2013 ജനുവരി 30, ബുധനാഴ്‌ച

യുവതയുടെ മുന്നേറ്റം

നവോത്ഥാന കേരളത്തിന്റെ മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ വെണ്‍മയേറ്റിയ യൂത്ത് മാര്‍ച്ച് ജില്ലയില്‍ യുവജനമുന്നേറ്റത്തിനു സമാനതകളില്ലാത്ത അധ്യായമായി. ഒരിക്കല്‍ക്കൂടി ഭ്രാന്തലയമാക്കാന്‍ കേരളത്തെ വിട്ടുനല്‍കില്ലെന്ന് ഈ മുന്നേറ്റം വിളിച്ചോതി. ശുഭ്രവസ്ത്രധാരികളായ രണ്ടായിരത്തോളം യുവജനങ്ങള്‍ അണിനിരന്ന മാര്‍ച്ച് അച്ചടക്കത്തിലും മാതൃകയായി. ജാതിമത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് ജില്ലയില്‍ ഉജ്വലവരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ പന്നായികടവില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സെക്രട്ടറിയറ്റംഗം സജി ചെറിയാന്‍, ഏരിയ സെക്രട്ടറി എം ശശികുമാര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി സോജകുമാര്‍, സഞ്ജുഖാന്‍, കെ പി പ്രദീപ് എന്നിവര്‍ യൂത്ത് മാര്‍ച്ചിനെ സ്വീകരിച്ചു. വാദ്യമേളങ്ങള്‍, ബാന്‍ഡുമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ സ്റ്റോര്‍ ജങ്ഷന് സമീപമുള്ള ശ്രീനാരായണഗുരുനഗറിലേക്ക് ജാഥയെ എതിരേറ്റു. വഴിനീളെ യൂത്ത് മാര്‍ച്ചിനെ വ്യാപാര സ്ഥാപന തൊഴിലാളികള്‍, ഡ്രൈവേഴ്സ് യൂണിയന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അഭിവാദ്യമേകി. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ നിരവധി യുവതിയുവാക്കള്‍ മാര്‍ച്ചില്‍ പങ്കാളികളായി. തുടര്‍ന്ന് മാര്‍ച്ചിനെ മാവേലിക്കര ഏരിയ അതിര്‍ത്തിയായ പ്രായിക്കര പാലത്തിന് സമീപത്തുനിന്ന് ചെണ്ടമേളം, ബാന്‍ഡ്മേളം, തെയ്യം, കോല്‍കളി, വടികറക്ക് എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് മാവേലിക്കര പട്ടണത്തിന്റെ ഹൃദയഭാഗത്തേക്ക് കടന്നു. കെഎസ്ആര്‍ടിസി ജങ്ഷന് സമീപത്തുള്ള മഹാത്മാ അയ്യന്‍കാളി നഗറില്‍ നടന്ന യോഗത്തില്‍ സാംസ്കാരിക നായകന്‍ ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, സിനിമാ സംവിധായകനും നിര്‍മാതാവുമായ നികേഷ് ശക്തി എന്നിവരും സംസാരിച്ചു.
Read More

യൂത്ത് മാര്‍ച്ചിന് ആലപ്പുഴയില്‍ വരവേല്‍പ്പ്

നവോത്ഥാന കേരളത്തിന്റെ വെണ്‍പതാകയുമായി ചരിത്രഭൂമിയും ജനപഥങ്ങളും താണ്ടിയെത്തിയ യൂത്ത് മാര്‍ച്ചിന് തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ കൊണ്ട് കേരള ചരിത്രം മാറ്റിക്കുറിച്ച ആലപ്പുഴയുടെ മണ്ണില്‍ ആയിരങ്ങളുടെ ഹൃദ്യമായ സ്വീകരണം. മലയോരങ്ങളുടെ സ്നേഹാഭിാദ്യങ്ങളേറ്റുവാങ്ങി പത്തനംതിട്ടയില്‍ നിന്ന് എത്തിയ ജാഥയെ ജില്ലയുടെ അതിര്‍ത്തിയായ പന്നായിക്കടവില്‍ നൂറുകണക്കിന് യുവജനങ്ങള്‍ എതിരേറ്റു. നാടിനെ വീണ്ടും ജാതി സംഘര്‍ഷത്തിന്റെ അരങ്ങാക്കാനുള്ള നീക്കങ്ങള്‍ക്ക് താക്കീതുമായെത്തിയ യുവജന മുന്നേറ്റത്തെ കണ്ണാടി പ്രതിഷ്ഠയുടെയും കരുമാടിക്കുട്ടന്റെയും പിന്‍തലമുറക്കാര്‍ ഏറ്റെടുത്തു. വരവേല്‍ക്കാന്‍ പുന്നപ്ര സമര സേനാനിയും സ്വാതന്ത്ര്യസമര ഭടനുമായ പി കെ ചന്ദ്രാനന്ദനെത്തിയത് യുവജന പോരാളികളെ ആവേശഭരിതമാക്കി. ""ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം"" എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ നയിക്കുന്ന ജാഥ ഉച്ചയോടെയാണ് ജില്ലയില്‍ എത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം സജിചെറിയാന്‍, മാന്നാര്‍ ഏരിയ സെക്രട്ടറി എം ശശികുമാര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി സോജകുമാര്‍, സംസ്ഥാനകമ്മിറ്റി അംഗം പി എം പ്രമോദ്, ജെ അജയന്‍ എന്നിവര്‍ ചേര്‍ന്ന് ജാഥയെ വരവേറ്റു. കലാരൂപങ്ങളും വാദ്യമേളങ്ങളും മാര്‍ച്ചിനെ അനുധാവനം ചെയ്തു. തുടര്‍ന്ന് സ്റ്റോര്‍മുക്കിലെ ശ്രീനാരായണഗുരു നഗറില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ ജാഥയ്ക്ക് നൂറുകണക്കിനുപേര്‍ സ്വീകരണം നല്‍കി. ജാഥാക്യാപ്റ്റന്‍ ടി വി രാജേഷ്, എ റഹീം, കെ പി പ്രദീപ്, ജാഥാ മാനേജര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം ശശികുമാര്‍ അധ്യക്ഷനായി. വെണ്‍മണിയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട സക്കീറിനുള്ള സഹായഫണ്ട് ചടങ്ങില്‍ സി ബി ചന്ദ്രബാബു സക്കീറിന്റെ വാപ്പ മജീദിന് കൈമാറി. മാവേലിക്കരയില്‍ നടന്ന സമാപന സ്വീകരണസമ്മേളനത്തില്‍ കെ മധുസൂദനന്‍ അധ്യക്ഷനായി. രാജേഷ് ആര്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ടി വി രാജേഷ്, എം സ്വരാജ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ബുധനാഴ്ച രാവിലെ ഒമ്പതിന് മാവേലിക്കരയില്‍ നിന്ന് പര്യടനം തുടങ്ങും. ചെട്ടികുളങ്ങരയിലെ ടി കെ മാധവന്‍ നഗറില്‍ ആദ്യ സ്വീകരണം. ഉച്ചയ്ക്ക് കായംകുളത്തെ വക്കം മൗലവി നഗറില്‍ ജില്ലയിലെ സമാപന സമ്മേളനം ചേരും. തുടര്‍ന്ന് ഓച്ചിറ വഴി കൊല്ലം ജില്ലയിലേക്ക്.
Read More

2013 ജനുവരി 28, തിങ്കളാഴ്‌ച

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് ഇന്ന് ആലപ്പുഴ ജില്ലയില്‍

"ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും നയിക്കുന്ന സംസ്ഥാന യൂത്ത് മാര്‍ച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയില്‍ പര്യടനം നടത്തും. പകല്‍ 10.30ന് ജില്ലാ അതിര്‍ത്തിയായ പരുമലക്കടവില്‍നിന്ന് മാര്‍ച്ചിനെ വരവേല്‍ക്കും. കലാരൂപങ്ങള്‍, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ 2000 യുവതീയുവാക്കളും ബഹുജനങ്ങളും അനുധാവനം ചെയ്ത് പൊതുസമ്മേളനസ്ഥലമായ സ്റ്റോര്‍മുക്കിലേക്ക് ആനയിക്കും. ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള നഗറിലാണ് സമ്മേളനം. ഉച്ചയ്ക്കുശേഷം മാര്‍ച്ച് മാവേലിക്കരയില്‍ സമാപിക്കും. അയ്യങ്കാളിയുടെ പേരിലാണ് ഇവിടെ സമ്മേളനവേദി ഒരുക്കിയിരിക്കുന്നത്. 30ന് രാവിലെ ഒമ്പതിന് മാവേലിക്കരയില്‍നിന്നും പര്യടനം ആരംഭിച്ച് 10.30ന് ചെട്ടികുളങ്ങരയില്‍ ടി കെ മാധവന്‍ നഗറില്‍ സ്വീകരണസമ്മേളനം ചേരും. പകല്‍ രണ്ടിന് കായംകുളം ടൗണില്‍ വക്കം മൗലവി നഗറില്‍ ജില്ലയിലെ സമാപനസമ്മേളനം ചേരും. തുടര്‍ന്ന് ഓച്ചിറ വഴി കൊല്ലം ജില്ലയിലേക്കു പ്രവേശിക്കും. യൂത്ത് മാര്‍ച്ച് ചരിത്രസംഭവമാക്കാന്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി അബിന്‍ഷായും സെക്രട്ടറി വി സോജകുമാറും അഭ്യര്‍ഥിച്ചു.
Read More

മതനിരപേക്ഷ മനസുകളുടെ ഐക്യപ്രഖ്യാപനം

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യം ഉയര്‍ത്തി പര്യടനം തുടരുന്ന ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്വല സ്വീകരണം. വൈകിട്ട് കോട്ടയത്ത് ഉജ്വലസ്വീകരണത്തോടെ സമാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് കോട്ടയത്തെ സമാപനയോഗം ഉദ്ഘാടനം ചെയ്തത്. നാഗമ്പടം മുതല്‍ സ്വീകരണവേദിയായ തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനി വരെ വര്‍ഗബഹുജനസംഘടനകള്‍ മാര്‍ച്ചിന് അഭിവാദ്യമേകി. ശനിയാഴ്ച രാവിലെ വൈക്കം സത്യഗ്രഹ നഗറില്‍ (ബോട്ട് ജെട്ടി മൈതാനം) തമിഴ്നാട്ടിലെ നവോത്ഥാന നായകനായ തന്തൈയ് പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് തലയോലപ്പറമ്പിലേക്ക് നീങ്ങിയത്. ക്യാപ്ടന്‍മാരായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയുടെയും പ്രസിഡന്റ് എം സ്വരാജിന്റെയും നേതൃത്വത്തിലായിരുന്നു പുഷ്പാര്‍ച്ചന. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി കെ ഗോപിനാഥന്‍, ഏരിയ സെക്രട്ടറി കെ കെ ഗണേശന്‍, നേതാക്കളായ പി പി പുഷ്ക്കരന്‍, പി ശശിധരന്‍, പി കെ രമേശന്‍, പി ഹരിദാസ്, മല്ലികാ വാസവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യൂത്ത്മാര്‍ച്ചിനെ യാത്രയാക്കി. വടയാറില്‍ രക്തസാക്ഷി വടയാര്‍ തങ്കപ്പന്റെ ഭാര്യ തങ്കമ്മ ജാഥാക്യാപ്ടന്‍മാരെ സ്വീകരിച്ചത് യൂത്ത്മാര്‍ച്ചിന് ആവേശമായി. ഇവിടെനിന്ന് വാദ്യമേളങ്ങളുടെയും തിറയാട്ടമുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെയും അകമ്പടിയോടെ തലയോലപ്പറമ്പിലേക്ക് ആനയിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഇ എം കുഞ്ഞുമുഹമ്മദ്, സക്കീര്‍ ഹുസൈന്‍, മറ്റ് നേതാക്കളും ചേര്‍ന്ന് ജാഥയെ വരവേറ്റു. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സുഭാഷ് പുഞ്ചക്കോട്ടിലും ഹാരാര്‍പ്പണം നടത്തി. വൈക്കം മുഹമ്മദ് ബഷീര്‍ നഗറില്‍ നടന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. സി എം കുസുമന്‍ അധ്യക്ഷനായി. തുടര്‍ന്ന് ആപ്പാഞ്ചിറയില്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അല്‍പനേരം. എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ഭാസ്ക്കരന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എന്‍ വാസവന്‍, ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എം തങ്കപ്പന്‍, എം എസ് സാനു, ഏരിയ സെക്രട്ടറി പി വി സുനില്‍ എന്നിവര്‍ അവിടെയെത്തി. വൈകിട്ടോടെ കടുത്തുരുത്തിയിലേക്ക് പുറപ്പെട്ട മാര്‍ച്ചിന് സീലോണ്‍ കവലയില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി പി വി സുനില്‍ ഹാരാര്‍പ്പണം നടത്തി. സംഘാടകസമിതി ചെയര്‍മാന്‍ കെ ജയകൃഷ്ണന്‍, പി എം തങ്കപ്പന്‍, വി കെ സുരേഷ്കുമാര്‍, ലില്ലി മാത്യു, അഡ്വ. സിറില്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ച ജാഥയ്ക്ക് വഴിയിലുടനീളം നൂറുകണക്കിനാളുകള്‍ അഭിവാദ്യം അര്‍പ്പിച്ചു. ഉമാദേവി അന്തര്‍ജനം നഗറില്‍ ചേര്‍ന്ന യോഗത്തില്‍ കെ ജയകൃഷ്ണന്‍ അധ്യക്ഷനായി. ലെനു മാത്യു സ്വാഗതവും എം ആര്‍ രാജീവ് നന്ദിയും പറഞ്ഞു. പി കെ ബിജു എംപിയുടെ നേതൃത്വത്തില്‍ കുറുപ്പന്തറയിലായിരുന്നു അടുത്ത സ്വീകരണം. ഇവിടെ ചേര്‍ന്ന യോഗത്തില്‍ കെ പി സന്തോഷ് അധ്യക്ഷനായി. അഡ്വ. സിറില്‍ തോമസ് സ്വാഗതം പറഞ്ഞു. രാത്രി കോതനല്ലൂരില്‍ മാര്‍ച്ച് എത്തിയപ്പോള്‍ നൂറുകണക്കിനാളുകള്‍ വരവേറ്റു. യോഗത്തില്‍ കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായി. കെ എന്‍ ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു. ഞായറാഴ്ച രാവിലെ കോതനല്ലൂരില്‍നിന്ന് പര്യടനം തുടര്‍ന്ന ജാഥ ഉച്ചയോടെ ഏറ്റുമാനൂരെത്തിയപ്പോള്‍ വന്‍ജനാവലി. അധഃസ്ഥിത വര്‍ഗത്തിന് വിദ്യാഭ്യാസത്തിന്റെ തിരിവെട്ടം തെളിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിലുള്ള സ്വീകരണകേന്ദ്രത്തില്‍ ആവേശം തുടിച്ച വരവേല്‍പ്പ്. സ്വാഗതസംഘം ചെയര്‍മാന്‍ കെ സുരേഷ്കുറുപ്പ് എംഎല്‍എ യുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇവിടെ ചേര്‍ന്ന യോഗത്തില്‍ എം എസ് ഷാജി അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ് എന്നിവര്‍ സംഘാടകസമിതിയുടെ ഉപഹാരം കൈമാറി. സ്വാഗതസംഘം സെക്രട്ടറി ബോബന്‍ ദേവസ്യ സ്വാഗതവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സ്മിത കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുമാരനല്ലൂരിലേക്കുള്ള യാത്ര. നൂറ്റൊന്നു കവലയിലും കാരിത്താസിലും സംക്രാന്തിയിലുമായിരുന്നു ചെറുസ്വീകരണങ്ങള്‍. സംക്രാന്തിയില്‍നിന്ന് മാര്‍ച്ചിനെ കുമാരനല്ലൂരിലേക്ക് സ്വീകരിച്ചാനയിച്ചു. കുമാരനല്ലൂര്‍ ജങ്ഷനിലെ കാരൂര്‍ നീലകണ്ഠപിള്ള നഗറില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ഏരിയാ സെക്രട്ടറി കെ എന്‍ വേണുഗോപാല്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ എന്‍ രവി, കെ അനില്‍കുമാര്‍, വി ജയപ്രകാശ്, റജി സഖറിയ, മുന്‍ ജില്ലാ കമ്മിറ്റിയംഗം ഇ പി ചെല്ലപ്പന്‍ എന്നിവര്‍ ജാഥാംഗങ്ങളെ വേദിയിലേക്ക് നയിച്ചു. കെ കെ ശ്രീമോന്‍ സ്വാഗതവും എസ് അനു നന്ദിയും പറഞ്ഞു. കോട്ടയം നഗരാതിര്‍ത്തിയായ നാഗമ്പടത്ത് ജാഥയെ സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി എം കെ പ്രഭാകരന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വര്‍ഗീസ്, കെ അനില്‍കുമാര്‍, ഡിവൈഎഫ്ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗം റജി സഖറിയ എന്നിവരുമുണ്ടായിരുന്നു. കോട്ടയം നഗരത്തില്‍ പ്രവേശിച്ചജാഥയെ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് വരവേറ്റു. ടി വി രാജേഷിനെ സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസും എം സ്വരാജിനെ ക്നാനായ സഭാ വൈദീകന്‍ ഫാ. റോയി മാത്യു കോര്‍ എപ്പിസ്കോപ്പയും ഹാരമണിയിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ്, എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി കെ ആനന്ദക്കുട്ടന്‍, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം കിഷോര്‍ കെ ഗോപാലന്‍ എന്നിവര്‍ സ്വീകരിച്ചു. എം കെ പ്രഭാകരന്‍ അധ്യക്ഷനായി. കെ ജെ തോമസ്, വി എന്‍ വാസവന്‍, കെ സുരേഷ്കുറുപ്പ്, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, പി ജെ വര്‍ഗീസ്, കെ അനില്‍ കുമാര്‍, റെജി സഖറിയ എന്നിവര്‍ സന്നിഹിതരായി. എ എസ് പ്രശാന്ത് സ്വാഗതവും സി ടി രാജേഷ് നന്ദിയും പറഞ്ഞു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ടി വി രാജേഷ്, എം സ്വരാജ്, യൂത്ത് മാര്‍ച്ച് മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ ടി വി നിതിന്‍, സി പി ദിവ്യ, റോഷന്‍ റോയി മാത്യു, നിതിന്‍ കണിച്ചേരി, കെ ജയദേവന്‍, അഡ്വ. ടി വി അനിത, ജിനോ മാത്യു എന്നിവര്‍ സംസാരിച്ചു.
Read More

സമൂഹം മനുഷ്യപക്ഷത്ത് നിലയുറപ്പിക്കണം: ടി വി രാജേഷ്

സമുദായ-വര്‍ഗീയ ചിന്തകള്‍ ജനാധിപത്യശരീരത്തിലെ അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാന്‍ സമൂഹത്തിന് കഴിയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സന്നിഗ്ധഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സമുദായങ്ങളുടെ തടവറയിലാക്കി. ഭൂരിപക്ഷ സമുദായാംഗമോ ന്യൂനപക്ഷ സമുദായാംഗമോ തങ്ങളെ ഭരിക്കണമെന്നതല്ല ജനങ്ങള്‍ നേരിടുന്ന പ്രശ്നം. ഏതു സമുദായ നാമധാരിയാകട്ടെ, ജനങ്ങളുടെ ജീവല്‍പ്രശ്നം കണ്ടറിഞ്ഞ് പരിഹരിക്കാനാകണം. വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ജനങ്ങളെ സമുദായത്തിന്റെ പേരില്‍ ചേരിതിരിക്കാന്‍ ശ്രമിക്കുന്നത്. സമുദായനേതാക്കളാണ് സംസ്ഥാനത്ത് മന്ത്രിസ്ഥാനം തീരുമാനിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിയാക്കിയത് എന്‍എസ്എസാണെന്ന് പറയുമ്പോള്‍, കോണ്‍ഗ്രസാണ് തന്നെ മന്ത്രിയാക്കിയതെന്ന് പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കണം. എന്നാല്‍, അതിന് തയാറാകാതെ കേരളത്തിലെ മന്ത്രിമാര്‍ സാമുദായികശക്തികളുടെ മുന്നില്‍ മുട്ടിലിഴയുന്നത് അപമാനകരമായ അവസ്ഥയാണ്-ടി വി രാജേഷ് പറഞ്ഞു.
Read More

ജാതീയത ഉയര്‍ത്തി ജനങ്ങളെ തരംതിരിക്കുന്നു: വൈക്കം വിശ്വന്‍

ജാതീയത ഉയര്‍ത്തി ജനങ്ങളെ തരംതിരിക്കാനുള്ള നീക്കമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയത്ത് ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "വിശ്വരൂപം" പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള തീവ്രവാദ ശക്തികളുടെ കടന്നുകയറ്റമാണ്. മതവിശ്വാസികള്‍ക്ക് തന്റെ മതത്തില്‍ തന്നെ നില്‍ക്കാന്‍ കഴിയുന്ന മതസൗഹാര്‍ദ്ദചരിത്രമുള്ള കേരളത്തിലാണ് ചില പിന്തിരിപ്പന്‍ ശക്തികള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിനെ എതിര്‍ക്കുന്നത്. ആദ്യമായി സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കോട്ടയത്ത് യൂത്ത്മാര്‍ച്ചെത്തുമ്പോള്‍ അക്ഷരത്തെ തകര്‍ക്കാനും അക്ഷരത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ തച്ചുതകര്‍ക്കാനുമുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി മുന്നോട്ടുപോകേണ്ട സാഹചര്യമാണിപ്പോള്‍. സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറയുന്നവര്‍ കേരളത്തില്‍ വസ്ത്രം ധരിക്കാന്‍ നികുതി കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു എന്നതോര്‍ക്കണം. ജാതീയമായി എല്ലാത്തിനെയും തരംതിരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെപ്പോലും ജാതിനോക്കി നിയമിക്കുന്നത്. നാടിനെയും സാംസ്കാരിക ജീവിതത്തെയും പിച്ചിച്ചീന്തുന്നവര്‍ക്കുള്ള മറുപടിയാവാന്‍ യൂത്ത്മാര്‍ച്ചിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More

2013 ജനുവരി 26, ശനിയാഴ്‌ച

സമുദായ സംഘടനാ നേതാക്കള്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കുന്നു: ടി വി രാജേഷ്

സമുദായസംഘടനാ നേതാക്കള്‍ ഫാന്‍സ് അസോസിയേഷനുകളെ സൃഷ്ടിക്കുന്ന നിലയിലേക്ക് മാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. യൂത്ത് മാര്‍ച്ചിന് കുലശേഖരമംഗലത്തും വൈക്കത്തും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് വഹിച്ചതാണ് ഇവിടുത്തെ സമുദായ സംഘടനകളെല്ലാം. എന്നാല്‍ ഇന്ന് നിഷിപ്ത താല്‍പര്യങ്ങളുടെ സംരക്ഷകരായി ഇവര്‍ ചുരുങ്ങി. സമുദായ നേതാക്കളുടെ എന്‍ഒസി കിട്ടിയാല്‍ എത് ഉന്നത സ്ഥാനത്തും എത് അനര്‍ഹനും എത്താമെന്ന നിലയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്‍ കീഴിലുള്ളത്- രാജേഷ് പറഞ്ഞു.
Read More

സര്‍ക്കാര്‍ സമുദായ സംഘടനകളുടെ തടവറയില്‍: എം സ്വരാജ്

സമുദായ-മത സംഘനകളുടെ തടവറയിലാണ് യുഡിഎഫ് സര്‍ക്കാരെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് പറഞ്ഞു. യൂത്ത്മാര്‍ച്ചിന് ജില്ലയില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളിലൂടെ കേരള നവോത്ഥാന മുന്നേറ്റത്തിന് വലിയ സംഭാവന നല്‍കാന്‍ അക്കാലത്തെ സമുദായ സംഘടനകള്‍ക്കും നേതാക്കള്‍ക്കും കഴിഞ്ഞു. എന്നാല്‍ ഇന്നവര്‍ തങ്ങളുടെ സംഘടനകളുടെ ശക്തി ഉപയോഗിച്ച് ഭരണക്കാരെ തടവറയിലാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സമീപനത്തിനെതിരെ യുവജനങ്ങള്‍ സമരസജ്ജരായിരിക്കണമെന്നും സ്വരാജ് പറഞ്ഞു.
Read More

നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം: എം വി ഗോവിന്ദന്‍

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. യൂത്ത് മാര്‍ച്ചിന്റെ ആദ്യദിന പര്യടനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍, വൈക്കം സത്യഗ്രഹത്തിലൂടെയും എണ്ണമറ്റ മറ്റ് സമരങ്ങളിലൂടെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് കേരളത്തിലെ ഇന്നത്തെ പരിഷ്കൃത സമൂഹത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഈ നേട്ടങ്ങളെയെല്ലാം നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ പിന്നോട്ടുവലിക്കുന്ന സ്ഥിതിയാണുള്ളത്. സ്വന്തം സമുദായങ്ങളുടെ പേരിലും ശക്തിയിലും ഊറ്റം കൊള്ളുന്ന നിലയില്‍ സമുദായ നേതാക്കള്‍ അധ:പതിക്കുന്നു. ക്ഷേത്രങ്ങളുടെയും ആരാധനയുടെയും പേരില്‍ ഇക്കൂട്ടര്‍ സമൂഹത്തില്‍ അസ്വസ്ഥ പടര്‍ത്തുകയാണ്. ഇത്തരം വിപത്തുകളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ മുന്നോട്ടിറങ്ങണം. ജാതിയുടെ വേര്‍തിരിവ് ഇല്ലാതാക്കാന്‍ ജാതിരഹിത വിവാഹത്തിന് യുവാക്കള്‍ മാതൃക കാട്ടണം. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സമുദായ നേതാക്കളും തയ്യാറാകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Read More

ആവേശജ്വാല പടര്‍ത്തി യൂത്ത് മാര്‍ച്ച്

പാതവക്കില്‍ ഇടമുറിയാതെ തൂവെള്ളത്തോരണങ്ങള്‍, നവോത്ഥാന നായകരുടെ വര്‍ണചിത്രങ്ങള്‍, പാറിപ്പറക്കുന്ന തൂവെള്ളക്കൊടി... ഈ ഉത്സവാന്തരീക്ഷത്തിലേക്ക് യൂത്ത് മാര്‍ച്ച് കടന്നുവന്നപ്പോള്‍ ആവേശത്തിന്റെ ജ്വാല കാത്തുനിന്നവരിലേക്കും പടര്‍ന്നു. മാര്‍ച്ചിന്റെ ആദ്യദിന പ്രയാണം തന്നെ ജില്ലയിലെ യുവമനസില്‍ നിറയുന്ന സാഹോദര്യത്തിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും നേര്‍കാഴ്ചയായി. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷും നയിക്കുന്ന മാര്‍ച്ച് എറണാകുളം-വൈക്കം റോഡിലെ പൂത്തോട്ട പാലംകടന്ന് വെള്ളിയാഴ്ച പകല്‍ മൂന്നോടെയാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. ഇതിന് മണിക്കൂറുകള്‍ മുന്നേതന്നെ വളണ്ടിയര്‍മാരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. പുരോഗമന പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളും വര്‍ഗ ബഹുജനസംഘടനകളുടെ ജില്ലാ ഭാരവാഹികളും എത്തിയിരുന്നു. മാര്‍ച്ചിന്റെ വരവ് അറിയിക്കുന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് തൊട്ടുപിന്നിലായി ബാന്‍ഡുവാദ്യ സംഘം നീങ്ങി. തുടര്‍ന്ന് അണിനിരന്നത് മാര്‍ച്ചിലെ അംഗങ്ങള്‍. മുത്തുക്കുടകളും ചുമന്ന ബലൂണുകളും കൂറ്റന്‍ തൂവെള്ളക്കൊടികളുമേന്തി രണ്ടുവരിയായി യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരും മാര്‍ച്ചിലുള്ള ജില്ലയിലെ സ്ഥിരാംഗങ്ങളായ വളണ്ടിയര്‍മാരും ഇതിന് പിന്നില്‍നിന്നു. പഞ്ചാരിമേളവും മയിലാട്ടവുമെല്ലാം ഉത്സവഛായ പകര്‍ന്നു. പൂത്തോട്ടയില്‍ ജില്ലയിലേക്കുള്ള വരവേല്‍പ്പിന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ആര്‍ ഭാസ്കരന്‍, പി കെ ബിജു എംപി, മറ്റ് നേതാക്കളായ വി എന്‍ വാസവന്‍, അഡ്വ. പി കെ ഹരികുമാര്‍, പ്രൊഫ. എം ടി ജോസഫ്, പി എന്‍ പ്രഭാകരന്‍, എ വി റസല്‍, കൃഷ്ണകുമാരി രാജശേഖരന്‍, പി എം തങ്കപ്പന്‍, അഡ്വ. കെ അനില്‍കുമാര്‍, അഡ്വ. റെജി സക്കറിയ, അഡ്വ. വി ജയപ്രകാശ്, എം എസ് സാനു, ഇ എം കുഞ്ഞുമുഹമ്മദ്, കെ കെ ഗണേശന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷ്, സെക്രട്ടറി കെ രാജേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍, സെക്രട്ടറി റിബിന്‍ ഷാ എന്നിവര്‍ നേതൃത്വം നല്‍കി. പാതയുടെ ഇടതുപക്ഷം ചേര്‍ന്ന് ചിട്ടയോടെ രണ്ടുവരിയായാണ് മാര്‍ച്ച് നീങ്ങിയത്. എന്നാലും ചില വാഹനങ്ങളിലുള്ളവര്‍ക്ക് അല്‍പം തടസ്സം നേരിട്ടു. ഇവര്‍ക്ക് "ഒരു നിമിഷം" എന്ന ക്ഷമാപണ കത്ത് നല്‍കി സംഘാടകര്‍ ശ്രദ്ധ പിടിച്ചുപറ്റി. ജാതീയതയ്ക്കും വര്‍ഗീയതക്കും എതിരായി ജാതിരഹിതവും മതനിരപേക്ഷവുമായ കേരള സൃഷ്ടിക്കായി ഡിവൈഎഫ്ഐ നടത്തുന്ന മാര്‍ച്ചിനിടെ യാത്രയ്ക്ക് ഉണ്ടായ തടസ്സത്തിന് ക്ഷമാപണം അഭ്യര്‍ഥിക്കുന്ന ചെറു നോട്ടീസുകളാണ് വാഹനങ്ങളില്‍ വിതരണം ചെയ്തത്. പൂത്തോട്ടയില്‍നിന്ന് രണ്ടരമണിക്കൂര്‍ സഞ്ചരിച്ച് ആറോടെയാണ് ആദ്യ സ്വീകരണ കേന്ദ്രമായ സ. പി കൃഷ്ണപിള്ള നഗറില്‍ മാര്‍ച്ച് എത്തിയത്. മുറിഞ്ഞപുഴയില്‍ ഹ്രസ്വമായ വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കുലശേഖരമംഗലത്ത് തിങ്ങിനിന്ന ആയിരങ്ങള്‍ മാര്‍ച്ചിനെ വരവേറ്റു. പഞ്ചാരിമേളം, ബാന്‍ഡ്വാദ്യം, മയിലാട്ടം എന്നിവ അകമ്പടിയായി. കരിമരുന്ന് പ്രയോഗവും ഉണ്ടായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ ശെല്‍വരാജ് സ്വീകരണ യോഗത്തില്‍ അധ്യക്ഷനായി. ചലച്ചിത്രതാരം ചെമ്പില്‍ അശോകനും സ്വീകരിക്കാനെത്തി. തുടര്‍ന്ന് വൈക്കം സത്യഗ്രഹ സ്മാരക നഗറിലേക്കായിരുന്നു മാര്‍ച്ചിന്റെ പ്രയാണം. ഉദയനാപുരം തെക്കേനടയില്‍ ജാഥാ അംഗങ്ങള്‍ക്ക് ചായയും ചെറുവിശ്രമവും. വൈക്കം വലിയ കവലയില്‍ വൈക്കത്തേക്കുള്ള വരവേല്‍പ്പ് നല്‍കി. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആര്‍ ബിജു, എസ് ബിജു, പി പ്രദീപ്, അഡ്വ. എ മനാഫ്, അഡ്വ. എം എസ് രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അഭിവാദ്യമുദ്രാവാക്യങ്ങള്‍ മുഴക്കി. ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും എഐവൈഎഫ് പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്ത് മാര്‍ച്ചിനെ വരവേറ്റു. വൈക്കം സത്യഗ്രഹ നഗറിലെ സമാപനസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, പി കെ ബിജു എം പി, ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി എ എന്‍ ഷംസീര്‍, അഡ്വ. പി കെ ഹരികുമാര്‍, ടി വി രാജേഷ്, എം സ്വരാജ്, ബ്ലോക്ക് സെക്രട്ടറി സി പി ജയരാജ്, പ്രസിഡന്റ് സി എസ് ശ്രീകുമാര്‍, ജില്ലാ കമ്മറ്റിയംഗം എം സുജിന്‍ എന്നിവര്‍ സംസാരിച്ചു. ജാഥാംഗങ്ങളായ കെ മണികണ്ഠന്‍, വി പി ദിവ്യ, ശ്രീലക്ഷ്മി തങ്കന്‍, പി ബി അനൂപ് എന്നിവര്‍ വെള്ളിയാഴ്ച വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Read More