2013 ജനുവരി 9, ബുധനാഴ്‌ച

നവോത്ഥാന മുന്നേറ്റത്തില്‍ കണ്ണികളാവുക

‘നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്നത് കടമനിട്ടയുടെ വിഖ്യാതമായ വരികളാണ്. ഓര്‍മ്മകള്‍ ഉണ്ട്്ായിരുന്നാല്‍ പോരാ. ആ ഓര്‍മകള്‍ക്ക് സാര്‍ത്ഥകമായ തുടര്‍ച്ചകളും ഉണ്ടാകണം. ‘നവോത്ഥാന കേരള’മെന്ന പരികല്‍പ്പനതന്നെ അസ്ഥാനത്തായി പോകുന്ന ഇക്കാലത്ത് നാം താണ്ടിയ ഭൂതകാലപാതകളെ എങ്ങനെ തിരിച്ചുപിടിക്കാം, എങ്ങനെ പുതിയ ഒരു നവോത്ഥാനം തന്നെ സൃഷ്ടിക്കാം എന്നാണ് ഡി.വൈ.എഫ്.ഐ ചിന്തിക്കുന്നത്. അത് എത്ര ശ്രമകരമായാലും മാറ്റിവയ്ക്കാനാവാത്ത ആ പോരാട്ടയാത്രയെ ഏറ്റെടുക്കുകയാണ് കേരളത്തിന്റെ പ്രബുദ്ധയുവത. ‘ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം’ എന്ന മുദ്രാവാക്യം മുഴക്കി ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിലൂടെ കേരളം സഞ്ചരിച്ചു തീര്‍ക്കുമ്പോള്‍, അതൊരു ചരിത്ര ബാധ്യതയായി കേരളത്തിലെ മുഴുവന്‍ ജനസമൂഹവും ഏറ്റെടുക്കുമെന്നുതന്നെയാണ് പ്രതീക്ഷ. പ്രതീക്ഷയുടെ ആ ചുവന്ന നക്ഷത്രം കൊടിയിലേന്തിയാണ് പുതിയൊരു വര്‍ഷത്തിലൂടെ കേരളത്തിന്റെ യുവാക്കള്‍ ജനുവരി 4 തൊട്ട് ഫെബ്രുവരി 4 വരെ യൂത്ത് മാര്‍ച്ചിലേക്ക് മുഴുകാന്‍ പോകുന്നത്.

ഇന്ത്യയൊട്ടുക്കും 19-ാം നൂറ്റാണ്ട് മുതല്‍ സാമൂഹികവും-സാംസ്കാരികവുമായ ഉണര്‍വിന്റെ നവോത്ഥാനമുണ്ടായി. കേരളത്തില്‍ ശ്രീനാരായണ ഗുരുവിനെപോലെതന്നെ മഹാരാഷ്ട്രയില്‍ ജ്യോതി ബാഫുലെയുമുണ്ടായി. എന്നിട്ടെന്ത്, അത് അവിടെ തീര്‍ന്നു! കേരളം രാഷ്ട്രീയമായി നവോത്ഥാനത്തെ ഏറ്റെടുത്തതുകൊണ്ടാണ്, അതിന് ഭരണപരമായ അടിത്തറ നിര്‍മ്മിച്ചതിനാലാണ് പുകള്‍പെറ്റ നമ്മുടെ ഈ പുരോഗമനവും വികസനവുമെല്ലാം. തമിഴ്നാട്ടിലുണ്ടായ നവോത്ഥാനത്തിന് തുടര്‍ച്ചകളില്ലാത്തതിനാല്‍ സംഭവിച്ചത് നവോത്ഥാനപൂര്‍വ്വകാലത്തേക്കാള്‍ തീവ്രമായ ഉച്ചനീചത്വങ്ങളിലേക്കുള്ള പതനമാണ്. നാം എത്ര ജാതിവേലികള്‍ പൊളിച്ചാലും രാഷ്ട്രീയമായ മുന്നേറ്റത്തിലൂടെ ആ സമൂഹം ഉയര്‍ത്തെഴുന്നേറ്റാലല്ലാതെ പരിവര്‍ത്തനം സാധ്യമല്ല.

ലോകത്തെവിടെയുമെന്നപോലെ മതനവീകരണത്തിന്റെ പാതയിലൂടെയായിരുന്നു കേരളത്തിലെ നവോത്ഥാന വിപ്ളവം പടര്‍ന്ന് കയറിയത്. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്ത ഗുരു അധ:സ്ഥിതന് അവന്റെ ദൈവത്തെ നല്‍കി. നാരായണഗുരു മാത്രമല്ല ചട്ടമ്പിസ്വാമിയും, ബ്രഹ്മാനന്ദ ശിവയോഗിയും, വാഗ്ഭടാനന്ദനും, ഉള്‍പ്പെടെയുള്ളവര്‍ ഒരേ വിപ്ളവ ചിന്തയുടെ ഉള്‍ക്കരുത്തില്‍, വ്യത്യസ്ത പ്രയോഗത്തിലൂടെയാണെങ്കിലും നവോത്ഥാനത്തിന്റെ നായകരായി. പള്ളിക്കൂടങ്ങളില്‍ അടിയാളര്‍ക്ക് പ്രവേശനത്തിനായി അയ്യന്‍ങ്കാളിക്ക് 1906-ല്‍ വെങ്ങാന്നൂരില്‍ ഒരു തൊഴിലാളി പണിമുടക്ക് തന്നെ നടത്തേണ്ടിവന്നു. വിദ്യാഭ്യാസത്തിന്റെയും വിമോചനത്തിന്റെയും ഉയരങ്ങളിലേക്ക് ദളിതര്‍ കടന്ന് വന്ന വഴികളൊന്നും അത്ര സുഖകരമായ ചരിത്രമല്ല. പൊതു ഇടങ്ങളില്‍ അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകളഴിച്ച് എല്ലാവര്‍ക്കും ഒന്നിച്ചു നടക്കാനും, ഭക്ഷണം കഴിക്കാനും, പഠിക്കാനും കഴിഞ്ഞതും എളുപ്പത്തില്‍ സംഭവിച്ച മാറ്റങ്ങളല്ല. നവോത്ഥാനത്തിന്റെയും അതിന്റെ രാഷ്ട്രീയ-സാംസ്കാരിക പരിണാമങ്ങളിലൂടെയും സംഭവിച്ച പരിവര്‍ത്തനങ്ങളായിരുന്നു ഈ മാറ്റങ്ങളൊക്കെയും.

കേരളത്തിലെ സാംസ്കാരിക-സാമൂഹ്യ നവോത്ഥാനത്തിന്റെ കൈവഴികളെ ഊര്‍ജ്ജമുറ്റതാക്കിയത് പില്‍ക്കാലത്തെ കമ്യൂണിസ്റ്-കര്‍ഷകപോരാട്ടങ്ങളാണ്. ജാതിവിരുദ്ധ മുന്നേറ്റങ്ങളും ക്ഷേത്രസമരങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷകസമരത്തിന്റെയും കൊടിയുയര്‍ത്തി വലിയ സാമ്രാജ്യത്വ വിരുദ്ധ കലാപങ്ങള്‍ തന്നെയായി. ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങളിലെ എ.കെ.ജി, പി.കൃഷ്ണപിള്ള തുടങ്ങിയവരുടെ സാന്നിധ്യം ചരിത്രത്തിന്റെ ഒരു തുടക്കമായിരുന്നു. അവര്‍ണ്ണന്റെയും അധ:സ്ഥിതന്റെയും സ്വപ്നങ്ങള്‍ അസമത്വവും ദാരിദ്യ്രവും കൊണ്ട് പൊറുതിമുട്ടുന്ന മുഴുവന്‍ ജനതയുടെയും പോരാട്ടവീറിലേക്ക് മൊഴിമാറി. ജന്മിത്വത്തിന്റെ നെടുന്തൂണുകള്‍ ഉലഞ്ഞുവീണു. ജനങ്ങള്‍ പത്തായപ്പുരകള്‍ പിടിച്ചെടുത്തു. കയ്യൂരും കരിവെള്ളൂരും, കോറോത്തും, പാടിക്കുന്നും കാവുമ്പായിയും വെറും ഗ്രാമനാമങ്ങള്‍ മാത്രമല്ലാതായി. പുന്നപ്രയും വയലാറും വാരിക്കുന്തമെടുത്ത് സമരേതിഹാസങ്ങള്‍ തീര്‍ത്തതും, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ അവകാശബോധങ്ങള്‍ ഒന്നാകെ അണപൊട്ടിപ്രവഹിച്ചതുകൊണ്ടാണ്. നവോത്ഥാനത്തിന്റെ ഉജ്ജ്വലമായ വളര്‍ച്ചയാണത്. അതുവരെയുള്ള മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ചരിത്രം ഉരുക്കിയൊഴിച്ചാണ് പിന്നീട് 1957ലെ കമ്യൂണിസ്റ് സര്‍ക്കാര്‍ രൂപപ്പെട്ടത്. നവോത്ഥാനം ഏതെങ്കിലുമൊരു ചരിത്രഘട്ടത്തില്‍ തളംകെട്ടിനില്‍ക്കുന്നതല്ല, അതൊരു ഒഴുകുന്ന പ്രക്രിയയാണെന്നതിന് ചരിത്രം തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം.

കേരളം ഇന്ത്യയിലെ ഒരു സാധാരണ സംസ്ഥാനമല്ലെന്നും അതൊരു ലോകമാതൃകയാണെന്നും പറഞ്ഞത് നോബല്‍ ജേതാവായ അമര്‍ത്യസെന്നാണ്. ഭൂപരിഷ്കരണം, സാര്‍വ്വത്രിക-സൌജന്യ വിദ്യാഭ്യാസം, ജനകീയ ആരോഗ്യനയം, സമ്പൂര്‍ണ്ണ സാക്ഷരത, സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതികള്‍, ജനകീയാസൂത്രണം, സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങി സാമൂഹ്യനീതിയിലും പുരോഗമന സ്വഭാവത്തിലുമുള്ള ഈ ‘കേരള മോഡല്‍’ തന്നെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നവോത്ഥാന ചിന്തകള്‍ പടര്‍ന്ന് പന്തലിച്ചതിന്റെ ഫലമാണ്; തന്നെയുമല്ല, മാനവികതയുടെ വെളിച്ചമണഞ്ഞുപോകാതെ നോക്കുന്ന പുരോഗമന-കമ്യൂണിസ്റു പ്രസ്ഥാനങ്ങളുടെ ഉലച്ചില്‍ തട്ടാത്ത സാന്നിധ്യവും ഒന്നുകൊണ്ടാണ്. എന്നാല്‍ ആഗോളവത്കരണ കാലത്തെ നവലിബറല്‍ നയങ്ങള്‍ സ്വത്വബോധത്തിന്റെ പുതിയ തടവറകള്‍ നിര്‍മ്മിക്കുന്നതും, ജാതിയുടെയും മതത്തിന്റെയും കൂട്ടായ്മകള്‍ ഒരുക്കുന്നതും, മനുഷ്യദൈവങ്ങള്‍ക്ക് പരവതാനി വിരിക്കുന്നതും, പ്രത്യക്ഷത്തില്‍ തന്നെ നവോത്ഥാനത്തിന്റെ ഊര്‍ജ്ജപ്രവാഹങ്ങളിലോരോന്നിലുമുള്ള വിഷംകലര്‍ത്തലായി കാണണം. കാലം അശുഭകരമാകുമ്പോള്‍, കൈയ്യും കെട്ടി നോക്കിനില്‍ക്കാനാവാത്തതുകൊണ്ട്, ഡി.വൈ.എഫ്.ഐ ഉച്ചത്തില്‍ ഏറ്റെടുക്കുകയാണ് അതുകൊണ്ടുതന്നെ ആ മുദ്രാവാക്യം- ‘ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം’.

തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും കാണുന്നതുപോലെ അയിത്തവും അനാചാരങ്ങളും ജാതിവേലികളുമില്ലാത്തതുകൊണ്ട് ജാതിചിന്തകള്‍ ഇവിടെ അസ്തമിച്ചു എന്ന് ശുദ്ധഗതിക്കാര്‍ കരുതും. പഴയതുപോലെ ജാതിഘടനയില്ലാത്തതും ജാതിവിവേചനങ്ങള്‍ അപ്രത്യക്ഷമായതും അതിനുകാരണമായും അവര്‍ പറയും. എന്നാല്‍ ജാതി-മതങ്ങള്‍ ഇപ്പോള്‍ കടന്നുവരുന്നത് മുതലാളിത്തത്തിന്റെ നല്ല ചൂഷണോപാധികളായാണ്. പലവിധ സാമ്പത്തിക താല്‍പര്യങ്ങളാണ് ഇവിടെ ഇന്ന് ജാതിക്കൂട്ടായ്മകളെ ഉണ്ടാകുന്നത്. സാമൂഹ്യവിപ്ളവ സമരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ജാതിയും മതവും പറഞ്ഞ് ജനങ്ങളെ പലവിധ തുരുത്തുകളായി ചിതറിപ്പിച്ചാല്‍ മതിയെന്ന് മുതലാളിത്തം ഇന്ന് സമര്‍ത്ഥമായി തിരിച്ചറിഞ്ഞു കഴിഞ്ഞു. തിരിച്ചറിയാത്തത് അതില്‍പ്പെട്ടുപോകുന്ന പാവം മനുഷ്യരാണ്. മതമൌലികതയിലേക്കും മതതീവ്രവാദത്തിലേക്കും ഒരുതലമുറയെ കെട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയ ദുഷ്കൃത്യം എന്നാല്‍ ഇതിനേക്കാള്‍ ഭീകരമാണ്. കേരളത്തിലെ പണാധിപത്യ സമൂഹമാക്കികൊണ്ടുള്ള ‘മാഫിയാവത്കരണം’ വേറെ. ഒരു സമൂഹം ഒന്നടങ്കം മദ്യാസക്തിയില്‍ മുങ്ങിമരിക്കുന്ന ദുരന്തം മറ്റൊന്ന്. കടക്കെണിയില്‍പെട്ട് കഴുത്തുമുറുകി ചത്താലും വിവാഹധൂര്‍ത്തില്‍നിന്ന് വിടപറയാത്ത സാമൂഹ്യമനോനില, പിന്നെ മകളെന്നോ പെങ്ങളെന്നോ, അമ്മയെന്നോയുള്ള സാധാരണ ധാര്‍മ്മികചിന്തപോലും ഇല്ലാത്ത കാടന്‍ ലൈംഗികാക്രമണങ്ങള്‍, ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി പെരുകികൊണ്ടിരിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍, വിവിധ മാഫിയാഗ്രൂപ്പുകള്‍, മതതീവ്രവാദിങ്ങളുടെയും വര്‍ഗ്ഗീയ ഫാസിസ്റുകളുടെയും പുതിയ സദാചാരപോലീസ് വേഷം നവോത്ഥാന പൂര്‍വ്വകാലത്തെയും നാണിപ്പിക്കുന്ന ‘പരിഷ്കൃതമായ ഒരു പ്രാകൃതത്വത്തിലേക്കാണ്’ കേരളം  ഇന്ന് നടന്നടുക്കുന്നത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ അലംഭാവംകൂടിയാണ് ഇത്തരം ഛിദ്രശക്തികളെ ഇവിടെ പനപോലെ വളര്‍ത്തുന്നത്. വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ശാക്തീകരണത്തിന് ഉതകുംവിധമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പലനടപടികളും ഇവിടെ നടപ്പിലാക്കുന്നത്. ലീഗിന്റെ അഞ്ചാംമന്ത്രി വിവാദംതന്നെയെടുക്കുക, അതിന്റെ കാരണം ഒരു രാഷ്ട്രീയ കക്ഷിയുടെ സാമുദായിക ദുഷ്ടലാക്കാണെങ്കില്‍, ഫലം ഇവിടെ ഹിന്ദു ഏകീകരണത്തിന് കളമൊരുക്കി എന്നതാണ്. സാമുദായിക ചേരിതിരുവുകള്‍ ഏതൊരു മറയുമില്ലാതെ പൊതുനിരത്തിലേക്ക് ഇറങ്ങിവരുകയും ചെയ്തു. ഇതുകൊണ്ടെല്ലാം തടിച്ചുകൊഴുക്കുന്നത് മതതീവ്രവാദമല്ലാതെ മറ്റൊന്നുമല്ല. ഇവിടെ ‘ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം’ എന്നത് ഒറ്റ മുദ്രാവാക്യം മാത്രമല്ല കേരളം നെഞ്ചൂക്കോടെ ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന ഒരായിരം മുദ്രാവാക്യങ്ങളുടെ സമാഹാരമാണ്. നിലയ്ക്കാത്ത പോരാട്ടങ്ങളുടെ യാത്രയാണ് ഡി.വൈ.എഫ്.ഐക്ക് ഈ ദൌത്യം.  നന്മയും മാനവികതയും നഷ്ടമായിട്ടില്ലാത്ത ഒരു ജനസഞ്ചയത്തെ ഈ സമരവഴികളില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ വൃഥാവിലാവില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. 

ടി.വി രാജേഷ്
Read More

നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി

നവോത്ഥാന നായകരും സാമൂഹ്യപരിഷക്കര്‍ത്താക്കളും ആരംഭിച്ച പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലേക്ക് ഇന്ന് കയറിപ്പറ്റിയവര്‍ സ്ഥാപകോദ്ദേശ്യങ്ങളെ തിരസ്കരിക്കുന്നതായി തോന്നുന്നു. ഈ വിപര്യയത്തിനു കാരണമെന്താണ്. എങ്ങനെയാണ് നേരിടേണ്ടത്?

നവോത്ഥാനം, സാമൂഹ്യപരിഷ്കാരം, സാമൂഹ്യവിപ്ളവം മുതലായ പ്രതിഭാസങ്ങള്‍ സമൂഹത്തിന്റെ ചരിത്രത്തില്‍ ഇടയ്ക്കിടെ അനിവാര്യമായും പ്രയോജനപ്രദമായും സംഭവിക്കുന്ന പ്രതിഭാസങ്ങളാണ്. എന്നാല്‍ അതുപോലെ തന്നെ അനിവാര്യമയി സംഭവിക്കുന്നുവെന്ന് തോന്നാവുന്നവയാണ് അവയുടെ പില്‍ക്കാലത്തെ അപചയവും. നമ്മുടെ ലോകചരിത്രത്തില്‍ ഗൌതമബുദ്ധന്‍, സൌരാഷ്ട്രര്‍, യേശുക്രിസ്തു, മുഹമ്മദ്നബി മുതലായവരെ വെറും പുതുമതസ്ഥാപകര്‍ മാത്രമായി കരുതുന്നത് ചരിത്രദൃഷ്ട്യാ തെറ്റാണ്. ഇവരില്‍ പലരും നിലനില്‍ക്കുന്ന സാമൂഹ്യവ്യസ്ഥയിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പോരാടിയവരാണ് എന്ന് അവരുടെ ചരിത്രം നിഷ്പക്ഷമായി വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ബുദ്ധനും ക്രിസ്തുവും മറ്റും ഒരു മതവും സ്ഥാപിച്ചിരുന്നില്ല. അവരുടെ പിന്‍ഗാമികളാണ് അവരുടെ ആശയങ്ങളെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ആക്കിയത്. ബുദ്ധനാകട്ടെ ഈശ്വരസങ്കല്പം പോലും അംഗീകരിച്ചിരുന്നില്ല.

റോമസാമ്രാജ്യത്തിന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു കൊണ്ടിരുന്ന യഹൂദന്‍മാരെയും യഹുദപ്രമാണിമാരുടെ വിവേചനത്തിന് വിധേയരായി അകറ്റിനിറുത്തപ്പെട്ടവരെയും പണക്കാരുടെ ചൂഷണത്തിനുവിധേയരായ ദരിദ്രരേയും പ്രത്യാശയും തന്റേടവും നല്കി സ്വതന്ത്രരും ശക്തരുമാക്കാനാണ് യേശുക്രിസ്തു ശ്രമിച്ചത്. അങ്ങനെ ക്രിസ്തുമതം പീഡിതരുടെ അത്താണിയായിരുന്നു. എന്നാല്‍ ക്രിസ്തുവിനുശേഷം നാലാം നൂറ്റാണ്ടില്‍ റോമാചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റന്റയിന്‍ ക്രിസ്തുമതത്തെ സാമ്രാജ്യത്വമര്‍ദ്ദനങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും സാമ്രാജ്യത്തിന്റ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ പീഡിതരുടെ മതം പീഢകരുടെ മതമായി മാറുകയാണുണ്ടായത്.

മതങ്ങളുടെ അപചയം

ബുദ്ധന്‍ അന്നുനിലവിലിരുന്ന ജാതി മേധാവിത്വത്തിനും, ചെലവേറിയ വൈദികയാഗങ്ങള്‍ക്കും എതിരെ കീഴ്ജാതിക്കാരെയും, ശൂദ്രരും വൈശ്യരുമുള്‍പ്പെടെയുള്ളവരെയും മോചിപ്പിക്കുന്നതിനുള്ള സന്ദേശം നല്കുകയും സംഘടനകള്‍ കെട്ടിപ്പടുക്കുകയുമാണ് ചെയ്തത്. പക്ഷേ അധികകാലം വേണ്ടിവന്നില്ല. ബുദ്ധമതം ഹീനയാനവും മഹായാനവുമായി വേര്‍പിരിയാന്‍. ഇതിലെ മഹായാന ബുദ്ധന്റെ സന്ദേശങ്ങള്‍ക്കെതിരെ പ്രാമാണികരുടെ മതമായി വളരുകയാണ് ചെയ്തത്. ഈശ്വരനില്‍ വിശ്വസിക്കാത്ത ബുദ്ധനെ ത്തന്നെ അവര്‍ ഈശ്വരനാക്കി വിഗ്രഹങ്ങള്‍ സൃഷ്ടിച്ച് പൂജിക്കാന്‍ തുടങ്ങി. മിക്കവാറും മറ്റെല്ലാ മതങ്ങളെക്കുറിച്ചും ചൂണ്ടിക്കാണിക്കാവുന്ന അപചയമാണിത്.

മഹാപ്രസ്ഥാനങ്ങള്‍ ജാതീയതയുടെ ഉപകരണം

ഈ മഹാപ്രസ്ഥാനങ്ങളുടെ വഴിക്കുതന്നെയാണ് നമ്മുടെ കൊച്ചുകേരളത്തിലെ നവോത്ഥാനപ്രക്രിയയും ആദ്യം മുന്നോട്ടും പിന്നെ പിന്നോട്ടും പോയത്. തനിക്ക് ജാതിയോ മതമോ ഇല്ലെന്നും ധര്‍മ്മാധിഷ്ഠിതവും സമത്വാദര്‍ശനിഷ്ഠയുള്ളതും ആയ ഒരു നവീന സമൂഹസൃഷ്ടിയിലാണ് വിശ്വസിക്കുന്നത് എന്നും ശ്രീനാരായണഗുരു പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിദ്യാലയങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനാനുവാദമില്ലായ്മയും നിലനിന്നിരുന്ന കാലത്ത് അവരെ സംഘടിപ്പിച്ച് ശക്തരാക്കി വിമോചനത്തിലേക്ക്് നയിക്കാനാണ് 1903 ല്‍ ശ്രീനാരായണധര്‍മ്മപരിപാലനയോഗം. ഡോ. പല്‍പ്പു, കുമാരനാശാന്‍ തുടങ്ങിയവരുടെ കര്‍മ്മകുശലത ഉപയോഗപ്പെടുത്തി അദ്ദേഹം സംഘടിപ്പിച്ചത്. എന്നാല്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും അപചയം അദ്ദേഹത്തെ അലട്ടിത്തുടങ്ങി. ജാതി ചോദിക്കരുത്  പറയരുത് എന്നും മദ്യം വിഷമാണെന്നും, അതുണ്ടാക്കരുത്, കൊടുക്കരുത്,   എന്നും പഠിപ്പിച്ച  ഗുരുവിന്റെ സംഘടനതന്നെ അതുതുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ 'ജാത്യാഭിമാനം' വര്‍ദ്ധിച്ചതിനാല്‍ അദ്ദേഹം അസ്വസ്ഥനായി. സംഘടനയില്‍നിന്ന് 1916 ല്‍ രാജിവെച്ച് ഒഴിയുകയും ചെയ്തു. ഡോ. പല്‍പ്പുവും നാലഞ്ചുവര്‍ഷത്തിനുശേഷം  എസ് എന്‍ ഡി പിയില്‍ നിന്ന് പിരിഞ്ഞു. എസ് എന്‍ ഡി പിയുടെ സ്ഥാപകജനറല്‍ സെക്രട്ടറി യായിരുന്ന മഹാകവി കുമാരനാശാന്‍ പതിനെട്ടു വര്‍ഷത്തെ ഉജ്ജ്വലമായ സേവനത്തിനുശേഷം സ്വയം പിരിഞ്ഞുപോയി. എസ് എന്‍ ഡി പി യിലെ ചില പ്രമാണിമാര്‍ കുമാരനാശാന്റെ ഗാനത്തിനെതിരെ നടത്തിയ അപവാദപ്രചരണത്തില്‍ മനംനൊന്ത് ആശാന്‍ കവിതകള്‍ പോലും രചിക്കുകയുണ്ടായി.

ഇതുപോലെ ആദ്യകാലത്ത് സാമൂഹ്യപരിഷ്ക്കരണത്തിനും ദുരാചാരനിര്‍മ്മാര്‍ജ്ജനത്തിനുംവേണ്ടി പരിശ്രമിച്ച പലസംഘടനകളും പില്‍ക്കാലത്ത് അനാചാരങ്ങളുടെയും ജാതീയതയുടെയും ഉദാഹരണമായി അധ:പതിച്ച സംഭവങ്ങള്‍  ഇവിടെ വിസ്തരിച്ച് എടുത്തുപറയേണ്ടതില്ല. ഇങ്ങനെ അപചയം സംഭവിക്കുമ്പോള്‍ ഈ പ്രസ്ഥാനങ്ങളുടെ സ്ഥാപകനായകര്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളെ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുകയും അതിനുവഴിയില്ലെങ്കില്‍ വേറെ സംഘടനകള്‍ സ്ഥാപിക്കുകയുമാണ് പുരോഗമനേച്ഛുക്കളുടെ കര്‍ത്തവ്യം.

ഈ പറഞ്ഞതിന്റെ അര്‍ത്ഥം പഴയ ആദര്‍ശങ്ങള്‍ പുലര്‍ത്താന്‍ പുതിയ ജാതി  സംഘടനകള്‍ സ്ഥാപിക്കണം എന്നാണോ?

കേരളത്തിലെ നവോത്ഥാനത്തിനും മതനിരപേക്ഷമായ ജനാധിപത്യപ്രസ്ഥാനത്തിനും ചില പ്രത്യേകതകളുണ്ട്. ഈ നവോത്ഥാനപ്രസ്ഥാനങ്ങളില്‍ മിക്കവയും സ്ഥാപിക്കപ്പെട്ടത് ജാതിയുടെ അടിസ്ഥാനത്തിലാണ്. ശ്രീനാരായണഗുരു എസ് എന്‍ ഡി പി യോഗം സ്ഥാപിച്ചത് എല്ലാ ജാതി വിഭാഗങ്ങളുടെയും അവശതകള്‍ ഈഴവരുടേതിനുമൊപ്പം പരിഹരിക്കാനാണെങ്കിലും പില്‍ക്കാലത്ത് (ഇപ്പോഴും) അത് ഈഴവരുടെ ജാതി സംഘടനയായി മാറി. യോഗത്തിന്റെ അപചയം ആരംഭിച്ചതോടെ ഈഴവരില്‍തന്നെ പ്രമാണിമാരുടെ സംഘടനയായി എസ് എന്‍ ഡി പിയോഗം അധ:പതിച്ചു. സ്വദേശാഭിമാനി ടി കെ മാധവനെപ്പോലെ അധ:സ്ഥിതരുടെ മോചനത്തിനായാലും ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായാലും എല്ലാവിഭാഗം ജനങ്ങളെയും ഒത്തൊരുമിപ്പിക്കണം എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇന്ന് എസ് എന്‍ ഡി പിയുടെ നേതൃനിരയില്‍ കാണാനില്ല. അതുപോലെതന്നെ എസ് എന്‍ ഡി പിയുടെ മാതൃകയില്‍ സ്ഥാപിക്കപ്പെട്ട എന്‍ എസ് എസിന്റെ കാര്യവും വ്യത്യസ്തമല്ല. നായന്മാര്‍, നമ്പൂതിരിമാരെയും ക്ഷത്രിയന്മാരെയുംകാള്‍ ജാതി ശ്രേണിയില്‍ താഴ്ന്നവരാണെങ്കിലും അവരില്‍ ഒരു വിഭാഗം ഭരണരംഗത്തും ഭൂഉടമയിലും മേലാളന്മാരായിരുന്നു. എന്നുമാത്രമല്ല അവരും പണ്ട് ശൂദ്രരായി കരുതപ്പെട്ടിരുന്നെങ്കിലും പിന്നീട് പൂണൂല്‍വര്‍ഗ്ഗക്കാരുമായുള്ള വേഴ്ചമൂലം സവര്‍ണ്ണരായിത്തീര്‍ന്നു. എന്നാല്‍ കൂട്ടുകുടുംബവ്യവസ്ഥ കെട്ടുകല്യാണം നമ്പൂതിരിസംബന്ധം അമ്മാവന്മാരുടെ കാരണവ ആധിപത്യം തുടങ്ങിയ പലമേഖലകളിലും അവശരായവരെ കൂടി ഉള്‍ക്കൊണ്ടിരുന്നു. ഇവയ്ക്കെല്ലാമെതിരായ പോരാടുകയും 1924 ലെ വൈക്കം സത്യാഗ്രഹക്കാലത്ത് അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മന്നത്തുപദ്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണ്ണജാഥ നടത്തുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ഈ പ്രവര്‍ത്തനകാലം എന്‍ എസ് എസിന്റെ നവോത്ഥാനദൌത്യകാലമായിരുന്നു. പിന്നീടവര്‍ പിന്നോക്കജാതിക്കാരുടെ അവശതകള്‍ പരിഹരിക്കാനുള്ള സംയുക്തരാഷ്ട്രീയസഭയെയും നിവര്‍ത്തനപ്രക്ഷോഭണത്തെയും അതിലെല്ലാമുപരി സി പി രാമസ്വാമി അയ്യരുടെ കിങ്കരന്‍മാരായി സ്റേറ്റ് കോണ്‍ഗ്രസിനെ തന്നെയും എതിര്‍ത്തപ്പോള്‍ അവരില്‍ അവശേഷിച്ചിരുന്ന പുരോഗമനആശയങ്ങള്‍ പൂര്‍ണ്ണമായി വാര്‍ന്നുപോയി.

മന്നത്തുപദ്മനാഭന്റെയും, എന്‍ എസ് എസ്സിന്റെയും അധ:പതനത്തിന്റെ നെല്ലിപ്പടിയായിരുന്നു 1959 ല്‍ കമ്യൂണിസ്റുസര്‍ക്കാരിനെതിരെ നടത്തിയ കുപ്രസിദ്ധവിമോചനസമരത്തിലെ അവരുടെ പങ്കാളിത്തം.

നവോത്ഥാനത്തിന് സംഭാവനനല്‍കിയ നമ്പൂതിരി യോഗക്ഷേമസഭയുടെ കാര്യത്തിലും ഈ വിധത്തിലുള്ള മാറ്റം മറിച്ചിലുകള്‍ കാണാം. മഹാനായ അയ്യങ്കാളിയുടെ സാധുജനപരിപാലനയോഗത്തില്‍ നിന്ന് പില്‍ക്കാലത്ത് പിരിഞ്ഞുപോയി ജാതിസംഘടനകള്‍ ഉണ്ടാക്കിയവരും ജാതിവാദികളും ഉണ്ടായിരുന്നു. അയ്യങ്കാളി ഏറ്റവും അധ: സ്ഥിതരായ ദളിതര്‍ക്കുവേണ്ടിയാണ് പോരാടിയത്. അവരെ ചേരമരെന്നും, പുലയരെന്നും സാംബവരെന്നും അദ്ദേഹം വേര്‍തിരിച്ചിരുന്നില്ല. പക്ഷേ പിന്നീട് സാംബവര്‍ മഹാജനസഭയും ചേരമര്‍ സഭയും പുലയര്‍മഹാസഭയും മറ്റും രൂപംകൊണ്ടതോടെ അവ ഇടക്കാലത്ത് ഉയര്‍ന്നുവന്ന ദളിത് ഉദ്യോഗസ്ഥ പ്രമാണിമാരുടെ ചട്ടുകമായി തീര്‍ന്നു.

വര്‍ഗ്ഗസംഘടനകളുടെ പ്രസക്തി

ഈ ചരിത്രവസ്തുതകള്‍ നമ്മെ പഠിപ്പിക്കുന്നത് എന്താണ്? അയ്യങ്കാളി സാമൂഹ്യവിവേചനത്തിനെതിരെ പോരാടിയതോടൊപ്പം സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടി. കര്‍ഷകത്തൊഴിലാളികളുടെ കേരളത്തിലെ പ്രഥമപണിമുടക്കും പ്രക്ഷോഭവും നയിച്ച കാര്യം പ്രസിദ്ധമാണല്ലോ. അങ്ങനെ സാമ്പത്തികഅവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്പോള്‍ അതേ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് ജാതിക്കാരെയും ചേര്‍ത്ത്  തൊഴിലെടുക്കുന്നവരുടെ ഐക്യവും ഐക്യസംഘടനകളും സ്ഥാപിക്കുകയാണ് വേണ്ടത്. കേരളത്തില്‍ അയ്യങ്കാളിയുടെ ഈ മാതൃകപിന്തുടര്‍ന്നത് 1937-ല്‍ സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്് പാര്‍ട്ടിയാണ്. ദളിതരുടെയും മറ്റ് കീഴ്ജാതിക്കാരുടെയും പ്രശ്നങ്ങളെല്ലാം സാമ്പത്തിക അവകാശങ്ങള്‍ നേടുന്നതുകൊണ്ടുമാത്രം ആവില്ല. സാമൂഹ്യരംഗത്തെ സാംസ്ക്കാരികപ്രവര്‍ത്തനം കൂടി അതിനാവശ്യമാണ്. കൂടാതെ രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തവും നമ്മുടെ ഭരണഘടനവിഭാവനം ചെയ്യുന്ന പട്ടികജാതി പട്ടിവര്‍ഗ്ഗ സംവരണവും കേന്ദ്രത്തിലെ പ്രഥമകോണ്‍ഗ്രസിതര സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട മണ്ഡല്‍ക്കമ്മീഷനെത്തുടര്‍ന്ന് വി പി സിംഗ് മന്ത്രിസഭ തുടങ്ങിവച്ച പിന്നോക്കസമുദായസംവരണവും (ഒ ബി സി) എല്ലാം ഈ 'അധികാര സംമ്പാദന'ത്തിന്റെ (എം പവര്‍മെന്റ്) ആവശ്യത്തെ ഊന്നിക്കൊണ്ടുള്ളതാണ്. ഇത്രയൊക്കെയായിട്ടും സ്വാതന്ത്യ്രം ലഭിച്ച് അറുപത് വര്‍ഷം പിന്നിട്ടിട്ടും അധ:സ്ഥിത ജാതികളുടെ അവശതകള്‍ കാര്യമായൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ജാതി സംഘടനകളിലെ വരേണ്യ പക്ഷപാതങ്ങളെ എതിര്‍ക്കുകയും വര്‍ഗ്ഗസംഘടനകള്‍ കെട്ടിപ്പടുക്കുകയും അധ:സ്ഥിതരുടെ ജാതി സംഘടനകളോട് ശത്രുതയില്ലാത്ത ക്രിയാത്മക സമീപനം കൈക്കൊള്ളുകയുമാണ് പോംവഴി.

സാഹിത്യകാരന്റെ രാഷ്ട്രീയം

വര്‍ഗ്ഗീയത, സാമ്രാജ്യത്വം ആഗോളീകരണം എന്നീ സങ്കീര്‍ണ്ണമായ വിപത്തുകള്‍ക്കെതിരെ പ്രത്യക്ഷത്തില്‍ സംവാദങ്ങളും സമരങ്ങളും നടക്കുന്നു. എന്നാല്‍ വിഷയങ്ങളില്‍ ഇടപെടാതെ മാറിനില്ക്കുന്ന എഴുത്തുകാരുണ്ട്. എഴുത്തുകാരന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന് പൊതുകാര്യങ്ങളില്‍ നിസ്സംഗതപുലര്‍ത്തുന്നതെന്തുകൊണ്ടാണ്?

ഏതു സമൂഹത്തിന്റെയും നിലനില്‍പ്പ് അതിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ആശയവിനിമയത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇത്തരത്തിലുള്ള ആശയവിനിമയങ്ങളുടെ ഉപാധികളാണ് പണ്ടത്തെ നൃത്തവും സംഗീതവും നടോടികഥകളുടെ പ്രചാരവും അമ്മൂമ്മമാരില്‍ നിന്നും അപ്പൂപ്പന്മാരില്‍നിന്നും പുതിയ തലമുറയ്ക്ക് പകര്‍ന്നുകിട്ടുന്ന അനുഭവ സമ്പത്തും എല്ലാം. ആറായിരം വര്‍ഷം മുമ്പ് അക്ഷരവിദ്യ കണ്ടുപിടിക്കുന്നതിനും മുമ്പും അതിനുശേഷം ആ വിദ്യയില്‍ തഴക്കമില്ലാത്തവര്‍ക്കുവേണ്ടിയും മേല്‍ പറഞ്ഞ ഉപദേശങ്ങളും കഥകളും കലയും പൂര്‍ണ്ണമായി വാമൊഴിയില്‍ ആയിരുന്നു. അക്ഷരം കണ്ടുപിടിച്ചതിനുശേഷം വരമൊഴിയിലായി. അതോടുകൂടി ഈ വരമൊഴി കൈകാര്യം ചെയ്യുന്ന വിജ്ഞാന പ്രചാരകരുടെ പ്രാധാന്യം സമൂഹത്തില്‍ വര്‍ദ്ധിച്ചുവന്നു.

ഇങ്ങനെ കഥകളും കവിതകളും രചിക്കുന്നവരും നാടകവും നൃത്തവും സംഗീതവും അവതരിപ്പിക്കുന്നവരും ജനങ്ങളുടെ ഹൃദയത്തില്‍ തറയ്ക്കും വിധവും അവര്‍ക്ക് വിനോദം അനുഭവപ്പെടുന്നരീതിയിലും ആണ് ഈ കര്‍ത്തവ്യ നിര്‍വ്വഹണം നടത്തിപ്പോന്നത്. അവയെല്ലാം മനുഷ്യരുടെ ഹൃദയവികാരങ്ങളെയും ആശകളെയും നിരാശകളെയും പ്രതിഫലിപ്പിക്കുന്നതും ആയിരുന്നു. പക്ഷേ സമൂഹത്തിന്റെ നിലനില്പിനും പുരോഗതിക്കും സാമൂഹ്യവും രാഷ്ട്രീയവുമായ സംഘടനകള്‍ ആവശ്യമാണ്. അതില്‍ അധികാരഘടനയുടെ പ്രശ്നങ്ങളും ഉച്ചനീചത്വങ്ങളുടെ സംഘര്‍ഷങ്ങളും പ്രത്യക്ഷപ്പെടാതിരിക്കില്ല. ഇതൊക്കെത്തന്നെയാണ് രാഷ്ട്രീയപ്രശ്നങ്ങള്‍. ഋഷിതുല്യരായ നമ്മുടെ പ്രാചീന സാംസ്കാരിക നായകരായ ഹോമറും (ഒഡീസി, ഇലിയഡ്) വാല്മീകിയും (രാമായണം) വ്യാസനും (മഹാഭാരതം) എല്ലാം രാഷ്ട്രീയത്തെയും യുദ്ധത്തെയും അവയില്‍ നിന്ന് തലയുയര്‍ത്തിയ പ്രാമാണികരെയും അവയില്‍ കുടുങ്ങിപ്പോയ ഹതഭാഗ്യരെയും ഇവരുടെയെല്ലാം അന്തര്‍ധാരയായിരുന്ന ധര്‍മ്മാധര്‍മ്മ ചിന്തകളെയുമാണ് പരാമര്‍ശിച്ചത്. പില്‍ക്കാലത്തും ഷേക്സ്പിയറെയും മില്‍ട്ടനെയും തുളസിദാസിനെയും, കമ്പരെയും പോലുള്ളവര്‍ അതേമാര്‍ഗ്ഗം തന്നെയാണ് തുടര്‍ന്നത്. കേരളത്തില്‍ എഴുത്തച്ഛനെപ്പോലുള്ളവര്‍ പരോക്ഷമായും കുഞ്ചന്‍ നമ്പ്യാരെപ്പോലുള്ളവര്‍ പ്രത്യക്ഷമായും രാഷ്ട്രീയവും സാമൂഹ്യപ്രശ്നങ്ങളും ധാര്‍മ്മിക കാര്യങ്ങളും കൈകാര്യം ചെയ്തു. ആധുനിക കേരളത്തിലാകട്ടെ കുമാരനാശാനും വള്ളത്തോളും തകഴിയും പൊന്‍കുന്നം വര്‍ക്കിയും ചെറുകാടും എസ് കെ പൊറ്റെക്കാടും ബഷീറും എല്ലാം രാഷ്ട്രീയക്കാരായിരുന്നു. വള്ളത്തോള്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കവിതകള്‍ എഴുതുകയും ചെയ്തു. 'ചണ്ഡാലഭിക്ഷുകി'യും 'ദുരവസ്ഥ'യും എഴുതിയ ആശാനും പൊതുകാര്യങ്ങളില്‍ നിസ്സംഗതപുലര്‍ത്തിയില്ല. ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ ലോകത്തിലെ പ്രധാനപ്രശ്നങ്ങളായ മതം വര്‍ഗ്ഗം സാമ്രാജ്യത്വം ആഗോളീകരണം മതലായവയെ സംബന്ധിച്ച് നിസ്സംഗത നടിക്കുന്നവര്‍ അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നില്ല. പലപ്പോഴും ഈ നിസംഗതയ്ക്കും അരാഷ്ട്രീയത്തിനും പുറകില്‍ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ദൌത്യം അവര്‍ നിര്‍വഹിക്കുന്നതായും കാണാം.

(പി.ഗോവിന്ദപ്പിള്ളയുമായി മുമ്പ് നടത്തിയ അഭിമുഖത്തില്‍ നിന്ന്)
Read More

മലബാര്‍ കലാപത്തെ പ്പറ്റി - എ. കെ. ജി


"ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും, അനീതിക്കും, അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന്ന്വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും  ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുക?

ആലി മുസ്ലിയാരുടേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടേയും കീഴിലുള്ള നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ പൂക്കോട്ടൂരില്‍വച്ച് വെള്ളപ്പട്ടാളത്തെ ശക്തമായി നേരിട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വ സര്‍ക്കാരിന് തോക്കും പീരങ്കിയും വിമാനവും കപ്പലുമുണ്ടായിരുന്നു. അവര്‍ക്കെന്തൊക്കെ ഉണ്ടായിരുന്നാലും ധീരരായ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ യുദ്ധം ചെയ്യാന്‍ ധൈര്യപൂര്‍വം തയ്യാറായി. യുദ്ധത്തിനുള്ള ധൈര്യവും ശക്തിയും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരായുധരായ മുസ്ലിം സുഹൃത്തുക്കള്‍ തുറന്ന യുദ്ധം നടത്തുകയും മലബാറിന്റെ രണ്ട് താലൂക്കുകളില്‍ മൂന്ന് മാസത്തോളം അവര്‍ ഭരിക്കുകയും ചെയ്തു.

അവര്‍ ആ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുറത്താക്കുകയും സാധാരണ കര്‍ഷകരും തൊഴിലാളി സുഹൃത്തുക്കളും അവിടെ ഭരണം നടത്തുകയും ചെയ്തു. 'ക്വിറ്റ് ഇന്ത്യാ' പ്രമേയം 1921ല്‍ മുന്ന് മാസത്തോളം നടപ്പാക്കിക്കൊണ്ട്  നേരത്തേതന്നെ അവര്‍ മാതൃക കാണിച്ചിട്ടുണ്ട്. ആലി മുസ്ല്യാരാണ് അത് ചെയ്തത്.

രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ ഒരുമിച്ചാല്‍ മാത്രം മതി, അവരെ അടിച്ചമര്‍ത്താന്‍ ഗൂര്‍ക്കാ പട്ടാളവും വെള്ളപ്പട്ടാളവും പോലീസും ഉദ്യോഗസ്ഥന്‍മാരും ഒന്നിച്ച് നിന്നാല്‍ പോലും സാധ്യമല്ലെന്ന് അവര്‍ തെളിയിച്ചു. നമ്മുടെ ഐക്യം നമുക്ക് വേണ്ടത്ര ശക്തി തരുന്നു. തോക്കും വിമാനവും കുന്തവുമില്ലാതെയാണ് ആലി മുസ്ലിയാര്‍ മൂന്ന് മാസം ഭരിച്ചത്. ഇതോര്‍മിക്കാതെ ഒരു സ്വാതന്ത്യ്രസമരം നടത്താന്‍ നമ്മള്‍ യോഗ്യരല്ല. അതിന്റെ ഗുണങ്ങള്‍ ചിന്തിക്കാനുള്ള ശക്തിയില്ലാതെ സ്വാതന്ത്യ്രത്തിനുവേണ്ടി ശക്തിയുള്ള സമരം നടത്താന്‍ നമുക്കാവില്ല. അതുകൊണ്ടാണ് അഭിമാനത്തോടെ ഇരുപത്തൊന്നിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും. നിങ്ങളാരാകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, നിങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധനാണെങ്കില്‍, അനര്‍ഹമായ ഈ ബ്രിട്ടീഷ് ഭരണം അവസാനിക്കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇരുപത്തൊന്നില്‍ ഈ രാജ്യത്തെ ദേശഭക്തരായ യുവാക്കള്‍ ചെയ്ത  ധീര സമരത്തിന്റെ പാഠമുള്‍ക്കൊള്ളണം. ആ സമരത്തിന്റെ സാഹചര്യങ്ങള്‍ പഠിക്കാതെ നിങ്ങള്‍ക്ക് പ്രത്യക്ഷ നടപടിക്കള്‍ തുടരാനാവില്ല. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനുമാവില്ല. അതുകൊണ്ടാണ് ഇരുപത്തൊന്നിന്റെ നല്ല പാഠങ്ങള്‍ പഠിക്കണമെന്ന് നാം പറയുന്നത്.

അക്കാലത്ത് ഇന്നാട്ടിലെ  മാപ്പിള സുഹൃത്തുക്കള്‍ ബി എ ക്കാരായിരുന്നില്ല. അവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസവുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഖാന്‍ ബഹാദൂര്‍ പട്ടമുണ്ടായിരുന്നില്ല. പക്ഷേ അവരില്‍ ശക്തന്‍മാരുണ്ടായിരുന്നു. അന്ന് രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി അവര്‍ പ്രസംഗിക്കുകയായിരുന്നില്ല;  പക്ഷേ അവര്‍ തോക്കുകളെ നേരിട്ടു, പീരങ്കികളെ നേരിട്ടു; ഉദ്യോഗസ്ഥന്‍മാരെ നേരിട്ടു. മനുഷ്യശക്തിക്ക് മുമ്പില്‍ തോക്കും ആയുധങ്ങളും പുല്‍ക്കൊടിയാണെന്ന് അവര്‍ തെളിയിച്ചു. മൂന്ന് മാസം അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞു. ഇതാര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? ഇത് സ്മരിക്കപ്പെടേണ്ടതല്ലേ? ആഗസ്ത് വിപ്ളവത്തെ പാടിപ്പുകഴ്ത്തുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഇതാണ് എനിക്ക് ചോദിക്കാനുള്ളത്. നമുക്കിതാണ് പറയാനുള്ളത്; ആഗസ്ത് പതിനാറിന് മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി (കോണ്‍ഗ്രസിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി ദിനം) യഥാര്‍ഥ നടപടിയാകണമെങ്കില്‍ മുസ്ലിം നേതാക്കള്‍ അത് ബ്രിട്ടീഷ് ഭരണത്തിനെതിരെയാണ് നടത്തേണ്ടത്. ഇരുപത്തൊന്നിലെ സമരത്തിന്റെ പാഠം അവര്‍ നന്നായി പഠിക്കണം. അതായിരുന്നു നേരായ സമരം. പ്രത്യക്ഷ നടപടി കേരളത്തില്‍ ഇരുപത്തൊന്നില്‍തന്നെ നടന്നു. അത് മറക്കരുത്. ഓരോ വര്‍ഷത്തിലും ഇരുപത്തൊന്നിലെ സമരത്തിന്റെ ഓര്‍മ പുതുക്കണം. സ്വാതന്ത്യ്രത്തിനുവേണ്ടി ഈ സ്ഥലത്തെ ജനങ്ങള്‍, നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ ജന്മികള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ  വില ആയിരങ്ങളോ കോടിയോ അല്ല; ആ സമരത്തില്‍ സംഭവിച്ച വാഗണ്‍ ട്രാജഡി മറക്കാന്‍ കഴിയുമെന്നോ?

അതുകൊണ്ടാണ് ഇരുപത്തൊന്നാണ് ആചരിക്കേണ്ടത് എന്ന് ഞാന്‍ പറയുന്നത്. ഇരുപത്തൊന്നില്‍ നമ്മുടെ ജനങ്ങള്‍ ഒരു പ്രത്യക്ഷ നടപടി കൈക്കൊണ്ടു. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സായുധ സമരം. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതിന്, ജന്‍മിമാരില്‍നിന്നും ഈ നാട്ടിലെ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന്, ജന്മിമാരുടെയും ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരം. ഇരുപത്തൊന്നിലെ സായുധ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കട്ടേ, എന്തായിരുന്നു ആഗസ്ത് വിപ്ളവം? അത് വയര്‍ലെസ് കമ്പി മുറിക്കലും റെയില്‍ തകര്‍ക്കലുമായിരുന്നില്ലേ? അതുപോലെ ഉദ്യേഗസ്ഥരുടെ അതിക്രമത്തേയും ചെറുത്തു. അവരില്‍ പലരും മരിച്ചു. അത് അഹിംസയാണോ? പണ്ഡിറ്റ് നെഹ്റു പോലും പറയും നാം ആഗസ്ത് വിപ്ളവം ഓര്‍ക്കണമെന്ന്? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള സമരമായി ആഗസത് വിപ്ളവത്തെ കോണ്‍ഗ്രസ് ഗണിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഇരുപത്തൊന്നിലെ കലാപത്തെ പാര്‍ടി അതുപോലെ സ്മരിക്കുന്നില്ല? ആ സമരത്തെ മാപ്പിള കലാപം. മലബാര്‍ കലാപം എന്നൊക്കെ പറയുവാന്‍ ചില കാരണങ്ങളൊക്കെയുണ്ട്.  ആയിരക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായപ്പോള്‍ മുസ്ലിം വിരുദ്ധ ചിന്തയുള്ളവര്‍ അങ്ങനേയങ്ങ് പറയാന്‍ തുടങ്ങിയതാണ്.

അന്നത്തെ ഖിലാഫത്  ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ഗവണ്‍മെന്റായിരുന്നു. അത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഗവണ്‍മെന്റായിരുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ക്യാമ്പിലുണ്ടായിരുന്നവര്‍ കര്‍ഷകരായിരുന്നു. നാട്ടില്‍  പണമുള്ളവരുണ്ടായിരുന്നു. കുത്തക മുതലാളിമാരുണ്ടായിരുന്നു. എന്നിട്ടും ആരാണ് ഭരണം നടത്തിയത്? ഒരു പാവം വണ്ടിക്കാരന്‍ കുഞ്ഞഹമ്മദാജി. ഒരു പരീക്ഷയും പാസാകാത്തവന്‍. പക്ഷേ, അദ്ദേഹമായിരുന്നു ജനങ്ങളുടെ നേതാവ്. പാവപ്പെട്ടവരുടേയും നേതാവ്. ബിഎയും എം എയും ഉള്ള ഉദ്യോസസ്ഥര്‍ അദ്ദേഹത്തെ സല്യൂട്ട്  ചെയ്തു. അദ്ദേഹം അവര്‍ക്ക് കല്പനകള്‍ നല്കി. കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ലഭിച്ചു. ജഡ്ജുമാര്‍ ഹിന്ദുവായാലും മുസ്ലിമായാലും നിഷ്പക്ഷമായി വിധി പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റില്‍നിന്ന് ജാതി മത ചിന്തകള്‍ക്കതീതമായി പാവപ്പെട്ടവര്‍ക്ക് സംരക്ഷണം കിട്ടിയെന്നതിന് ഉദാഹരണങ്ങളുണ്ട്. അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു: 'നിങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. കൈക്കൂലി വാങ്ങുന്നവരുമാണ്. പക്ഷേ എന്റെ ഗവണ്‍മെന്റില്‍ ബ്രിട്ടീഷ് രീതിയിലുള്ള ഭരണം മാത്രം പോരാ. നിങ്ങള്‍ക്ക് കൈക്കൂലി വാങ്ങാനാവില്ല. രാജ്യം ഭരിക്കുന്നത് വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദാജിയാണ്, അതിനാല്‍ പാവപ്പെട്ടവര്‍ സംരക്ഷിക്കപ്പെടണം'. നമ്മള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്നുവെന്നാണ് പറയുന്നത്. നമ്മള്‍ കലാപമുണ്ടാക്കുന്നുവെന്ന് പറയുന്നത് ശരി തന്നെ. പക്ഷേ അത് വര്‍ഗീയമല്ല. പിന്നെ ആര്‍ക്കെതിരേയുള്ള കലാപം? ഉപയോഗ ശൂന്യമായ ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള കലാപം. തങ്ങളുടെ കൈകകളില്‍ തോക്കും വാളുമുണ്ടെന്ന് കരുതി വാഗണ്‍ ട്രാജഡിയില്‍ പാവപ്പെട്ട മുസ്ലിങ്ങളെ കൊന്ന ഭരണത്തിനെതിരെയാണ് നാം ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഇവിടെ കഴുത്തറുക്കില്ല. ബുദ്ധിയുള്ളവരും ദേശാഭിമാനമുള്ളവരും മതത്തിന്റെപേരില്‍ കലാപമുണ്ടാക്കില്ല.

ഇവിടന്നങ്ങോട്ട് അഹിംസയുടെ ഒരു സിദ്ധാന്തവും വിലപ്പോവില്ല. അതിക്രമം ഏത് ഭാഗത്ത് നിന്നായാലും, പൊലീസിന്റെ ഭാഗത്ത് നിന്നാവട്ടെ, ജന്‍മിയുടെയോ മുതലാളിയുടെയോ ഭാഗത്ത് നിന്നാവട്ടെ, അതിനെ എതിര്‍ക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ അത് വളരെ വേഗം ഈ രാജ്യത്ത് നടക്കുകതന്നെ ചെയ്യും. അതുവഴി സൌകര്യപ്രദമായി ജീവിക്കാനും കഴിയും. അതുകൊണ്ട് ഞാന്‍ ഇരുപത്തൊന്നിനെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ വാര്‍ഷികം ആചരിക്കാന്‍ പറയുമ്പോള്‍ പൂക്കോട്ടൂര്‍ ദിനം എന്ന് പറയുമ്പോള്‍ തൊള്ളായിരത്തി ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് നിങ്ങള്‍ സിന്ദാബാദ് വിളിക്കുക. ജന്‍മിമാരുടേയും ഉദ്യോഗസ്ഥന്‍മാരുടേയും അതിക്രമങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ തോക്കുകളുടെയും പീരങ്കികളുടെയും മുമ്പില്‍ രാജ്യത്തിന് മോചനത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായ മാപ്പിളമാരുടെ സ്മരണ സജീവമാക്കാത്തവരാരാണ്? ഈ നാട്ടിലെ നിരവധി ചെറുപ്പക്കാര്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പട്ടാളത്തിന്റെ മുന്നില്‍ മാറ് കാണിച്ചു. ഇതുവരെ ഞാനും നിങ്ങളും അത്തരം ഒരു കൃത്യം ചെയ്തിട്ടില്ല. നമ്മള്‍ പ്രസംഗിച്ചു, ജയില്‍വാസമനുഭവിച്ചു, അപ്പോഴേക്കും ധീരരാണെന്ന് നാം അവകാശപ്പെടുകയായി. തോക്കും പീരങ്കിയും തീ തുപ്പുമ്പോള്‍ അവയ്ക്കെതിരെ നിരായുധരായി മാര്‍ച്ച് ചെയ്യാനും അവ പിടിച്ചെടുക്കാനും എതിര്‍ത്ത് തോല്പിക്കാനും എത്ര പേരുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വളരെ കുറച്ച് പേര്‍ മാത്രം. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന് വേണ്ടി, പൊലീസിന്റെയും ജന്‍മിമാരുടെയും അതിക്രമങ്ങളവസാനിപ്പിക്കുന്നതിനുവേണ്ടി ധീരന്‍മാര്‍ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയപ്പോള്‍  അതായിരുന്നു ശരിയായ സമരം. അതിന്റെ സ്മരണ നാം നില നിറുത്തുക. ഇത് ഞാന്‍ നൂറ് പ്രവശ്യം പറയും. അതിന്റെ പേരില്‍ തൂക്കിലേറ്റിയാലും നമ്മളത് പറയണം. ദേശാഭിമാനികളെന്ന് വിളിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ ആരെങ്കിലും യഥാര്‍ഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, അസാമാന്യമായ ധൈര്യത്തോടെ ഈ രാജ്യത്തിന് വേണ്ടി ആരെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ ആ ദേശാഭിമാനികള്‍ നമ്മുടെ മാപ്പിള സഹോദരന്‍മാരാണ്. അതേക്കുറിച്ച് ഒരു സംശയവുമില്ല. ഇതേക്കുറിച്ച് ചിന്തിക്കാത്ത കോണ്‍ഗ്രസുകാര്‍ ദേശാഭിമാനികളല്ല. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുള്ള മാര്‍ഗത്തില്‍ നിരവധി നല്ല മക്കള്‍ തോക്കിനെ നേരിട്ട് വീരമ്യത്യു വരിച്ചു. അവരെ ഓര്‍ക്കുവിന്‍. ആ നന്മ സ്വീകരിക്കാന്‍ ശ്രമിക്കണം. തെറ്റായ വശങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. കമ്യൂണിസ്റ്റുകാരുടെ അഭ്യര്‍ഥനകളില്‍ കലാപം ലക്ഷ്യമാക്കുന്നില്ല. പണ്ഡിറ്റ് നെഹ്റുവാണ് കലാപം ഇളക്കിവിടുന്നത്. അദ്ദേഹം ലീഗുകാരോട് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍! ഞങ്ങളല്ല കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അത് കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കളാണ്. അവര്‍ക്കാണതില്‍ താല്പര്യം. ഞങ്ങള്‍ക്കല്ല. കമ്യൂണിസ്റ്റുകളില്‍ ജന്മിയോ, മുതലാളിയോ സമ്പന്നനോ ഇല്ല. ലീഗില്‍ മുതലാളിമാരും ജന്‍മിമാരും ഉണ്ട്. കോണ്‍ഗ്രസിലുമുണ്ട്. കോഴിക്കോട്ട് ബാദ്ഷാ സാഹിബ് നിരവധി  മുസ്ലിം കുടിയാന്മാരെ വീടുകളില്‍നിന്ന് പുറത്താക്കി. മുതലാളി എപ്പോഴും മുതലാളി  തന്നെയാണ്. അവര്‍ സാമുവല്‍ ആറോണോ, സത്താര്‍ സേഠുവോ  ആകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, കോണ്‍ഗ്രസോ മുസ്ലിം ലീഗോ ആകട്ടെ. മുതലാളിമാരുടെ ലക്ഷ്യം ഈ രാജ്യത്തെ ഹിന്ദുവോ മുസ്ലിമോ ആയ പാവപ്പെട്ടവരുടെ ഊര്‍ജം പിഴിഞ്ഞെടുക്കുകയും  ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് അവരെ പട്ടിണിക്കിടലുമാണ്. കോണ്‍ഗ്രസ് -ലീഗ് മുതലാളിമാരും കോണ്‍ഗ്രസ് -ലീഗ് ജന്മിമാരും പാവപ്പെട്ട മുസ്ലിം ഹിന്ദു ജനങ്ങളെ  ഭിന്നിപ്പിച്ച് ബ്രിട്ടീഷ് മുതലാളിമാര്‍ക്കുവേണ്ടി തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവകാശം  ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല,  തങ്ങള്‍ക്ക് കൂടി വേണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഈ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി ആരെങ്കിലും സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, ആരെങ്കിലും പ്രത്യക്ഷ നടപടി സമരം നടത്തിയിട്ടുണ്ടെങ്കില്‍  അത് ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സുഹൃത്തുക്കള്‍ മാത്രമാണ്.

ഇരുപത്തി ഒന്നിലേയും നാല്പത്തി ആറിലേയും സ്ഥിതിഗതികള്‍കൂടി നിങ്ങള്‍ മനസ്സിലാക്കുക. ഇരുപത്തൊന്നില്‍ ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് രാജ്യം വളരെ ദയനീയാവസ്ഥയിലായിരുന്നു. അന്ന് ബുദ്ധിമുട്ടായിരുന്നു. വേണ്ടത്ര അരി ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ കിട്ടാനില്ല. പോരാത്തതിന് ഖിലാഫത്ത് പ്രസ്ഥാനവും തുടങ്ങിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒറ്റക്കെട്ടായിരുന്നു. കഴിഞ്ഞ എട്ടു മാസമായി അല്ലെങ്കല്‍ ഒരു വര്‍ഷമായി രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യന്‍ നേവിയിലെ ഇന്ത്യക്കാര്‍ മാപ്പിളമാര്‍ മാത്രമല്ല; എല്ലാവരും ഒരു ദിവസം രാവിലെ അവരുടെ കപ്പലുകളില്‍നിന്ന് യൂണിയന്‍ പതാക അഴിച്ച് വച്ച് പകരം, കോണ്‍ഗ്രസിന്റേയും ലീഗിന്റേയും പതാക കള്‍ നാട്ടി. എന്നിട്ട് ബ്രിട്ടീഷുകാരോട് പറഞ്ഞു: നിങ്ങള്‍ ഇന്ത്യ വിട്ട് പോകണം. വെള്ളക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം ഞങ്ങള്‍ക്കും നല്‍കണം. അത് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രത്യക്ഷ നടപടി സമരം നടത്തുന്നത്. നിങ്ങള്‍ ഒന്നു മനസ്സിലാക്കണം: ബ്രിട്ടീഷ് പട്ടാളവുംകൂടി നമ്മുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പണിമുടക്കുന്നുണ്ട്. എംഎസ്പി പണിമുടക്കി. ഇരുപത്തൊന്ന് രൂപക്ക് നാടൊട്ടുക്കും പോയി ജനങ്ങളെ വെടി വയ്ക്കാനും തല്ലാനും തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞാണ് അവര്‍ പണി മുടക്കിയത്. പണിമുടക്കിയ 2000 എം എസ് പിക്കാരെ ഗവണ്‍മെന്റ് പിരിച്ച് വിട്ടു. തിരുനല്‍വേലിയിലെ റിസര്‍വ് പൊലീസ് പണി മുടക്കിയെന്ന് മിനിയാന്നത്തെപത്രത്തില്‍ കണ്ടു. അപ്രകാരം പൊലീസ് പണിമുടക്കി. തപാല്‍ ഉദ്യോസസ്ഥര്‍ പണിമുടക്കി. പത്ത് ലക്ഷംവരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങളും പണി മുടക്കുകയാണെന്ന്. അപ്പോള്‍ ഗവണ്‍മെന്റ് പറയുന്നു, ഒത്തുതീര്‍പ്പ് വേണമെന്ന്. ഇപ്പോള്‍ കോട്ടും ടൈയുമിട്ട നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മദ്രാസില്‍ സിന്ദാബാദ് വിളിച്ച് നടക്കുകയാണ്. യൂറോപ്യന്‍ കലക്ടറൊഴികെയുള്ള ഉദ്യോഗസ്ഥന്‍മാരും, ഇരുനൂറും മുന്നൂറും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും പോലീസും എം എസ്പിയും ഒക്കെ പണി മുടക്കാന്‍ തയ്യാറായിരിക്കുന്നു. എന്തുകൊണ്ട്? പണിമുടക്ക് കലാപമാണോ? വിശപ്പിന്റെ ഉച്ചത്തിലുള്ള വിളി ഇനിയും സഹിക്കാനാവില്ല. പട്ടിണിക്കാരുടെ വയറ്റില്‍ കലാപമാരംഭിച്ചരിക്കുന്നു. ഈ സമരങ്ങളൊക്കെയും വിശപ്പ്മൂലം ഭ്രാന്തരായ ജനങ്ങളുടേതാണ്. ഇതല്ലാതെ വേറൊരു കലാപം ഇവിടെയില്ല.

നമ്മളെന്തിനാണ് അടിച്ചമര്‍ത്തപ്പെടുന്നത്? അവര്‍ നമ്മെ അറസറ്റ് ചെയ്യുന്നു. നമ്മള്‍ മര്‍ദിക്കപ്പെടുന്നു. നിത്യവും കരിഞ്ചന്ത നടക്കുന്നു. അതിനാകട്ടെ ശിക്ഷിക്കപ്പെടുന്നുമില്ല. നമ്മള്‍ കരിഞ്ചന്തക്കാരെ പിടിച്ച് കൊടുത്തു. എന്നിട്ടെന്താ, അവര്‍ നമ്മളോട് പ്രതികാരം ചെയ്യുന്നു. കരിഞ്ചന്തക്കാരെ തൂക്കിക്കൊല്ലണമെന്നാണ് നെഹ്റു പറയുന്നത്. അത്രക്കൊന്നും നമ്മള്‍ ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തുകൂടേ? നാലു കോടി രൂപക്കുള്ള വസ്ത്രം കരിഞ്ചന്ത നടത്തിയതിന് അളഗപ്പ ചെട്ടിയാരെ പിടിച്ചു. അയാളെ ശിക്ഷിച്ചോ? പിന്നെന്തിനാണിവിടെ ഗവണ്‍മെന്റ്? ജന്‍മിമാരേയും മുതലാളിമാരേയും ശിക്ഷിക്കണം. അക്കാര്യത്തില്‍ ഗവണ്‍മെന്റ് ആരെയും പേടിക്കരുത്. റയില്‍വേ തൊഴിലാളികള്‍ പണി മുടക്കി. അവരെ നേരിടാന്‍ പൊലീസിനേയും എംഎസ്പിയേയും അയക്കരുതായിരുന്നു. ഒരു യൂറോപ്യന്‍ മുതലാളിയെ സഹായിക്കാന്‍ പൊലീസിനെ അയക്കരുത്. അതിനുള്ള ശക്തിയും തന്റേടവും ഗവണ്‍മെന്റിന് വേണം. നന്മ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പോട്ടെ, നിങ്ങള്‍ക്ക് തിന്മ ചെയ്യാതെങ്കിലും ഇരുന്നു കൂടേ? ഇതാണ് കോണ്‍ഗ്രസിനോടുള്ള ഞങ്ങളുടെ ഒരേയൊരു അപേക്ഷ രാജ്യ ദ്രോഹികളെന്നാണ് നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നില്ലേ? പക്ഷേ,  ഇന്ന് ഞങ്ങള്‍ കോണ്‍ഗ്രസിലില്ല.  ഇന്ന് മുത്തയ്യ ചെട്ടിയാര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. ചെട്ടിയാര്‍ രാജ്യം ഭരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കരിഞ്ചന്ത! സരോജിനി നയിഡു പ്രസംഗിച്ച യോഗത്തില്‍ ആനപ്പുറത്തിരുന്നുകൊണ്ടാണ് ബോബിളി രാജാവ് വന്നത്. ഇന്നദ്ദേഹം കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. കോണ്‍ഗ്രസിന് ഞങ്ങളെ ആവശ്യമില്ല.

ഈ വര്‍ഷം  സ്വാതന്ത്യ്രത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതിന് കോണ്‍ഗ്രസും ലീഗും മുന്നിട്ടിറങ്ങണം. പക്ഷേ ഈ പാര്‍ടികള്‍ പരസ്പരം ശത്രുതയിലാണ്. കോണ്‍ഗ്രസ് പകലാണെന്ന് പറയുമ്പോള്‍ അല്ല, രാത്രിയാണെന്ന് ലീഗ് പറയും. നിങ്ങള്‍ ഒന്നിക്കണം. നിങ്ങള്‍ ഈ രാജ്യക്കാരല്ലേ? വെള്ളക്കാര്‍ക്കെതിരെ നിങ്ങള്‍ക്കൊന്നിച്ചുകൂടേ? കോണ്‍ഗ്രസും ലീഗും ഈ രാജ്യക്കാരാണ്. എന്തുകൊണ്ട് അവര്‍ക്ക് ഒന്നിച്ച്കൂടാ? രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി മരണംവരിച്ച ഇരുപത്തൊന്നിലെ സഹോദരന്‍മാരെ നിങ്ങള്‍ ആദരിക്കണം. രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്കിയ അവര്‍ ധീരരാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കണം. നിങ്ങള്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടോ? നിങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രുവാണോ? എങ്കില്‍ അന്ന് യുദ്ധം ചെയ്തവരെ ആദരിക്കുക. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. മൂന്ന് മാസം അദ്ദേഹം ഈ നാട് ഭരിച്ചു. ബ്രിട്ടീഷുകാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മൂന്ന് മാസത്തേക്ക് ഒറ്റ യൂറോപ്യനും അങ്ങോട്ട് പോയില്ല. എങ്ങനെ ഭരിക്കണമെന്ന് ഹാജിയാര്‍ക്ക് അറിയാമായിരുന്നു. കൈക്കൂലി വാങ്ങാതെയും ജനങ്ങളെ പീഡിപ്പിക്കാതെയുമാണ് ഭരിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ഗവണ്‍മെന്റ് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ലീഗും ഇത് മനസ്സിലാക്കണം. അന്നത്തെ പാഠം പഠിക്കണം. ബ്രിട്ടീഷ് ഗവണ്‍മെന്റ് നമ്മുടെ പൊതു ശത്രുവാണ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ തല്ലരുത്. കല്‍ക്കത്ത നമുക്കൊരു പാഠമാണ്. തങ്ങള്‍ ഗവണ്‍മെന്റിനെതിരെയാണെന്ന് പറഞ്ഞുകൊണ്ട് അവിടെ ഹിന്ദുവും മുസ്ലിമും തമ്മില്‍ പരസ്പരം കലഹിച്ചു. ഇതിന്റെ നഷ്ടം അഞ്ചു കോടി രൂപയാണെന്നാണ് കണക്ക്. നിരവധി ജനങ്ങള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും റോഡിലിറങ്ങി നടക്കാന്‍ കഴിയില്ല. വെള്ളപ്പട്ടാളം സിഗരറ്റ് പുകച്ചുകൊണ്ട് റാാേഡിലൂടെ നടക്കുകയാണ്. ശവശരീരങ്ങളില്‍ ചവിട്ടിയാണ് ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയുടെ തെരുവുകളില്‍ നടക്കുന്നത്. കോണ്‍ഗ്രസും ലീഗും ഈ പാഠം പഠിക്കുമോ?

എന്തിനാണ് ജനങ്ങള്‍ പണിമുടക്കുന്നത്? കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയാണോ മുന്നൂറ് രൂപ ശമ്പളം പറ്റുന്ന വ്യക്തികള്‍ പണിമുടക്കുന്നത്? ആളുകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാതായിരിക്കുന്നു. ഇവിടെ ഉള്ളവനും ഇല്ലാത്തവനുമുണ്ട്. മുതലാളിയും തൊഴിലാളിയുമുണ്ട്, ജന്മിയും കര്‍ഷകനുമുണ്ട്. അതിന്റെ ഫലമാണ് പണിമുടക്ക്. ജീവിക്കാനുള്ള കൂലി ജനങ്ങള്‍ക്ക് കിട്ടുന്നില്ല. അത് തരണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ നേതാക്കളോട് പറയുക: "നേതാക്കളേ, നിങ്ങളോട് ഞങ്ങള്‍ക്ക് നല്ല ബഹുമാനമാണ്. പക്ഷേ നിങ്ങള്‍ ഒന്നിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒന്നിക്കും. പാവപ്പെട്ട തൊഴിലാളിയും കര്‍ഷകനും ഒന്നിക്കും. ഈ നാട്ടിലെ ജനങ്ങള്‍ ഒന്നിക്കും. രാജ്യത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.'' ഇതാണ് നിങ്ങള്‍ പറയേണ്ടത്. അല്ലാത്തപക്ഷം സാമ്രാജ്യത്വവിരുദ്ധ സമരം പരസ്പരം നാശം കൊയ്യുന്ന സമരമായി മാറും. സ്വാതന്ത്യ്രം ലഭിക്കുന്നകാര്യത്തില്‍ നമ്മള്‍ പരാജയപ്പെടും. ഇവിടെ തൊഴിലില്ലായ്മ വരും. ഭക്ഷണക്ഷാമം വരും. നമുക്കൊന്നും ലഭിക്കില്ല. ഇതാണ് ഇരുപത്തൊന്നിന്റെ പാഠം.

ഇപ്പോഴുള്ള റെയില്‍വേ പണിമുടക്ക് പ്രത്യക്ഷ നടപടിയാണ്. അടിക്ക് പകരം അടി കൊടുക്കണം. ആയുധമെടുക്കണമെങ്കില്‍ ആയുധമെടുക്കണം. ഇനിയങ്ങോട്ട് സത്യാഗ്രഹംകൊണ്ട് മാത്രം ഒന്നും നേടില്ല. കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും സത്യാഗ്രഹം കൊണ്ട് എന്ത് നേടിയെന്ന് നിങ്ങള്‍ കണ്ടില്ലേ?

നമ്മള്‍ സംഘടിതമായി സമരം ചെയ്യണം. ഇരുപത്തൊന്നിലേതുപോലുള്ള സായുധസമരം. ഹിംസ ആവശ്യമെങ്കില്‍ അതുതന്നെ വേണം. അതിന് തയ്യാറുള്ളവര്‍ മുന്നോട്ട് വരട്ടെ. ബ്രിട്ടീഷ് ഗവണ്‍മെന്റ് അക്രമം പ്രവര്‍ത്തിക്കുന്നു. എങ്കില്‍ എന്തുകൊണ്ട് നമുക്കും അതായിക്കൂടാ? എനിക്ക് അഹിംസയില്‍ ഒരു വിശ്വാസവുമില്ല. അതില്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആ മാര്‍ഗം സ്വീകരിച്ചോട്ടെ. ഇരുപത്തൊന്നിലെ സമരമാണ് നമുക്ക് പാഠം. എങ്കിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുട്ടുമടക്കുകയുള്ളൂ. കുഞ്ഞഹമ്മദാജി രണ്ട് താലൂക്കുകള്‍ മൂന്ന് മാസം ഭരിച്ചില്ലേ? മുസ്ലിം കര്‍ഷകര്‍ രാജ്യം ഭരിച്ചു. രാജ്യം ഭരിക്കാന്‍ ബി എക്കാരനെ ആവശ്യമില്ല. കര്‍ഷകന്റെ ഭരണമാണ് വരുന്നത്.

ഇരുപത്തൊന്നിലെ സംഘടിത സമരമാണ് പ്രത്യക്ഷ സമരം. അക്കാര്യത്തില്‍ നാം സ്വയം അഭിനന്ദിക്കുകയാണ്. അത്തരം സമരത്തിലൂടെ മാത്രമേ നമുക്ക് സ്വാതന്ത്യ്രം നേടാനാകൂ. സമരം സാമുദായികമാകാതിരിക്കാന്‍ നാം വളരെ ശ്രമിക്കണം. സമരം സംഘടിതമാണെങ്കില്‍ കല്‍ക്കത്തയില്‍ സംഭവിച്ചത് പോലെ സംഭവിക്കില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസും ലീഗും ജനങ്ങളെ ഉപദേശിക്കണം. ഈ അവസ്ഥയിലെ വസ്തുതകള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കണം. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഈ സമ്മേളനത്തിന്റെ ലക്ഷ്യം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ച് തന്നു. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശാഭിമാനിയുടെ കോളങ്ങളിലുണ്ട്. അതിന്റെ കോപ്പികള്‍ വാങ്ങിക്കൊണ്ട് ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം. സാമുദായിക കലാപങ്ങളുണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. സ്വാതന്ത്യ്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മാപ്പിള സഹോദരന്‍മാരെ സ്മരിക്കണമെന്ന് രാജ്യത്തിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ ഉപദേശിക്കുന്നു.''

ഈ പ്രസംഗത്തിന്റെ പേരില്‍ എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്യ്രം പ്രഖ്യാപിച്ച് സ്വതന്ത്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചപ്പോള്‍ എ കെ ജിക്കെതിരേയുള്ള കേസ് നിലനിറുത്തുകയും അദ്ദേഹത്തെ ജയിലില്‍തന്നെ വയ്ക്കുകയും കേസ് തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ 1947 സെപ്തംബര്‍ രണ്ടിന് എ കെ ജി നല്കിയ ഹര്‍ജിയില്‍ ഗവണ്‍മെന്റ് നടപടിയെ ചോദ്യംചെയ്തു. വെള്ളക്കാരന്റെ ഗവണ്‍മെന്റും സ്വതന്ത്ര ഇന്ത്യ ഗവണ്‍മെന്റും തമ്മിലെന്ത് വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. "വെള്ളക്കാരന്‍ കോണ്‍ഗ്രസുകാരുടെ നേരെ ഉപയോഗിച്ച അതേ വെറുക്കപ്പെട്ട വൃത്തികെട്ട വകുപ്പുകള്‍തന്നെ എന്റെ നേരെ ഉപയോഗിക്കുന്നതുകൊണ്ടും എന്നെ ശിക്ഷിക്കുന്നതുകൊണ്ടും നാട്ടില്‍ കുഴപ്പം വര്‍ധിക്കുവാനിടയാക്കുകയാണെന്ന് ഈ കേസിനനുമതി നല്കിയ ഗവര്‍ണരുടെ ആഗ്രഹത്തിന് സമ്മതം മൂളിയ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ താക്കീത് ചെയ്യുവാന്‍ ഞാനാഗ്രഹിക്കുന്നു'' എന്ന് എ കെ ജി ഹരജിയില്‍ ആവര്‍ത്തിച്ചു. "1921ല്‍ ഖിലാഫത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി യോജിച്ച്നിന്ന് ആയുധമെടുത്ത് സമരം ചെയ്ത മാപ്പിളമാരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണെന്നും, 1921ലെ മലബാര്‍ ലഹളയിലെ നല്ല ഭാഗങ്ങളെ സ്വീകരിക്കാനാഹ്വാനം നല്കുകയും അതിന്റെ ചീത്ത വശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ളത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്.''

(പ്രോഗ്രസ് പബ്ളിക്കേഷന്‍ പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തിന്റെ ആഹ്വാനം എന്ന പുസ്തകത്തില്‍ നിന്ന്)
Read More

2013 ജനുവരി 8, ചൊവ്വാഴ്ച

സ്വാഗതം

ഡി. വൈ. എഫ്‌. ഐ - യൂത്ത്‌ മാര്‍ച്ചുമായി ബന്ധപ്പെട്ട്‌ തുടങ്ങിയ ഔപചാരിക ബ്ളോഗിലേക്ക്‌ സ്വാഗതം.
Read More