2013, ജനുവരി 24, വ്യാഴാഴ്‌ച

യൂത്ത് മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ആയിരങ്ങള്‍

ജാതി പിശാചുക്കളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള യുവജനമുന്നേറ്റയാത്രയ്ക്ക് വ്യവസായ തലസ്ഥാനമായ എറണാകുളംജില്ലയില്‍ വേറിട്ട വരവേല്‍പ്പ്. നവോത്ഥാന കേരളത്തിനായ് ആവേശപ്പോരാളികള്‍ സംഗമിക്കുന്ന ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പുത്തന്‍ പോരാട്ട ആഹ്വാനവുമായാണ് ബുധനാഴ്ച ജില്ലയില്‍ പര്യടനം തുടര്‍ന്നത്. "ജാതിരഹിതസമൂഹം, മതനിരപേക്ഷകേരളം" എന്ന മുദ്രാവാക്യവുമായി സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും നയിക്കുന്ന മാര്‍ച്ചില്‍ കണ്ണികളാകാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഓരോ സ്വീകരണകേന്ദ്രത്തിലും ഇരച്ചെത്തിയത്. ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം സൗത്ത് കളമശേരി ജങ്ഷനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സമാപിച്ചു. പാലിയം സത്യഗ്രഹനഗറില്‍ ചേര്‍ന്ന സമാപനസമ്മേളനം ടി വി രാജേഷ് ഉദ്ഘാടനംചെയ്തു. പ്രീമിയര്‍ ജങ്ഷനില്‍നിന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. മുതിര്‍ന്ന സിപിഐ എം നേതാവ് സരോജിനി ബാലാനന്ദനും സംഘടാകസമിതി രക്ഷാധികാരി സി കെ പരീതും മാര്‍ച്ചിനെ സ്വീകരിച്ചു. വാദ്യമേളങ്ങളും തെയ്യങ്ങളും റോളര്‍ സ്കേറ്റിങ് കുട്ടികളും മുത്തുക്കുടകളും ചുവപ്പുസേനയും റാലിയെ വരവേല്‍ക്കാന്‍ എത്തി. പാലിയം സമരസേനാനിയും മുതിര്‍ന്ന നേതാവുമായ പയ്യപ്പിള്ളി ബാലന്‍ സമാപനസമ്മേളനത്തില്‍ എത്തിയത് യുവജനങ്ങള്‍ക്ക് ആവേശമായി. ജാഥാംഗങ്ങള്‍ അദ്ദേഹത്തെ ആദരിച്ചു. സംഘടാകസമിതി ചെയര്‍മാന്‍ വി എ സക്കീര്‍ഹുസൈന്‍ അധ്യക്ഷനായി. സംഘാടകസമിതി സെക്രട്ടറി പി വി ഷാജി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറി എ എം റഷീദ് സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹെന്നി ബേബി എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ അങ്കമാലിയില്‍നിന്നാരംഭിച്ച മാര്‍ച്ചിനെ ഹോംസയന്‍സ് കോളേജിന്റെ മുന്‍വശത്ത്നിന്ന് അത്താണിയിലെ കുറ്റിപ്പുഴ കൃഷ്ണപിള്ള നഗറിലെ സ്വീകരണവേദിയിലേക്ക് ആനയിച്ചു. തെയ്യവും ഫുട്ബോള്‍ താരങ്ങളുമെല്ലാം ചേര്‍ന്ന് മാര്‍ച്ചിന് ഉജ്വല വരവേല്‍പ്പാണ് ഒരുക്കിയത്. നേതാക്കളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിലപേശല്‍ ഏജന്‍സികളായി സാമുദായിക സംഘടനകള്‍ അധഃപതിച്ചതായി സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഭരണത്തെപ്പോലും നിയന്ത്രിക്കുന്നരീതിയില്‍ വര്‍ഗീയ-സാമുദായികശക്തികള്‍ വളര്‍ന്നു. സര്‍ക്കാര്‍ വര്‍ഗീയവാദികളുടെ മുന്നില്‍ കീഴടങ്ങി. മന്ത്രിമാരെ തീരുമാനിക്കുന്നത് തങ്ങളാണെന്ന് സാമുദായിക നേതാക്കള്‍ ഹുങ്ക് പ്രകടിപ്പിക്കുന്നു. വിദ്യാഭ്യാസമേഖല വര്‍ഗീയവല്‍ക്കരിക്കാന്‍ ഉമ്മന്‍ചാണ്ടി ലീഗിന് അധികാരം നല്‍കിയിട്ടുണ്ടെന്നും ടി വി രാജേഷ് പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ വി എസ് ഷഡാനന്ദന്‍ അധ്യക്ഷനായി. സംഘാടകസമിതി സെക്രട്ടറി ടി വി പ്രദീഷ് സ്വാഗതം പറഞ്ഞു. ജാഥാ മാനേജര്‍ കെ എസ് സുനില്‍കുമാര്‍, പി പി ദിവ്യ എന്നിവര്‍ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പി പത്രോസ്, ജില്ലാ കമ്മിറ്റിയംഗം പി എസ് ഷൈല എന്നിവര്‍ ജാഥയെ വരവേല്‍ക്കാനെത്തി. ആലുവ പ്രിയദര്‍ശിനി ഹാളില്‍ സ്വീകരണസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ജോയ് ജോബ് കുളവേലി അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം എം ഗിരീഷ് സ്വാഗതം പറഞ്ഞു. വാദ്യമേളവും കുട്ടികളും സഹോദരന്‍ അയ്യപ്പന്‍ നഗറില്‍ നടന്ന സ്വീകരണത്തിന് ചാരുത പകര്‍ന്നു. ആലുവ ബ്ലോക്ക് കമ്മിറ്റി രൂപീകരിച്ച രക്തദാന വെബ്സൈറ്റ് ടി വി രാജേഷ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ എ റഹീം സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ബി സ്യമന്തഭദ്രന്‍, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, സ്വാഗതസംഘം സെക്രട്ടറി രാജു സക്കറിയ, സിപിഐ എം ജില്ലാകമ്മിറ്റിയംഗം വി എം ശശി, ആലുവ ഏരിയ സെക്രട്ടറി വി സലീം തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി.

0 comments: