2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

നവോത്ഥാന സദസ്സില്‍ ലക്ഷം പേര്‍ അണിനിരക്കും

"ജാതിരഹിത കേരളം, മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ഒരു ലക്ഷത്തോളം യുവജനങ്ങള്‍ അണിനിരക്കുന്ന മഹാപ്രകടനത്തോടെയാണ് സമാപനസമ്മേളനം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമാപനത്തോടനുബന്ധിച്ച് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിലെ വിവേകാനന്ദ നഗറില്‍ നടക്കുന്ന നവോത്ഥാന സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, യുവജനങ്ങളും ബഹുജനങ്ങളും നവോത്ഥാനപ്രതിജ്ഞയെടുക്കും. സമാപനസമ്മേളനത്തിന് മുന്നോടിയായി പട്ടം ജങ്ഷനില്‍നിന്ന് നവോത്ഥാനറാലി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ 18 ഏരിയകളില്‍നിന്ന് ഒരുലക്ഷത്തോളം പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. നവോത്ഥാനസന്ദേശമുയര്‍ത്തിയുള്ള ഫ്ളോട്ടുകള്‍, വാദ്യോപകരണങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയും റാലിയില്‍ ഉണ്ടാകും.

സമാപനസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി, സെക്രട്ടറി അഭോയ് മുഖര്‍ജി, ചലച്ചിത്രനടന്‍ സുരേഷ്ഗോപി, ചലച്ചിത്രസംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ടി കെ രാജീവ്കുമാര്‍, എഴുത്തുകാരായ ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ, ജാഥാലീഡര്‍മാരായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് തുടങ്ങിയവര്‍ സംബന്ധിക്കും. മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ജനുവരി നാലിന് കാസര്‍കോട്ടുനിന്നാണ് ടി വി രാജേഷും എം സ്വരാജും നയിച്ച യൂത്ത്മാര്‍ച്ചിന് തുടക്കമായത്. 12 ജില്ലകളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച സമാപിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, വൈസ് പ്രസിഡന്റ് എസ് പി ദീപക്, ജില്ലാപ്രസിഡന്റ് ബി ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

0 comments: