

വര്‍ഗ്ഗസംഘടനകളുടെ പ്രസക്തി

ഈ ചരിത്രവസ്തുതകള്‍ നമ്മെ പഠിപ്പിക്കുന്നത് എന്താണ്? അയ്യങ്കാളി സാമൂഹ്യവിവേചനത്തിനെതിരെ പോരാടിയതോടൊപ്പം സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടി. കര്‍ഷകത്തൊഴിലാളികളുടെ കേരളത്തിലെ പ്രഥമപണിമുടക്കും പ്രക്ഷോഭവും നയിച്ച കാര്യം പ്രസിദ്ധമാണല്ലോ. അങ്ങനെ സാമ്പത്തികഅവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്പോള്‍ അതേ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് ജാതിക്കാരെയും ചേര്‍ത്ത്  തൊഴിലെടുക്കുന്നവരുടെ ഐക്യവും ഐക്യസംഘടനകളും സ്ഥാപിക്കുകയാണ് വേണ്ടത്. കേരളത്തില്‍ അയ്യങ്കാളിയുടെ ഈ മാതൃകപിന്തുടര്‍ന്നത് 1937-ല്‍ സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്് പാര്‍ട്ടിയാണ്. ദളിതരുടെയും മറ്റ് കീഴ്ജാതിക്കാരുടെയും പ്രശ്നങ്ങളെല്ലാം സാമ്പത്തിക അവകാശങ്ങള്‍ നേടുന്നതുകൊണ്ടുമാത്രം ആവില്ല. സാമൂഹ്യരംഗത്തെ സാംസ്ക്കാരികപ്രവര്‍ത്തനം കൂടി അതിനാവശ്യമാണ്. കൂടാതെ രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തവും നമ്മുടെ ഭരണഘടനവിഭാവനം ചെയ്യുന്ന പട്ടികജാതി പട്ടിവര്‍ഗ്ഗ സംവരണവും കേന്ദ്രത്തിലെ പ്രഥമകോണ്‍ഗ്രസിതര സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട മണ്ഡല്‍ക്കമ്മീഷനെത്തുടര്‍ന്ന് വി പി സിംഗ് മന്ത്രിസഭ തുടങ്ങിവച്ച പിന്നോക്കസമുദായസംവരണവും (ഒ ബി സി) എല്ലാം ഈ 'അധികാര സംമ്പാദന'ത്തിന്റെ (എം പവര്‍മെന്റ്) ആവശ്യത്തെ ഊന്നിക്കൊണ്ടുള്ളതാണ്. ഇത്രയൊക്കെയായിട്ടും സ്വാതന്ത്യ്രം ലഭിച്ച് അറുപത് വര്‍ഷം പിന്നിട്ടിട്ടും അധ:സ്ഥിത ജാതികളുടെ അവശതകള്‍ കാര്യമായൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ജാതി സംഘടനകളിലെ വരേണ്യ പക്ഷപാതങ്ങളെ എതിര്‍ക്കുകയും വര്‍ഗ്ഗസംഘടനകള്‍ കെട്ടിപ്പടുക്കുകയും അധ:സ്ഥിതരുടെ ജാതി സംഘടനകളോട് ശത്രുതയില്ലാത്ത ക്രിയാത്മക സമീപനം കൈക്കൊള്ളുകയുമാണ് പോംവഴി.

സാഹിത്യകാരന്റെ രാഷ്ട്രീയം

വര്‍ഗ്ഗീയത, സാമ്രാജ്യത്വം ആഗോളീകരണം എന്നീ സങ്കീര്‍ണ്ണമായ വിപത്തുകള്‍ക്കെതിരെ പ്രത്യക്ഷത്തില്‍ സംവാദങ്ങളും സമരങ്ങളും നടക്കുന്നു. എന്നാല്‍ വിഷയങ്ങളില്‍ ഇടപെടാതെ മാറിനില്ക്കുന്ന എഴുത്തുകാരുണ്ട്. എഴുത്തുകാരന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന് പൊതുകാര്യങ്ങളില്‍ നിസ്സംഗതപുലര്‍ത്തുന്നതെന്തുകൊണ്ടാണ്?

ഏതു സമൂഹത്തിന്റെയും നിലനില്‍പ്പ് അതിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ആശയവിനിമയത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇത്തരത്തിലുള്ള ആശയവിനിമയങ്ങളുടെ ഉപാധികളാണ് പണ്ടത്തെ നൃത്തവും സംഗീതവും നടോടികഥകളുടെ പ്രചാരവും അമ്മൂമ്മമാരില്‍ നിന്നും അപ്പൂപ്പന്മാരില്‍നിന്നും പുതിയ തലമുറയ്ക്ക് പകര്‍ന്നുകിട്ടുന്ന അനുഭവ സമ്പത്തും എല്ലാം. ആറായിരം വര്‍ഷം മുമ്പ് അക്ഷരവിദ്യ കണ്ടുപിടിക്കുന്നതിനും മുമ്പും അതിനുശേഷം ആ വിദ്യയില്‍ തഴക്കമില്ലാത്തവര്‍ക്കുവേണ്ടിയും മേല്‍ പറഞ്ഞ ഉപദേശങ്ങളും കഥകളും കലയും പൂര്‍ണ്ണമായി വാമൊഴിയില്‍ ആയിരുന്നു. അക്ഷരം കണ്ടുപിടിച്ചതിനുശേഷം വരമൊഴിയിലായി. അതോടുകൂടി ഈ വരമൊഴി കൈകാര്യം ചെയ്യുന്ന വിജ്ഞാന പ്രചാരകരുടെ പ്രാധാന്യം സമൂഹത്തില്‍ വര്‍ദ്ധിച്ചുവന്നു.

ഇങ്ങനെ കഥകളും കവിതകളും രചിക്കുന്നവരും നാടകവും നൃത്തവും സംഗീതവും അവതരിപ്പിക്കുന്നവരും ജനങ്ങളുടെ ഹൃദയത്തില്‍ തറയ്ക്കും വിധവും അവര്‍ക്ക് വിനോദം അനുഭവപ്പെടുന്നരീതിയിലും ആണ് ഈ കര്‍ത്തവ്യ നിര്‍വ്വഹണം നടത്തിപ്പോന്നത്. അവയെല്ലാം മനുഷ്യരുടെ ഹൃദയവികാരങ്ങളെയും ആശകളെയും നിരാശകളെയും പ്രതിഫലിപ്പിക്കുന്നതും ആയിരുന്നു. പക്ഷേ സമൂഹത്തിന്റെ നിലനില്പിനും പുരോഗതിക്കും സാമൂഹ്യവും രാഷ്ട്രീയവുമായ സംഘടനകള്‍ ആവശ്യമാണ്. അതില്‍ അധികാരഘടനയുടെ പ്രശ്നങ്ങളും ഉച്ചനീചത്വങ്ങളുടെ സംഘര്‍ഷങ്ങളും പ്രത്യക്ഷപ്പെടാതിരിക്കില്ല. ഇതൊക്കെത്തന്നെയാണ് രാഷ്ട്രീയപ്രശ്നങ്ങള്‍. ഋഷിതുല്യരായ നമ്മുടെ പ്രാചീന സാംസ്കാരിക നായകരായ ഹോമറും (ഒഡീസി, ഇലിയഡ്) വാല്മീകിയും (രാമായണം) വ്യാസനും (മഹാഭാരതം) എല്ലാം രാഷ്ട്രീയത്തെയും യുദ്ധത്തെയും അവയില്‍ നിന്ന് തലയുയര്‍ത്തിയ പ്രാമാണികരെയും അവയില്‍ കുടുങ്ങിപ്പോയ ഹതഭാഗ്യരെയും ഇവരുടെയെല്ലാം അന്തര്‍ധാരയായിരുന്ന ധര്‍മ്മാധര്‍മ്മ ചിന്തകളെയുമാണ് പരാമര്‍ശിച്ചത്. പില്‍ക്കാലത്തും ഷേക്സ്പിയറെയും മില്‍ട്ടനെയും തുളസിദാസിനെയും, കമ്പരെയും പോലുള്ളവര്‍ അതേമാര്‍ഗ്ഗം തന്നെയാണ് തുടര്‍ന്നത്. കേരളത്തില്‍ എഴുത്തച്ഛനെപ്പോലുള്ളവര്‍ പരോക്ഷമായും കുഞ്ചന്‍ നമ്പ്യാരെപ്പോലുള്ളവര്‍ പ്രത്യക്ഷമായും രാഷ്ട്രീയവും സാമൂഹ്യപ്രശ്നങ്ങളും ധാര്‍മ്മിക കാര്യങ്ങളും കൈകാര്യം ചെയ്തു. ആധുനിക കേരളത്തിലാകട്ടെ കുമാരനാശാനും വള്ളത്തോളും തകഴിയും പൊന്‍കുന്നം വര്‍ക്കിയും ചെറുകാടും എസ് കെ പൊറ്റെക്കാടും ബഷീറും എല്ലാം രാഷ്ട്രീയക്കാരായിരുന്നു. വള്ളത്തോള്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കവിതകള്‍ എഴുതുകയും ചെയ്തു. 'ചണ്ഡാലഭിക്ഷുകി'യും 'ദുരവസ്ഥ'യും എഴുതിയ ആശാനും പൊതുകാര്യങ്ങളില്‍ നിസ്സംഗതപുലര്‍ത്തിയില്ല. ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ ലോകത്തിലെ പ്രധാനപ്രശ്നങ്ങളായ മതം വര്‍ഗ്ഗം സാമ്രാജ്യത്വം ആഗോളീകരണം മതലായവയെ സംബന്ധിച്ച് നിസ്സംഗത നടിക്കുന്നവര്‍ അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നില്ല. പലപ്പോഴും ഈ നിസംഗതയ്ക്കും അരാഷ്ട്രീയത്തിനും പുറകില്‍ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ദൌത്യം അവര്‍ നിര്‍വഹിക്കുന്നതായും കാണാം.

(പി.ഗോവിന്ദപ്പിള്ളയുമായി മുമ്പ് നടത്തിയ അഭിമുഖത്തില്‍ നിന്ന്)
Read More

മലബാര്‍ കലാപത്തെ പ്പറ്റി - എ. കെ. ജി


"ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും, അനീതിക്കും, അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന്ന്വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും  ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുക?

ആലി മുസ്ലിയാരുടേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടേയും കീഴിലുള്ള നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ പൂക്കോട്ടൂരില്‍വച്ച് വെള്ളപ്പട്ടാളത്തെ ശക്തമായി നേരിട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വ സര്‍ക്കാരിന് തോക്കും പീരങ്കിയും വിമാനവും കപ്പലുമുണ്ടായിരുന്നു. അവര്‍ക്കെന്തൊക്കെ ഉണ്ടായിരുന്നാലും ധീരരായ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ യുദ്ധം ചെയ്യാന്‍ ധൈര്യപൂര്‍വം തയ്യാറായി. യുദ്ധത്തിനുള്ള ധൈര്യവും ശക്തിയും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരായുധരായ മുസ്ലിം സുഹൃത്തുക്കള്‍ തുറന്ന യുദ്ധം നടത്തുകയും മലബാറിന്റെ രണ്ട് താലൂക്കുകളില്‍ മൂന്ന് മാസത്തോളം അവര്‍ ഭരിക്കുകയും ചെയ്തു.

അവര്‍ ആ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുറത്താക്കുകയും സാധാരണ കര്‍ഷകരും തൊഴിലാളി സുഹൃത്തുക്കളും അവിടെ ഭരണം നടത്തുകയും ചെയ്തു. 'ക്വിറ്റ് ഇന്ത്യാ' പ്രമേയം 1921ല്‍ മുന്ന് മാസത്തോളം നടപ്പാക്കിക്കൊണ്ട്  നേരത്തേതന്നെ അവര്‍ മാതൃക കാണിച്ചിട്ടുണ്ട്. ആലി മുസ്ല്യാരാണ് അത് ചെയ്തത്.

രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ ഒരുമിച്ചാല്‍ മാത്രം മതി, അവരെ അടിച്ചമര്‍ത്താന്‍ ഗൂര്‍ക്കാ പട്ടാളവും വെള്ളപ്പട്ടാളവും പോലീസും ഉദ്യോഗസ്ഥന്‍മാരും ഒന്നിച്ച് നിന്നാല്‍ പോലും സാധ്യമല്ലെന്ന് അവര്‍ തെളിയിച്ചു. നമ്മുടെ ഐക്യം നമുക്ക് വേണ്ടത്ര ശക്തി തരുന്നു. തോക്കും വിമാനവും കുന്തവുമില്ലാതെയാണ് ആലി മുസ്ലിയാര്‍ മൂന്ന് മാസം ഭരിച്ചത്. ഇതോര്‍മിക്കാതെ ഒരു സ്വാതന്ത്യ്രസമരം നടത്താന്‍ നമ്മള്‍ യോഗ്യരല്ല. അതിന്റെ ഗുണങ്ങള്‍ ചിന്തിക്കാനുള്ള ശക്തിയില്ലാതെ സ്വാതന്ത്യ്രത്തിനുവേണ്ടി ശക്തിയുള്ള സമരം നടത്താന്‍ നമുക്കാവില്ല. അതുകൊണ്ടാണ് അഭിമാനത്തോടെ ഇരുപത്തൊന്നിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും. നിങ്ങളാരാകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, നിങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധനാണെങ്കില്‍, അനര്‍ഹമായ ഈ ബ്രിട്ടീഷ് ഭരണം അവസാനിക്കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇരുപത്തൊന്നില്‍ ഈ രാജ്യത്തെ ദേശഭക്തരായ യുവാക്കള്‍ ചെയ്ത  ധീര സമരത്തിന്റെ പാഠമുള്‍ക്കൊള്ളണം. ആ സമരത്തിന്റെ സാഹചര്യങ്ങള്‍ പഠിക്കാതെ നിങ്ങള്‍ക്ക് പ്രത്യക്ഷ നടപടിക്കള്‍ തുടരാനാവില്ല. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനുമാവില്ല. അതുകൊണ്ടാണ് ഇരുപത്തൊന്നിന്റെ നല്ല പാഠങ്ങള്‍ പഠിക്കണമെന്ന് നാം പറയുന്നത്.

അക്കാലത്ത് ഇന്നാട്ടിലെ  മാപ്പിള സുഹൃത്തുക്കള്‍ ബി എ ക്കാരായിരുന്നില്ല. അവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസവുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഖാന്‍ ബഹാദൂര്‍ പട്ടമുണ്ടായിരുന്നില്ല. പക്ഷേ അവരില്‍ ശക്തന്‍മാരുണ്ടായിരുന്നു. അന്ന് രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി അവര്‍ പ്രസംഗിക്കുകയായിരുന്നില്ല;  പക്ഷേ അവര്‍ തോക്കുകളെ നേരിട്ടു, പീരങ്കികളെ നേരിട്ടു; ഉദ്യോഗസ്ഥന്‍മാരെ നേരിട്ടു. മനുഷ്യശക്തിക്ക് മുമ്പില്‍ തോക്കും ആയുധങ്ങളും പുല്‍ക്കൊടിയാണെന്ന് അവര്‍ തെളിയിച്ചു. മൂന്ന് മാസം അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞു. ഇതാര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? ഇത് സ്മരിക്കപ്പെടേണ്ടതല്ലേ? ആഗസ്ത് വിപ്ളവത്തെ പാടിപ്പുകഴ്ത്തുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഇതാണ് എനിക്ക് ചോദിക്കാനുള്ളത്. നമുക്കിതാണ് പറയാനുള്ളത്; ആഗസ്ത് പതിനാറിന് മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി (കോണ്‍ഗ്രസിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി ദിനം) യഥാര്‍ഥ നടപടിയാകണമെങ്കില്‍ മുസ്ലിം നേതാക്കള്‍ അത് ബ്രിട്ടീഷ് ഭരണത്തിനെതിരെയാണ് നടത്തേണ്ടത്. ഇരുപത്തൊന്നിലെ സമരത്തിന്റെ പാഠം അവര്‍ നന്നായി പഠിക്കണം. അതായിരുന്നു നേരായ സമരം. പ്രത്യക്ഷ നടപടി കേരളത്തില്‍ ഇരുപത്തൊന്നില്‍തന്നെ നടന്നു. അത് മറക്കരുത്. ഓരോ വര്‍ഷത്തിലും ഇരുപത്തൊന്നിലെ സമരത്തിന്റെ ഓര്‍മ പുതുക്കണം. സ്വാതന്ത്യ്രത്തിനുവേണ്ടി ഈ സ്ഥലത്തെ ജനങ്ങള്‍, നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ ജന്മികള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ  വില ആയിരങ്ങളോ കോടിയോ അല്ല; ആ സമരത്തില്‍ സംഭവിച്ച വാഗണ്‍ ട്രാജഡി മറക്കാന്‍ കഴിയുമെന്നോ?

അതുകൊണ്ടാണ് ഇരുപത്തൊന്നാണ് ആചരിക്കേണ്ടത് എന്ന് ഞാന്‍ പറയുന്നത്. ഇരുപത്തൊന്നില്‍ നമ്മുടെ ജനങ്ങള്‍ ഒരു പ്രത്യക്ഷ നടപടി കൈക്കൊണ്ടു. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സായുധ സമരം. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതിന്, ജന്‍മിമാരില്‍നിന്നും ഈ നാട്ടിലെ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന്, ജന്മിമാരുടെയും ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരം. ഇരുപത്തൊന്നിലെ സായുധ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കട്ടേ, എന്തായിരുന്നു ആഗസ്ത് വിപ്ളവം? അത് വയര്‍ലെസ് കമ്പി മുറിക്കലും റെയില്‍ തകര്‍ക്കലുമായിരുന്നില്ലേ? അതുപോലെ ഉദ്യേഗസ്ഥരുടെ അതിക്രമത്തേയും ചെറുത്തു. അവരില്‍ പലരും മരിച്ചു. അത് അഹിംസയാണോ? പണ്ഡിറ്റ് നെഹ്റു പോലും പറയും നാം ആഗസ്ത് വിപ്ളവം ഓര്‍ക്കണമെന്ന്? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള സമരമായി ആഗസത് വിപ്ളവത്തെ കോണ്‍ഗ്രസ് ഗണിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഇരുപത്തൊന്നിലെ കലാപത്തെ പാര്‍ടി അതുപോലെ സ്മരിക്കുന്നില്ല? ആ സമരത്തെ മാപ്പിള കലാപം. മലബാര്‍ കലാപം എന്നൊക്കെ പറയുവാന്‍ ചില കാരണങ്ങളൊക്കെയുണ്ട്.  ആയിരക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായപ്പോള്‍ മുസ്ലിം വിരുദ്ധ ചിന്തയുള്ളവര്‍ അങ്ങനേയങ്ങ് പറയാന്‍ തുടങ്ങിയതാണ്.

അന്നത്തെ ഖിലാഫത്  ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ഗവണ്‍മെന്റായിരുന്നു. അത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഗവണ്‍മെന്റായിരുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ക്യാമ്പിലുണ്ടായിരുന്നവര്‍ കര്‍ഷകരായിരുന്നു. നാട്ടില്‍  പണമുള്ളവരുണ്ടായിരുന്നു. കുത്തക മുതലാളിമാരുണ്ടായിരുന്നു. എന്നിട്ടും ആരാണ് ഭരണം നടത്തിയത്? ഒരു പാവം വണ്ടിക്കാരന്‍ കുഞ്ഞഹമ്മദാജി. ഒരു പരീക്ഷയും പാസാകാത്തവന്‍. പക്ഷേ, അദ്ദേഹമായിരുന്നു ജനങ്ങളുടെ നേതാവ്. പാവപ്പെട്ടവരുടേയും നേതാവ്. ബിഎയും എം എയും ഉള്ള ഉദ്യോസസ്ഥര്‍ അദ്ദേഹത്തെ സല്യൂട്ട്  ചെയ്തു. അദ്ദേഹം അവര്‍ക്ക് കല്പനകള്‍ നല്കി. കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ലഭിച്ചു. ജഡ്ജുമാര്‍ ഹിന്ദുവായാലും മുസ്ലിമായാലും നിഷ്പക്ഷമായി വിധി പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റില്‍നിന്ന് ജാതി മത ചിന്തകള്‍ക്കതീതമായി പാവപ്പെട്ടവര്‍ക്ക് സംരക്ഷണം കിട്ടിയെന്നതിന് ഉദാഹരണങ്ങളുണ്ട്. അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു: 'നിങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. കൈക്കൂലി വാങ്ങുന്നവരുമാണ്. പക്ഷേ എന്റെ ഗവണ്‍മെന്റില്‍ ബ്രിട്ടീഷ് രീതിയിലുള്ള ഭരണം മാത്രം പോരാ. നിങ്ങള്‍ക്ക് കൈക്കൂലി വാങ്ങാനാവില്ല. രാജ്യം ഭരിക്കുന്നത് വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദാജിയാണ്, അതിനാല്‍ പാവപ്പെട്ടവര്‍ സംരക്ഷിക്കപ്പെടണം'. നമ്മള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്നുവെന്നാണ് പറയുന്നത്. നമ്മള്‍ കലാപമുണ്ടാക്കുന്നുവെന്ന് പറയുന്നത് ശരി തന്നെ. പക്ഷേ അത് വര്‍ഗീയമല്ല. പിന്നെ ആര്‍ക്കെതിരേയുള്ള കലാപം? ഉപയോഗ ശൂന്യമായ ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള കലാപം. തങ്ങളുടെ കൈകകളില്‍ തോക്കും വാളുമുണ്ടെന്ന് കരുതി വാഗണ്‍ ട്രാജഡിയില്‍ പാവപ്പെട്ട മുസ്ലിങ്ങളെ കൊന്ന ഭരണത്തിനെതിരെയാണ് നാം ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഇവിടെ കഴുത്തറുക്കില്ല. ബുദ്ധിയുള്ളവരും ദേശാഭിമാനമുള്ളവരും മതത്തിന്റെപേരില്‍ കലാപമുണ്ടാക്കില്ല.

ഇവിടന്നങ്ങോട്ട് അഹിംസയുടെ ഒരു സിദ്ധാന്തവും വിലപ്പോവില്ല. അതിക്രമം ഏത് ഭാഗത്ത് നിന്നായാലും, പൊലീസിന്റെ ഭാഗത്ത് നിന്നാവട്ടെ, ജന്‍മിയുടെയോ മുതലാളിയുടെയോ ഭാഗത്ത് നിന്നാവട്ടെ, അതിനെ എതിര്‍ക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ അത് വളരെ വേഗം ഈ രാജ്യത്ത് നടക്കുകതന്നെ ചെയ്യും. അതുവഴി സൌകര്യപ്രദമായി ജീവിക്കാനും കഴിയും. അതുകൊണ്ട് ഞാന്‍ ഇരുപത്തൊന്നിനെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ വാര്‍ഷികം ആചരിക്കാന്‍ പറയുമ്പോള്‍ പൂക്കോട്ടൂര്‍ ദിനം എന്ന് പറയുമ്പോള്‍ തൊള്ളായിരത്തി ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് നിങ്ങള്‍ സിന്ദാബാദ് വിളിക്കുക. ജന്‍മിമാരുടേയും ഉദ്യോഗസ്ഥന്‍മാരുടേയും അതിക്രമങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ തോക്കുകളുടെയും പീരങ്കികളുടെയും മുമ്പില്‍ രാജ്യത്തിന് മോചനത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായ മാപ്പിളമാരുടെ സ്മരണ സജീവമാക്കാത്തവരാരാണ്? ഈ നാട്ടിലെ നിരവധി ചെറുപ്പക്കാര്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പട്ടാളത്തിന്റെ മുന്നില്‍ മാറ് കാണിച്ചു. ഇതുവരെ ഞാനും നിങ്ങളും അത്തരം ഒരു കൃത്യം ചെയ്തിട്ടില്ല. നമ്മള്‍ പ്രസംഗിച്ചു, ജയില്‍വാസമനുഭവിച്ചു, അപ്പോഴേക്കും ധീരരാണെന്ന് നാം അവകാശപ്പെടുകയായി. തോക്കും പീരങ്കിയും തീ തുപ്പുമ്പോള്‍ അവയ്ക്കെതിരെ നിരായുധരായി മാര്‍ച്ച് ചെയ്യാനും അവ പിടിച്ചെടുക്കാനും എതിര്‍ത്ത് തോല്പിക്കാനും എത്ര പേരുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വളരെ കുറച്ച് പേര്‍ മാത്രം. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന് വേണ്ടി, പൊലീസിന്റെയും ജന്‍മിമാരുടെയും അതിക്രമങ്ങളവസാനിപ്പിക്കുന്നതിനുവേണ്ടി ധീരന്‍മാര്‍ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയപ്പോള്‍  അതായിരുന്നു ശരിയായ സമരം. അതിന്റെ സ്മരണ നാം നില നിറുത്തുക. ഇത് ഞാന്‍ നൂറ് പ്രവശ്യം പറയും. അതിന്റെ പേരില്‍ തൂക്കിലേറ്റിയാലും നമ്മളത് പറയണം. ദേശാഭിമാനികളെന്ന് വിളിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ ആരെങ്കിലും യഥാര്‍ഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, അസാമാന്യമായ ധൈര്യത്തോടെ ഈ രാജ്യത്തിന് വേണ്ടി ആരെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ ആ ദേശാഭിമാനികള്‍ നമ്മുടെ മാപ്പിള സഹോദരന്‍മാരാണ്. അതേക്കുറിച്ച് ഒരു സംശയവുമില്ല. ഇതേക്കുറിച്ച് ചിന്തിക്കാത്ത കോണ്‍ഗ്രസുകാര്‍ ദേശാഭിമാനികളല്ല. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുള്ള മാര്‍ഗത്തില്‍ നിരവധി നല്ല മക്കള്‍ തോക്കിനെ നേരിട്ട് വീരമ്യത്യു വരിച്ചു. അവരെ ഓര്‍ക്കുവിന്‍. ആ നന്മ സ്വീകരിക്കാന്‍ ശ്രമിക്കണം. തെറ്റായ വശങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. കമ്യൂണിസ്റ്റുകാരുടെ അഭ്യര്‍ഥനകളില്‍ കലാപം ലക്ഷ്യമാക്കുന്നില്ല. പണ്ഡിറ്റ് നെഹ്റുവാണ് കലാപം ഇളക്കിവിടുന്നത്. അദ്ദേഹം ലീഗുകാരോട് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍! ഞങ്ങളല്ല കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അത് കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കളാണ്. അവര്‍ക്കാണതില്‍ താല്പര്യം. ഞങ്ങള്‍ക്കല്ല. കമ്യൂണിസ്റ്റുകളില്‍ ജന്മിയോ, മുതലാളിയോ സമ്പന്നനോ ഇല്ല. ലീഗില്‍ മുതലാളിമാരും ജന്‍മിമാരും ഉണ്ട്. കോണ്‍ഗ്രസിലുമുണ്ട്. കോഴിക്കോട്ട് ബാദ്ഷാ സാഹിബ് നിരവധി  മുസ്ലിം കുടിയാന്മാരെ വീടുകളില്‍നിന്ന് പുറത്താക്കി. മുതലാളി എപ്പോഴും മുതലാളി  തന്നെയാണ്. അവര്‍ സാമുവല്‍ ആറോണോ, സത്താര്‍ സേഠുവോ  ആകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, കോണ്‍ഗ്രസോ മുസ്ലിം ലീഗോ ആകട്ടെ. മുതലാളിമാരുടെ ലക്ഷ്യം ഈ രാജ്യത്തെ ഹിന്ദുവോ മുസ്ലിമോ ആയ പാവപ്പെട്ടവരുടെ ഊര്‍ജം പിഴിഞ്ഞെടുക്കുകയും  ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് അവരെ പട്ടിണിക്കിടലുമാണ്. കോണ്‍ഗ്രസ് -ലീഗ് മുതലാളിമാരും കോണ്‍ഗ്രസ് -ലീഗ് ജന്മിമാരും പാവപ്പെട്ട മുസ്ലിം ഹിന്ദു ജനങ്ങളെ  ഭിന്നിപ്പിച്ച് ബ്രിട്ടീഷ് മുതലാളിമാര്‍ക്കുവേണ്ടി തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവകാശം  ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല,  തങ്ങള്‍ക്ക് കൂടി വേണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി ആരെങ്കിലും സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, ആരെങ്കിലും പ്രത്യക്ഷ നടപടി സമരം നടത്തിയിട്ടുണ്ടെങ്കില്‍  അത് ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സുഹൃത്തുക്കള്‍ മാത്രമാണ്.

ഇരുപത്തി ഒന്നിലേയും നാല്പത്തി ആറിലേയും സ്ഥിതിഗതികള്‍കൂടി നിങ്ങള്‍ മനസ്സിലാക്കുക. ഇരുപത്തൊന്നില്‍ ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് രാജ്യം വളരെ ദയനീയാവസ്ഥയിലായിരുന്നു. അന്ന് ബുദ്ധിമുട്ടായിരുന്നു. വേണ്ടത്ര അരി ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ കിട്ടാനില്ല. പോരാത്തതിന് ഖിലാഫത്ത് പ്രസ്ഥാനവും തുടങ്ങിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒറ്റക്കെട്ടായിരുന്നു. കഴിഞ്ഞ എട്ടു മാസമായി അല്ലെങ്കല്‍ ഒരു വര്‍ഷമായി രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യന്‍ നേവിയിലെ ഇന്ത്യക്കാര്‍ മാപ്പിളമാര്‍ മാത്രമല്ല; എല്ലാവരും ഒരു ദിവസം രാവിലെ അവരുടെ കപ്പലുകളില്‍നിന്ന് യൂണിയന്‍ പതാക അഴിച്ച് വച്ച് പകരം, കോണ്‍ഗ്രസിന്റേയും ലീഗിന്റേയും പതാക കള്‍ നാട്ടി. എന്നിട്ട് ബ്രിട്ടീഷുകാരോട് പറഞ്ഞു: നിങ്ങള്‍ ഇന്ത്യ വിട്ട് പോകണം. വെള്ളക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം ഞങ്ങള്‍ക്കും നല്‍കണം. അത് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രത്യക്ഷ നടപടി സമരം നടത്തുന്നത്. നിങ്ങള്‍ ഒന്നു മനസ്സിലാക്കണം: ബ്രിട്ടീഷ് പട്ടാളവുംകൂടി നമ്മുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പണിമുടക്കുന്നുണ്ട്. എംഎസ്പി പണിമുടക്കി. ഇരുപത്തൊന്ന് രൂപക്ക് നാടൊട്ടുക്കും പോയി ജനങ്ങളെ വെടി വയ്ക്കാനും തല്ലാനും തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞാണ് അവര്‍ പണി മുടക്കിയത്. പണിമുടക്കിയ 2000 എം എസ് പിക്കാരെ ഗവണ്‍മെന്റ് പിരിച്ച് വിട്ടു. തിരുനല്‍വേലിയിലെ റിസര്‍വ് പൊലീസ് പണി മുടക്കിയെന്ന് മിനിയാന്നത്തെപത്രത്തില്‍ കണ്ടു. അപ്രകാരം പൊലീസ് പണിമുടക്കി. തപാല്‍ ഉദ്യോസസ്ഥര്‍ പണിമുടക്കി. പത്ത് ലക്ഷംവരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങളും പണി മുടക്കുകയാണെന്ന്. അപ്പോള്‍ ഗവണ്‍മെന്റ് പറയുന്നു, ഒത്തുതീര്‍പ്പ് വേണമെന്ന്. ഇപ്പോള്‍ കോട്ടും ടൈയുമിട്ട നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മദ്രാസില്‍ സിന്ദാബാദ് വിളിച്ച് നടക്കുകയാണ്. യൂറോപ്യന്‍ കലക്ടറൊഴികെയുള്ള ഉദ്യോഗസ്ഥന്‍മാരും, ഇരുനൂറും മുന്നൂറും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും പോലീസും എം എസ്പിയും ഒക്കെ പണി മുടക്കാന്‍ തയ്യാറായിരിക്കുന്നു. എന്തുകൊണ്ട്? പണിമുടക്ക് കലാപമാണോ? വിശപ്പിന്റെ ഉച്ചത്തിലുള്ള വിളി ഇനിയും സഹിക്കാനാവില്ല. പട്ടിണിക്കാരുടെ വയറ്റില്‍ കലാപമാരംഭിച്ചരിക്കുന്നു. ഈ സമരങ്ങളൊക്കെയും വിശപ്പ്മൂലം ഭ്രാന്തരായ ജനങ്ങളുടേതാണ്. ഇതല്ലാതെ വേറൊരു കലാപം ഇവിടെയില്ല.

നമ്മളെന്തിനാണ് അടിച്ചമര്‍ത്തപ്പെടുന്നത്? അവര്‍ നമ്മെ അറസറ്റ് ചെയ്യുന്നു. നമ്മള്‍ മര്‍ദിക്കപ്പെടുന്നു. നിത്യവും കരിഞ്ചന്ത നടക്കുന്നു. അതിനാകട്ടെ ശിക്ഷിക്കപ്പെടുന്നുമില്ല. നമ്മള്‍ കരിഞ്ചന്തക്കാരെ പിടിച്ച് കൊടുത്തു. എന്നിട്ടെന്താ, അവര്‍ നമ്മളോട് പ്രതികാരം ചെയ്യുന്നു. കരിഞ്ചന്തക്കാരെ തൂക്കിക്കൊല്ലണമെന്നാണ് നെഹ്റു പറയുന്നത്. അത്രക്കൊന്നും നമ്മള്‍ ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തുകൂടേ? നാലു കോടി രൂപക്കുള്ള വസ്ത്രം കരിഞ്ചന്ത നടത്തിയതിന് അളഗപ്പ ചെട്ടിയാരെ പിടിച്ചു. അയാളെ ശിക്ഷിച്ചോ? പിന്നെന്തിനാണിവിടെ ഗവണ്‍മെന്റ്? ജന്‍മിമാരേയും മുതലാളിമാരേയും ശിക്ഷിക്കണം. അക്കാര്യത്തില്‍ ഗവണ്‍മെന്റ് ആരെയും പേടിക്കരുത്. റയില്‍വേ തൊഴിലാളികള്‍ പണി മുടക്കി. അവരെ നേരിടാന്‍ പൊലീസിനേയും എംഎസ്പിയേയും അയക്കരുതായിരുന്നു. ഒരു യൂറോപ്യന്‍ മുതലാളിയെ സഹായിക്കാന്‍ പൊലീസിനെ അയക്കരുത്. അതിനുള്ള ശക്തിയും തന്റേടവും ഗവണ്‍മെന്റിന് വേണം. നന്മ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പോട്ടെ, നിങ്ങള്‍ക്ക് തിന്മ ചെയ്യാതെങ്കിലും ഇരുന്നു കൂടേ? ഇതാണ് കോണ്‍ഗ്രസിനോടുള്ള ഞങ്ങളുടെ ഒരേയൊരു അപേക്ഷ രാജ്യ ദ്രോഹികളെന്നാണ് നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നില്ലേ? പക്ഷേ,  ഇന്ന് ഞങ്ങള്‍ കോണ്‍ഗ്രസിലില്ല.  ഇന്ന് മുത്തയ്യ ചെട്ടിയാര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. ചെട്ടിയാര്‍ രാജ്യം ഭരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കരിഞ്ചന്ത! സരോജിനി നയിഡു പ്രസംഗിച്ച യോഗത്തില്‍ ആനപ്പുറത്തിരുന്നുകൊണ്ടാണ് ബോബിളി രാജാവ് വന്നത്. ഇന്നദ്ദേഹം കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. കോണ്‍ഗ്രസിന് ഞങ്ങളെ ആവശ്യമില്ല.

ഈ വര്‍ഷം  സ്വാതന്ത്യ്രത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതിന് കോണ്‍ഗ്രസും ലീഗും മുന്നിട്ടിറങ്ങണം. പക്ഷേ ഈ പാര്‍ടികള്‍ പരസ്പരം ശത്രുതയിലാണ്. കോണ്‍ഗ്രസ് പകലാണെന്ന് പറയുമ്പോള്‍ അല്ല, രാത്രിയാണെന്ന് ലീഗ് പറയും. നിങ്ങള്‍ ഒന്നിക്കണം. നിങ്ങള്‍ ഈ രാജ്യക്കാരല്ലേ? വെള്ളക്കാര്‍ക്കെതിരെ നിങ്ങള്‍ക്കൊന്നിച്ചുകൂടേ? കോണ്‍ഗ്രസും ലീഗും ഈ രാജ്യക്കാരാണ്. എന്തുകൊണ്ട് അവര്‍ക്ക് ഒന്നിച്ച്കൂടാ? രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി മരണംവരിച്ച ഇരുപത്തൊന്നിലെ സഹോദരന്‍മാരെ നിങ്ങള്‍ ആദരിക്കണം. രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്കിയ അവര്‍ ധീരരാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കണം. നിങ്ങള്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടോ? നിങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രുവാണോ? എങ്കില്‍ അന്ന് യുദ്ധം ചെയ്തവരെ ആദരിക്കുക. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. മൂന്ന് മാസം അദ്ദേഹം ഈ നാട് ഭരിച്ചു. ബ്രിട്ടീഷുകാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മൂന്ന് മാസത്തേക്ക് ഒറ്റ യൂറോപ്യനും അങ്ങോട്ട് പോയില്ല. എങ്ങനെ ഭരിക്കണമെന്ന് ഹാജിയാര്‍ക്ക് അറിയാമായിരുന്നു. കൈക്കൂലി വാങ്ങാതെയും ജനങ്ങളെ പീഡിപ്പിക്കാതെയുമാണ് ഭരിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ഗവണ്‍മെന്റ് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ലീഗും ഇത് മനസ്സിലാക്കണം. അന്നത്തെ പാഠം പഠിക്കണം. ബ്രിട്ടീഷ് ഗവണ്‍മെന്റ് നമ്മുടെ പൊതു ശത്രുവാണ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ തല്ലരുത്. കല്‍ക്കത്ത നമുക്കൊരു പാഠമാണ്. തങ്ങള്‍ ഗവണ്‍മെന്റിനെതിരെയാണെന്ന് പറഞ്ഞുകൊണ്ട് അവിടെ ഹിന്ദുവും മുസ്ലിമും തമ്മില്‍ പരസ്പരം കലഹിച്ചു. ഇതിന്റെ നഷ്ടം അഞ്ചു കോടി രൂപയാണെന്നാണ് കണക്ക്. നിരവധി ജനങ്ങള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും റോഡിലിറങ്ങി നടക്കാന്‍ കഴിയില്ല. വെള്ളപ്പട്ടാളം സിഗരറ്റ് പുകച്ചുകൊണ്ട് റാാേഡിലൂടെ നടക്കുകയാണ്. ശവശരീരങ്ങളില്‍ ചവിട്ടിയാണ് ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയുടെ തെരുവുകളില്‍ നടക്കുന്നത്. കോണ്‍ഗ്രസും ലീഗും ഈ പാഠം പഠിക്കുമോ?

എന്തിനാണ് ജനങ്ങള്‍ പണിമുടക്കുന്നത്? കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയാണോ മുന്നൂറ് രൂപ ശമ്പളം പറ്റുന്ന വ്യക്തികള്‍ പണിമുടക്കുന്നത്? ആളുകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാതായിരിക്കുന്നു. ഇവിടെ ഉള്ളവനും ഇല്ലാത്തവനുമുണ്ട്. മുതലാളിയും തൊഴിലാളിയുമുണ്ട്, ജന്മിയും കര്‍ഷകനുമുണ്ട്. അതിന്റെ ഫലമാണ് പണിമുടക്ക്. ജീവിക്കാനുള്ള കൂലി ജനങ്ങള്‍ക്ക് കിട്ടുന്നില്ല. അത് തരണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ നേതാക്കളോട് പറയുക: "നേതാക്കളേ, നിങ്ങളോട് ഞങ്ങള്‍ക്ക് നല്ല ബഹുമാനമാണ്. പക്ഷേ നിങ്ങള്‍ ഒന്നിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒന്നിക്കും. പാവപ്പെട്ട തൊഴിലാളിയും കര്‍ഷകനും ഒന്നിക്കും. ഈ നാട്ടിലെ ജനങ്ങള്‍ ഒന്നിക്കും. രാജ്യത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.'' ഇതാണ് നിങ്ങള്‍ പറയേണ്ടത്. അല്ലാത്തപക്ഷം സാമ്രാജ്യത്വവിരുദ്ധ സമരം പരസ്പരം നാശം കൊയ്യുന്ന സമരമായി മാറും. സ്വാതന്ത്യ്രം ലഭിക്കുന്നകാര്യത്തില്‍ നമ്മള്‍ പരാജയപ്പെടും. ഇവിടെ തൊഴിലില്ലായ്മ വരും. ഭക്ഷണക്ഷാമം വരും. നമുക്കൊന്നും ലഭിക്കില്ല. ഇതാണ് ഇരുപത്തൊന്നിന്റെ പാഠം.

ഇപ്പോഴുള്ള റെയില്‍വേ പണിമുടക്ക് പ്രത്യക്ഷ നടപടിയാണ്. അടിക്ക് പകരം അടി കൊടുക്കണം. ആയുധമെടുക്കണമെങ്കില്‍ ആയുധമെടുക്കണം. ഇനിയങ്ങോട്ട് സത്യാഗ്രഹംകൊണ്ട് മാത്രം ഒന്നും നേടില്ല. കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും സത്യാഗ്രഹം കൊണ്ട് എന്ത് നേടിയെന്ന് നിങ്ങള്‍ കണ്ടില്ലേ?

നമ്മള്‍ സംഘടിതമായി സമരം ചെയ്യണം. ഇരുപത്തൊന്നിലേതുപോലുള്ള സായുധസമരം. ഹിംസ ആവശ്യമെങ്കില്‍ അതുതന്നെ വേണം. അതിന് തയ്യാറുള്ളവര്‍ മുന്നോട്ട് വരട്ടെ. ബ്രിട്ടീഷ് ഗവണ്‍മെന്റ് അക്രമം പ്രവര്‍ത്തിക്കുന്നു. എങ്കില്‍ എന്തുകൊണ്ട് നമുക്കും അതായിക്കൂടാ? എനിക്ക് അഹിംസയില്‍ ഒരു വിശ്വാസവുമില്ല. അതില്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആ മാര്‍ഗം സ്വീകരിച്ചോട്ടെ. ഇരുപത്തൊന്നിലെ സമരമാണ് നമുക്ക് പാഠം. എങ്കിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുട്ടുമടക്കുകയുള്ളൂ. കുഞ്ഞഹമ്മദാജി രണ്ട് താലൂക്കുകള്‍ മൂന്ന് മാസം ഭരിച്ചില്ലേ? മുസ്ലിം കര്‍ഷകര്‍ രാജ്യം ഭരിച്ചു. രാജ്യം ഭരിക്കാന്‍ ബി എക്കാരനെ ആവശ്യമില്ല. കര്‍ഷകന്റെ ഭരണമാണ് വരുന്നത്.

ഇരുപത്തൊന്നിലെ സംഘടിത സമരമാണ് പ്രത്യക്ഷ സമരം. അക്കാര്യത്തില്‍ നാം സ്വയം അഭിനന്ദിക്കുകയാണ്. അത്തരം സമരത്തിലൂടെ മാത്രമേ നമുക്ക് സ്വാതന്ത്യ്രം നേടാനാകൂ. സമരം സാമുദായികമാകാതിരിക്കാന്‍ നാം വളരെ ശ്രമിക്കണം. സമരം സംഘടിതമാണെങ്കില്‍ കല്‍ക്കത്തയില്‍ സംഭവിച്ചത് പോലെ സംഭവിക്കില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസും ലീഗും ജനങ്ങളെ ഉപദേശിക്കണം. ഈ അവസ്ഥയിലെ വസ്തുതകള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കണം. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഈ സമ്മേളനത്തിന്റെ ലക്ഷ്യം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ച് തന്നു. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശാഭിമാനിയുടെ കോളങ്ങളിലുണ്ട്. അതിന്റെ കോപ്പികള്‍ വാങ്ങിക്കൊണ്ട് ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം. സാമുദായിക കലാപങ്ങളുണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. സ്വാതന്ത്യ്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മാപ്പിള സഹോദരന്‍മാരെ സ്മരിക്കണമെന്ന് രാജ്യത്തിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ ഉപദേശിക്കുന്നു.''

ഈ പ്രസംഗത്തിന്റെ പേരില്‍ എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്യ്രം പ്രഖ്യാപിച്ച് സ്വതന്ത്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചപ്പോള്‍ എ കെ ജിക്കെതിരേയുള്ള കേസ് നിലനിറുത്തുകയും അദ്ദേഹത്തെ ജയിലില്‍തന്നെ വയ്ക്കുകയും കേസ് തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ 1947 സെപ്തംബര്‍ രണ്ടിന് എ കെ ജി നല്കിയ ഹര്‍ജിയില്‍ ഗവണ്‍മെന്റ് നടപടിയെ ചോദ്യംചെയ്തു. വെള്ളക്കാരന്റെ ഗവണ്‍മെന്റും സ്വതന്ത്ര ഇന്ത്യ ഗവണ്‍മെന്റും തമ്മിലെന്ത് വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. "വെള്ളക്കാരന്‍ കോണ്‍ഗ്രസുകാരുടെ നേരെ ഉപയോഗിച്ച അതേ വെറുക്കപ്പെട്ട വൃത്തികെട്ട വകുപ്പുകള്‍തന്നെ എന്റെ നേരെ ഉപയോഗിക്കുന്നതുകൊണ്ടും എന്നെ ശിക്ഷിക്കുന്നതുകൊണ്ടും നാട്ടില്‍ കുഴപ്പം വര്‍ധിക്കുവാനിടയാക്കുകയാണെന്ന് ഈ കേസിനനുമതി നല്കിയ ഗവര്‍ണരുടെ ആഗ്രഹത്തിന് സമ്മതം മൂളിയ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ താക്കീത് ചെയ്യുവാന്‍ ഞാനാഗ്രഹിക്കുന്നു'' എന്ന് എ കെ ജി ഹരജിയില്‍ ആവര്‍ത്തിച്ചു. "1921ല്‍ ഖിലാഫത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി യോജിച്ച്നിന്ന് ആയുധമെടുത്ത് സമരം ചെയ്ത മാപ്പിളമാരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണെന്നും, 1921ലെ മലബാര്‍ ലഹളയിലെ നല്ല ഭാഗങ്ങളെ സ്വീകരിക്കാനാഹ്വാനം നല്കുകയും അതിന്റെ ചീത്ത വശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ളത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്.''

(പ്രോഗ്രസ് പബ്ളിക്കേഷന്‍ പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തിന്റെ ആഹ്വാനം എന്ന പുസ്തകത്തില്‍ നിന്ന്)
Read More

2013 ജനുവരി 8, ചൊവ്വാഴ്ച

സ്വാഗതം

ഡി. വൈ. എഫ്‌. ഐ - യൂത്ത്‌ മാര്‍ച്ചുമായി ബന്ധപ്പെട്ട്‌ തുടങ്ങിയ ഔപചാരിക ബ്ളോഗിലേക്ക്‌ സ്വാഗതം.
Read More