2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

യൂത്തുമാര്‍ച്ചിന് അഭിവാദ്യം; ഫ്രാന്‍സില്‍നിന്ന്

യൂത്തുമാര്‍ച്ചിന് ഫ്രാന്‍സില്‍നിന്ന് സ്നേഹാദരം. ഡിവൈഎഫ്ഐ യൂത്തുമാര്‍ച്ചിന് അഭിവാദ്യവുമായി ഫ്രാന്‍സില്‍നിന്നുള്ള ദമ്പതിമാരും. ഇടപ്പള്ളിക്കോട്ടയിലെ സ്വീകരണകേന്ദ്രത്തില്‍നിന്ന് വേട്ടുതറയിലേക്കുള്ള പര്യടനത്തിനിടെ യൂത്തുമാര്‍ച്ച് ദേശീയപാതയില്‍ എഎംസി ജങ്ഷനിലെത്തിയപ്പോഴാണ് ഫ്രാന്‍സ് സ്വദേശികളായ ദമ്പതിമാര്‍ അഭിവാദ്യമേകിയത്. ഫ്രാന്‍സിലെ അവിനോന്‍ സ്വദേശികളായ ജീന്‍ മൈക്കേല്‍, ഭാര്യ ഇസബെല്ല, ബ്രൂണോ, ഭാര്യ കോറിന്‍ എന്നിവര്‍ ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യുവജന മാര്‍ച്ച് വരുന്നതറിഞ്ഞ് അഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നു. വിനോദസഞ്ചാരികളായ ഇവര്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളാണ്. കൂടിനിന്നവരോട് ഡിവൈഎഫ്ഐക്കുറിച്ചും ജാഥയുടെ സന്ദേശത്തെക്കുറിച്ചും ചോദിച്ചറിഞ്ഞ ഇവര്‍ അഭിവാദ്യം അര്‍പ്പിക്കാനുള്ള ആഗ്രഹം സംഘാടകരെ അറിയിച്ചു. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ ചുവന്ന നക്ഷത്രം പതിച്ച വെളുത്ത തൊപ്പികള്‍ അണിഞ്ഞ് ജാഥാ ക്യാപ്റ്റന്മാരായ ടി വി രാജേഷിനെയും എം സ്വരാജിനെയും പൂമാലകള്‍ അണിയിച്ചു. മുഷ്ടി ചുരുട്ടി അഭിവാദ്യം അര്‍പ്പിച്ചശേഷമാണ് അവര്‍ യാത്ര തുടര്‍ന്നത്. വര്‍ക്കലയില്‍നിന്ന് ദമ്പതികള്‍ ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു. 23 ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്ത്യയില്‍ എത്തിയത്. ചെന്നൈയില്‍ വിമാനമിറങ്ങിയ സംഘം മധുര, കൊടൈക്കനാല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ചെന്നൈയില്‍നിന്ന് വാടകയ്ക്കെടുത്ത ബൈക്കിലാണ് സഞ്ചാരം. വരുന്ന ചൊവ്വാഴ്ച കൊച്ചിയില്‍നിന്നു നാട്ടിലേക്കു മടങ്ങും. ഇസബെല്ല പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജരാണ്. ബ്രൂണോയും കോറിനും ജീന്‍ മൈക്കേലും സോഷ്യാളജിസ്റ്റായി ജോലിചെയ്യുന്നു.

0 comments: